Sunday, 14 July 2019

ഒരു ഭാഷയുടെ ജനനം

അങ്ങനെ പോയറ്റിക് ലൈസന്‍സുള്ള കുറേപ്പേര് ലാഗ്വേജുണ്ടാക്കാനിറങ്ങിയിരിക്കുകയാണ്.

"താമ്പറയടോ?"

"ചേട്ടാ,'റോര്‍'.ഓര്‍ക്കാനെളുപ്പം.സിംഹം അലറുന്ന ശബ്ദവുമായി സാമ്യവുമുണ്ടല്ലോ!പഠനം ലളിതമധുരം"

"കൊള്ളാടാ മുത്തെ.ലാളിത്യത്തിന്റെ ശക്തി"

"അടുത്തയാള്‍..?"

"അയണ്‍"

"എന്നിട്ടിതെഴുതിയേക്കുന്നത് ഐറണ്‍ എന്നാണല്ലോ!"

"അതൊരു റൂളാണ്.ഇതില്‍ ആര്‍ സൈലന്റാണ്.എഴുതുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവണം"

"ആഹാ.തന്നെപ്പോലെ തന്നെ.അബദ്ധം പറ്റിയാല്‍ അതില്‍ കിടന്നു ഉരുണ്ടോളും.എല്ലാവരേയും അബദ്ധം റിപ്പീറ്റ് ചെയ്യിച്ച് ചമ്മലു മാറ്റാന്‍ 'r' ‍സൈലന്റാക്കി റൂളുമിറക്കും.എന്തായാലും കിടക്കട്ടെ.ഓര്‍മ്മശക്തിക്കൊരു എക്സര്‍സൈസാവട്ടെ!അടുത്തതാരാ?"

"സാറേ,പോഡിയം,പാലിയം,മോണോ,ഡൈ,അമിലേസ്,അരീന,ഓജിയന്‍ സ്റ്റേബിള്‍,സൈക്ളോപ്സിസ്"

"ഇതൊക്കെ വേറെ ഭാഷകളല്ലേടാ ഉവ്വേ?"

"ചില സംഗതികള്‍ക്ക് ഇത്തിരി ഗാംഭീര്യം വരാന്‍ ആ ഭാഷകളാണ് സാറേ ബെസ്റ്റ്!"

"അതും ശരിയാണല്ലോ!പിന്നെ ഇതൊന്നും നിത്യജീവിതത്തില്‍ എല്ലാവരും പഠിച്ച് പറയേണ്ട വാക്കുകളല്ലല്ലോ!പഠിക്കാന്‍ ശ്രമിക്കുന്നോര്‍ അല്‍പ്പം വിഷമിച്ച് ബുദ്ധിമുട്ടി പഠിക്കട്ടെ.എന്തായാലും തന്റെ രീതി അന്നുമിന്നും എലീറ്റായ സംഗതികള്‍ തേടിപ്പിടിച്ച് പ്രചരിപ്പിച്ച് ഷൈന്‍ ചെയ്യലുതന്നെ!കുഴപ്പമില്ല.അടുത്തതാരാ?"

"മാഷേ 'ക്യു'"

"ഇത് കേട്ടപ്പോ അക്ഷരംപോലെ ഇരുന്നിട്ട് എഴുതുമ്പോ കുറേ ഉണ്ടല്ലോടോ!"

"അതുപിന്നെ ചോദ്യോത്തരപരിപാടികള്‍ക്കൊക്കെ ഇത്തരം വാക്കുകളുടെ സ്പെല്ലിങ്ങ് ചോദിക്കാമല്ലോ!"

"അതും ശരിയാണ്.കൊള്ളാം.അടുത്തയാള്‍..!?"

"Floccinaucinihilipilification"

"എന്റെ പിതാവേ,ഇതൊക്കെയെന്തുവാടോ?"

"ഇതിനെന്താ കുഴപ്പം?ഭാഷ ഒരു ശാസ്ത്രമായി ഉയര്‍ന്നു വരേണ്ടേ!?"

"അതു വേണം.ഭാഷ വലിയ ഒരു ശാസ്ത്രമായി വളരട്ടെ.നിങ്ങളൊക്കെ പ്രൗഡഗംഭീരരായ ശാസ്ത്രജ്ഞന്‍മാരാവട്ടെ.പച്ചരി മേടിക്കാനുള്ളത് ഇതീന്ന് കിട്ടട്ടെ."

"ഇനിയുള്ളത് കലാസാഹിത്യസാമൂഹ്യ,മാധ്യമപ്രവര്‍ത്തകര്‍ വഴിയെ ഉണ്ടാക്കിക്കൊള്ളട്ടെ അല്ലേ!?"

"മതി.മതി!"

അങ്ങിനെയങ്ങനെ ഞങ്ങള്‍ പല സ്വഭാവക്കാരേ കൂട്ടി ഒരു ഭാഷയങ്ങ് ഉണ്ടാക്കി.

No comments:

Post a Comment