Tuesday, 31 May 2016

മഴവരുമ്പോള്‍

മഴ - തുള്ളിക്കൊരുകുടം

ഉണ്ണിതന്‍ ഉള്ളം കുളിര്‍ക്കണം

മണ്ണിന്‍ നെഞ്ചം തണുക്കണം

വിണ്ണിന്‍ വില്ലൊന്നു കാണണം

പിന്നെയോ,

വര്‍ണ്ണക്കുടയൊന്നെടുക്കണം

തുമ്പവള്ളമിറക്കണം

കശുവണ്ടി കൊറിക്കണം

കുട്ടികുംഭ നിറക്കണം

സമനില

“മേച്ച് സമനിലേ പിരിഞ്ഞൂന്ന്ച്ചാ ന്താണുപ്പൂപ്പാ?"ഒരേയൊരു ആണ്‍തരിയുടെ ഒരേയൊരു സന്തതി.മിടുമിടുക്കനാണ്.എല്ലാ രക്ഷകര്‍ത്താക്കളും അവകാശപ്പെടുന്ന മിടുക്കല്ല.ചെറുമകനെന്ന പരിഗണന കൊടുക്കാതെ പറഞ്ഞതാണ്.അല്ലെങ്കിലും ഒരുപാട് സങ്കടം മറച്ച് വെച്ച് മകനെ മാതൃഭാഷയും പൂര്‍വ്വികര്‍ ചരിച്ച മണ്ണിന്റെ രീതികളും പഠിക്കാന്‍ നാട്ടില്‍ അവന്റെ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം നിര്‍ത്തിയ അവന്റെ മാതാപിതാക്കളുടെ ദീര്‍ഘവീക്ഷണം അവനിലും കാണാതിരിക്കാന്‍ തരമില്ലല്ലോ.‘ഒന്നുമെടുക്കാതെ വീമാനത്തേക്കേറി മടങ്ങിവരുന്ന ഒരു ദിവസം സ്വപ്നം കണ്ടിട്ടല്ലേ പഹയാ അന്റെ ഈ ദീര്‍ഘവീച്ചണമെന്ന്’ ഞാന്‍ മകനെ കളിയാക്കിയിട്ടുണ്ടെങ്കിലും.അയാളും ചെറുപ്പത്തില്‍ വലിയ സംശയക്കാരനായിരുന്നു.അന്നൊന്നും സംശയം കേള്‍ക്കാന്‍ സമയവും സൗമനസ്യവും ഉണ്ടായിരുന്നില്ലെന്ന് കൂടി നേര്‍ത്തൊരു കുറ്റബോധത്തോടുകൂടോര്‍ത്തു.

"സമനിലാന്ന് ച്ചാ ന്താ ഉപ്പൂപ്പാ?"അവന്‍ അക്ഷമനാകുന്നു.

സമനില - കളിക്കളത്തില്‍ അത് തുല്യതയാണ്.മത്സരിക്കുന്ന ഇരു പക്ഷവും കഴിവിലും മികവിലും ഭാഗ്യത്തിലും ഒരുപോലെ ആകുന്ന അവസ്ഥ.

ശാസ്ത്രത്തിലുണ്ട് ഇക്വിലിബ്രിയം.അധികമുള്ളത് ഇല്ലാത്തതുമായി പങ്കുവെച്ച് ഒരേപോലെയാവുന്ന അവസ്ഥ - ഊര്‍ജ്ജത്തിന്റെ വിനിമയം.

സമൂഹത്തില്‍ സമനിലകൊണ്ടുവരാന്‍ രൂപംകൊണ്ട പ്രത്യശാസ്ത്രമുണ്ട്.സാധനങ്ങളും സേവനങ്ങളും കൈയ്യൂക്ക് മാനദണ്ഡമാക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് മേല്‍പ്പറഞ്ഞ മഹത്തായ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം.

ഓരോ മനുഷ്യനും വേണം സമനില.വ്യക്തിയുടെ പ്രവൃത്തികള്‍ സമൂഹത്തിന്റെ നിയമങ്ങളുമായി യോജിച്ചുപോകണം.

വ്യക്തിക്കുള്ളിലുമുണ്ട് സമനില.തെറ്റും ശരിയും തമ്മില്‍.

"ഇങ്ങളെന്താ മുണ്ടാത്തെ?"അവന് ആകാംക്ഷ അടക്കാനാവുന്നില്ല.

"എന്ത് മേച്ചാണ്?”

