Tuesday, 14 August 2018

ചേരാത്ത ചോര

പൊക്കിളിനു താഴെ മാസങ്ങളോളം കുത്തിവെപ്പെടുക്കണം.ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടേയും രക്തത്തിന്റെ പ്രത്യേകതയാണ്.

"എന്നതാ കൊഴപ്പം"ആരോ ചോദിച്ചു.

"ഇത് കുറേയധികം ആളുകളില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രം ഉണ്ടാവുന്ന ഒരു ജനിതകപ്രത്യേകതയാണ്.അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും രക്തത്തിലെ ചില ഘടകങ്ങള്‍ പൊരുത്തപ്പെടാതെ വരിക.കോടാനുകോടി മനുഷ്യരുടെ
പിരിയന്‍ ഗോവണിപോലുള്ള ഡി.എന്‍.എ.കളില്‍ പൊതുസ്വഭാവവും വൈയക്തികസവിശേഷതകളും വിതരണം ചെയ്യുമ്പോളുണ്ടാവുന്ന ഒരു അവ...

"തള്ളേടേം പിള്ളേടം ചോര തമ്മി ചേരത്തില്ല"ഉത്തരം മുഴുമിപ്പിക്കുംമുന്‍പേ
പറയാനും ഓര്‍ക്കാനും സുഖമുള്ള രീതിയില്‍ എല്ലാം ഇങ്ങിനെ സംഗ്രഹിക്കപ്പെടുമായിരിക്കും.

Friday, 10 August 2018

പ്രളയകാലം

പ്രളയത്തിന്റെ ചില ചെറിയ പതിപ്പുകള്‍ ബാല്യത്തിന്റെ ഓര്‍മ്മകളില്‍ ഒരുപാടുണ്ട്.

മലമുകളില്‍ നിന്നും ഉദ്ഭവിക്കുന്ന നിറയേ പാറക്കെട്ടുകളും ചെറുവെള്ളച്ചാട്ടങ്ങളും കൊച്ചു കൊച്ചു കയങ്ങളും (വെള്ളത്തിന് ആഴമുള്ള, വേര്‍തിരിക്കാനാവുന്നവിധം അടയാളങ്ങളും അതിര്‍ത്തികളുമുള്ള പുഴയിലെ ഇടം) ആറ്റുവഞ്ചി,കുടംപുളി,ചേര്,മുള കാടുകളും നിറഞ്ഞതാണ് ഞങ്ങളുടെ തോട്.

തോട്ടില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് മുതിര്‍ന്നവര്‍ സ്ഥിരമായി നല്‍കുന്ന ഉപദേശമാണ് മഴക്കാലത്ത് മലമുകളില്‍ മഴയുടെ ലക്ഷണം ഉണ്ടോ എന്ന് ഇടക്കിടെ ശ്രദ്ധിക്കണം എന്നത്.

താഴെ പരപ്പില്‍ വെയിലാണെങ്കിലും  മലമുകളില്‍ മഴ പെയ്താല്‍ വെള്ളം അണപൊട്ടിയാലെന്നവണ്ണം അലറിക്കുതിച്ചെത്തും.പുഴവക്കത്തെ അനധികൃതകൈയ്യേറ്റശ്രമങ്ങളെല്ലാം പൊളിച്ചെടുത്തുകൊണ്ടാണ് ആ വരവ്.
കുറുകെ വരുന്നതിനെയെല്ലാം തൂക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്യും.തേങ്ങയും അടക്കയും കുടംപുളിയും പുഴയോരത്ത് വെട്ടിയിട്ടിരിക്കുന്ന തടികളും പെരുമ്പാമ്പുകളുമെല്ലാം ഒഴുക്കില്‍ പെടാറുണ്ട്.

തോടു നിരന്നൊഴുകുന്ന ഇടത്തെ പാലങ്ങളില്‍ ആളുകള്‍ തേങ്ങ ശേഖരിക്കാന്‍ ചെറുതോട്ടികളില്‍ വല കെട്ടിയ പ്രത്യേക ഉപകരണവുമായി കാത്തിരിക്കും.വെള്ളച്ചാട്ടങ്ങിലൂടൊഴുകി താഴെ വന്ന സാഹസികതയുടെ ക്ഷീണം തീര്‍ക്കാന്‍ കോഴിക്കൂടുകളില്‍ വിരുന്നിനെത്തുന്ന പെരുമ്പാമ്പുകളുടെ മാംസവും നെയ്യും രഹസ്യമായി ശേഖരിക്കപ്പെടാറുണ്ട്.

മലമുകളിലെ മഴമൂടല്‍  ശ്രദ്ധിക്കാനാവാത്തവിധം കണ്ണിനും ബുദ്ധിക്കും മൂടലുള്ള ചില വൃദ്ധര്‍ ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടിട്ടുള്ളതായി കേട്ടിട്ടുണ്ട്.

ഞങ്ങളുടെ അരുമനായ ഒഴുകിപ്പോയപ്പോഴാണ് മലവെള്ളപ്പാച്ചിലിന്റെ ഭീകരത തീവ്രതയോടെ മനസ്സില്‍ പതിഞ്ഞത്.അതങ്ങിനെയാണല്ലോ;അനുഭവമല്ലേ ഏറ്റവും വലിയ അധ്യാപകന്‍!

