ദൗത്യം വളരെ ഗൗരവതരമാണ്......ആദ്യമായാണ് ഇത് ചെയ്യുന്നത് എന്നതൊന്നും ഒരു ക്ഷമാപണത്തിന് സാധ്യത തെളിയിക്കുന്നില്ല......പദ്ധതികളും നടത്തിപ്പും ഫൂള്‍പ്രൂഫാരിക്കണമെന്നു സാരം....നിക്കറിന്റെ വലതു പോക്കറ്റില്‍ സംഗതിയുണ്ട്......ഇന്ദ്രനീലിമയോലുന്ന രണ്ടു വലിയ തുരിശു പരലുകള്‍.
നഞ്ചിടല്‍ എന്ന ഇതിഹാസത്തിന്റെ പുനരാവിഷ്കരണമാണ് ഉദ്ദേശ്യമെന്ന് മനസ്സിലായിക്കാണുമല്ലോ!
ആകാംക്ഷ ഓരോ അണുവിലും അങ്ങിനെ ത്രസിക്കുകയാണ്.മത്സ്യസമ്പത്ത് വാരിക്കൂട്ടുന്ന പകല്‍ക്കിനാവും ഇടക്കിടെ മിന്നി മായുന്നുണ്ട്.നടപ്പിനും ഓട്ടത്തിനുമിടയിലുള്ള ഒരു തലത്തിലൂടെ ചില കാലുകള്‍ തോട്ടിലേയ്ക്ക്..
"ഈ വല്യ കയത്തീ കലക്കിയാല്‍ മീഞ്ചാകുവേലാരിക്കും"
ശരിയാണല്ലോ.കയത്തിലെ വെള്ളത്തിന് രണ്ടു തുരിശുപരല്‍ കുറവായിരിക്കും.ആദ്യ പ്രതിസന്ധി.ആലോചിക്കാം.കൂട്ടായി ആലോചിച്ചാല്‍ ചുരുളഴിക്കാനാവാത്ത സമസ്യകളുണ്ടോ?മേല്‍പ്പറഞ്ഞത് സാധൂകരിക്കാനെന്നവണ്ണം ആരെങ്കിലുമൊക്കെ പ്രകൃതിയുടെ വിളി വന്നെങ്കില്‍ മാത്രം പോകാന്‍ സാധ്യത ഉള്ള
തോടിന്റെ അതിര്‍വരമ്പിനുള്ളില്‍ തന്നെ വളര്‍ന്നു നില്‍ക്കുന്ന ഒരു വലിയ ചേര് മരത്തിന്റെ ചുവട് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.ഗംഭീരം...ആത്മാഭിമാനം അലയടിച്ച നിമിഷങ്ങള്‍....
രണ്ടു മൂന്നു വലിയ വേരുകളും കുറേ അസിസ്റ്റന്റ് വേരുകളും അതിര്‍ത്തി പാകിയ ഏകദേശം മൂന്നര ലിറ്റര്‍ വെള്ളവും കൊതുകിന്റെ കൂത്താടിയേക്കാളും വലിപ്പമുള്ള രണ്ട് മത്സ്യകന്യകള്‍ നീരാടുന്ന ജലാശയത്തിനുള്ളിലെ ജലാശയം ഇതാ ഞങ്ങള്‍ക്കു മുന്നില്‍.ഇനി വൈകിക്കൂടാ...നെറ്റിയില്‍ വെയിലടിക്കുമ്പോള്‍ തിളങ്ങുന്ന പൊട്ടുളള ടി മത്സ്യങ്ങള്‍ പീഡിപ്പിക്കാന്‍ ചെന്നവനെ കൂസലില്ലാതെ നോക്കി നിര്‍വീര്യമാക്കുന്ന പെണ്‍കൊടികളേപ്പോലെ അങ്ങിനെ നിശ്ചലരായി ജലോപരിതലത്തില്‍ നില്‍ക്കയാണ്.'ആഹാ..അഹങ്കാരികളേ..മരിപ്പാനൊരുങ്ങിക്കൊള്‍വിന്‍.'
