ബോധമിടക്കിടെ മലര്‍ന്ന് വീണ്
കഴുത്തുറക്കാതെ കിടക്കും
മെല്ലെ മെല്ലെ
കമിഴും
പനിക്കും
എക്കിളെടുക്കും
മുട്ടില്‍ നീന്തും
കൊച്ചടി വെക്കും
ഓടിനടക്കുമോ?
ബോധമിടക്കിടെ മലര്‍ന്ന് വീണ്
കഴുത്തുറക്കാതെ കിടക്കും
മെല്ലെ മെല്ലെ
കമിഴും
പനിക്കും
എക്കിളെടുക്കും
മുട്ടില്‍ നീന്തും
കൊച്ചടി വെക്കും
ഓടിനടക്കുമോ?
മിന്നും
മിനുങ്ങും
മിഴികള്‍ വിടര്‍ത്തും
പാറും
പറക്കും
മനം നിറക്കും
താഴത്തും കൊമ്പത്തും ചെന്നിരിക്കും
കനവിലും നിനവിലും വന്നിരിക്കും
മുളങ്കമ്പ് മുരളികയാകും
നൂലുകള്‍ തന്ത്രികളാകും
തുകല്‍ താളംപിടിക്കും
ശ്വാസം ഗാനമാവും
ആ വീചികള്‍ ശിരസ്സിനു
തണുപ്പും ചൂടുമേകും
പട്ടാംബരം വേണ്ട
ഓലപ്പമ്പരം മതി
സ്വര്‍ണ്ണത്തള വേണ്ട
പാളവണ്ടി മതി
ഡേകെയര്‍ വേണ്ട
മുത്തിയമ്മ മതി
ആരുതരുമിതൊക്കെ?
ഉണ്ണിക്കാരുതരുമിതൊക്കെ?
ഊയലാടുന്ന ഓലഞ്ഞാലിപ്പെണ്ണോ!
അഞ്ചിക്കൊഞ്ചുന്ന പനംതത്തമ്മയോ!?
വാഴക്കൈയ്യില്‍കുതിച്ചുചാടും
നിലംതൊട്ടാല്‍ പരക്കംപായും
ഇരുമ്പുപോലുംകരണ്ട് മുറിക്കും
ചില്‍ചില്‍ചില്ലെന്നോതിനടക്കും
മൂന്നു വരയുള്ള മൂപ്പനണ്ണാന്‍
ജപങ്ങളുടെ വിഷം ഊട്ടിയും
മന്ത്രങ്ങളുടെ പാത്തികൊണ്ടടിച്ചും
ഓത്തിനാലാഴത്തില്‍ കുത്തിയും
ഉരുവിടലുകളാല്‍ വിരസത നല്‍കിയും
ദൈവത്തിനിന്ന് ചാവ്
ധര്‍മ്മത്തില്‍ പൊതിഞ്ഞ പിണം
പോതുദര്‍ശനത്തിനിരിപ്പുണ്ട്-
കാലങ്ങളായി ;കാലങ്ങളോളം
അഹല്യക്കും
ലോത്തിന്റെ ഭാര്യക്കും
ഉള്ളത്തില്‍ നിന്നൊരല്‍പ്പം ശില കടംകൊടുക്കണം
പറ്റിയാല്‍,
അല്‍പ്പം മാംസം തിരിച്ചെടുക്കണം
നെറ്റിയില്‍ ചൂട്
ഉച്ചിയില്‍ കൊട്ട്
ചതവില്‍ ഉഴിഞ്ഞ്
ആവിയില്‍ വിയര്‍ത്ത്
എരിവ് കുടിച്ച്
തണുപ്പ് പുതച്ച്
വീട്ടുമരുന്നുകളൊരുപാടുണ്ട്
ബാല്യത്തിലൂന്നിയ തായ് വേരും
സ്നേഹബന്ധങ്ങളുടെ നാരുവേരുപടലവും
സന്തോഷങ്ങളുടെ താങ്ങുവേരുകളും
ശീലങ്ങളുടെ ശ്വസനവേരുകളും
"ന്റെ ഉണ്ണിയൊന്നും നശിപ്പിക്കില്ല്യ..അതിപ്പോ ഒരോലപ്പീപ്പി ആച്ചാലും.ഭയങ്കര സൂക്ഷാ!"അമ്മ ഉണ്ണിയെ നോക്കി അഭിമാനം കൊണ്ടു.