അണപ്പല്ലിന്റെ വേരുപോലെ അടിയിലേക്കു കൂര്‍ത്ത ഭാഗവും മുകളില്‍ പരന്ന ഒരു തട്ടുമുള്ള,അലക്കാനും കുട്ടികളെ കയറ്റി നിര്‍ത്തി കുളിപ്പിക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഒരു ഭീമന്‍ കല്ലിനെ അടിയേ കുത്തിയിളക്കി കുറേ അകലെ വേറൊരു ആകൃതിയില്‍ സ്ഥാപിച്ചു ഒരു വെള്ളപ്പാച്ചില്‍.പ്രതലവിസ്തീര്‍ണ്ണവും മര്‍ദ്ദവും എല്ലാം ശാസ്ത്രമായും നിയമമായും മനസ്സില്‍ കയറുന്നതിനുമുന്‍പേ ഒഴുക്കുള്ളപ്പോള്‍ കാല്‍പ്പാദം ചെരിച്ചു ചവിട്ടി മാത്രമേ പുഴ കടക്കാവൂ എന്നു മനസ്സിലാക്കി.അല്ലെങ്കില്‍ മറിഞ്ഞുവീണ് ഒഴുക്കില്‍പ്പെടാം.

അല്‍പ്പം കൂടി മുതിര്‍ന്നിട്ട് ഒരു ദിനം രാവിലെ ക്ഷീരകര്‍ഷകസംഘം ഓഫീസില്‍ നിന്ന് ഒന്നരലിറ്ററിന്റെ ഒരു കൊക്ക കോള കുപ്പിയില്‍ പാലും വാങ്ങി പുഴ കടക്കുമ്പോഴാണ് വെള്ളപ്പാച്ചില്‍ വീണ്ടും മനസ്സിലേക്കിരമ്പി കയറിയത്.മൂന്നോ നാലോ ഇല്ലിത്തടി കൂട്ടിക്കെട്ടി ചെറിയ ഇരുമ്പുകമ്പി കൈപിടിക്കാനും സംവിധാനപ്പെടുത്തിയ താത്കാലിക പാലത്തിലൂടെ തോട് മുറിച്ചുകടക്കണം.നിത്യാഭ്യാസമായതിനാല്‍ നടപ്പിന്റെ വേഗത കുറക്കുകയോ കൈ പിടിക്കുകയോ ചെയ്യാറില്ല.ഒഴുകുന്ന പുഴ കണ്ണിന്റെ താഴ്ഭാഗം കൊണ്ട് കണ്ട് വേറൊരു ദിശയില്‍ നടക്കുന്നത് രസമുള്ള, ഭ്രമിപ്പിക്കുന്ന ഒരു കാഴ്ചയാണ്.തേഞ്ഞുതീരാറായ വള്ളിച്ചെരിപ്പും,മിനുസമുള്ള ഇല്ലിത്തടിയും,ചറപറ പെയ്യുന്ന മഴയില്‍ കുട  കറക്കി ഓടുംപോലെ നടക്കുന്ന കുസൃതിയുമൊക്കെ നോക്കിനില്‍ക്കെ എന്തോ സംഭവിച്ചു.വീണതാണ്..സ്ഥിരീകരിച്ചു.കൊക്ക കോള കുപ്പി 'ഇന്നു ഞാന്‍ നാളെ നീ' പാടിക്കൊണ്ട് വെള്ളത്തില്‍ തലതല്ലി പാറകളിലിടിച്ച് ഒഴുകി അപ്രത്യക്ഷമാവുന്നു.കുട കൈപിടിക്കാന്‍ കെട്ടിയ ഇരുമ്പു കമ്പിയില്‍ കുരുങ്ങിക്കിടക്കുന്നു.ശരീരം പകുതി പാലത്തിനു പുറത്തായി പാലത്തില്‍ അള്ളിപ്പിടിച്ചു കിടക്കുന്നു.അടുക്കളപ്പുറത്ത് പല്ലു തേച്ചുകൊണ്ടിരുന്ന ചേട്ടന്‍ ഓടി വരുമ്പോഴേക്കും ഉരുണ്ടു പിരണ്ട് എഴുന്നേല്‍ക്കുന്നു.അങ്ങേരു പറഞ്ഞ കഥയുടെ ഭീകരതയില്‍ നടുങ്ങി വീട്ടുകാര്‍ കളക്ടര്‍ ബ്രോ യെപ്പോലെ സ്കൂളവധി പ്രഖ്യാപിക്കുന്നു.

പിന്നീട് മുത്തോലി ബോര്‍ഡിങ്ങ് സ്കൂളിലെത്തിയപ്പോള്‍ മീനച്ചിലാറിന്റേയും തീരദേശ വസികളുടേയും കണ്ണീരും കണ്ടു.

