ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം.എട്ട് മണിക്കൂര്‍ മടുപ്പിക്കുന്ന ട്രാന്‍സിറ്റ് റ്റൈം.പതിവുപോലെ ചിന്തകളെ കാടുകയറാന്‍ വിട്ട് കണ്ണും തുറന്ന് കൈയ്യുംകെട്ടി ഇരിക്കുമ്പോളാണ് പതിറ്റാണ്ടുകള്‍ക്ക് പിന്നില്‍നിന്നോണം അടഞ്ഞ 'കാക്കിരി പീക്കിരി' ശബ്ദം കേള്‍ക്കുന്നത്.വെള്ളപ്പാറ്റ! അല്ല...ഇതു അവളല്ല..യൂറോപ്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച ഒരു കുഞ്ഞാണ്.തലയുയര്‍ത്തി നോക്കിയപ്പോള്‍ ആദ്യം കണ്ണുകളുടക്കിയ മഹിളയാണ് ഞങ്ങളുടെ വെള്ളപ്പാറ്റ.അവളൊറ്റ നോട്ടത്തില്‍ എന്നെ തിരിച്ചറിഞ്ഞു കളഞ്ഞു.തത്തിച്ചാടിവന്ന് കുഞ്ഞിന്റെ തലയില്‍ കൈപ്പടം വെച്ചു.അല്‍പ്പം തടിച്ചിട്ടുണ്ട്.പുഴുപ്പല്ല് ഒന്നും കാണാനില്ല.ഒരു വീട്ടമ്മയുടെ പവറൊക്കെ വന്നിട്ടുണ്ട്.പഴയതുപോലെ കവിളിലൊന്നു നുള്ളാന്‍ കൊതി തോന്നി.അടുത്ത് ഐ പാഡിനെ കുത്തിനോവിച്ചുകൊണ്ടിരുന്ന യുവകോമളന് നാട്ടിന്‍പുറത്തെ സൗഹൃദത്തിന്റെ ആഴമൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ലല്ലോയെന്ന് കരുതി വേണ്ടെന്നുവെച്ചു.
"ഇതെന്താ ഇവിടെ?" സീനിയര്‍ പാറ്റയാണ്.
"എന്നാലും നീയെന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിഞ്ഞു കളഞ്ഞല്ലോ".ചോദ്യത്തിനല്ല മറുപടി പറഞ്ഞത്.
"ആ പഴയ മോന്തേല്‍ ഒരു ചെറുതാടി എക്സ്ട്രാ വന്നിട്ടുണ്ട്.അത്രേയുള്ളു."
:ആണോ.നിന്നെ തിരിച്ചറിയാന്‍ ജൂനിയറിനെ നോക്കിയാല്‍ മതിയല്ലോ."ഞങ്ങള്‍ ചിരിച്ചു.അവള്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തി.ജോലി വിശേഷങ്ങള്‍ പറഞ്ഞു.വീട്ടിലേക്ക് ക്ഷണിച്ചു.
നാട്ടിലേക്കുള്ള വിമാനം വര്‍ഷങ്ങള്‍ക്ക് പിറകിലൂടെയാണ് പറന്നത്.കടുംനിറത്തിലുള്ള ഒരു കുട്ടിനിക്കറും കാല്‍പ്പാദങ്ങള്‍ കവിഞ്ഞ് രണ്ടിഞ്ച് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വള്ളിച്ചെരിപ്പും തലയുടെ ഇരുവശത്തും പൂത്തിരിപോലെ പുഴുവിട്ട് കെട്ടിവെച്ച തലമുടിയും ആണ് വെള്ളപ്പാറ്റയുടെ ഔദ്യോഗികവേഷം.എപ്പോഴും തുള്ളിച്ചാടിയാണ് നടപ്പ്.ഈയാംപാറ്റയുടെ ഭാരമേ കാണൂ.നന്നായി വെളുത്തിട്ടാണ്.കരപ്പന്‍ വന്ന കലകളൊക്കെ ഫ്രെയിംചെയ്ത് വെച്ചമാതിരി തെളിഞ്ഞുകാണാം.പുഴുപ്പല്ലും കിരുകിരാ ശബ്ദവും മാറാത്ത ജലദോഷവും.വല്ല്യപ്പനും അപ്പൂപ്പനും (നസ്രാണിയായ എന്റെ വല്ല്യപ്പനും ഹിന്ദുവായ അവളുടെ അപ്പൂപ്പനും) പറഞ്ഞുതന്ന പുരാണ കഥകളാണ് ഞങ്ങളുടെ കുട്ടിക്കളികളുടെ തീം- ശക്തിപരീക്ഷ,സ്വയംവരം,കല്ല്യാണം,ഓട്ടോറിക്ഷയില്‍ കയറ്റി നാടുചുറ്റല്‍ (ഇത് പുരാണമല്ല,അനുകരിക്കാനറിയാവുന്ന ആക്ഷന്‍ അതായതുകൊണ്ടാണ്).ഒരു ദിവസം സ്ഥിരം രാജകുമാരനായ ഞാന്‍ തന്നെ അന്നത്തെ സ്വയംവരത്തിനുള്ള പരീക്ഷ തീരുമാനിച്ചു.അഞ്ച് ആള്‍ ഉയരമുള്ള വട്ടമരത്തിന്റെ കൂമ്പ് ഒടിച്ച് രാജകുമാരിക്ക് കൈമാറുക.രണ്ടു പേരുംകൂടി ഒന്നിച്ച് അതുകൊണ്ടുപോയി ആഞ്ഞിലിമരക്കുറ്റിയിലെ ചിതല്‍പ്പുറ്റില്‍ പ്രതിഷ്ഠിക്കണം.പിന്നെ ഓട്ടോറിക്ഷയില്‍ നാടുചുറ്റണം.നിക്കര്‍ മാത്രമിട്ട കുമാരിക്ക് പരിപൂര്‍ണ്ണ സമ്മതം.രണ്ടാള്‍ ഉയരത്തില്‍ വലിഞ്ഞുകയറി.പൊടുന്നനെ എന്തോ ദിവ്യായുധം വന്ന് ദേഹത്ത് വന്ന് പതിച്ചതായി തോന്നി.ഓര്‍മ്മവരുമ്പോള്‍ നെഞ്ചുംതല്ലി നിലത്താണ്.ചവിട്ടിനിന്ന ശിഖരം പിഴുതുപോന്നതാണ്.നെഞ്ച് നിലത്തടിച്ചപ്പോള്‍ പാട്ടകൊട്ടുംപോലെ ഒരു ശബ്ദം കേട്ടതായി ഞങ്ങള്‍ രണ്ടുപേരും ഓര്‍ത്തു.രാജകുമാരി ഇതികര്‍ത്തവ്യാമൂഡയായി നില്‍പ്പാണ്.കരഞ്ഞാല്‍ നാണക്കേടാണ്.ആരോടും പറയില്ലെന്ന് കുമാരി ശപഥം ചെയ്തു.
വെള്ളപ്പാറ്റ അവളുടെ യഥാര്‍ത്ഥ രാജകുമാരനോടും ജൂനിയര്‍ പാറ്റയോടുമൊപ്പം വീട്ടിലേക്ക് പോയി.സുഖമായിരിക്കട്ടെ.
No comments:
Post a Comment