നഗരങ്ങളും പഴയ യക്ഷികളും ഒരുപോലെയാണ്.ആത്മവിശ്വാസത്തിന്റെ ചെറു വെളിച്ചവുമേന്തി ഒറ്റക്കു നടക്കുന്നവരെ രണ്ടുപേരും ഇടക്കൊക്കെ വഴി തെറ്റിച്ച് വട്ടം കറക്കും.
മലബാറില്‍ നിന്ന് വലിയോരു ട്രക്കിങ്ങ് ബാഗ് പോലൊരു ബാഗില്‍ പത്തുപതിനഞ്ചു കിലോ ഉണക്കകപ്പയുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ഒരിക്കല്‍.വലിയ പരിചയമില്ലാത്ത ഇടമാണ്.പണ്ടെങ്ങോ വന്നതിന്റെ നേരിയ ഓര്‍മ്മകള്‍ മാത്രം.അധികമാരും ഇറങ്ങാനില്ലായിരുന്നു താനും.തീരെ തിരക്കില്ലാത്ത സീസണും സമയവും.ആളുകളുടെ കൂടെ ചേര്‍ന്നു പുറത്തു ചാടാനുള്ള അവസരമില്ല എന്നു സാരം.അവസാനം പൊളിഞ്ഞ വേലിക്കിടയിലൂടെ കപ്പസഞ്ചിയും തൂക്കി റോഡിലേക്കിറങ്ങി നടപ്പു തുടങ്ങി.ദൂരവും സമയവും ചങ്കിടിപ്പും ദേഷ്യവും ദാഹവും വര്‍ദ്ധിക്കുന്നതല്ലാതെ ഓര്‍മ്മയിലുള്ള അടയാളങ്ങളൊന്നും ശരിയാവുന്നില്ല.ഇറങ്ങിയ വശം മാറിപ്പോയി എന്ന് കുറച്ചു വേദനയോടെ മനസ്സിലാക്കി.തിരിച്ചുനടന്നു മേല്‍പ്പാലം കയറി തിരുത്താനുള്ള ക്ഷമ കിട്ടുന്നില്ല.റോഡുകളെല്ലാം അറിയാവുന്ന എവിടെയെങ്കിലും എത്തിച്ചേരും എന്നൊരു മുന്നനുഭവധൈര്യവും വന്നു.നടന്നിട്ടും നടന്നിട്ടും എങ്ങുമെത്തുന്നില്ല.നല്ല വെയില്‍..നല്ല ദാഹം..മൂന്നു നാലു ഓട്ടോറിക്ഷകള്‍ ഹോണ്‍ മുഴക്കി കടന്നുപോയി.വഴി തെറ്റിയ ആളെ അവര്‍ കളിയാക്കുമെന്നോണം മുഖം തിരിച്ചു നടന്നു.അവസാനം ഒരു ഓട്ടോക്കു കൈ കാണിച്ചു.കയറി ഇരുന്നു.ബാഗ് പ്രതിഷ്ഠിച്ചു.
"എവടെ പോകാനാണ്" ഓട്ടോ ഡ്രൈവര്‍ എറണാകുളം താളത്തില്‍ ചോദിച്ചു.
"ചേട്ടാ,കലൂര് സ്റ്റാന്റ്"
"എങ്ങാട്ടാണെന്നാണ്??!"അങ്ങേരു വീണ്ടും.ഇത്തവണ തിരിഞ്ഞു നോക്കിക്കൊണ്ടാണ്.
"കലൂര്..കലൂര്"
ഈ പറഞ്ഞ സമയം കൊണ്ട് വണ്ടി നൂറു നൂറ്റമ്പത് മീറ്റര്‍ മുന്‍പോട്ടു പോയി വളവു തിരിഞ്ഞു ഏറെ കൊതിച്ച കലൂരെത്തി.കിലോമീറ്ററുകളൊരുപാടു നടന്നു അവസാനം വളവു തിരിയാന്‍ ഓട്ടോ വിളിച്ചു കാശും കൊടുത്തു.അടിപൊളി.