പ്രളയം ചെറുപ്പത്തില്‍ കടലാസു വഞ്ചികളിലിരുത്തി ബക്കറ്റിലോ വീപ്പയിലോ വെള്ളത്തില്‍ ഇട്ട പുളിയുറുമ്പുകളെ ഓര്‍മ്മിപ്പിക്കും.ഭാഷയോ മുഖഭാവമോ അറിയാത്തതുകൊണ്ട് വഞ്ചിയിലിരിക്കുമ്പോളെന്താണ് അവ ചിന്തിക്കുന്നതെന്നോ ആശയവിനിമയം നടത്തുന്നതെന്നോ പറയാനാവില്ലല്ലോ!
അടുത്ത ലെവലില്‍ പടച്ചവനായി വഞ്ചി ആട്ടി ഉലച്ച് മുക്കി കഴിയുമ്പോള്‍ അവ തമ്മില്‍ ചേര്‍ത്തു പിടിക്കും.രക്ഷിക്കാനാണെങ്കിലും കൈ കൊണ്ടുചെന്നാല്‍ കടിക്കും.

പ്രതിരോധിക്കുവാനും സ്വന്തം ജീവിവര്‍ഗ്ഗത്തെ ചേര്‍ത്തുപിടിച്ച് സംരക്ഷിക്കാനും ഉള്ള ത്വര അവയ്ക്കുണ്ട്;മറ്റൊന്നും അവയെ ഈ രണ്ടു കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല എന്നു ചുരുക്കാം.

ദുരന്തങ്ങളില്‍ കമ്മല്‍ കാതടക്കം പറിച്ചെടുക്കുന്ന,സ്വജനപക്ഷപക്ഷപാതത്താല്‍ അന്ധരും ഭീരുക്കളുമാവുന്ന ജീവികളുണ്ടോ ലോകത്ത്?

സവിശേഷബുദ്ധിയെക്കുറിച്ച് ഉള്ള ബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ അത് സവിശേഷമായി ഒന്നുമില്ലാത്ത,നിറയെ ആശയക്കുഴപ്പവും വേദനകളും നിറഞ്ഞ ഒന്നാണെന്ന് തോന്നിപ്പോവും.

പുളിയുറുമ്പുകളെ വഞ്ചിയിലിരുത്തി പടച്ചവനാകുന്ന എന്റെ മുന്‍പിലുള്ള ചോദ്യം ഞാന്‍ കടലാസുവഞ്ചിയില്‍ ആടിയുലയുന്ന പ്രളയങ്ങളില്‍ പുളിയനുറുമ്പിനേപ്പോലാവാന്‍ സാധിക്കുമോ  എന്നതല്ലേ?

Tuesday, 7 August 2018

സുമേര്‍

‍വിപ്ളവത്തിനിറങ്ങുമ്പോഴുള്ള സൗഹൃദവും കള്ളുഷാപ്പിലെ കൂട്ടുകെട്ടും തുറവിയുമൊന്നും ലഹരി ഇറങ്ങി കഴിയുമ്പോളുണ്ടാവണമെന്നില്ല.


അതിനെയൊന്നും സൗഹൃദമെന്നൊക്കെ വിളിച്ച് ഭാരപ്പെടുത്താമോയെന്നും അറിവീല.


സുമേര്‍ ഒരു നാവികനായിരുന്നു.


ഇപ്പോളും നാവികനാണോയെന്നറിയില്ല!


ഡെന്നിസ് സുമേറെന്നാണ് മുഴുവന്‍ പേര്.


തുര്‍ക്കിയാണ് ജന്മദേശം.


ലോകത്തെവിടെ ചെന്നാലും മതിപ്പു കിട്ടത്തക്കവിധം നല്ല ശരീരപ്രകൃതിയും കാക്കപ്പുള്ളി പോലുമില്ലാത്ത വെളുത്ത തൊലിയും നീളന്‍ മുഖവും സ്വര്‍ണ്ണനിറമുള്ള പോണിടെയ് ലും

മോശമല്ലാത്ത ഇംഗ്ളീഷും  (അളവുകോലിന്റെ പരിമിതി അംഗീകരിച്ചുകൊള്ളുന്നു) സംസാരത്തിലേയും പെരുമാറ്റത്തിലേയും സൗമ്യതയും - എല്ലാം ഉള്ള ഒരു ചെറുപ്പക്കാരനാണ്.


"എനിക്ക് ഒരുപാടു ഇന്ത്യന്‍ സഹപ്രവര്‍ത്തകരുണ്ട്.കത്രീന കൈഫിനേയും പിന്നെ ആറു വിരലുള്ള ആ ഡാന്‍സര്‍ നടനേയും ഇഷ്ടവുമാണ്."


"റിതിക് റോഷനാണോ?"


"അതെയതേ."


"സിഗരറ്റ്?" എനിക്കുനേരെ സിഗരറ്റ് പാക്ക് നീട്ടിക്കൊണ്ട് സുമേര്‍ ചോദിച്ചു.


"ഇല്ല.ഞാന്‍ വലിക്കില്ല.തീരെ ഇഷ്ടമില്ലാത്ത ശീലമാണ്.നന്ദി"നന്ദിപൂര്‍വ്വം അവന്റെ ഡേവിഡോഫ് നിരസിച്ചു. 


"വളരെ നല്ലത്.ആദ്യം വലിച്ചപ്പോള്‍ വലിയ ആവേശമായിരുന്നു.ആ ഒരു അനുഭവം കൊതിച്ചാണ് പിന്നീടെപ്പോഴും സിഗരറ്റു കത്തിക്കുന്നത്.പക്ഷേ എന്തുചെയ്യാം ആ ഒരു ആദ്യ പുകവലി അനുഭവം പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.എന്നിട്ടും തേടിക്കൊണ്ടിരിക്കുന്നു."കേള്‍ക്കാന്‍ സുഖമുള്ള ശൈലിയിലാണ് മറുപടി.സംസാരിച്ചിരിക്കാന്‍ താത്പര്യം തോന്നി.


