Wednesday, 27 June 2018

ആ നൂറ്റമ്പതു രൂപ

"താന്‍ പിന്നേം വന്നോ!ഇതുവരെ പനി മാറിയില്ലേ?ആ ചീട്ടൊന്ന് കാണിക്കൂ"ഡോക്ടറാണ്.

രണ്ടാമത്തെ ആശുപത്രി സന്ദര്‍ശനത്തില്‍ വേറൊരു ഡോക്ടറിനെയാണ് കാണാനായത്.

പനി സീസണില്‍ ജില്ലാ ആശുപത്രി ആലുവാ മണല്‍പ്പുറംപോലെ ജനത്തിരക്കുള്ളിടമാണ്.

ഡോക്ടര്‍ക്കു ശ്വാസം വിടാന്‍ പോലും സമയം കിട്ടാറില്ല.

"ഈ പനി  അത്ര ശരിയല്ലല്ലോ!എന്തായാലും എക്സ് റേ എടുത്ത് എന്നെ കാണിച്ചോളൂ.എഴുതിയിട്ടുണ്ട്"

"ശരിയാണ്.സംസാരിക്കുമ്പോളും ശ്വാസം എടുക്കുമ്പോളും നെഞ്ചുവേദന ഉണ്ട്."

"ശരി.എക്സ് റേ യുമായി വന്നോളൂ." 

നീണ്ട ക്യൂവില്‍ നിന്നു എക്സ് റേ എടുത്തു.അതിലും നീണ്ട ക്യൂവില്‍ തിരിച്ചു കയറി ഡോക്ടറെ എക്സ് റേ കാണിച്ചു.

"ഇത് ഇത്തിരി പ്രശ്നമാണല്ലോടോ!പ്ളൂറല്‍ എഫ്യൂഷനുണ്ടെന്ന് തോന്നുന്നു.അഡ്മിറ്റ് ആവണം.റെഡിയാണോ?"

"അഡ്മിറ്റാകാം.കുഴപ്പമില്ല"
അങ്ങിനെ ജില്ലാ ആശുപത്രിയിലെ വലിയ വാര്‍ഡില്‍ ഒരു കട്ടില്‍ കിട്ടി.മിക്കവരും പനിക്കാരാണ്.പലരുടേയും മുഖത്തേക്കു നോക്കിയെങ്കിലും ആരും സംസാരിച്ചില്ല.

"കുത്തിവെക്കാന്‍ ഇതുപോലത്തെ കൈ കിട്ടണം"ഞരമ്പു പൊങ്ങിയ കൈത്തണ്ട നോക്കി അറ്റന്‍ഡര്‍ നഴ്സമ്മയോടു തമാശിച്ചു.കുത്തിവെപ്പിനുള്ള സ്ഥിരം സംവിധാനം കാനുല ഫിറ്റ് ചെയ്തു.

"ഞാന്‍ ഇയാളുടെ വീടിനടുത്ത പ്രദേശത്തുള്ളതാണ്.ചീട്ടില്‍ സ്ഥലപ്പെര് കണ്ടിരുന്നു.എന്തു ചെയ്യുവാ?"മാസ്ക് വെച്ച,കാനുല ഘടിപ്പിച്ചു തന്ന നഴ്സ് മൊഴിഞ്ഞു.കുറച്ചു സംസാരിച്ചു.

അടുത്തദിവസങ്ങളില്‍ ക്ഷയരോഗ ഡിപ്പാര്‍ട്ടുമെന്റില്‍ ചെന്ന് കഫം ടെസ്റ്റു ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

വാര്‍ഡിലെ ഡോക്ടര്‍ വേറെ ആളാണു.

അകന്നു മാറി നിലകൊള്ളുന്ന ക്ഷയരോഗഡിപ്പാര്‍ട്ടുമെന്റിലേക്കുള്ള യാത്ര തന്നെ ഒരു പീഡനമാണ്.

ചെന്നപ്പോള്‍ ഒരു ചേടത്തി നിലം തുടക്കുകയാണ്.വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ആളെ മുഖമുയര്‍ത്തി നോക്കുന്നില്ല.ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിന്റെ ഫ്രസ്ട്രേഷനായിരിക്കും.

വരാന്തയില്‍ കയറാന്‍ കാത്തു നില്‍ക്കുന്നതിനിടെ രണ്ടു ജൂനിയര്‍ ഡോക്ടേഴ്സ് ഷൂവുമിട്ട് ഇനിയും ഉണങ്ങാത്ത തറയില്‍ ചവിട്ടി അകത്തേക്കു പോയി.ഒരു മിനിറ്റ് ചിന്തിച്ചതിനു ശേഷം അകത്തേക്കു കയറി.

"തനിക്ക് കണ്ണു കണ്ടൂടേടോ!ഇപ്പോ തൊടച്ചതേ ഉള്ളൂ"ഡോക്ടര്‍മാരോടുള്ള കലിപ്പുകൂടി ക്ഷയരോഗ സസ്പെക്റ്റിനോടു തീര്‍ത്തു.തിരിച്ചൊന്നും പറഞ്ഞില്ല.വഴക്ക് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ന്യായവും നീതിയുമൊന്നും കാണില്ല;ജയപരാജയങ്ങള്‍ മാത്രം.

അകത്തുകയറി കഫം എടുക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല.വാര്‍ഡ് കട്ടിലിലേക്കു മടങ്ങി.