“ഫുട്ബോള്”

“ഓല് രണ്ട് ടീമോളും ഒരുപ്പോലെ ഗോളടിച്ചാ അത് സമനില.”

Sunday, 29 May 2016

വെള്ളപ്പാറ്റ

ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളം.എട്ട് മണിക്കൂര്‍ മടുപ്പിക്കുന്ന ട്രാന്‍സിറ്റ് റ്റൈം.പതിവുപോലെ ചിന്തകളെ കാടുകയറാന്‍ വിട്ട് കണ്ണും തുറന്ന് കൈയ്യുംകെട്ടി ഇരിക്കുമ്പോളാണ് പതിറ്റാണ്ടുകള്‍ക്ക് പിന്നില്‍നിന്നോണം അടഞ്ഞ 'കാക്കിരി പീക്കിരി' ശബ്ദം കേള്‍ക്കുന്നത്.വെള്ളപ്പാറ്റ!   അല്ല...ഇതു അവളല്ല..യൂറോപ്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച ഒരു കുഞ്ഞാണ്.തലയുയര്‍ത്തി നോക്കിയപ്പോള്‍ ആദ്യം കണ്ണുകളുടക്കിയ മഹിളയാണ് ഞങ്ങളുടെ വെള്ളപ്പാറ്റ.അവളൊറ്റ നോട്ടത്തില്‍ എന്നെ തിരിച്ചറിഞ്ഞു കളഞ്ഞു.തത്തിച്ചാടിവന്ന് കുഞ്ഞിന്റെ തലയില്‍ കൈപ്പടം വെച്ചു.അല്‍പ്പം തടിച്ചിട്ടുണ്ട്.പുഴുപ്പല്ല് ഒന്നും കാണാനില്ല.ഒരു വീട്ടമ്മയുടെ പവറൊക്കെ വന്നിട്ടുണ്ട്.പഴയതുപോലെ കവിളിലൊന്നു നുള്ളാന്‍ കൊതി തോന്നി.അടുത്ത് ഐ പാഡിനെ കുത്തിനോവിച്ചുകൊണ്ടിരുന്ന യുവകോമളന് നാട്ടിന്‍പുറത്തെ സൗഹൃദത്തിന്റെ ആഴമൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ലല്ലോയെന്ന് കരുതി വേണ്ടെന്നുവെച്ചു.

"ഇതെന്താ ഇവിടെ?" സീനിയര്‍ പാറ്റയാണ്.

"എന്നാലും നീയെന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിഞ്ഞു കളഞ്ഞല്ലോ".ചോദ്യത്തിനല്ല മറുപടി പറഞ്ഞത്.

"ആ പഴയ മോന്തേല്‍ ഒരു ചെറുതാടി എക്സ്ട്രാ വന്നിട്ടുണ്ട്.അത്രേയുള്ളു."

:ആണോ.നിന്നെ തിരിച്ചറിയാന്‍ ജൂനിയറിനെ നോക്കിയാല്‍ മതിയല്ലോ."ഞങ്ങള്‍ ചിരിച്ചു.അവള്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തി.ജോലി വിശേഷങ്ങള്‍ പറഞ്ഞു.വീട്ടിലേക്ക് ക്ഷണിച്ചു.