സുമേര്‍ പെട്ടെന്ന് സിഗരറ്റു പൊതി കീറി അകത്തെ ശൂന്യമായ സ്ഥലത്ത് എന്തോ കുത്തിക്കുറിക്കാനാരംഭിച്ചു!


ഇടക്ക് ആകാശത്തേക്കും നോക്കും.


എഴുത്തുനിര്‍ത്തിയപ്പോള്‍ എന്താണെന്ന് അന്വേഷിച്ചു.


"കവിതയാണ്.എനിക്ക് സുമേര്‍ എന്നു പേരിട്ടത് എന്റെ മുത്തച്ഛനാണ്.സുമേറിയക്കാരെപ്പറ്റി കേട്ടിട്ടുണ്ടോ?"


"ഉണ്ട്.ബൈബിളിലോ ചരിത്രപുസ്തകങ്ങളിലെവിടെയോ സുമേറിയന്‍ വംശത്തേക്കുറിച്ച് വായിച്ചതായോര്‍ക്കുന്നു."ഞാന്‍.


"മുത്തച്ഛനൊരു പുസ്തകപ്രസാധകനായിരുന്നു.ഞങ്ങളുടെ പരമ്പരാഗത ശൈലിയിലുള്ള വീടിനകം ഒരു ചെറു ലൈബ്രറിയാണ്.അച്ഛനാണ് ഇപ്പോ മുത്തച്ഛന്റെ ജോലി ഏറ്റെടുത്ത് ചെയ്യുന്നത്.പക്ഷേ എന്നെ ലിറ്ററേച്ചര്‍ പഠിക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല.ഒറ്റപ്പെട്ട ഈ കടലില്‍ എത്ര വര്‍ഷമാണിങ്ങനെ?മടുത്തു!"


"എനിക്ക് രാജ്യങ്ങളും കാഴ്ചകളും കാണാന്‍ വലിയ ഇഷ്ടമാണ്.എന്നോട് നാവിക ജീവിത വിശേഷങ്ങള്‍ പറയാമോ?"ആളുടെ ചിന്തകളെ ഒന്നു വഴി തിരിക്കുകയുമാവാം കുറച്ചു ലോകവിവരങ്ങള്‍ ശേഖരിക്കുകയുമാവാം.


"ആദ്യമാദ്യമൊക്കെ കടലിലേയും തീരങ്ങളിലേയുമൊക്കെ കാഴ്ചകള്‍ രസമായിരുന്നു.ആല്‍ഗകള്‍ വളര്‍ന്നു കണ്ണെത്താദൂരത്തോളം

ചുവപ്പും   നീലയും നിറമണിഞ്ഞ കടല്‍ കണ്ടിട്ടുണ്ട്. ചുഴികളും ഭീമന്‍ തിരകളും കണ്ടിട്ടുണ്ട്.വേശ്യകള്‍ വഴിയാത്രക്കാരെ കൈകളില്‍ പിടിച്ചു വലിക്കുന്ന തായ്ലാന്റ് തെരുവുകളിലൂടെ നടന്നിട്ടുണ്ട്.അറപ്പു തോന്നിക്കുന്ന മുഖഭാവമാണവര്‍ക്കെല്ലാം!ആഫ്രിക്കയില്‍ മുഴുവന്‍ കള്ളന്‍മാരാണെന്ന് തോന്നുന്നു.അവിടെയൊരു സ്റ്റാര്‍ ഹോട്ടലില്‍ ഒരിക്കല്‍ താമസിച്ചു.റിസപ്ഷനില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം വിചിത്രമായിരുന്നു.വാതിലില്‍ ആരെങ്കിലും ബെല്ലടിച്ചാല്‍ സ്റ്റാഫിന്റെ യൂണിഫോമിലുള്ളവരായാലും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി താഴെ റിസപ്ഷനില്‍ വിളിച്ചു ഉറപ്പുവരുത്തിയതിനു മാത്രമേ അകത്തു പ്രവേശിപ്പിക്കാവൂ."


"ധ്രുവനക്ഷത്രത്തെക്കുറിച്ചും സെക്സ്റ്റന്റിനെപ്പറ്റിയുമൊക്കെ ഞാനും ഒരുപാടു കേട്ട് ആവേശം കൊണ്ടിട്ടുണ്ട്."എന്തെങ്കിലുമൊക്കെ പറയണ്ടേയെന്നു തോന്നി. 


"ആഹാ.തനിക്കു കവിത ഇഷ്ടമാണോ?എന്റെ പ്രിയ കവിയെ തുര്‍ക്കിയില്‍ നിരോധിച്ചിരിക്കുകയാണ്.വായിച്ചിട്ടുണ്ടോ?"അവന്‍ ചോദിച്ചു.


"ഇല്ല വായിച്ചിട്ടില്ല.വായിക്കാന്‍ ശ്രമിക്കാം.എനിക്കും വായിക്കാനിഷ്ടമായിരുന്നു.ചിത്രങ്ങളെടുക്കാനും ഇഷ്ടമായിരുന്നു."