തുരിശുപരലുകള്‍ കീറത്തോര്‍ത്തില്‍ കെട്ടി കിഴിയാക്കി വെള്ളത്തിലാഴ്ത്തി കലക്കാന്‍ തുടങ്ങി.സമയം കടന്നുപോകുന്നു.വെയിലിന് ചൂടേറുന്നു.മത്സ്യസമ്പത്തിന് മാത്രം ഒരു കൂസലുമില്ല.വിശപ്പുണ്ട്...വീടുകളില്‍ അന്വേഷിക്കും...പ്രതിസന്ധികളുടെ ഘോഷയാത്ര.ആലോചിച്ചു.മാര്‍ഗ്ഗം തെളിഞ്ഞു.കീറത്തോര്‍ത്തിന്റെ ബാക്കികൊണ്ട് മത്സ്യകന്യകളെ പിടിച്ച് തുരിശു കിഴിയിലിട്ട് നഞ്ച് പദ്ധതി വിജയിപ്പിക്കാന്‍ തീരുമാനമായി.മാതൃകാപരമായും അല്‍പ്പസ്വല്‍പ്പം പ്രതീകാത്മകമായും അതും നിര്‍വ്വഹിക്കപ്പെട്ടു.ചേരു വേരുകളില്‍ തിളങ്ങുന്ന രണ്ടു വരകള്‍ പോലെ മത്സ്യസമ്പത്ത് ഉപേക്ഷിച്ച് വീടുകളിലേക്കോടി.ചീരത്തോരനും കൂട്ടി പള്ള നിറയേ ചോറുണ്ടു.ക്ഷീണാധിക്യത്താല്‍ ഉച്ചയുറക്കത്തിനുള്ള 'ഇനീം വെയിലത്തെറങ്ങാതെ കൊറച്ച് കെടക്കടാ'ആഹ്വാനം ശിരസ്സാ വഹിച്ചു.നീലത്തടാകത്തില്‍ ചുവന്ന നഞ്ച് കലക്കുന്ന സ്വപ്നമൊക്കെ പൊടുന്നനേ ഉറക്കത്തിലേയ്ക്ക് കടന്നു വന്നു.
എന്തൊക്കെയോ ബഹളം കേട്ടു കണ്ണു തുറന്നു..ചാടി ശബ്ദം കേട്ട ഭാഗത്തെ ലക്ഷ്യമാക്കി നീങ്ങി.പലചരക്കുകടയില്‍ സാധനം വാങ്ങാന്‍ പോയ അങ്കിളു വന്നിട്ടുണ്ട്.പഴമ - പുതുമ വില - ഗുണ നിലവാര - താരതമ്യ വശ്ശാലുളവായ ശബ്ദവീചികളാണ് നമ്മെ ഉണര്‍ത്തിയത്.അതേതായാലും നന്നായി.എന്തു തന്നെ ആയാലും പുതിയ സംഗതികള്‍ വീട്ടിലേയ്ക്ക് വാങ്ങിക്കൊണ്ടു വരുമ്പോള്‍ അതിനിടയില്‍ വിരകാന്‍ നമുക്കിഷ്ടമാണ്."ഇന്നാടാ ഒരു വെല്ലക്കഷ്ണം'വെല്ലം എന്ന വെളുത്ത ആണിശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന കടലാസു കുമ്പിളിന്റെ മൂട്ടിലുള്ള രഹസ്യ അറ തുറന്നപ്പോള്‍ വെറുതേ കിട്ടിയതാവും എന്നു ധ്വനിപ്പിക്കുംപോലെ നമുക്കു നല്‍കപ്പെട്ടു.കിട്ടിയപാടേ രണ്ട് നെടുങ്കന്‍ നക്കുകളാല്‍ നീറ്റാക്കി പോക്കറ്റിലും നിക്ഷേപിച്ചു.വിഭവങ്ങളുടെ ഉപഭോഗം കരുതലോടെ മാത്രം..ഇടവേളകളിട്ടുള്ള അടുത്ത നക്കുകളില്‍ തീഷ്ണമായ തുരുമ്പ് ചുവ ഉണ്ടായിരുന്നുവെന്നത് പരിഗണനീയമായ വിഷയമായിരുന്നിട്ട് കൂടി......നഞ്ച് കലങ്ങി..അടുത്ത ദിവസം മുഴുവനും.
PS:നഞ്ചു കലക്കല്‍ എന്നത് വളരെ പ്രാകൃതമായ ഒരു മത്സ്യബന്ധനമാര്‍ഗ്ഗമാണ്.ഒരുപാട് ജീവനുകള്‍ പാഴായി പോകുന്ന സംഗതിയാണ്.
No comments:
Post a Comment