ഇപ്പോള്‍ യു.എ.ഇ.യിലാണ്.കമ്പനിയിലെ ഒരു വണ്ടിയുടെ വാര്‍ഷിക രെജിഷ്ട്രേഷന്‍ പുതുക്കലാണ്.ഇന്‍ഷുറന്‍സ് ദുബായിയില്‍ ഓഫീസുള്ള ഒരു ഏജന്‍സിയില്‍ റെഡിയായിരിക്കുന്നു.ഇഷ്യൂ ചെയ്ത ഡേറ്റില്‍ നിന്നും ഏഴു ദിവസത്തിനകം റിന്യൂവല്‍ ഇന്‍സ്പെക്ഷനുകള്‍ നടക്കുന്ന സ്ഥലത്ത് ഇന്‍ഷുറന്‍സും വണ്ടിയുമൊക്കെ ചെല്ലണം.ആകെയുള്ള
ഒരു ഡ്രൈവര്‍ക്കു ആവശ്യത്തിലധികം കസ്റ്റമര്‍ സപ്ളൈ ഉള്ളതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങള്‍ നടക്കുന്നത്.പിറ്റേദിവസം ഇന്‍ഷുറന്‍സ് ഇഷ്യു ചെയ്തിട്ട് ഏഴു ദിവസമാകുമെന്നതിനാലും പോകാന്‍ വാഹനമുള്ള ആരും ലഭ്യമല്ലാതിരുന്നതിനാലും പുറത്തു പോകാന്‍ കിട്ടുന്ന ഒരു അവസരമായതിനാലും ദുബായ് പബ്ളിക് ട്രാന്‍സ്പോര്‍ട്ടിലെല്ലാം ഉപയോഗിക്കുന്ന NOL കാര്‍ഡിന്റെ ധൈര്യത്തില്‍ ബസിലും മെട്രോയിലുമായി പറഞ്ഞ സ്ഥലത്തെത്തി.ഏതോ സിറ്റി സെന്ററിനകത്തു കൂടി ചാടി മറിഞ്ഞ് കുറേ ഫോണ്‍ കോളുകളും വിളിച്ച് ഓഫീസിലെത്തി.ക്രിസ്റ്റഫര്‍ കൊളംബസിനേപ്പോലൊരു ഫീലിങ്ങ് ഉണ്ടെന്ന് മിക്കവാറും ഫോണില്‍ സംസാരിക്കുന്ന അണ്ടര്‍റൈറ്ററോട് ആദ്യമായി നേരിട്ട് കാണുന്ന ആ വേളയില്‍ പറഞ്ഞു.ആള്‍ക്കു അമേരിക്ക ചരിത്രം അറിയാത്തതുകൊണ്ടോ എന്നെപ്പോലൊരു നരന്തില്‍ നിന്നു വലിയ തമാശകളൊന്നും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടോ അത് ചീറ്റിപ്പോയി.നന്ദി പറഞ്ഞു പുറത്തിറങ്ങി വളവുകള്‍ തിരിഞ്ഞപ്പോള്‍ പണ്ടെങ്ങോ സംഭവിച്ച ഒരു പരിഭ്രമം പരിചയം പുതുക്കാനെന്നോണം വന്നു കൂടി.ഫോണില്‍ ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ഗൂഗിള്‍ ചേച്ചി മയങ്ങിക്കിടപ്പാണ്.കാല്‍നടയാത്രക്കാരില്ല.ഫോണ്‍ വിളിച്ച് സംശയനിവാരണം അപ്രായോഗികം.അവസാനമൊരു ടാക്സിക്കു കൈ കാണിച്ചു.പാക്കിസ്ഥാന്‍ പഞ്ചാബുകാരനായൊരു യുവാവാണ്.ഒരു ഡിസ്പോസിബിള്‍ ഗ്ളാസില്‍ ചായ കുടിച്ചുകൊണ്ടാണ് ആള്‍ വണ്ടിയിലിരിക്കുന്നത്.കയറിയിരുന്ന് സീറ്റുബെല്‍റ്റിട്ടു.എവിടെപ്പോകമെന്ന് ചോദിച്ചപ്പോള്‍ മെട്രോ സ്റ്റേഷന്റെ പേരു പറഞ്ഞു.തല കറങ്ങുന്നുണ്ടോ?ചായ വേണോ എന്നൊക്കെ പാക്കിസ്ഥാനി കളിയാക്കിക്കൊണ്ടിരിക്കേ സര്‍വ്വീസ് റോഡിലൂടുരുണ്ട് നൂറു മീറ്റര്‍ മുന്‍പില്‍ മെട്രോ സ്റ്റേഷനെത്തി.ഗൗരവം നടിച്ച് സീറ്റ്ബെല്‍റ്റൂരി മിനിമം ചാര്‍ജ്ജും കൊടുത്ത് പരിഹാസത്തില്‍ നിന്ന് തടിയൂരി.
No comments:
Post a Comment