നേരാണ്.ഉണ്ണി ഭയങ്കര സൂക്ഷിപ്പുകാരനാണ്.വളരും തോറും സൂക്ഷിക്കുന്ന സാധനങ്ങളുടെ പരിധിയും വൈവിധ്യവും വര്‍ദ്ധിച്ചു.കളിപ്പാട്ടങ്ങള്‍,പാവകള്‍,തീപ്പെട്ടി പടങ്ങള്‍,സിഗരറ്റ് കൂടിനുള്ളിലെ വെള്ളിക്കടലാസ്,പക്ഷിത്തൂവല്‍,മഞ്ചാടിക്കുരു,കുന്നിക്കുരു,ഗോട്ടികള്‍,വളപ്പൊട്ട്,സെന്റ് കുപ്പികള്‍,വര്‍ണ്ണചിത്രങ്ങള്‍,പത്രക്കടലാസിലെ വാര്‍ത്താശകലങ്ങള്‍,ആഴ്ചപ്പതിപ്പുകള്‍,വാരികകള്‍,നാണയങ്ങള്‍,തപാല്‍മുദ്രകള്‍,പുരാവസ്തുക്കള്‍ അങ്ങിനെയങ്ങിനെ പലതും.
സൂക്ഷിപ്പുമുതലുകള്‍ കൊണ്ട് അറയും പത്താവും മച്ചിന്‍പുറവും നിറഞ്ഞു.ഉണ്ണിയുടെ സൂക്ഷിപ്പ് ഒരല്‍പ്പം അതിരുകടക്കുന്നില്ലേയെന്ന് അമ്മക്കും തോന്നിത്തുടങ്ങി."അതെങ്ങിന്യാ,വല്ല്യമുത്തശ്ശിയുടെ തനിസ്വരൂപല്ലേ.ആ തള്ള എന്ത് മരക്കഷണം കിട്ട്യാലും തലയണക്കീഴെ പൂഴ്ത്തലാരുന്നൂലോ!"അമ്മയുടെ നിയന്ത്രണം വിട്ടുതുടങ്ങി.
എന്നാല്‍ ആരുമറിയാതെ മറ്റുചില സൂക്ഷിപ്പുകളും നടക്കുന്നുണ്ടായിരുന്നു.കാണുന്ന മനുഷ്യരെയും അവരുടെ വേഷഭൂഷാതികളും മൊഴിയുന്ന വാക്കുകളും വാക്കുകളുടെ സ്വരവും സന്ദര്‍ഭങ്ങളും ഭാവങ്ങളും എല്ലാമെല്ലാം ഉണ്ണി കണിശതയോടെ മനസ്സില്‍ സൂക്ഷിച്ചു.ഇവ സൂക്ഷിക്കാനും അടുക്കിവെക്കാനും രാവും പകലും തികയാതെയായി.ഉറക്കം സൂക്ഷിപ്പുകളില്ലാത്ത അപൂര്‍വ്വം ചില വസ്തുക്കളിലൊന്നായി.എല്ലാവരിലേയും വൈരുധ്യങ്ങള്‍ എളുപ്പം തിരിച്ചറിയാമെന്നായി.
ലോകത്തിന് കൊള്ളാത്ത സൂക്ഷിപ്പുകാരനായി.
ശൂന്യതയെന്നത് ഒന്നുമില്ലായ്മാണോ?
അതോ ശൂന്യമെന്ന് ഞാന്‍ വിളിക്കുന്നിടത്ത് എനിക്ക് താത്പര്യമുള്ള /പരിചയമുള്ള ഒന്നും കണ്ടെത്താനായില്ല എന്നായിരിക്കുമോ?
മലബാറിലെ പുഴകള്‍ പണ്ടൊക്കെ,പണ്ടെന്നു പറഞ്ഞാല്‍,മൊബൈല്‍ കാമറ യുഗത്തിനുമുന്‍പ് കുളിസീനുകളുടെ പറുദീസയായിരുന്നു.സ്തനപാനികളായ ജൂനിയേഴ്സിനെയും ശയ്യാവലംബികളായ സൂപ്പര്‍ സീനിയേഴ്സിനേയുമൊഴിച്ച് മറ്റെല്ലാവരേയും പലസമയത്തായി പുഴയില്‍ സന്ധിക്കാവുന്നതാണ്.കുളി -അലക്ക് കടവുകള്‍ ഇന്നത്തെ ലയണ്‍സ് ക്ളബിന്റേയും സ്വിമ്മിംഗ് പൂളിന്റേയും സ്പായുടേയും ലോണ്‍ഡ്രിയുടേയും ഫാഷന്‍ചാനലിന്റേയും ഒക്കെ ധര്‍മ്മങ്ങള്‍ സവിനയം നിര്‍വ്വഹിച്ചു പോന്നിരുന്നു.