"കാമറ ഉണ്ടോ?"അവന്‍ ചോദിച്ചു.


"ഇല്ല.ഫോണിലെ കാമറ നല്ലതായിരുന്നു.ഇരുപത്തൊന്ന് മെഗാപിക്സള്‍.പക്ഷേ അതും ഞാന്‍ ഒരു മലഞ്ചെരിവില്‍ ഉപേക്ഷിച്ചു."


"തിരിച്ചു പോയി നോക്കിയാല്‍ കിട്ടും.ഉറപ്പാണ്.നിനക്കറിയാമോ തുര്‍ക്കി അത്ര വലിയ രാജ്യമല്ല.ഡ്രൈവ് ചെയ്ത് പിന്നിടാനുള്ള ദൂരമേയുള്ളൂ.അങ്ങിനെ ഒരിക്കല്‍ ഭാര്യയോടൊപ്പം ഒരു ഡ്രൈവിനു പോയപ്പോള്‍ സിഗരറ്റു വലിക്കാന്‍ നിര്‍ത്തിയിടത്തു എന്റെ പ്രിയപ്പെട്ട ലൈറ്റര്‍ കളഞ്ഞുപോയി.പക്ഷേ തിരിച്ചു വരും വഴി അതു കണ്ടുകിട്ടി.എനിക്കു ഉറപ്പുണ്ട് നിന്റെ ഫോണും കിട്ടും."


"നന്ദി.നോക്കണം"നല്ല വാക്കുകള്‍ക്കു നന്ദി പറഞ്ഞു. 


സത്യത്തില്‍ മറ്റു പലതിനോടുമൊപ്പം എന്നന്നേക്കുമായി സ്മരണകളിലേക്കെറിഞ്ഞു കളഞ്ഞതാണ് ആ കാമറ ഫോണും!!


പക്ഷേ ഒരുപാടു എറിഞ്ഞു കളയലുകളുടെ സമാനഹൃദയവുമായി നില്‍ക്കുന്നവനോട് (അങ്ങിനെ ഭാവിക്കുന്നതുമാവാം)കൂടുതല്‍ തത്വശാസ്ത്രമൊന്നും പറയേണ്ടതില്ലെന്നു തോന്നി.


"വിവാഹിതനാണല്ലേ?എല്ലാം ഷെയര്‍ ചെയ്യാനൊരാളുണ്ടല്ലോ?"പകുതി ആശ്വസിപ്പക്കലായും പകുതി ചോദ്യമായും ഞാന്‍.


"അവള്‍ പണമുള്ള വീട്ടിലെയാണ്.ഒന്നും മനസ്സിലാക്കുന്നില്ല.ഒന്നും കേള്‍ക്കുന്നില്ല.എപ്പോളും 'എന്തുകൊണ്ട്' 'എന്തുകൊണ്ട്' എന്നു ചോദ്യം ചോദിക്കുന്നു.കപ്പലിലെ ജോലി ചെയ്തു അവധിക്കാലം ആഘോഷിക്കാമല്ലോയെന്നൊക്കെയാണ് അവള്‍ പറയുന്നത്.എന്റെ ക്യാപ്റ്റനേപ്പോലെ.ജോലി ഉപേക്ഷിക്കുന്ന കാര്യം പറയുമ്പോളൊക്കെ നീയാണ് എന്റെ ബെസ്റ്റ് ക്രൂവെന്ന് അങ്ങേരും പറഞ്ഞുകളയും."അവിടെയും നിഷേധാത്മക ചിന്തകളാണ്.


"ഒരു കുട്ടി ജനിക്കുമ്പോള്‍ കൂടെ ഒരു അപ്പനും അമ്മയും ജനിക്കാറാണല്ലോ!അവര്‍ക്കുമുണ്ട് ബാലാരിഷ്ടതകള്‍..എല്ലാ ബന്ധങ്ങളും ഓരോ തുടക്കമാണ്.ഒാരോ തുടക്കവും വൈഷമ്യങ്ങളോടു കൂടിയതുമാണ്"ഇഷ്ടപ്പെട്ട ഒരു ചിന്ത പങ്കുവെച്ചു ഞാനും.


കിണറു വ്യത്യസ്തമാണെങ്കിലും (സാമ്പത്തികനിലവാരത്തില്‍)ഞങ്ങള്‍ തവളകള്‍ കാണുന്ന,കാണാനാഗ്രഹിക്കുന്ന ആകാശക്കാഴ്ചകളൊന്നു തന്നെയെന്ന് തോന്നി.


ഇനിയെന്തു പറയാന്‍?!


മനസ്സിനിണങ്ങുന്നത് കണ്ടെത്താനാവട്ടെയെന്നോ കിട്ടുന്നത് മനസ്സിനിണക്കാനാവട്ടെ എന്നോ പരസ്പരം ആശംസിക്കാം!


സുമേറിയനെ ഇനി കാണുമോയെന്നറിയില്ല.

Friday, 3 August 2018

വഴി തെറ്റലുകള്‍

നഗരങ്ങളും പഴയ യക്ഷികളും ഒരുപോലെയാണ്.ആത്മവിശ്വാസത്തിന്റെ ചെറു വെളിച്ചവുമേന്തി ഒറ്റക്കു നടക്കുന്നവരെ രണ്ടുപേരും ഇടക്കൊക്കെ വഴി തെറ്റിച്ച് വട്ടം കറക്കും.