നാട്ടിലേക്കുള്ള വിമാനം വര്‍ഷങ്ങള്‍ക്ക് പിറകിലൂടെയാണ് പറന്നത്.കടുംനിറത്തിലുള്ള ഒരു കുട്ടിനിക്കറും കാല്‍പ്പാദങ്ങള്‍ കവിഞ്ഞ് രണ്ടിഞ്ച് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വള്ളിച്ചെരിപ്പും തലയുടെ ഇരുവശത്തും പൂത്തിരിപോലെ പുഴുവിട്ട് കെട്ടിവെച്ച തലമുടിയും ആണ് വെള്ളപ്പാറ്റയുടെ ഔദ്യോഗികവേഷം.എപ്പോഴും തുള്ളിച്ചാടിയാണ് നടപ്പ്.ഈയാംപാറ്റയുടെ ഭാരമേ കാണൂ.നന്നായി വെളുത്തിട്ടാണ്.കരപ്പന്‍ വന്ന കലകളൊക്കെ ഫ്രെയിംചെയ്ത് വെച്ചമാതിരി തെളിഞ്ഞുകാണാം.പുഴുപ്പല്ലും കിരുകിരാ ശബ്ദവും മാറാത്ത ജലദോഷവും.വല്ല്യപ്പനും അപ്പൂപ്പനും  (നസ്രാണിയായ എന്റെ വല്ല്യപ്പനും ഹിന്ദുവായ അവളുടെ അപ്പൂപ്പനും) പറഞ്ഞുതന്ന പുരാണ കഥകളാണ് ഞങ്ങളുടെ കുട്ടിക്കളികളുടെ തീം- ശക്തിപരീക്ഷ,സ്വയംവരം,കല്ല്യാണം,ഓട്ടോറിക്ഷയില്‍ കയറ്റി നാടുചുറ്റല്‍ (ഇത് പുരാണമല്ല,അനുകരിക്കാനറിയാവുന്ന ആക്ഷന്‍ അതായതുകൊണ്ടാണ്).ഒരു ദിവസം സ്ഥിരം രാജകുമാരനായ ഞാന്‍ തന്നെ അന്നത്തെ സ്വയംവരത്തിനുള്ള പരീക്ഷ തീരുമാനിച്ചു.അഞ്ച് ആള്‍ ഉയരമുള്ള വട്ടമരത്തിന്റെ കൂമ്പ് ഒടിച്ച് രാജകുമാരിക്ക് കൈമാറുക.രണ്ടു പേരുംകൂടി ഒന്നിച്ച് അതുകൊണ്ടുപോയി ആഞ്ഞിലിമരക്കുറ്റിയിലെ ചിതല്‍പ്പുറ്റില്‍ പ്രതിഷ്ഠിക്കണം.പിന്നെ ഓട്ടോറിക്ഷയില്‍ നാടുചുറ്റണം.നിക്കര്‍ മാത്രമിട്ട കുമാരിക്ക് പരിപൂര്‍ണ്ണ സമ്മതം.രണ്ടാള്‍ ഉയരത്തില്‍ വലിഞ്ഞുകയറി.പൊടുന്നനെ എന്തോ ദിവ്യായുധം വന്ന് ദേഹത്ത് വന്ന് പതിച്ചതായി തോന്നി.ഓര്‍മ്മവരുമ്പോള്‍ നെഞ്ചുംതല്ലി നിലത്താണ്.ചവിട്ടിനിന്ന ശിഖരം പിഴുതുപോന്നതാണ്.നെഞ്ച് നിലത്തടിച്ചപ്പോള്‍ പാട്ടകൊട്ടുംപോലെ ഒരു ശബ്ദം കേട്ടതായി ഞങ്ങള്‍ രണ്ടുപേരും ഓര്‍ത്തു.രാജകുമാരി ഇതികര്‍ത്തവ്യാമൂഡയായി നില്‍പ്പാണ്.കരഞ്ഞാല്‍ നാണക്കേടാണ്.ആരോടും പറയില്ലെന്ന് കുമാരി ശപഥം ചെയ്തു.

വെള്ളപ്പാറ്റ അവളുടെ യഥാര്‍ത്ഥ രാജകുമാരനോടും ജൂനിയര്‍ പാറ്റയോടുമൊപ്പം വീട്ടിലേക്ക് പോയി.സുഖമായിരിക്കട്ടെ.

Saturday, 28 May 2016

ഭൗതികം ആത്മീയം

തളിരിന്റെ നിറം

കൊഴിയുന്ന ദുഃഖം

എങ്ങിനെയെന്നൊരു കൂട്ടം

എന്തിനെന്നൊരു കൂട്ടം

പൂഴ്ത്തിവെയ്പ്പ്

നീയാരെന്ന് ചോദിക്കുമ്പോള്‍, ഞാനെന്റെ അറിവിനെയും മുന്‍വിധികളെയും പൂഴ്ത്തിവെക്കുംപോലെ

ഉത്തരംപറയുമ്പോള്‍ നീയുമെന്തൊക്കെയോ പൂഴ്ത്തിവെയ്ക്കുന്നുണ്ടാവണം

Thursday, 26 May 2016

മതിഭ്രമം

മതി ഭ്രമം

മതിപ്പെന്ന ഭ്രമം

മടുപ്പിക്കും ഭ്രമം

കുമിള്‍

കറിവെക്കാനൊരു പാവം കുമിള്‍

ചൊറിവരുത്തുന്നു വേറൊരു കുമിള്‍

പരലോകം കാണാന്‍ ബ്രെഡിലെ കുമിള്‍

ചുടുകാട് തീര്‍ക്കുവാന്‍ അണുബോംബ് കുമിള്‍

Wednesday, 25 May 2016

ചലനം

ചലനമൊരത്ഭുതമല്ലേ?