കോളേജിലും മറ്റും നവാഗതര്‍ക്കായി നടത്തപ്പെടുന്ന സ്വാഗതോത്സവം പോലെ വീടുകളില്‍ എത്തുന്ന പുത്തനച്ചിമാരെ നാട് പരിചയപ്പെടുന്നത് കുളിക്കടവിലാണെന്നത് ഒരു അസ്ലീല സത്യമാണ്.കല്ല്യാണത്തിനു മുന്‍പ് ഏഴു പൂട്ടുള്ള നിലവറക്കുള്ളില്‍ വെളിച്ചം അണച്ച് കുളിച്ചുകൊണ്ടിരുന്ന തരുണികള്‍ മരുമകളായ നാട്ടിലെ പുഴയില്‍ പകല്‍വെളിച്ചത്തില്‍ ഒറ്റ തോര്‍ത്തുമുണ്ടിന്റെ ആഡംബരത്തില്‍ നീരാടാനിറങ്ങാറുണ്ടത്രെ.ഇതുപോലൊരു പുതുപ്പെണ്ണിനെ വിശദമായി പരിചയപ്പെടാന്‍ കുളിക്കടവിനടുത്തുള്ള മുളംകാട്ടില്‍ പമ്മിയിരുന്ന യുവകോമളനെ പെണ്ണ് വെള്ളാരംകല്ലിനെറിഞ്ഞ കഥ കുപ്രസിദ്ധമായിരുന്നു.മുറിവുകളുണങ്ങും വരെ സഖാവിന് ഒളിവില്‍ കഴിയേണ്ടി വന്നുതാനും.
ബന്ധുജനങ്ങളുടേയും പരിചയക്കാരുടേയും പഠന,ജോലി,സ്ത്രീധന,പ്രസവ,അവിഹിത,രോഗ വിശേഷങ്ങള്‍ വസ്തുനിഷ്ഠമായി അവലോകനം ചെയ്യപ്പെടുന്നതും മറ്റെങ്ങുമായിരുന്നില്ല.ബീകോനും എംകോനും (ബി.കോം,എം.കോം) പഠിച്ച് പാസായ അനന്തിരവനും കിഷ്ണി (കിഡ്നി)യില്‍ കല്ലുളള ഇളയാപ്പയുമൊക്കെ കുളിക്കടവിനെ സജീവമാക്കുമായിരുന്നു.
നിറം പോകാത്ത ഫോറിന്‍ തുണിത്തരങ്ങളും ലോക്കല്‍ മേഡും തമ്മിലുള്ള കളര്‍ഗാര്‍ഡ് ചലഞ്ചുകള്‍ക്കും പുഴ സാക്ഷ്യം വഹിക്കാറുണ്ട്.
രഹസ്യഭാഗത്ത് ആദ്യം സോപ്പുതേച്ചി ശേഷംമാത്രം മുഖത്ത് അപ്ളൈ ചെയ്യാറുള്ള അയിഷുമ്മയെ ഒരുതവണ ഏതോ നസ്രാണിച്ചി പരിഹാസപൂര്‍വ്വം ചോദ്യം ചെയ്തു പോലും."ഇജ്ജ് ന്നലെ തൂത്ത സോപ്പന്നല്ലേ ഇന്നും തൂക്കണത്" എന്ന ഉരുളക്കുപ്പേരിയില്‍ നസ്രാണിച്ചി ഒലിച്ചുപോയത്രെ.
കുസൃതിക്കുട്ടികള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ ചാടിമറിഞ്ഞ് വെള്ളം കലക്കും.ഈ കലാപരിപാടി അമ്മമാരുടെ ആറ്റുവഞ്ചി ലാത്തിച്ചാര്‍ജ്ജിലാണ് സാധാരണ പര്യവസാനിക്കാറുള്ളത്.
ആളൊഴിയുന്ന സമയത്ത് ചേട്ടന്‍മാര്‍ തോട്ട പൊട്ടിക്കാനും നഞ്ച് കലക്കാനുമെത്തും കുളിക്ക് ഭീഷണിയുമായി.മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവരുമൊരുപാടുണ്ട്.
ഞാനൊരു ഉറുമ്പാണ്.എനിക്ക് പേരില്ല; പിന്നെയോ, മണമാണുള്ളത്-അതെ മണം തന്നെ.എന്റെ കൂട്ടര്‍ എന്നെ തിരിച്ചറിയുന്നത് മണം കൊണ്ടാണ്.