മലബാറില്‍ നിന്ന് വലിയോരു ട്രക്കിങ്ങ് ബാഗ് പോലൊരു ബാഗില്‍ പത്തുപതിനഞ്ചു കിലോ ഉണക്കകപ്പയുമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി  ഒരിക്കല്‍.വലിയ പരിചയമില്ലാത്ത ഇടമാണ്.പണ്ടെങ്ങോ വന്നതിന്റെ നേരിയ ഓര്‍മ്മകള്‍ മാത്രം.അധികമാരും ഇറങ്ങാനില്ലായിരുന്നു താനും.തീരെ തിരക്കില്ലാത്ത സീസണും സമയവും.ആളുകളുടെ കൂടെ ചേര്‍ന്നു പുറത്തു ചാടാനുള്ള അവസരമില്ല എന്നു സാരം.അവസാനം പൊളിഞ്ഞ വേലിക്കിടയിലൂടെ കപ്പസഞ്ചിയും തൂക്കി റോഡിലേക്കിറങ്ങി നടപ്പു തുടങ്ങി.ദൂരവും സമയവും ചങ്കിടിപ്പും ദേഷ്യവും ദാഹവും വര്‍ദ്ധിക്കുന്നതല്ലാതെ ഓര്‍മ്മയിലുള്ള അടയാളങ്ങളൊന്നും ശരിയാവുന്നില്ല.ഇറങ്ങിയ വശം മാറിപ്പോയി എന്ന് കുറച്ചു വേദനയോടെ മനസ്സിലാക്കി.തിരിച്ചുനടന്നു മേല്‍പ്പാലം കയറി തിരുത്താനുള്ള ക്ഷമ കിട്ടുന്നില്ല.റോഡുകളെല്ലാം അറിയാവുന്ന എവിടെയെങ്കിലും എത്തിച്ചേരും എന്നൊരു മുന്നനുഭവധൈര്യവും വന്നു.നടന്നിട്ടും നടന്നിട്ടും എങ്ങുമെത്തുന്നില്ല.നല്ല വെയില്‍..നല്ല ദാഹം..മൂന്നു നാലു ഓട്ടോറിക്ഷകള്‍ ഹോണ്‍ മുഴക്കി കടന്നുപോയി.വഴി തെറ്റിയ ആളെ അവര്‍ കളിയാക്കുമെന്നോണം മുഖം തിരിച്ചു നടന്നു.അവസാനം ഒരു ഓട്ടോക്കു കൈ കാണിച്ചു.കയറി ഇരുന്നു.ബാഗ് പ്രതിഷ്ഠിച്ചു.

"എവടെ പോകാനാണ്" ഓട്ടോ ഡ്രൈവര്‍ എറണാകുളം താളത്തില്‍ ചോദിച്ചു.

"ചേട്ടാ,കലൂര് സ്റ്റാന്റ്"

"എങ്ങാട്ടാണെന്നാണ്??!"അങ്ങേരു വീണ്ടും.ഇത്തവണ തിരിഞ്ഞു നോക്കിക്കൊണ്ടാണ്.

"കലൂര്..കലൂര്"

ഈ പറഞ്ഞ സമയം കൊണ്ട് വണ്ടി നൂറു നൂറ്റമ്പത് മീറ്റര്‍ മുന്‍പോട്ടു പോയി വളവു തിരിഞ്ഞു ഏറെ കൊതിച്ച കലൂരെത്തി.കിലോമീറ്ററുകളൊരുപാടു നടന്നു അവസാനം വളവു തിരിയാന്‍ ഓട്ടോ വിളിച്ചു കാശും കൊടുത്തു.അടിപൊളി.