അടുത്ത ദിവസം സഹപാഠികള്‍ പെണ്‍കുട്ടികള്‍ കാണാന്‍ വന്നു.തമാശ പറഞ്ഞും ചിരിച്ചും ആശുപത്രിയുടെ ആതുരത  കുറച്ചു കുറഞ്ഞു.പെണ്‍കുട്ടികള്‍ സ്ഥലം വിട്ട് കഴിഞ്ഞപ്പോഴാണ് സഹവാര്‍ഡുനിവാസികള്‍ പനി,ശ്വാസംമുട്ടുകാരനെ ഒരു മനുഷ്യനായി ആംഗീകരിച്ച് സംസാരിക്കാന്‍ അടുത്തുവന്നത്.എല്ലാവര്‍ക്കും പെണ്‍കുട്ടികളാരെന്ന് അറിയണം.ജനക്കൂട്ടം ഒരു വലിയ തമാശാണ്.

ഇതിനിടെ ഹോസ്പിറ്റല്‍ കാന്റീനില്‍ സാമ്പാറില്‍ നീന്താനിറങ്ങിയ ഒരു പല്ലിയെ ആരോ കണ്ടെത്തുന്നു.ജനരോഷം,അധികാരികള്‍,മാധ്യമങ്ങള്‍-സാമ്പാറു കഴിക്കാന്‍ ഒരുപാടുപേര്‍ വന്നു കൂടി.

"തീരെ ചെറിയ സിറിഞ്ചാണ്.പേടിക്കണ്ട."ഇതൊക്ക എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ഡോക്ടര്‍ രോഗിയേയും ഒന്നര അടി നീളമുള്ള ഒരു സിറിഞ്ചും കൈയ്യിലേന്തി നില്‍ക്കുന്ന ലേഡി ജൂനിയര്‍ ഡോക്ടറിനേയും ധൈര്യപ്പെടുത്തി.

ലേഡി ജൂനിയര്‍ ഒരടി പൊക്കമുള്ള ചെരുപ്പിന്‍മേല്‍ നൃത്തമാടി രോഗിയുടെ പുറത്തെ വാരിയെല്ലുകള്‍ക്കിടയിലൂടെ സൂചി കയറ്റി.

"ഇതെവിടെയോ തട്ടുന്നുണ്ടല്ലോ!" ലേഡി.

"എവിടെയോ അല്ല.എന്റെ എല്ലിന്‍മേലാണ്" രോഗി.

"അതിന് സിറിഞ്ച്  ഒരല്‍പ്പം മുകളിലേക്കോ താഴേക്കോ ചെരിച്ചാല്‍ മതി"മൂപ്പന്‍ ഡോക്ടറാണ്.

എന്തായാലും കട്ടന്‍ചായ നിറമുള്ള പ്ളൂറല്‍ എഫ്യൂഷനുമായി അഭിമാനത്തോടെ മൂത്ത ഡോക്ടര്‍ നിര്‍ബദ്ധമായി പറഞ്ഞു ഏല്‍പ്പിച്ച,അദ്ദേഹത്തിന് കമ്മീഷന്‍ കിട്ടുന്ന ലാബിലേയ്ക്കു നടന്നു.മുക്കാല്‍ കിലോമീറ്ററുണ്ട്.എല്ലാം നല്ലതിനാണ്.

അടുത്ത ദിവസം സന്ദര്‍ശനത്തിനായി മറ്റൊരു സഹപാഠിയെത്തി.സ്ത്രീയാണ്.

"നീ പണിക്കൊക്കെ പോയി കഷ്ടപ്പെടുന്നതാണെന്നറിയാം.എന്റെ കൈയ്യില്‍ അധികമൊന്നുമില്ല.ഈ നൂറുരൂപ അച്ചായി തന്നതാ"എന്നു പറഞ്ഞ് ഒരു കറന്‍സിനോട്ട് തരാന്‍ ശ്രമിച്ചു.

"ഇപ്പോള്‍ ഒരു അത്യാവശ്യങ്ങളുമില്ല"എന്നു പറഞ്ഞ് പണം സ്വീകരിക്കാതിരുന്നപ്പോള്‍ അവള്‍ അതു ബെഡിലേക്കിട്ടു.

"നീയേതാ?"പരുക്കന്‍ ശബ്ദം..അപ്പനാണ്.കൂടെപ്പഠിക്കുന്നതാണെന്ന് കേട്ടിട്ടും "രാവിലെ തന്നെ ഇങ്ങു പോന്നോ?"എന്നിങ്ങനെ ആവശ്യത്തിലധികം പ്രയാസമുണ്ടാക്കി അദ്ദേഹം മടങ്ങി.രോഗി ആകെ ഉരുകി ഇല്ലാതെയായി.

"നിന്നെ കണ്ടാല്‍ ഒരുപാടു പ്രായമുള്ള കിളവിയാണെന്ന് തോന്നാത്തതുകൊണ്ടാവും പിതാശ്രീ ചൂടായത്"മസാലദോശ കഴിച്ച് കൊണ്ട് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"നിനക്ക് കാശു തരാന്‍മാത്രം ഏതവളാണ് അവള്‍?"ഫോണ്‍ ഇന്‍ പ്രോഗ്രാമുമായി മാതാശ്രീയും അധികം വൈകാതെ സീനിലെത്തി."ക്ളാസ്മേറ്റാണ്.എല്ലാ തരത്തിലും നമ്മളേക്കാളും ഉയരത്തിലുള്ളവളുമാണ്"രോഗിക്ക് സങ്കടവും ദേഷ്യവും വന്നു.എന്തൊരു മോശം ചിന്താഗതികളാണ്.

