Sunday, 22 May 2022

പാര്‍ശ്വവത്കൃതം

'അടിച്ചമര്‍ത്തപ്പെട്ടവര്‍!','പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍!'...എന്നും എപ്പോളും ഉയര്‍ന്നു വരുന്ന പ്രശ്നമാണിത്.

എന്തുകൊണ്ടായിരിക്കും ഇതുപോലുള്ള പ്രശ്നങ്ങള്‍ അവസാനിക്കാതെ പോവുന്നത്?

ചിന്തനീയമല്ലേ?

കുറേയേറെ ചിന്തിച്ചതിലും നിരീക്ഷിച്ചതിലും നിന്ന് പാര്‍ശ്വവത്കരണത്തില്‍ 'ഭാഷാപരമായ' സ്വാധീനം വളരെയധികമാണെന്ന് തോന്നി.

  എങ്ങിനെയാവും ലോകത്ത് ആദ്യമായി സവര്‍ണ്ണന്‍/ഉയര്‍ന്ന ജാതിക്കാരന്‍/പ്രത്യേക പ്രിവിലേജുകളുള്ള ആള്‍ ഉണ്ടായിട്ടുണ്ടാവുക?

ലളിതമായി ഭാവന വിടര്‍ത്തി ഒന്നു ചിന്തിച്ചാലോ?

അവര്‍ തന്നെ അന്നത്തെ സമൂഹത്തിലെ നിലവാരത്തേക്കാള്‍ ഉയര്‍ന്ന എന്തെങ്കിലും പ്രത്യേകതകള്‍ - ഉയരമോ,പേശീബലമോ,വാക്ചാതുരിയോ,സംഘടനാശേഷിയോ - ഉപയോഗിച്ച് മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തി സ്വയം ഉയര്‍ന്നയാളെന്ന് സ്ഥാപിച്ചെടുത്തതായിരിക്കണം.

ഈ പ്രസ്താവന മനസ്സിലാക്കാന്‍ മടി തോന്നുന്നുവെങ്കില്‍ മതഗ്രന്ഥങ്ങളെടുത്തു നോക്കൂ.എല്ലാത്തിനും കാരണമെന്ന് കരുതപ്പെടുന്ന ദൈവം/ദേവന്‍ പോലും എത്രയോ തവണ താനാണ് ദൈവം,താനാണ് ദേവന്‍ എന്ന് പറയുന്നുണ്ട്.

ഒരു വീട്ടിലോ സംഘടനയിലോ സ്ഥാപനത്തിലോ ആണെങ്കിലും ഞാനാണിവിടുത്തെ അധികാരി എന്ന് പലവട്ടം പറയേണ്ടി വരുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ!

സവര്‍ണ്ണരും ഇപ്രകാരം സ്വന്തം സ്ഥാനം പറഞ്ഞുറപ്പിച്ചത് തന്നെയാവണം!!

ഇനി ഇതൊന്നു തിരിച്ചു ചിന്തിച്ചാലോ?പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സംഘടിപ്പിക്കാന്‍ ഇന്ന് പല വേദികളുമുണ്ട്.എല്ലാ വേദികളിലും അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരാണെന്ന് ഏറ്റ് പറയുന്നുമുണ്ട്.ദൈവവും സവര്‍ണ്ണരുമൊക്കെ സ്വയം പറഞ്ഞ് ഇടം പിടിച്ചെടുത്തവരാണെങ്കില്‍ പാര്‍ശ്വവത്കൃതരും സ്വയം അതേ വിശേഷണം നടത്തിക്കൊണ്ടിരുന്നാല്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയല്ലേ സംഭവിക്കൂ?!!

സമൂഹത്തിലെ സ്ത്രീകളുടെ ഉദാഹരണമെടുക്കൂ.ബഹിരാകാശയാത്ര നടത്തി തിരിച്ചു വരുന്ന ഒരു വനിതയെ നോക്കിയും 'ഒരു പെണ്ണായിട്ടും അവളിതൊക്കെ സാധിച്ചില്ലേ!'എന്ന് അത്ഭുതം കൂറുന്ന ഒരു സമൂഹത്തില്‍ ഇത്തരം ' (പെണ്ണ്)ആയിട്ടും' എന്ന മനോഭാവം ഒരു കാലത്തും മാറുമെന്ന് തോന്നുന്നില്ല.