തൊട്ടിലാടുമ്പോളുറക്കം വരുന്നു

തൊട്ടുതലോടി രാഗം പകരുന്നു

ഉള്ളം തുളുമ്പുമ്പോള്‍ നൃത്തം ചവിട്ടുന്നു

ഉണ്മയെന്നാലത് ചലനമെന്നാവുമോ?

Saturday, 21 May 2016

ആത്മനിയന്ത്രണത്തിന്റെ പത്താന്‍ ഭാഷ്യം

"ആപ്കോ ജല്‍ദീ തോ നഹി ഹേനാ?" ടാക്സി ഡ്രൈവറാണ്.

പാക്കിസ്ഥാന്‍ പത്താന്‍ വംശജന്‍.പാക്കിസ്ഥാനിലെ തന്നെ പഞ്ചാബികളുടെ അഭിപ്രായപ്രകാരം താരതമ്യേന നിഷ്കളങ്കരും നിരക്ഷരരുമാണ് പത്താന്‍മാര്‍.

"ഉതനാ ജല്‍ദി നഹി ഹെ.ക്യോം?" മറുചോദ്യത്തിനുള്ള വകുപ്പുണ്ട്.

"ഹം ദൂസരോം ജൈസെ ഗാഡി നഹീം ഭാഗതാ ഹെ."

"മുശ്കില്‍ നഹി.ആപ് ആവറേജ് സ്പീഡ് മേം ചലായിയേ."പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.

"പാക്കിസ്ഥാന്‍ മേം കിധര്‍ ഹെ ആപ്?"

എന്നോടാണ്. കുന്ദംകുളത്ത്,പോടാ പന്നീയെന്ന് പറയാന്‍ തോന്നിയതാണ്.പിന്നെയോര്‍ത്തു നേരത്തെയൊക്കെ ബംഗ്ളാദേശിലെവിടെയാണ് വീടെന്നായിരുന്നല്ലോ ചോദ്യങ്ങള്‍.അതിലും എത്രയോ സ്വീകാര്യമായ ചോദ്യമാണിത്.

"ഹം കേരളാ കാ ഹെ ഭായിജാന്‍,ഇന്ത്യ."

"അഛാ ആപ് മല്‍ബാറി ഹെ.രഹ്നെ ദോ.ആപ്കോ മാലൂം ഹെ ക്യോം ഹം ഗാഡി ഇസ്പീഡ് സെ നഹി ചലാതാ ഹെ?"(ഇംഗ്ളീഷ് വാക്കുകള്‍ക്ക് മുന്‍പില്‍ സ്വന്തം ചിലവില്‍ ഒരു ഇ ചേര്‍ക്കുന്നത് അവര്‍ക്കൊരു ഹരമാണ്.സ്പീഡ് ഇസ്പീഡാവും.)

"കഹിയേ" കഹാനി കേട്ടേക്കാം.

"ഹം ദസ് സാല്‍ സേ ഇധര്‍ ഷാര്‍ജാ മേം ടാക്സി ചലാത്താ ഹെ.ദസ് സാല്‍."അടിവരയിട്ടു പറഞ്ഞ് സീനിയോരിറ്റി ഉറപ്പിച്ചു.

"ഏക് ഹീ ദഫാ,സിര്‍ഫ് ഏക് ദഫാ ആക്സിഡന്റ് കിയാ.വൊ ഭീ ദോ,തീന്‍ സാല്‍ പെഹലെ.ഉധര്‍ ഏക് ഷാബിയ ഹേനാ?മാലും ഹെ ആപ്കോ?"അറബികളുടെ ഹൗസിങ്ങ് കോളനിയുള്ള ഭാഗത്തേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി.

"ഹാം ജി.മാലൂം" അറിയാം.

"ഉസ് ദിന്‍ ഹം ബഹുത് ഇസ്പീഡ് മേം
ധാ.തക്രിബന്‍ സൗ കാ ഊപര്‍ ഹോഗാ."പറഞ്ഞുകൊണ്ടിരിക്കെ കാറിന്റെ വേഗത അറുപതില്‍ നിന്നും നൂറിനു മുകളിലെത്തിയിരുന്നു.പത്താന്റെ നിഷ്കളങ്കതയുടെ മണം മലയാളിയുടെ
നാസാരന്ധ്രങ്ങളിലടിച്ചു തുടങ്ങി.