പരിഷത്ത് പ്രോഗ്രാമിന് ചെന്നപ്പോള്‍ രോഗിയെ ഒരു സഹോദരനായി ഗണിച്ച് ഉപചരിച്ച അവളുടെ മാതാപിതാക്കളെ ഓര്‍ത്തുപോയി.

"ഞങ്ങളോടു ക്ഷമിക്കണം" എന്നു വരമൊഴിയില്‍ അയക്കുന്നതു വരെ അവളുടേയും കുടുംബത്തിന്റെയുംസൗഹൃദവും  സ്നേഹവും മനസ്സില്‍ വിങ്ങലായി അവശേഷിച്ചു.

എഫ്യൂഷന്‍ ടെസ്റ്റ് റിസല്‍ട്ട് വന്നു.മൂപ്പന്‍ ഡോക് റിസല്‍ട്ട് വാങ്ങി നോക്കി,അര്‍ത്ഥഗര്‍ഭ മൗനത്തിനു ശേഷം "തന്നെ ഇപ്പോ ഡിസ്ചാര്‍ജ്ജ് ചെയ്യും.നാലു ദിവസം കഴിഞ്ഞ് റിസള്‍ട്ടുമായി എന്റെ വീടുവരെ ഒന്നു വരണം.അപ്പോ പറയാം"എന്നു പറഞ്ഞു.റിസള്‍ട്ടിലിരുന്ന് രോഗാണുക്കള്‍ ഈ നാലു ദിവസംകൊണ്ട് വളര്‍ന്നു വലുതാകാനായിരിക്കുമോ എന്ന് വിചാരിച്ചെങ്കിലും അങ്ങേരുടെ അഡ്രസ് വാങ്ങി.

"മൂഡി ആകണ്ട.മനുഷ്യനായാല്‍ രോഗം വരും"മാസ്കുവെച്ച അയല്‍നാട്ടുകാരിയാണ്."താങ്ക്യൂ.മൂഡി ആയിരിക്കുന്നത് അസുഖം ഓര്‍ത്തിട്ടല്ല.അതിനെ ചുറ്റിപ്പറ്റിയുളള ആളുകളുടെ പെരുമാറ്റം ഓര്‍ത്തിട്ടാണ്"നന്ദിവാക്കും പറഞ്ഞ് ഇറങ്ങി.

"സാധാരണ ഇവിടെ വരുന്നവര്‍ ഒരു നൂറ്റമ്പതു രൂപ തരാറുണ്ടെ"ന്ന പാസീവ് ആയ അദ്ദേഹത്തിന്റെ കമന്റ് കേള്‍ക്കാത്ത മട്ടിലിരുന്ന രോഗിയെ ഒരു പാഠം പടിപ്പിക്കാന്‍ തന്നെ ഡോക് തീരുമാനിച്ചപോലെ.

ഡെസ്കില്‍ കിടത്തി അടിവയറ്റില്‍ ഞെക്കി.

വീടിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ക്ഷയരോഗനിവാരണ വിഭാഗത്തിലേക്കു റഫര്‍ ചെയ്തൂ."ഇപ്പോള്‍ കുഴപ്പമുണ്ടായിട്ടല്ല.വള്‍നറബിള്‍ ആണെന്നു തോന്നിയതു കൊണ്ടാണ്"അതിബുദ്ധിക്കാരെപ്പോലെ മുന്‍കൂര്‍ ജാമ്യവുമെടുത്തു.

നൂറ്റമ്പതു പൈസ പോലും കൊടുത്തുമില്ല.

നാട്ടിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തുടങ്ങും മുന്‍പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീടുസന്ദര്‍ശിക്കണമത്രെ.

അറിയിച്ചു..ഓര്‍മ്മിപ്പിച്ചു..ആരു വരാന്‍!!??

ഒന്നു രണ്ട് ആഴ്ചക്കുശേഷം കോളേജില്‍ എന്തോ ആവശ്യത്തിനു വന്ന ആ ദേഹം " തനിക്ക് ട്രീറ്റ്മെന്റ് തുടങ്ങാം.RNTCP യുടെ റൂമറിയില്ലേ?ആദ്യം ഡോക്ടറെ കാണണം ട്ടോ!" എന്ന് സഹപാഠികള്‍ കേള്‍ക്കെ ഉച്ചത്തില്‍ മൊഴിഞ്ഞ് തന്റെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കി.ആരോട് എന്തു പറയാന്‍!?ആരോഗ്യകരമായ ആരോഗ്യപ്രവര്‍ത്തനം.
അഭിമാനകേരളം..

"സിഗററ്റ് വലി നിര്‍ത്തിക്കൂടേടോ?"PHC യിലെ ഡോക്ടറുടെ വക നടയടി.

"ഞാന്‍ വലിക്കാറേ ഇല്ല"രോഗി.

"സാധാരണ പ്ളൂറല്‍ എഫ്യൂഷന്‍ പുകവലിക്കാര്‍ക്കാണ് കണ്ടിട്ടുള്ളത.എന്തായാലും മരുന്ന് തുടങ്ങിക്കോളൂ"

സന്തോഷം....