കാവലാണ് എന്റെ ജോലി.ഞങ്ങളുടെ ഉറുമ്പുകോട്ടയുടെ കാവല്‍പ്പടയിലെ ഒരു പോരാളി.കൂട്ടത്തിലേറ്റവും വലിപ്പം ഞങ്ങള്‍ പട്ടാളക്കാര്‍ക്കാണ് - റാണിയമ്മയുടെയത്രയുമില്ല കെട്ടോ.വലിയ കൈകാലുകളും അമ്ളസഞ്ചിയും ദൃഡമായ കൊമ്പുകളും ഞങ്ങള്‍ക്കുണ്ട്.എത്ര വലിപ്പമുള്ള ശത്രുവും ഞങ്ങളോടിടയാന്‍ ഒന്നു ഭയക്കും.
ഞങ്ങളുടെ കോട്ട ഐശ്വര്യമുള്ള ഒരു സ്ഥലത്താണെന്നാണ് റാണിയമ്മ പറയുന്നത്.ശരിയാണ്.ചുറ്റും ഒരുപാട് ധാന്യമുള്ള,വലിയ ജീവികളുടെ ശല്യമില്ലാത്ത ഒരിടമാണ് ഇത്.മനുഷ്യര്‍ എന്ന ഒരിനം ജീവിയുടെ ഒരു പഴയ സംഭരണശാലയാണത്രെ ഇത്.ധാന്യമണികള്‍ യഥേഷ്ടം എടുക്കാം.
റാണിയമ്മ കാലാകാലം ധാരാളം മുട്ടകളിടുന്നുണ്ട്.എല്ലാം വിരിഞ്ഞ് കൂട്ടം വലുതാകുന്നുമുണ്ട്.എന്നെങ്കിലുമൊരിക്കല്‍ പുതിയ റാണി വിരിയുമ്പോള്‍ കൂട്ടം പിരിയുമെന്നാണ് കേള്‍വി.ആവോ,ആര്‍ക്കറിയാം.കൂട്ടം പിരിയാതിരിക്കട്ടെ.ഇതുപോലെ നൂറു കൂട്ടത്തിനുള്ള ഭക്ഷണമുണ്ടല്ലോ.
പുറത്ത് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളുമുണ്ടത്രെ.ആകാശത്തുനിന്ന് വിഷപ്പൊടിയും വിഷദ്രാവകവും തീമഴയും പെയ്യിക്കുന്ന ക്രൂരന്‍മാരായ മനുഷ്യരുള്ള ഇടങ്ങള്‍.റാണിയമ്മ ഇതൊക്കെ താണ്ടിയാണ് ഇവിടെയെത്തിയതെന്ന് പറയാറുണ്ട്.കൂട്ടത്തോട് ഇങ്ങിനെ ക്രൂരത ചെയ്യുന്നവരെ ആഞ്ഞു കടിക്കാന്‍ തന്റെയുള്ളിലെ പോരാളി തക്കംപാര്‍ത്തിരിക്കുകയാണ്.മനുഷ്യന്‍ എന്ന ജീവി ഇല്ലാത്തിടങ്ങളില്‍ നിലം തൊടാതെ സഞ്ചരിക്കുന്ന വലിയ ചുണ്ടുകളുള്ള പക്ഷികള്‍ എന്നൊരു വര്‍ഗ്ഗമുണ്ട്.നൂറ് പട്ടാള ഉറുമ്പിനെ പോലും ഒറ്റയടിക്ക് പശയുള്ള നാക്കില്‍ ഒട്ടിച്ച് വിഴുങ്ങുന്ന രാക്ഷസനെപ്പറ്റിയും റാണിയമ്മയോട് മുത്തശ്ശി പറഞ്ഞിട്ടുണ്ടത്രെ.കെട്ടുകഥയാവും.