മനുഷ്യരെല്ലാവരും ജീവശാസ്ത്രപരമായി 99.9 ശതമാനം തുല്യരാണെന്ന് തെളിയിക്കപ്പെട്ട ഈ കാലത്ത് അത്തരമൊരു തുല്യതാബോധം തലച്ചോറില്‍ പാകി വളര്‍ത്താതെ ഒരു സാമൂഹിക അസന്തുലിതാവസ്ഥയും മാറുമെന്ന് തോന്നുന്നില്ല.'വണ്‍ എമങ്ങ് ദ ഈക്വല്‍സ്' എന്ന ചിന്താഗതി സത്യസന്ധമായി കൊണ്ടു നടക്കുന്നവരാണ് സമൂഹത്തിലെ പാര്‍ശ്വവത്കരണത്തിനെതിരെ ശരിക്കും പോരാടുന്നവര്‍ എന്ന് മനസ്സിലാക്കുന്നു.

Wednesday, 18 May 2022

വീടുപണി

വീടുപണിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനോമുകുരത്തിലേയ്ക്ക് ഇരമ്പിപ്പാഞ്ഞെത്തുന്നത് രണ്ട് കാര്യങ്ങളാണ്.സ്വഭാവികമായും രണ്ട് പ്രശ്നങ്ങള്‍ തന്നെ!അതില്‍ നിസ്സാരമായത് കയ്യിലോ ബാങ്കിലോ അഞ്ച് പൈസ തുട്ടുപോലും ഇല്ലയെന്നതാണ്.പരമപ്രധാനമായ ദ്വിതീയസമസ്യ എന്തെന്നാല്‍ എന്നെങ്കിലും പണിതു കഴിഞ്ഞേക്കാവുന്ന വീടിന് എന്ത് ബില്‍ഡപ്പ് കൊടുക്കും എന്നതാണ് പോലും!!പഴയ ബംഗ്ളാവുകളിലൊക്കെ മാനിന്റെയും മറ്റും തലയും ആനക്കൊമ്പും തോക്കുകളും വാളും പരിചയുമൊക്കെ പ്രദര്‍ശനത്തിന് വെച്ച് കണ്ടിട്ടില്ലേ?പുതിയ വീടുകളിലാണെങ്കിലും ആരെങ്കിലുമാണ് ഈ വീടിന്റെ നാഥനെന്നോ ഐശ്വര്യമെന്നോ തുണയെന്നോ എഴുതിയതും ഗേറ്റില്‍ IAS,IPS,ഡോക്ടര്‍,എഞ്ചിനീയര്‍, പ്രൊഫസര്‍ ഇത്യാദി തൊങ്ങലുകളും നിര്‍ബന്ധമത്രെ! അപ്പോഇതൊന്നുമില്ലാത്തവരും ഇതൊന്നുമല്ലാത്തവരും?!!മറിഞ്ഞും തിരിഞ്ഞും ഗുണനഹരണങ്ങള്‍ നടത്തിയിട്ടും ബില്‍ഡിങ്ങിന് കൊടുക്കാന്‍ ബില്‍ഡപ്പുകളൊന്നും ഓര്‍മ്മയിലെത്തിയതേയില്ല.ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടോ??ഓര്‍മ്മയില്ല!!ദുഫായീല്‍ പോയിട്ടാണേല്‍ ഒട്ടകവും ക്രൂഡോയിലും ഈത്തപ്പഴക്കുരുവുമൊന്നും മിച്ചം വെക്കാനോ പറ്റിയില്ല.അങ്ങനെയിരിക്കേ ഇളവെയിലടിച്ചപ്പോഴാണ് ചെറിയൊരു ബുദ്ധിയുദിച്ചത്.കൊറോണ മഹാമാരി!ആരോഗ്യപ്രവൃത്തനം!സാനിറ്റൈസര്‍!പി പി ഇ കിറ്റ്!റിസ്ക് അലവന്‍സ്!ഒന്നു പൊലിപ്പിക്കാനുള്ള മരുന്നുണ്ട്!രണ്ട് പിപിഇ കിറ്റുകള്‍ സകല ആടയാഭരണങ്ങളോടും കൂടെ സ്റ്റഫ് ചെയ്ത് ഗേറ്റിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിക്കണം. ഉമ്മറത്ത് മാസ്കുകള്‍ - N 95 വും സര്‍ജിക്കലും ഒന്നിടവിട്ട്..മുറ്റത്ത് കിണറിന്റെ മുകള്‍വശം സാനിറ്റൈസര്‍ കുപ്പിയുടെ ഡിസ്പെന്‍സര്‍ പോലെക്കൂടാക്കിയാല്‍ ചാരിതാര്‍ത്ഥ്യത്തിനുള്ള വകയായി.പിന്‍കുറിപ്പ് : ഇത് സമൂഹത്തില്‍ മാന്യമായി ജോലി ചെയ്യുന്നവരുടെ വീടിനു മുന്‍പിലെ നെയിം ബോഡുകളെ യാതൊരുവിധത്തിലും അപമാനിക്കാനുദ്ദേശിച്ചെഴുതിയതല്ല.പിന്നെയോ സമൂഹത്തിലെല്ലാരോടും ഒരേ നീതിയില്‍ പ്രത്യേകിച്ച് ഒരു ലേബലിന്റെയും പിന്‍തുണയില്ലാതെ ഇടപെടാന്‍ ശ്രമിച്ച് തിരിച്ചടികളും അപമാനങ്ങളും വാങ്ങിക്കൂട്ടുന്നതിന്റെ ചെറ്യേരു അസക്യതയില്‍ എഴുതിയതാണ്.