മരുന്ന് കഴിച്ചു തുടങ്ങി.കോളേജിന്റെ തൊട്ടു മുന്‍പിലെ ആശുപത്രി..എപ്പോഴും ആ വഴി പരിചയക്കാര്‍ നടക്കുന്നു.ക്ഷയരോഗഡിപ്പാര്‍ട്ട്മെന്റ് മെയിന്‍ കെട്ടിടത്തില്‍ നിന്ന് അകന്നു മാറി എല്ലാവര്‍ക്കും കാണാവുന്നതുപോലെ..ഗുളിക തരുന്നവരുടെസഹതാപം.ഗുളിക കഴിച്ചുതുടങ്ങിയതുമുതല്‍ മലവിസര്‍ജ്ജനം നടത്തുമ്പോള്‍ കഠിനമായ രക്തസ്രാവം,യൂറിനറി ബ്ളാഡറില്‍ കല്ല്,ദാഹക്കൂടുതല്‍,വിശപ്പില്ലായ്മ.

ആറു മാസം മരുന്നു കഴിച്ചു തീരുംവരെ ഇതെല്ലാം രോഗിയുടെ കൂടെയുണ്ടായിരുന്നു പോലും.

തികട്ടി വരുന്ന ചോദ്യമെന്തെന്നാല്‍;ആ നൂറ്റമ്പതു രൂപാ കൊടുക്കണമായിരുന്നോ!?

അര്‍ഹതയില്ലാത്തവര്‍ക്കു കൊടുക്കാതെ പിടിച്ചുവെച്ച നൂറ്റമ്പതു രൂപകളുടെ ബാക്കിപത്രമല്ലേ രോഗിയുടെ പുഴുജീവിതം.

Tuesday, 26 June 2018

കൃതാവറുകള്‍

മുഖത്തെ രോമവളര്‍ച്ച മനസ്സിലെ വീരനായകന്റേതുപോലെയാവാനെടുക്കുന്ന കാലതാമസം 'സ്റ്റൈലുള്ള കൃതാവ്' എന്ന
ഒരു കുറുക്കുവഴി പരിഹാരവുമായാണ് പുരുഷപ്രജകളില്‍ സ്വാധീനം ചെലുത്തുന്നത്.

മുഖത്തിന്റെ വശങ്ങളിലുള്ള ഈ നിര്‍മ്മിതികളുടെ അഗ്രത്തിന്റെ ചെരിവ്,
നീളം,വീതി,ഘനം എന്നിങ്ങനെ എല്ലാ അളവുകളും ഒന്നിനൊന്ന് പ്രാധാന്യമര്‍ഹിക്കുന്നതാണ്.

നാട്ടിന്‍പുറത്തെ  ബാര്‍ബര്‍ക്കു എല്ലാം വെട്ടി വെളുപ്പിച്ച് ഇരകളുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്തുക എന്നതില്‍ കവിഞ്ഞ് യാതൊരുവിധ അജണ്ടകളുമില്ലാത്തതിനാല്‍ ഒരിക്കല്‍ ഉള്ള മുഖരോമങ്ങളെല്ലാം പരമാവധി വളര്‍ത്തി നഗരത്തിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ എത്തിപ്പെട്ടു.

"എന്താണ്?"

"മുടി വെട്ടണം.കൃതാവ് കൊറച്ച് ഇറക്കി വെക്കണേ"

"അയിനെന്താ!കേറിയിരിക്കീ.വീട് ഏട്യാണ്?"ഇരിക്കുന്നതിനിടയില്‍ ചോദ്യങ്ങളെത്തി.സംഭാഷണപ്രിയനാണെന്നു തോന്നുന്നു.

ആദ്യറൗണ്ട് വെട്ടിനിരത്തലിനൊടുവില്‍ കൃതാവിനടുത്തേക്ക് കത്രിക നീണ്ടപ്പോള്‍ സംസാരപ്രിയനെ ഒന്നു ഇന്ററപ്റ്റ് ചെയ്തു.കാരണം ഇന്ത്യാ പാക് പ്രശ്നത്തിലെ ബ്രിട്ടീഷ്,ബ്രിട്ടീഷ് ആരാധകരായ നേതാക്കള്‍,ഭരണഘടനാനിര്‍മ്മാണം എന്നിവയുടെ സ്വാധീനം തകര്‍ക്കുന്നതിനിടെ കൃതാവ് വിസ്മൃതിയിലൊളിച്ചേക്കാം എന്ന ഭയം.നഗരത്തില്‍ ഇനിയൊരു മുടിവെട്ട് വിദൂരസ്വപ്നവുമാണ്.

"ധൈര്യായിട്ടിരിക്കീ.ഉഷാാറാക്കിത്തരാം" സമാധാനമായി.

കനവില്‍ കണ്ട കൃതാവൊരെണ്ണം ഒരു വശത്ത് തിളങ്ങുന്നു.

ഭരണഘടന മാറി നീതിന്യായവ്യവസ്ഥയിലെ ന്യൂനതകള്‍ വിഷയമായപ്പോള്‍ മറുവശത്തെ കൃതാവ് പട്ടാളക്കാരന്റെ ഡിസിപ്ളിനില്‍ മുറിഞ്ഞു വീണു.ഹൃദയം തകര്‍ന്നു.ഒരു വശത്ത് രണ്ടിഞ്ചു നീളത്തിലും മറുവശത്ത് അരയിഞ്ചിലും വിചിത്രമായ സൃഷ്ടികള്‍.

ഇനി താജ്മഹലിന്റെ മേല്‍ക്കൂരയില്‍ വെള്ളം ചോര്‍ന്നു കുറ്റം പറയിപ്പിക്കാന്‍ ആരും കാണാത്തൊരു സുഷിരമിട്ടെന്നു പറയപ്പെടുന്ന ശില്പിയേപ്പോലെ ബാര്‍ബറും കലാകാരന്റെ പ്രതിഷേധം രേഖപ്പെടുത്തിയതാവുമോ?

