Thursday, 11 October 2018

പശുവും ആടും

സംസാരം വര്‍ഗ്ഗീയമല്ല,വംശീയമല്ല,സാംസ്കാരികമോ സാമൂഹികമോ അല്ല.പഠനത്തെക്കുറിച്ചും ബുദ്ധിവൈഭവത്തെപ്പറ്റിയും കരിയറിനെപ്പറ്റിയുമൊക്കെയാണ്.

പരമ്പരാഗതമായി പറഞ്ഞു പോരുന്ന ചിലതാണ് 42ാം ദിവസം ഓല വരച്ച് പഠിച്ചു പഠിച്ചു റിസര്‍ച്ച് നടത്തി ഡോക്ടറേറ്റ് എടുത്ത് കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ച ആളുടെ കഥയും 37ാം ദിവസം ആശാന്‍ കളരിയില്‍ ഓല വരച്ച് നാലാം ക്ളാസില്‍ വെച്ച് ഫോക്കസ് നഷ്ടപ്പെട്ട് അക്ഷരങ്ങളെ അതിവിനയത്തോടെ അകലെ നിര്‍ത്തി മാത്രം വീക്ഷിക്കേണ്ടി വന്ന എന്റെ പൂര്‍വ്വികന്റെ കഥയും.

പരാജയകാരണങ്ങളന്വേഷിക്കലെന്ന പൈതൃകസ്വത്ത് മുറുകെപ്പിടിച്ച് ചിന്തിച്ചു.

ചെറിയ ക്ളാസുകളില്‍ ഇംഗ്ളീഷ് ഗ്രാമറിലൊക്കെ ഒരുപാടു കഴിവു തെളിയിച്ച നോം ഇപ്പോള്‍ രണ്ടുമാസം നാട്ടില്‍ നിന്നാല്‍ മൂന്നക്ഷരമുളള വാക്കിന്റെ വരെ സ്പെല്ലിങ്ങ് മറക്കുന്ന (ആശയക്കുഴപ്പമെന്നു മയപ്പെടുത്താം)അവസ്ഥയിലും അന്നു മാഷമാരുടെ കിഴുക്കും ദുര്‍മുഖവുമേറ്റുവാങ്ങിയവരൊക്കെ ഭാഷ ശ്വാസമെന്നപോലെ ഉപയോഗിക്കുന്ന ജീവിതാന്തസ്സുകളിലും.

ശരിക്കും ഇത്തരത്തിലൊരു താരതമ്യത്തിലെന്തെങ്കിലും അടിസ്ഥാനമുണ്ടോ?ഇല്ല എന്നു കുറ്റബോധത്തോടെ പറയേണ്ടി വരും.

കാരണം വര്‍ഷങ്ങളോളം പഠിച്ചവര്‍ കെട്ടിയിട്ട പശുവിനേപ്പോലെ അച്ചടക്കത്തോടെയും പൊരുത്തപ്പെടലോടെയും തങ്ങളുടെ പാഠങ്ങളെ ഭുജിച്ചവരാണ്.ബുദ്ധിവൈഭവം അവകാശപ്പെടുന്ന നോം ആടിനേപ്പോലെ കുന്നും മലയും ചാടിക്കയറി നിറവും മണവും ഉള്ള പള്ളയുടെ കൂമ്പു മാത്രം ചവച്ചുനോക്കി അഭിപ്രായം ഫേസ്ബുക്കിലിടുന്നയാളും.

താരതമ്യം ചെയ്യപ്പെടാന്‍ പറ്റാത്ത രണ്ട് മനസ്സുകളും മനോഭാവങ്ങളുമാണ് ഈ അവസ്ഥകള്‍ക്കു പിറകില്‍.ഒരിക്കലും നടക്കാത്ത ഒരു മത്സരത്തില്‍ വിജയികളില്ല.

No comments:

Post a Comment