ഇപ്പോള്‍ യു.എ.ഇ.യിലാണ്.കമ്പനിയിലെ ഒരു വണ്ടിയുടെ വാര്‍ഷിക രെജിഷ്ട്രേഷന്‍ പുതുക്കലാണ്.ഇന്‍ഷുറന്‍സ് ദുബായിയില്‍ ഓഫീസുള്ള ഒരു ഏജന്‍സിയില്‍ റെഡിയായിരിക്കുന്നു.ഇഷ്യൂ ചെയ്ത ഡേറ്റില്‍ നിന്നും ഏഴു ദിവസത്തിനകം റിന്യൂവല്‍ ഇന്‍സ്പെക്ഷനുകള്‍ നടക്കുന്ന സ്ഥലത്ത് ഇന്‍ഷുറന്‍സും വണ്ടിയുമൊക്കെ ചെല്ലണം.ആകെയുള്ള
ഒരു ഡ്രൈവര്‍ക്കു ആവശ്യത്തിലധികം കസ്റ്റമര്‍ സപ്ളൈ ഉള്ളതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങള്‍ നടക്കുന്നത്.പിറ്റേദിവസം ഇന്‍ഷുറന്‍സ് ഇഷ്യു ചെയ്തിട്ട് ഏഴു ദിവസമാകുമെന്നതിനാലും പോകാന്‍ വാഹനമുള്ള ആരും ലഭ്യമല്ലാതിരുന്നതിനാലും പുറത്തു പോകാന്‍ കിട്ടുന്ന ഒരു അവസരമായതിനാലും ദുബായ് പബ്ളിക് ട്രാന്‍സ്പോര്‍ട്ടിലെല്ലാം ഉപയോഗിക്കുന്ന NOL കാര്‍ഡിന്റെ ധൈര്യത്തില്‍ ബസിലും മെട്രോയിലുമായി പറഞ്ഞ സ്ഥലത്തെത്തി.ഏതോ സിറ്റി സെന്ററിനകത്തു കൂടി ചാടി മറിഞ്ഞ് കുറേ ഫോണ്‍ കോളുകളും വിളിച്ച് ഓഫീസിലെത്തി.ക്രിസ്റ്റഫര്‍ കൊളംബസിനേപ്പോലൊരു ഫീലിങ്ങ് ഉണ്ടെന്ന് മിക്കവാറും ഫോണില്‍ സംസാരിക്കുന്ന അണ്ടര്‍റൈറ്ററോട് ആദ്യമായി നേരിട്ട് കാണുന്ന ആ വേളയില്‍ പറഞ്ഞു.ആള്‍ക്കു അമേരിക്ക ചരിത്രം അറിയാത്തതുകൊണ്ടോ എന്നെപ്പോലൊരു നരന്തില്‍ നിന്നു വലിയ തമാശകളൊന്നും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടോ അത് ചീറ്റിപ്പോയി.നന്ദി പറഞ്ഞു പുറത്തിറങ്ങി വളവുകള്‍ തിരിഞ്ഞപ്പോള്‍ പണ്ടെങ്ങോ സംഭവിച്ച ഒരു പരിഭ്രമം പരിചയം പുതുക്കാനെന്നോണം വന്നു കൂടി.ഫോണില്‍ ഇന്റര്‍നെറ്റില്ലാത്തതിനാല്‍ ഗൂഗിള്‍ ചേച്ചി മയങ്ങിക്കിടപ്പാണ്.കാല്‍നടയാത്രക്കാരില്ല.ഫോണ്‍ വിളിച്ച് സംശയനിവാരണം അപ്രായോഗികം.അവസാനമൊരു ടാക്സിക്കു കൈ കാണിച്ചു.പാക്കിസ്ഥാന്‍ പഞ്ചാബുകാരനായൊരു യുവാവാണ്.ഒരു ഡിസ്പോസിബിള്‍ ഗ്ളാസില്‍ ചായ കുടിച്ചുകൊണ്ടാണ് ആള്‍ വണ്ടിയിലിരിക്കുന്നത്.കയറിയിരുന്ന് സീറ്റുബെല്‍റ്റിട്ടു.എവിടെപ്പോകമെന്ന് ചോദിച്ചപ്പോള്‍ മെട്രോ സ്റ്റേഷന്റെ പേരു പറഞ്ഞു.തല കറങ്ങുന്നുണ്ടോ?ചായ വേണോ എന്നൊക്കെ പാക്കിസ്ഥാനി കളിയാക്കിക്കൊണ്ടിരിക്കേ സര്‍വ്വീസ് റോഡിലൂടുരുണ്ട് നൂറു മീറ്റര്‍ മുന്‍പില്‍ മെട്രോ സ്റ്റേഷനെത്തി.ഗൗരവം നടിച്ച് സീറ്റ്ബെല്‍റ്റൂരി മിനിമം ചാര്‍ജ്ജും കൊടുത്ത് പരിഹാസത്തില്‍ നിന്ന് തടിയൂരി.

Thursday, 2 August 2018

നിക്കാന്‍ പഠിക്കണ്ടേ?!!

മിന്നുമോളും പൊന്നുമോളും സിസ്റ്ററമ്മയുടെ നഴ്സറി സ്കൂള്‍ പിള്ളേരാണ്.സിസ്റ്ററമ്മയുടെ വാര്‍ദ്ധക്യത്തോടടുത്ത സാമ്രാജ്യത്തിലെ പ്രജകള്‍...

കളര്‍ചോക്കുകള്‍ വാങ്ങി ഒടിച്ചു നുറുക്കി മേശയിലെ പെട്ടിയില്‍ കൂട്ടുക സിസ്റ്ററമ്മയുടെ ഒരു കീഴ്വഴക്കമായിരുന്നു.കുട്ടികളുടെ കൗതുകമുണര്‍ത്തുന്ന നിറപ്പെട്ടി.

ഒരുദിവസം ഉച്ചക്ക് മിന്നുമോള്‍ സൂത്രത്തില്‍ അതിലെ ചോന്ന ചോക്കുകഷണങ്ങളെല്ലാം കൈക്കലാക്കി.ഏതോ ഒരു കൂട്ടുകാരിയുടെ സഹായവുമുണ്ടായിരുന്നത്രെ.ഉച്ചകഴിഞ്ഞ് സിസ്റ്ററമ്മ വന്നു.എന്തോ നിറം കലര്‍ത്തിയെഴുതാന്‍ ചോന്ന ചോക്കിനായി പെട്ടിയില്‍ തപ്പി.ഒറ്റ കഷണം പോലുമില്ല.