Sunday, 1 May 2022

ലബ്ബര്‍ വാന്റ്

"എന്നാലും ഇതേതവതാരം?നമ്മളറിഞ്ഞില്ലല്ലോ!!മട്ടും ഭാവവും കണ്ടിട്ട് ഏതിനമാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.കാക്കി പാന്റാണ്,കറുത്ത ഷൂവാണ്,ഇന്‍സൈഡാക്കിയിട്ടുണ്ട്..പക്ഷേ താടിയുണ്ട്..പോലീസും എക്സൈസുമൊന്നുമാരിക്കത്തില്ല!എന്തായാലും ഒന്ന് മുട്ടി നോക്കാം!"തിരക്കിട്ട ടിക്കറ്റു വിതരണത്തിനിടയിലും കണ്ടക്ടര്‍ സര്‍ ഒരു പുതുമുഖത്തെ കണ്ട് ഇത്രയും ആലോചിച്ചു കൂട്ടി.

പുതുമുഖം മിണ്ടാതെ,ഉരിയാടാതെ പതിനഞ്ചു രൂപ ടിക്കറ്റിന് 20 എടുത്തു നീട്ടി.

"ശെടാ..സംസാരശൈലികൊണ്ട് എങ്കിലും ഒന്ന് മനസ്സിലാക്കാനുള്ള ചാന്‍സുപോലും തന്നില്ലല്ലോ!"കണ്ടക്ടറിന് നിരാശയായിത്തുടങ്ങി.

നിരാശയാണല്ലോ എല്ലാ ഉപായങ്ങളുടേയും മാതാവും പിതാവുമെല്ലാം.

"ഒരഞ്ചുറുപ്യ ഉണ്ടാവ്വോ ചേഞ്ച്?"എന്നാലിവനെക്കൊണ്ടൊന്ന് വായ തുറപ്പിച്ചിട്ടു തന്നെ കാര്യം.

"നോക്കട്ടെ കെട്ടോ"ഏതായാലും ഈ അടുത്ത നാട്ടുകാരനല്ല.സംസാസശൈലിയില്‍ നിന്നു വ്യക്തം!

പുതുമുഖം പോക്കറ്റില്‍ പരതാനാരംഭിച്ചു.അല്‍പ്പസമയത്തെ ശ്രമത്തിനുശേഷം പോക്കറ്റില്‍ മുങ്ങിത്തപ്പിയ കൈ ഒരുപിടി ചില്ലറ നാണയങ്ങളും ഒരു റബ്ബര്‍ ബാന്റുമായി പൊങ്ങിവന്നു.റബ്ബര്‍ ബാന്റ് പതിവുപോലെ ചില്ലറയുടെ കൂടെ ടിക്കറ്റെടുക്കാതെ കയറി വന്നതാണ് പോലും.

"ആ..ക്ളൂ കിട്ടി..റബ്ബര്‍ ബാന്റ്"കണ്ടക്ടര്‍ മനസ്സിലൊന്നു തുള്ളിച്ചാടി.

"ബേങ്കിലൊക്കെ നോട്ടുമ്മെ ഇടാന്‍ റിബ്ബണ്‍ വന്നില്ലേ സാറേ?റബ്ബര്‍ ബാന്റൊക്കെ ഇപ്പളും ഇണ്ടാ?"

"അതിന് ഞാന്‍ ബാങ്കിലല്ല ചേട്ടാ..ഇതുകൊണ്ട് മൈന്റ് റിഫ്രഷാകുന്ന വേറൊരു പണിയുണ്ട്...ഇതിങ്ങനെ ഇടത്തെ കൈയ്യിലിട്ട്, ലോക്ക് ചെയ്ത്,ഇങ്ങനെ വലിക്കുമ്പോള്‍ ..ദേ കണ്ടോ ..സ്റ്റാറ്..ഇങ്ങനെ ആക്കിയാല്‍ കുരിശ്..ദേ ഡബ്ളയു..അതിനാണീ ലബ്ബര്‍ വാന്റ്..നോട്ടുകെട്ടിലിടാനല്ല"

"പുല്ല് പരിചയപ്പെടണ്ടായിരുന്ന്!"