എന്തായാലും പിന്നീടു നടന്ന വ്യര്‍ത്ഥഭാഷണങ്ങിലൂടെ സംഗതി രണ്ടു വശവും പട്ടാളച്ചിട്ടയിലാക്കി.

"ബല്ല്യ കൃതാവുമൊക്കെയായിറ്റ് പെട്ടന്ന് ചെന്നാ നാട്ടാര് എന്താ പറയ്യാ ല്ലേ?" സ്വപ്നകൃതാവു നഷ്ടപ്പെട്ടവന്റെ സങ്കടം കുറക്കാന്‍ കൃതാവറുകള്‍ മൊഴിഞ്ഞു.

സ്വപ്നങ്ങളുടെമേല്‍ തീരുമാനങ്ങളെടുക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരെ "അവര്‍കള്‍" ചേര്‍ത്തു വിളിക്കേണ്ടതാണ്

Sunday, 17 June 2018

മുറിവ് :-

ആദ്യമുണ്ടായത് അവ്യക്തമായി ഉള്ളിലെവിടെയോ മുഴങ്ങിയ ശബ്ദവും കൈവിരല്‍ത്തുമ്പിലെ പതിവില്ലാത്ത മിടിപ്പുമാണ്.ഇന്റ്യൂഷനെന്നൊക്കെ വിളിക്കാമായിരിക്കാം.

ധൈര്യമെന്നും ആത്മവിശ്വാസമെന്നും പരീക്ഷണപ്രവണതയെന്നുമൊക്കെ പേരുള്ള ചിലര്‍ ഇന്റ്യൂഷനെ ജയിച്ചുകളഞ്ഞു.പക്ഷേ ഭയത്തിന്റെ ചെറിയൊരു വിറയലവശേഷിക്കുകയും ചെയ്തു-മുറിവിലേക്കു തിരിയുന്ന വഴിപോലെ.

കത്തിയെടുത്തു..പുറത്താരുടേയോ വിലക്കും അവഗണിച്ച് വള്ളിപ്പയറും.

ഭയത്തിന്റെ വിറയല്‍ ആദ്യം വിരലുകളിലും കണ്ണിലും ശ്രദ്ധയുടെ തിരി കത്തിച്ചുവെച്ചു.

വളരെ കുറച്ചു പയറുമാത്രം കൂട്ടിപ്പിടിച്ച് ഒരേ നീളത്തില്‍,വൃത്തിയായി,മെല്ലെ അരിഞ്ഞുതുടങ്ങി.

അരിഞ്ഞിട്ടും അരിഞ്ഞിട്ടും തീരുന്നില്ല.

ആത്മവിശ്വാസമേറിത്തുടങ്ങി.

ഭയം ഉറക്കംതൂങ്ങി...കൂടെ ശ്രദ്ധയും.
കൂട്ടിപ്പിടിക്കുന്ന പയറിന്റെ എണ്ണം കൂടി.കണ്ണുകളിടക്കിടെ മറ്റു മേച്ചില്‍പ്പുറങ്ങള്‍ തേടിത്തുടങ്ങി.

പെട്ടെന്ന്..ഉള്ളിലാരൊക്കെയോ ഓടിത്തുടങ്ങി..ഇടംകൈയ്യെ മാറ്റാനും കത്തിപിടിച്ച വലംകൈയ്യെ തടുക്കാനും.ശ്രദ്ധ എന്തോ ശബ്ദത്തിന്‍ പിന്നാലെ പോയി.ചങ്ക് ശക്തിയായൊന്ന് മിടിച്ചു.വലംകൈ തടയപ്പെട്ടില്ലെങ്കിലും ഇടംകൈ മുറിവേറ്റതിനുശേഷം പിന്‍വലിഞ്ഞു.

കണ്ണിനടുത്തേയ്ക്ക് അറിയാതെ മുറിവേറ്റ വിരല്‍ ചെന്നെത്തി.

മുറിവ് തലച്ചോറിലറിയിക്കണം...വേദന പ്രവര്‍ത്തിച്ചുതുടങ്ങി.

പോഷണം പേറി വന്ന രക്തം ചാലുമാറി ഒഴുകിത്തുടങ്ങി.

രക്തത്തിനുള്ളില്‍ തിരക്കുപിടിച്ച ചര്‍ച്ചകള്‍ തുടങ്ങി.രക്തം നിര്‍ത്തണം.മുറിവ് അടക്കണം.

കട്ട പിടിപ്പിക്കുന്ന രാസപ്രവര്‍ത്തനം തുടങ്ങി.

അടച്ചാലും ഇളകുമ്പോള്‍ തള്ളി പോകുന്ന സംരക്ഷണഭിത്തി.ശ്രമകരമായ ജോലി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ പുറത്തുനിന്നും ബലമെത്തി.മുറിവ് അടഞ്ഞു.അകത്തെ ജോലി എളുപ്പമായി.

തലച്ചോറിലും മീറ്റിങ്ങുകളായി.സങ്കടം,ചമ്മല്‍,ഇന്റ്യൂഷന്റെ അഹങ്കാരം കലര്‍ന്ന കുറ്റപ്പെടുത്തല്‍,മുറിവുണക്കികളുടെ ഉപദേശവും ആത്മവിശ്വാസം വീണ്ടെടുക്കുലും.

