1.ബാല്യം:-
ഓരോ ബാല്യവും-ആശയങ്ങളിലടക്കം-അല്‍പ്പം വഞ്ചനാപരമാണ്.ബാല്യത്തിലെനിക്ക് നേരിട്ട് അടിച്ചമര്‍ത്താത്ത,പരിഗണനയും മിഠായിയും തരുന്ന എല്ലാ മാമന്‍മാരേയും ഇഷ്ടമായിരുന്നു.മുതിര്‍ന്നപ്പോള്‍ പല മാമന്‍മാരുടേയും ജോലിയും കൂലിയും വസ്ത്രധാരണരീതിയും രാഷ്ട്രീയവും ജനസമ്മിതിയുമൊക്കെ എനിക്ക് പ്രശ്നമായിത്തുടങ്ങി.മിഠായി സ്വീകരിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണ്ണമായ മാനദണ്ഡങ്ങള്‍.ചുരുക്കിപ്പറഞ്ഞാല്‍ ഇംഗ്ളീഷുകാരന്റെ ഡേറ്റിങ്ങ് പീരിഡ് സ്പെഷ്യല്‍ പ്രണയംപോലെ.
2.ആദര്‍ശം:-
ആദര്‍ശങ്ങള്‍ സ്മൃതികളെ ഞാനെങ്ങിനെ പരിഗണിക്കുന്നു എന്നതിന്റെ അളവുകോലല്ലേ?അനീതി രുചിച്ചതിന്റെ സ്മരണകള്‍ ലോകത്തിനു മുഴുവനും ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാവുമല്ലോ.ദൗര്‍ബല്യം ചൂഷണത്തിന് വഴിവെച്ചിട്ടുണ്ടെങ്കില്‍ രണ്ടു രീതിയില്‍ ചിന്തിക്കാം-ബലശാലിയായി വളര്‍ന്നു മെച്ചപ്പെട്ട ഒരു ചൂഷകനാവാം;ബലവാനായി വളര്‍ന്നാലും ദുര്‍ബലനായി തുടര്‍ന്നാലും ചൂഷണത്തെ കര്‍മ്മംകൊണ്ട് എതിര്‍ക്കുകയുമാവാം.
3.വിവേചനം:-
വിവേചനങ്ങളുടെ വേരുകള്‍ എവിടെയൊക്കെ പാഞ്ഞിട്ടുണ്ടെന്ന് ആര്‍ക്കും പൂര്‍ണ്ണമായി അക്കമിട്ടു പറയാനാവില്ലെന്ന് തോന്നി.ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു കൂടിയവര്‍ പ്രാദേശികഭേദത്തിന്റെ(സ്ളാങ്ങുകളുടെ)പേരില്‍ ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടുന്നുണ്ട്;പുച്ഛിക്കുന്നുണ്ട്.ഭാഷയുടെ ആത്യന്തികലക്ഷ്യം ആശയവിനിമയമെന്നിരിക്കെ,എത്ര വ്യാകരണനിബന്ധമായി സംസാരിക്കാനറിഞ്ഞാലും മനസ്സിലുള്ളത് കേള്‍വിക്കാരനിലെത്തിക്കാനായില്ലെങ്കില്‍ അത് ഒരു പരാജയം ആണെന്ന് സമ്മതിക്കാന്‍ എനിക്കും മടിയാണ്.
4.എഴുത്ത്:-
എഴുത്തിന് പെട്ടെന്ന് ഓര്‍ക്കാവുന്ന ചില കാരണങ്ങള്‍/ഗുണങ്ങള്‍/ദോഷങ്ങള്‍ ഉണ്ട്.
മനുഷ്യന്റെ പ്രകടമായ ഓര്‍മ്മശക്തിക്ക് പല ദുര്‍വ്യാഖ്യാന സ്വഭാവങ്ങളുമുള്ളതുകൊണ്ട് എഴുത്ത് പ്രത്യക്ഷദുര്‍വ്യാഖ്യാന;സാരാംശം ചോര്‍ന്നുപോവല്‍ സംഗതികളില്‍ നിന്ന് മുക്തമാണ്.സ്വയം പരിഷ്കരിക്കലുകള്‍ക്കും വിചിന്തനങ്ങള്‍ക്കും വഴിവെക്കാറുണ്ട് എഴുത്ത്.
ശരീരസാന്നിദ്ധ്യം ദുര്‍ബലമായിട്ടുള്ളവരും ആശയവിനിമയത്തിനിടയിലെ സ്വഭാവിക ഡിസ്ട്രാക്ഷനുകളെ ഇഷ്ടപ്പെടാത്തവരും എഴുത്തിലേയ്ക്ക് ആകൃഷ്ടരായേക്കാം.ഏതു റോക്കറ്റ് വിക്ഷേപണപ്രക്രിയക്കിടയിലും കപ്പപ്പുഴുക്ക് റെഡിയായിട്ടുണ്ട് ലെവല്‍ ഡിസ്ട്രാക്ഷനുണ്ടാക്കാനും അതിനെ ഏറ്റുപിടിക്കാനും ആളുണ്ടാവും.അങ്ങിനെ നോക്കിയാല്‍ എഴുത്ത് ഒരു ജോലി സംസ്കാരവുമാണ്(വര്‍ക്ക് കള്‍ച്ചറെന്നതിന്റെ സ്വതന്ത്രപരിഭാഷ)