എന്റെ സ്ഥിരം സ്ഥാനം കോട്ടവാതിലാണ്.കൂട്ടത്തില്‍ പെടാത്ത ആരും അകത്ത് പ്രവേശിക്കാതെ വരുന്നവരെയെല്ലാം മണംകൊണ്ട് തിരിച്ചറിഞ്ഞും ഭാരക്കൂടുതലുള്ള ധാന്യമണികള്‍ കോട്ടവാതില്‍ കടത്തിവിടാന്‍ സഹായിച്ചും ഞാന്‍ സമയം ചിലവഴിച്ചു.ഒന്ന് രണ്ട് തവണ കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ച നീണ്ട വാലും പരക്കംപാഞ്ഞ നടപ്പും ഉള്ള, ധാന്യമെല്ലാം കടിച്ച് മുറിച്ച് വൃത്തികേടാക്കുന്ന ജീവിയെ തുരത്തിയോടിച്ച സംഘത്തിലും ഞാനുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഭീതിജനകമായ ഒരു വലിയ ശബ്ദം കേട്ടു.പുറത്തെ വലിയ വെളിച്ചത്തോടൊപ്പം ഭൂമികുലുക്കുന്ന കാലടിയൊച്ചകളും അകത്തെത്തി.പരിഭ്രാന്തരായ കൂട്ടത്തെ സമാധാനിപ്പിച്ച് ഞങ്ങള്‍ യുദ്ധസന്നദ്ധരായി.ഇത് മനുഷ്യന്‍ എന്ന ജീവിയാണെന്ന് റാണിയമ്മ തിരിച്ചറിഞ്ഞു.പുറത്തുള്ള ജോലിക്കാരെയെല്ലാം കോട്ടക്കകത്താക്കി ആക്രമണംതുടങ്ങാന്‍ ഉത്തരവും കിട്ടി.ചലിക്കുന്ന ആ വലിയ രൂപത്തിനു നേരേ ഞങ്ങള്‍ കുറേപ്പേര്‍ പാഞ്ഞുചെന്നു.നിലത്തിനോട് ചേര്‍ന്നുള്ള ഭാഗമെല്ലാം കൊമ്പ് ആഴ്ത്തിയിറക്കാനാവാത്തത്ര കട്ടിയുള്ളവയാണ്.എന്നിലെ പോരാളി ഓരോ അണുവിലും ത്രസിച്ചു.ഒടുവില്‍ നിലത്തിന് അല്‍പ്പം മുകളിലായി ഇരുട്ടില്‍ മാംസത്തിന്റെ ചൂടുള്ള മൃദുവായ ഒരു ഭാഗം ഞാന്‍ കണ്ടെത്തി.സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞുകടിച്ചു.പൊടുന്നനെ താങ്ങാനാവാത്തവിധം ഭാരമുള്ള എന്തോ ഒന്ന് എന്റെ മുതുകില്‍ പതിച്ചു.ദേഹം നൂറു കഷണങ്ങളായി നുറുങ്ങുന്നതുപോലെ തോന്നി.അമ്ളസഞ്ചി പൊട്ടിയോ?കഠിനമായ വേദനയിലും കടിച്ച് ആഴ്ത്തിയ പല്ലുകള്‍ പിന്‍വലിച്ചില്ല.കാഠിന്യമുള്ള എന്തോ ഒന്ന് എന്നെ ബലമായി പറിച്ച് ദൂരേക്കെറിഞ്ഞു.ധാന്യക്കൂനക്കരികിലാണ് ഞാന്‍ വീണത്.പരിക്കുകള്‍ പരിശോധിക്കാന്‍ സമയമില്ല.ഇഴഞ്ഞിട്ടായാലും കോട്ടവാതില്‍ക്കലെത്തണം.റാണിയമ്മയെയും കൂട്ടരേയും കാക്കണം.
അകന്നുപോയ മനുഷ്യന്റെ ദിക്ക് കുലുക്കുന്ന കാലൊച്ച വീണ്ടും കോട്ടക്കികിലെത്തുന്നത് ഇഴയുന്നതിനിടെ ക്രോധത്തോടെ ഞാന്‍ കണ്ടു.അവന്റെ കൈയ്യില്‍ വലിയൊരു തീഗോളവുമുണ്ട്.ഏറ്റവും ചീത്ത ദുഃസ്വപ്നം യഥാര്‍ത്യമാവുകയാണ്.രൂക്ഷഗന്ധമുള്ള മരണദ്രാവകത്തിന്റെ ഗന്ധം നാസികയിലേക്ക് തുളഞ്ഞു കയറുന്നു.ഇഴഞ്ഞെത്താനാവാത്ത അകലത്തില്‍ മരണം താണ്ഡവമാടുകയാണ്.പ്രാണവേദനയും പിടച്ചിലുകളും കരിയുന്ന മാംസത്തിന്റെ ഗന്ധവും.അതാ തീഗോളം എന്റെ നേര്‍ക്കാണല്ലോ.സ്വന്തം ശരീരം കരിയുന്ന മണം.ഞാന്‍ ബോധരഹിതനായി.
പിന്നീട് ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ കരുത്തുള്ള ഏതോ കൂട്ടാളിയുടെ ചുമലിലാണ്.ചുറ്റും കണ്ണോടിച്ചു.ചിറക് കരിഞ്ഞ റാണിയമ്മയും അവശരായ ചെറിയ കൂട്ടവും.പുതിയ മണങ്ങള്‍.പുതിയ ഇടം തേടിയുള്ള യാത്ര.