കഥ പറയുന്ന ഡിപ്പാര്‍ട്ടുമെന്റിനും ഓര്‍മ്മയ്ക്കും സൂക്ഷിച്ചുവെച്ച് ഇടക്കു പുറത്തെടുക്കാനൊരു പാഠവും

Friday, 15 June 2018

ലാസ്റ്റ് ബസ്

പകലിന്റെ അലച്ചിലിനൊടുവില്‍ തണുത്ത വെള്ളത്തിലൊരു കുളിയും സ്നേഹത്തിന്റെ മണവും രുചിയും ഊഷ്മാവുമുള്ള
ഒരിത്തിരി ആഹാരവും പരാതിയും പരിഭവവും പരദൂഷണവും പകല്‍സ്വപ്നങ്ങളുമൊക്കെ കലര്‍ത്തി ഒരല്‍പ്പം കൊച്ചുവര്‍ത്തമാനവും..ഇതെല്ലാം ഇനി പതിനഞ്ചു മിനിറ്റ് യാത്രക്ക് അകലെയുണ്ട്..അതും സ്വന്തം നാട്ടുവഴികളിലൂടെ..

ലാസ്റ്റ് ബസ് ഒരു വികാരമാണ്.സ്ഥിരം യാത്രികരെ ബസ് കാത്തുനില്‍ക്കാറുണ്ടത്രെ.

"അപ്പച്ചാ,എന്റെ ടൗവ്വലിന്റെ മുകളിലാ ഇരിക്കുന്നെ!"പുതുമുഖമാണ്.ബന്ധുവീട്ടിലെവിടെയെങ്കിലും വന്നതാവും.

"ങ്ഏ"അപ്പച്ചന്‍  തോണ്ടിവിളിച്ചിട്ടും ഒന്നും മനസ്സിലാവാത്തതുപോലെ ഇരിക്കുന്നു.

"ടൗവ്വല്‍..ടൗവ്വലേയ്..തൂവാല"പുറംനാട്ടുകാരന്‍ മാന്യത വിടാതെ വോളിയം കൂട്ടി.

എവിടെ?!!അപ്പച്ചന്‍ ഒന്നും മനസ്സിലാവുന്നില്ലെന്ന് ആംഗ്യം കാട്ടി.

'ടൗവ്വല്‍ പോയെങ്കില്‍ പോട്ടെ;പക്ഷേ
ഇത്രക്കും ചെവി കേള്‍ക്കാത്തൊരാള്‍ എങ്ങിനെ വീടെത്തിച്ചേരുമെന്ന' ആശങ്കയോടെ പാവം പുതുമുഖം പിറകിലെവിടെയോ ഒതുങ്ങി.

"ടൗവ്വലെന്നു പറഞ്ഞാല്‍ ഇതല്ലേ?തിരിയാഞ്ഞിട്ടല്ല.ടൗണിലേപ്പോലെ ടൗവ്വലിട്ട് സീറ്റ് പിടിക്കണ പണി നമ്മളോടു വേണ്ടെന്നു കരുതിയിട്ടാ!"ഇരിക്കുന്ന സീറ്റില്‍ നിന്ന് ഒരു തൂവാല വലിച്ചെടുത്ത് അപ്പച്ചന്‍ മൊഴിഞ്ഞു.
ആശയപരമായ കേള്‍വിക്കുറവാണ് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്.

"നട്ടുച്ച നേരത്തൂ കെണറിന്റെ തേരത്ത് വെള്ളത്തിനായീ ഞാം കാത്തിരിപ്പൂ.." കുഴഞ്ഞ ഒരു പാട്ടു പൊങ്ങുന്നുണ്ട്.

"എത്താണ് പൈലീ,പെണ്ണുങ്ങളും കുട്ട്യോളുമൊക്കെ വണ്ടീലുള്ളതല്ലേ!"ആരോ ശാസിച്ചു.

"ഞാം കോരിയ വെള്ളം മോന്താന്‍....ആരും നോക്കണ്ടാാാാ"പൈലി പുഛിച്ച് പാട്ടവസാനിപ്പിച്ചു.ഇനി മയങ്ങുമായിരിക്കും.

ചെറിയ മഴയുണ്ട്.വണ്ടി പുറപ്പെടും മുന്‍പേ ടിക്കറ്റെല്ലാം കൊടുത്തു തീര്‍ത്ത് കണ്ടക്ടര്‍ ഗിയര്‍ ബോക്സിലിരുന്നു അന്നത്തെ സംഭവങ്ങള്‍ വിലയിരുത്തുകയാണ്.

മാക്കാച്ചിത്തവളകളെയും ചെറുപാമ്പുകളെയുമൊക്കെ പടമാക്കിയാണ് വണ്ടിയുടെ പോക്ക്.മഴ തോര്‍ന്നിരുന്നെങ്കില്‍ വഴിനീളെ മിന്നാമിനുങ്ങു കൂട്ടങ്ങളുമെത്തിയേനെ.ഇടക്കിടെ വിറകുകമ്പുകള്‍ ടയറിനടിയില്‍ ഞെരിയുന്ന സ്വരവും വഴിയിലൂടെ ഒഴുകുന്ന വെള്ളം ചിതറി തെറിക്കുന്ന ശബ്ദവും കേള്‍ക്കാം.

