Wednesday, 10 July 2019

പീസ് മസാല

പുതിയ നാടുകളില്‍ പോണം.അവിടുത്തെ ഭാഷയുടെ പൊട്ടും പൊടിയുമെങ്കിലും പഠിക്കണം,കുറേ സ്ഥലപ്പേരുകളും കുറച്ചു ചരിത്രവും കുറേ വ്യത്യസ്ത രുചികളുമൊക്കെ   മനഃപാഠമാക്കണം.അങ്ങിനെയൊക്കെയാണ്.എന്തൊക്കെ സങ്കീര്‍ണ്ണതകളാണല്ലേ!

അതങ്ങിനെയാണ്.ശരീരത്തിന്റെ മാത്രം വിശപ്പു തീര്‍ന്നാല്‍ മതിയായിരുന്നെങ്കില്‍ ഞാനും നിങ്ങളുമൊക്കെ ഈ വേഷമൊക്കെ കെട്ടി ഓടി നടക്കേണ്ടതുണ്ടോ!മനസ്സെന്നു വിളിക്കുന്ന തലച്ചോറിന്റെ വിശപ്പിനായല്ലേ ഇതെല്ലാം.

വ്യത്യസ്തമായ രുചികള്‍ പരീക്ഷിക്കുന്ന കാര്യം പറയുമ്പോള്‍ പഴയൊരു സംഭവമോര്‍മ്മ വരും.കൂട്ടുപ്രതിയുമുണ്ട്.ഗൂഗിളും വിവരസാങ്കേതികവിദ്യയുമൊന്നും വിരല്‍ത്തുമ്പു വരെ എത്താത്ത ഒരു കാലമാണ്.അവധിക്ക് പറമ്പിലെ പണികള്‍ക്ക് അകമഴിഞ്ഞ സഹകരണം കൊടുത്തതിനു പ്രതിഫലമായി കിട്ടിയ ഒരു ടാക്സ് ഫ്രീ (കരമൊഴിവാക്കി കിട്ടിയ)
നൂറു രൂപ നോട്ട് കൈയ്യിലുണ്ട്.എന്തുവേണമെങ്കിലും ചെയ്യാം!

"നമ്മക്ക് ടൗണീപ്പോയി എന്തേലും വെറൈറ്റി സംഭവം കഴിച്ചാലോ!?"

"കൊള്ളാം!"ഉറപ്പിച്ചു.പിറ്റേന്നുതന്നെ ഉടുത്തൊരുങ്ങിയിറങ്ങി.

തിരിച്ചുവന്നിട്ട് അമ്മച്ചീടെ ചക്കക്കുരുക്കറിയെ ഒന്ന് പുച്ഛിക്കണം!അതും മനസ്സില്‍ കുറിച്ചിട്ടുണ്ട്.അതെന്നതാന്നു വെച്ചാ അമ്മച്ചീടെ തന്തയ്ക്കു പറഞ്ഞാ പുള്ളിക്കാരി ക്ഷമിക്കും.പക്ഷേ ചക്കക്കുരു കൊള്ളുവേലന്നാരേലും പറഞ്ഞാലവരെ തേജോവധം ചെയ്തുകളയും.അതു ശരിയല്ലല്ലോ!

ഹോട്ടലെത്തി.ഒച്ചയില്ല,ബഹളമില്ല,തിരക്കില്ല,ഈച്ചയില്ല...പള്ളിയകത്ത് കയറിയ മാതിരി.ശേമ്മാശ്ശനെപ്പോലൊരു സപ്ളറും വന്നു.

"സാറമ്മാര്‍ക്കെന്താ കഴിക്കാന്‍?"എന്തൊരു കുലീനതയാണ്!എത്ര ശാന്തഗംഭീരമായ സ്വരം!

"എന്തൊക്കെയാണ് ഉള്ളത് ചേട്ടാ!?"ഭവ്യത തിരിച്ചും കാട്ടിക്കൊണ്ട് ചോദിച്ചു.

"പെറോട്ട,ചപ്പാത്തി,ഇടിയപ്പം,പൂരി,നെയ്റോസ്റ്റ്"

"പറോട്ട മതി ചേട്ടാ."അതില്‍ വ്യത്യസ്തത വേണ്ട."കറി എന്നാ ഉണ്ട്?"

"ചിക്കന് കറി‍,ബീഫ് കറി,എഗ്ഗ് കറി,ഫിഷ് കറി,പീസ് മസാല"

കോഴി,പോത്ത്,മുട്ട,മീന്‍...വ്യത്യസ്തത തീരെ പോര.

"ഈരണ്ട് പൊറോട്ടേം രണ്ട് പീസ് മസാലയും തന്നേര്"ഇത് പറഞ്ഞിട്ട് കറിയുടെ വ്യത്യസ്തത എങ്ങിനെയുണ്ടെന്ന് ചോദിക്കാതെ ചോദിക്കുംപോലെ കൂട്ടുകാരനെ നോക്കി.പീസ് മസാലയ്ക്ക് വലിയ  സപ്പോര്‍ട്ട് ആ മുഖത്ത് തെളിഞ്ഞിരുന്നു.

എന്നാലും എന്തായിരിക്കും സംഭവം?മസാല എന്നൊരു ഇന്ത്യന്‍ പേരിനോട് എന്തോ ഇംഗ്ളീഷ് പീസ് ചേര്‍ത്ത്..എന്തേലുമാട്ടെ.ആലോചിച്ച് കുളമാക്കുന്നില്ല.

"അയ്യേ,ഇതു നമ്മടെ പച്ചപ്പട്ടാണിക്കടലയല്ലേടാ!"പീസ് മസാലയുടെ ദര്‍ശനത്താലുണ്ടായ ആശ്ചര്യം കൂട്ടുകാരന് അടക്കാനായില്ല.

"എന്തേൂലും പ്രശ്നമുണ്ടോ സര്!?"‍സപ്ളെയറാണ്.

"ഒന്നുമില്ല.ഞങ്ങളു വേറൊരു കാര്യം പറഞ്ഞതാ ചേട്ടാ."

വ്യത്യസ്തം.പീസ്.മസാല.. കൊള്ളാം.

No comments:

Post a Comment