"കിധര്‍ സെ ആയാ മാലൂം നഹി,ദൂ ലഡ്കാലോഗ് -അറബീ കാ ഹെ- ഹമാരാ ഗാഡി കെ സാമ്നെ.ഹം തുരംന്ത് ഇസ്റ്റീറിങ്ങ് ഇസ് തരഫ് ഗുമായാ."ഇടത്തേക്ക് വെട്ടിച്ച് കാണിച്ചു.

"റോഡ്സൈഡ് മേം വൊ ചീസ് നഹി ഹോതാ ഹെ പൈദല്‍ വാലോം കേലിയെ.ഗാഡി ഉധര്‍ ലഗ് ഗയി."ഫുട്പാത്തിലിടിച്ചു.

"ഇസ്റ്റീറിങ്ങ് സെ ബലൂണ്‍ (എയര്‍ ബാഗ്) ബാഹര്‍ നികല്‍ ആയാ.വൊ ടെന്‍സന്‍ മേം ഹം ബ്രേക്ക് കെ ബദലെ ആക്സിലേറ്റര്‍ ദബായാ.ഗാഡീ തോ നയി ധാ നാ?ഐസാ ഭാഗ്കേ ഏക് വില്ലാ കെ ദീവാര്‍ തോഡ് ദിയാ.ഹം ഹുദ് ശൂര്‍ത്താ (പോലീസ്) കൊ പോണ്‍ (ഫോണ്‍) ലഗായാ ഉസ്കോ സബ് കുഛ് അറബീ മേം സംജായാ.വൊ ആകെ മേരേകോ പൈന്‍ (ഫൈന്‍) മാരാ.ഫിര്‍ ഭീ വൊ അറബീ മേം ബൊലാ ആപ്നേ ജോ കിയാ ബഹുത്ത് അഛാ കിയാ.ഗാഡീ തോ പൂരാ ഗയാ.അല്‍ഹംദുല്ലില്ലാഹ് ഹം ഠീക് ധാ.അഭീ ഭീ കുച്ച് പാസെഞ്ചര്‍ ലോക് ഐസാ ഗിര്‍ ഗിര്‍ കരേഗാ,ഭായീ ബഹുത് ജല്‍ദീ ഹെ ജല്‍ദീ ഹെ.ഹം ബോലേഗാ ഹമാരാ ഇസ്പീഡ് ഇത്നാ ഹേ."

വണ്ടി നൂറ്റിപ്പത്തില്‍ നിന്നും അറുപതിലേക്കെത്തി.ഫുട്പാത്തിലിടിക്കുന്നതിന്റേയും ഭിത്തിപൊളിക്കുന്നതിന്റേയും ഡേമോണ്‍സ്ട്രേഷന്‍ അദ്ദേഹത്തിന് കാണിക്കാന്‍ തോന്നാതിരുന്നതിലുള്ള നന്ദി പ്രകടിപ്പിച്ച് യാത്ര അവസാനിപ്പിച്ചു.

ശത്രുത

വെളിച്ചം ഒരിക്കലും ഇരുട്ടിനെ കണ്ടിട്ടുണ്ടാവില്ല;ഇരുട്ട് വെളിച്ചത്തെയും..

പിന്നെന്ത് ശത്രുത?

Thursday, 19 May 2016

ദാനം

പകര്‍ന്നുകൊടുക്കാന്‍ കൈക്കുമ്പിളൊന്നും താഴെ കണ്ടില്ല,

സമ്മാനമാവാന്‍ ഒപ്പത്തിനൊപ്പവും കണ്ടില്ല,

വിനിയോഗിച്ചതിന്റെ പേര് അവസരം,സേവനം,ഭൂതകാലമെന്നൊക്കെയാവാം

പങ്കുവെപ്പ്

രക്തവും മാംസവും പകുത്തുനല്‍കുന്നതിലെ മാതൃക മനസ്സിലാവാത്തപ്പോള്‍ - അതിലെ തീക്ഷ്ണപരിഹാസം മനസ്സിലാവുന്നുണ്ട്

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പില്‍ നേരെത്രയുണ്ടാവും?

തിരഞ്ഞെടുക്കപ്പെടുന്നതിലെ നുണയോളമുണ്ടാവും!

Wednesday, 18 May 2016

മഹാവിലയം

സമയം നിലച്ചു...

ഘടികാരവും

വീക്ഷിക്കുന്ന നയനങ്ങളും

അതില്‍ വിടരാനൊരുമ്പെട്ട ആശ്ചര്യവും

എല്ലാത്തിനേയൂം പൊതിഞ്ഞ ശൂന്യതയും

അപ്രത്യക്ഷമായി!!