ഓരോ വളവുകളും തിരിവുകളും കണ്ണടച്ചിരുന്നാലും തിരിച്ചറിയാം.കാരണം വണ്ടിയാത്രകള്‍ അത്ര ഇഷ്ടമായിരുന്നില്ല.ഇപ്പോഴുമല്ല.പ്രത്യേകിച്ചും ഓര്‍മ്മകള്‍ തളിര്‍ത്തുനില്‍ക്കുന്ന സ്വന്തം നാടിന്റെ വഴികള്‍.അവിടുത്തെ ഓരോ കാഴ്ചകളും മണങ്ങളും വരെ സമയമെടുത്ത് നടന്ന് കാണേണ്ടവയാണ്.പാവക്കൂണും കമ്പിളിനാരങ്ങയും മൂക്കട്ടപ്പഴവും മള്‍ബെറിയും നടപ്പുകാരുടെ അവകാശമാണ്.

ഓരോ പുല്‍നാമ്പു പൊടിച്ചുവരുന്നതും കാണണം..അറിയണം..

വണ്ടികള്‍ പുല്‍നാമ്പ് ഞെരിച്ചു കളഞ്ഞ് പരക്കം പായുന്നവയാണ്.ഒരു കാഴ്ചയും കണ്ട് ആസ്വദിക്കുവാന്‍ വണ്ടിയാത്രയിലാവില്ല.

"മയ ലേസം കൂടിക്ക്ണോ ണ്ണ്യേ?" എന്റെ ഭാഗത്തെ ഷട്ടര്‍ മാത്രമേ തുറന്നിട്ടുള്ളൂ.മഴവെള്ളം പിറകിലിരിക്കുന്ന ഇക്കയെ അലോസരപ്പെടുത്തുന്നത് ശ്രദ്ധിച്ചില്ല.

"ഇതാ അടച്ചു കാക്കാ.വെറുതെ മഴ കണ്ടപ്ളൊരു രസം" ഞാന്‍.

അദ്ദേഹം അനുഭാവപൂര്‍വ്വം ചിരിച്ചു.

അകത്തെ അരണ്ട വെളിച്ചത്തിലൂടെ കണ്ണോടിച്ചു.അധികം ആളുകളില്ല.എല്ലാം അവരുടേതായ ലോകത്ത്.മിക്കവരും പാതിമയക്കത്തിലും ചിന്തകളിലും.

സ്വര്‍ണ്ണപാദസരമണിഞ്ഞൊരു കാല്‍ നോട്ടം തട്ടുന്നിടത്തുണ്ട്.കാണാന്‍ നല്ല ഭംഗി.ഒരുപാടു നാളത്തെ അലച്ചില്‍ പുതിയ തലമുറയെ പരിചയപ്പെടുന്നതില്‍ നിന്നും പിറകോട്ടടിച്ചിട്ടുണ്ട്.പറഞ്ഞുവരുമ്പോള്‍ നന്നായറിയാവുന്ന ആരെങ്കിലുമാവും.ജോലി കഴിഞ്ഞുളള മടക്കമാവും.

'എനിക്കു കാണാന്‍ വേണ്ടിയാണോ പാദസരമണിഞ്ഞ കാല്‍ പുറത്തേക്കു നീട്ടി വെച്ചിരിക്കുന്നത്!'ചിന്തകള്‍ കുസൃതിക്കാരായി.അടുത്ത നിമിഷം വൃദ്ധന്‍മാരുമായി.എല്ലാ പ്രവൃത്തികള്‍ക്കും ഒരുദ്ദേശ്യമുണ്ടാവുമെന്ന ശാസത്രീയതയിലേക്കൊന്നും ആരുമറിയാത്ത ഈ വായ്നോട്ടത്തെയെത്തിക്കേണ്ട.ഇരുന്ന് ജോലി ചെയ്തു മടുത്തിട്ട് ഒരു ആശ്വാസത്തിന് കാലു തള്ളി വെച്ചതാവും.

എന്തായാലും പാദസരങ്ങള്‍ ചെറുപ്പത്തിലേ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ കയറിപ്പറ്റിയിരുന്നു.

പൊടിമീശ മുളച്ചുവരുന്ന കാലത്ത് എപ്പോഴും കാണുന്ന സമപ്രായക്കാരിക്കും നല്ല ഭംഗിയുള്ള വെള്ളിപ്പാദസരങ്ങളുണ്ടായിരുന്നു.

അലക്കുകല്ലിലിട്ട് ഉരച്ചു പളുങ്കുപോലാക്കിയ അവളുടെ ഉപ്പൂറ്റിയെ ഉമ്മവെച്ച് രണ്ടു കൊലുസ്സുമണികളും.മാങ്ങ പറിച്ചു കൊടുക്കുമ്പോഴും പീടികയില്‍ നിന്ന് സാധനം വാങ്ങി കൊടുക്കുമ്പോഴും പ്രായം ചാലിച്ച നാണമുള്ള ചിരി സമ്മാനിക്കുമായിരുന്നു അവള്‍.ഇതിനൊക്കെ പകരം ആ കൊലുസ്സു മണികളെപ്പോലെ ഉപ്പൂറ്റിയില്‍ ഒരുമ്മ കൊടുക്കാനവകാശം ചോദിക്കണമെന്ന ഭ്രമകല്‍പ്പന എപ്പോഴോ തോന്നിയിരുന്നല്ലോ!

അതൊരിക്കലും ചോദിച്ചിട്ടില്ല..ചോദിക്കുകയുമില്ല...

മാതാപിതാക്കള്‍ അനുവദിച്ചു തന്ന സ്വാതന്ത്ര്യം കുസൃതികള്‍ക്കപ്പുറമുള്ള ഒരു ഉത്തരവാദിത്തമാണല്ലോ.കളിയാക്കലുകളിലവസാനിക്കണം എല്ലാ കുസൃതിയും.അവസാനിച്ചു..