"കാലത്തെ ഞാന്‍ ഒടിച്ചു ഇതിലിട്ടത് എനിക്കു നല്ല ഓര്‍മ്മയുണ്ട്.ആരെങ്കിലും എടുത്തതാണെങ്കില്‍ വേഗം തിരിച്ചുതന്നോ.ഇപ്പോ തന്നാല്‍ കിഴുക്കിന്റെ ശക്തി കുറയും"ഭീഷണി വന്നതോടെ ക്ളാസ്സില്‍ കുശുകുശുപ്പ് ശക്തി പ്രാപിച്ചു.

"മിണ്ടാതിരുന്നേ!!ഈശോക്കിഷ്ടമില്ലാത്ത പണി കാണിച്ചേച്ച് ആരാ മിണ്ടാതിരിക്കുന്നതെന്നറിയണല്ലോ?!എല്ലാരുടേയും ബാഗ് ഞാന്‍ ചെക്ക് ചെയ്യാന്‍ പോവാ!"മിടുക്കി മിന്നുമോള്‍ കൂട്ടുകാരിയുടെ മറവില്‍ ചോക്കു നിറഞ്ഞ കടലാസു പൊതി പൊന്നുമോളുടെ ബാഗിലേക്കിട്ടു.സിസ്റ്ററമ്മ കണ്ടുപിടിച്ചു

"അമ്പടി കേമീ,നീ മിണ്ടാതിരിക്കുവാരുന്നല്ലേ?"പൊന്നുവിന്റെ ചെവിയില്‍ പിടിവീണു.ഏങ്ങലടികളുയര്‍ന്നു.

"ഈ മിന്നുമോളും ചങ്കും ഉച്ചക്ക് ഒറ്റക്ക് ക്ളാസ്സില്‍ കയറുന്നതു കണ്ടാരുന്നു ചീച്ചറേ"കനിവുള്ള ആരോ വിളിച്ചുപറഞ്ഞു.

"ആണോ കൊച്ചേ?"സിസ്റ്ററമ്മ.

"എന്റെ വീട്ടീ കളര്‍ പേന നാലു സെറ്റൊണ്ടല്ലോ!"മിന്നുമോള്‍ ആരെയോ അനുകരിച്ച് ധൈര്യത്തോടെ ചാടി പറഞ്ഞു.

"ശരിയാണല്ലോ!ഈ കൊച്ചിനു വീട്ടീ ചുറ്റുപാടുള്ളതാണ്.പോരാത്തതിന് നല്ല ധൈര്യമായി പറയുകയും ചെയ്യുന്നു"സിസ്റ്ററമ്മ ഉറക്കെ ചിന്തിച്ചു.ഏങ്ങലടിച്ച് തലയും താഴ്ത്തി നില്‍ക്കുന്ന പൊന്നുമോളുടെ അമ്മയെ നാളെ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു സിസ്റ്ററമ്മ ആ രംഗം അവസാനിപ്പിച്ചു.

"ഇനിയും ഇതു തൊടര്‍ന്നാല്‍ നല്ലൊരു ഡോക്ടറെ കാണിക്കണം"സിസ്റ്ററമ്മ കൊച്ചിനേയും അമ്മയേയും നിര്‍ത്തിക്കൊണ്ടു പറഞ്ഞു.

"ഏതാണ് സിട്ടറേ?"അമ്മച്ചിയാണ്.

"ഈ മോഷണവാസന!" ആ തലയും താഴ്ന്നു.ഏങ്ങലടിയുയര്‍ന്നു.

"ചാച്ചന്‍ വാങ്ങിത്തരാത്തതെന്തെങ്കിലും കൊതിച്ചാല്‍ പത്തു നന്മനിറഞ്ഞ മറിയം ചൊല്ലണമെന്നല്ലേ മകളേ നിന്നെ ഞാ പഠിപ്പിച്ചെ"അമ്മച്ചി വഴിയിലേക്കിറങ്ങിയപ്പോ വിതുമ്പി.

"ഞാനല്ലമ്മച്ചീ"പൊന്നുമോള്‍.

പിന്നീടൊരുപാടു അഭ്യുദയകാംക്ഷികളും നാട്ടുകാരും ബന്ധുക്കളും ശത്രുക്കളും മനശാസ്ത്രജ്ഞരും പറഞ്ഞു"താന്‍ ചെയ്യാത്ത കാര്യത്തിനു വരെ ഇങ്ങനെ തല താഴ്ത്തി നില്‍ക്കുന്നതെന്തിനാ?ആരായാലും സംശയിച്ചുപോകും.ഉപദ്രവിച്ചത് ഞങ്ങളുടെ കുറ്റമല്ല"

"എന്തിനാണമ്മച്ചീ എനിക്കിങ്ങനെ അതിവിനയവും അമിതപാപബോധവും അനാവശ്യചിന്തകളും തിണ്ണമിടുക്കില്ലായ്മയുമൊക്കെ കുത്തിവെച്ചത്"പൊന്നുമോളെന്നോ ചോദിച്ചു.

"മാളേ നിന്റെ ആന്തരീകമുറിവുകളു മാറാന്‍ പോയൊരു ധ്യാനം കൂടാം.പോയി വരണ വഴി ഡോക്ടറേയും കാണാല്ലോ!"

പ്രശ്നം പരിഹരിക്കപ്പെടുകയാണ്.