മഴയെ മുറിച്ചുളള ഇത്തരം യാത്രകളും ആശുപത്രിവാസങ്ങളുമൊക്കെ മനസ്സിലെന്തോ നിറക്കാറുണ്ട്.കുറച്ചന്വേഷിച്ചപ്പോള്‍ അതിനെ ഏകാന്തത എന്നു വിളിക്കാമെന്നു തോന്നി.

കൂട്ടു തേടാന്‍,വംശം നിലനിര്‍ത്താന്‍,സമൂഹമാവാന്‍,പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഒക്കെ മനുഷ്യനെ കൈപിടിച്ചു നടത്തുന്നത് അവന്റെയുള്ളില്‍ വളരുന്ന ഈ ഏകാന്തതയാവും.

അന്തര്‍മുഖരും പ്രിയജനങ്ങളില്‍ നിന്ന് അകന്നു ജീവിക്കേണ്ടി വരുന്നവരും ഏകാന്തതയെ കൂടുതല്‍ മിഴിവോടെ കാണുന്നവരാകും.പ്രണയം തേടുന്നവരാകും....

പ്രണയം എന്നതാണ് മനസ്സിലാവനെളുപ്പമുള്ള പദമെന്നറിയുന്നു.ഗുണങ്ങളും കഴിവുകളും മനോഭാവവും കൊണ്ട് പ്രണയം തേടുന്നവരാണ് മാനവര്‍.കണ്ണും മനവും തുറന്നുവെച്ചാല്‍ ചുറ്റും പ്രണയത്തിന്റെ ഒരു ലോകം തുറക്കുന്നത് കാണാം.

വല്ല്യമ്മച്ചി വാങ്ങി തരുന്ന സ്പെഷ്യല്‍ പഴംപൊരി കഴിക്കാന്‍ ഷോപ്പിങ്ങിനു കൂട്ടുപോകുന്നൊരു നാലുവയസ്സുകാരന്‍ സ്ത്രീകളുടെ സീറ്റിലിരിപ്പുണ്ടോ!അന്നും സൈഡ് സീറ്റാണ് പഥ്യം.പൗഡറിന്റേയും എണ്ണയുടേുമൊന്നും മണം പിടിക്കില്ലെങ്കിലും ഒറ്റക്കിരിക്കാന്‍ വിടാത്തതുകൊണ്ട് സ്ത്രീകളുടെ സീറ്റ് തന്നെ ശരണം.

റോഡിനും തോടിനുമിടയില്‍ ചെറിയൊരു കൊക്ക പോലുള്ള സ്ഥലമെത്തുമ്പോള്‍ കുഞ്ഞു കൈകള്‍ കൊണ്ട് സീറ്റിനു മുകളിലെ കമ്പിയില്‍ മുറുകെ പിടിച്ച് അകത്തേക്കു വലിക്കുമായിരുന്നു.പുറത്തേയ്ക്ക് ഘനം വന്ന് വണ്ടി മറിയാതിരിക്കാന്‍ തന്നാലാവുംവിധം..

ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്നു.ബസിനുള്ളിലിരുന്ന് കുഞ്ഞു കൈകൊണ്ടും കുഞ്ഞു ബുദ്ധികൊണ്ടും അകത്തേക്കു വലിച്ചാലും പുറത്തെക്കു തള്ളിയാലുമൊന്നും വരികയോ പോവുകയോ ചെയ്യുന്ന ഒന്നല്ല മരണം എന്നാണ് ജീവിതം തന്ന പാഠം.

അന്നുമുണ്ടായിരുന്നു പ്രണയം....മഠം നഴ്സറിയിലെ ഉണ്ടക്കണ്ണും എപ്പോഴും ഗൗരവത്തിന്റെ മഴക്കാറും ഇടക്ക് ചിരിക്കുമ്പോള്‍ നിലാവുമുള്ളയൊരാള്‍.

തുരുമ്പെടുത്തൊരു ഇരുമ്പുചട്ടുകവുമായി ചെന്നായപോലൊരു ഓമനപ്പട്ടിയെയും കൂട്ടി ശതാവരിക്കിഴങ്ങു മാന്താന്‍ നടക്കുമ്പോള്‍ കൂട്ടിനൊരാള്‍.മുത്തശ്ശന്റെ പുരാണകഥകളുടേയും വേട്ടക്കഥകളുടേയും അത്ഭുതവും അതിശയോക്തിയും പങ്കിടാനൊരാള്‍.എല്ലാം കാല്‍പ്പനികമാണ്.അയാളോട് സംസാരിച്ചുട്ടുകൂടി ഇല്ല.ഇനി സംസാരിക്കയുമില്ലായിരിക്കും....

ഓര്‍ക്കുമ്പോള്‍ രസമാണ്.

അലഞ്ഞുനടന്ന പിന്നീട് കുറേക്കാലം പ്രണയമറിയാത്തതായിരുന്നു.

"ഇങ്ങളിതില് കൂട്ആ?ഇറങ്ങണില്ല്യാ മാസേ?" കണ്ടക്ടര്‍ കളിയാക്കി.

സ്ഥലമെത്തിയതറിഞ്ഞില്ല.

ഇനി ഇരുട്ടുനിറഞ്ഞ കാട്ടുവഴിയിലൂടൊരല്‍പ്പം നടന്നാല്‍ ഏകാന്തതയ്ക്കു പ്രവേശിക്കാനാവാത്ത ഒരിടത്തെത്തും.

പ്രണയത്തിന് രക്തവും മാംസവുമുള്ളൊരിടം.... 

(തുടരും😉)