തലക്കെട്ടു കേട്ടു ഒരു പ്രത്യേകവിഭാഗത്തിനായി മാത്രം എഴുതുന്നതാണെന്ന് തെറ്റിദ്ധരിക്കരുതേ..
ആര്‍ക്കും വായിക്കാം..
എപ്പോളും വായിക്കാം..
കഥയെഴുതാന്‍ മാത്രമൊക്കെ വളര്‍ന്നു പോയോ എന്നാവും ഞാനിങ്ങനെ ഒരു തലക്കെട്ടു വായിച്ചാല്‍ ആദ്യം ചിന്തിക്കുക.
ഒരിക്കലുമില്ല!!
പച്ചക്കറിയും കറിമസാലയും പുസ്തകങ്ങളും കണ്‍സ്ട്രക്ഷന്‍ കെമിക്കലുകളും ഒക്കെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ച കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ വിലയിരുത്തിയാല്‍ ഞാന്‍ കഷ്ടി പാസ് മാര്‍ക്കു വാങ്ങിയ ഒരാളാണ്.പേരിനു പോലും ഒരു എ പ്ളസ് ഇല്ല.
പിന്നെയെന്ത് കോക്കനട്ടിനാണീ ഖണ്ഡകാവ്യം എന്നു ചോദിച്ചാല്‍...
മാര്‍ക്കറ്റിങ്ങ് ഒരു ജീവിതശൈലിയാണ് എന്നത് എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ.
സ്ഥാവരജംഗമവസ്തുക്കളെല്ലാം നശിച്ച് അര്‍ദ്ധപട്ടിണിയില്‍ നിന്നപ്പോള്‍ പോലും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ ഒരു കേന്ദ്രസര്‍ക്കാര്‍ ജോലി അന്തര്‍മുഖത്വത്തില്‍ തന്നെ തുടരാനുള്ള ത്വര കൊണ്ട് വേണ്ടെന്നു വെച്ച ഒരു അമ്മയുടെ ഛായയും സാദൃശ്യവുമുള്ള മകനായ,ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം,അഡ്ജസ്റ്റ്മെന്റ് ഡിസോഡര്‍,ഡിപ്പ്ര്‍ഷന്‍ എന്നീ വായില്‍ കൊള്ളാത്ത പേരുകളുള്ള അസുഖങ്ങളുടെ കട്ട കയ്പ്പുള്ള മരുന്നുകള്‍ കുറച്ചു മാസങ്ങള്‍ രുചിച്ചറിഞ്ഞ എനിക്ക് ജീവിതശൈലി തേടി കണ്ടുപിടിക്കേണ്ടത് സര്‍വൈവലിന് എത്രമാത്രം ആവശ്യകമാണെന്നത് ഇനി വിശദീകരിക്കേണ്ടതില്ലെന്ന് കരുതുന്നു.
മാര്‍ക്കറ്റിങ്ങിനെ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന പലരുടേയും കൂടെ സഹവസിക്കാന്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി സെയില്‍സ്/മാര്‍ക്കറ്റിങ്ങിനപ്പുറം ക്വാളിറ്റി സെയില്‍സ്/ക്വാളിറ്റി മാര്‍ക്കറ്റിങ്ങ് എന്നൊന്ന് കൂടി ഉണ്ടെന്ന്.
എന്താണിതിന്റെ വ്യത്യാസം എന്നു ചോദിച്ചാല്‍ വലിയ ഏച്ചുകെട്ടലുകളില്ലാതെ മാര്‍ക്കറ്റിങ്ങ് സാധ്യമാകുന്ന ഒരു അവസ്ഥയെ ക്വാളിറ്റി മാര്‍ക്കറ്റിങ്ങ് എന്നു പറയാമെന്നു തോന്നുന്നു.
ഇനിയും മനസ്സിലായില്ലെങ്കില്‍ നൃത്തമോ മാര്‍ഷ്യല്‍ ആര്‍ട്സോ പഠിക്കുന്നവരെ ശ്രദ്ധിക്കൂ..തുടക്കത്തില്‍ അവരുടെ അംഗചലനങ്ങളെ ഡാന്‍സോ ചുവടുകളോ ആക്കാന്‍ ഓരോരുത്തരും കഷ്ടതപ്പെടും.എന്നാല്‍ കാലക്രമേണ അവരുടെ അംഗചലനങ്ങളെല്ലാം ചുവടുകളായി തോന്നിക്കുന്ന ഒരു കാലം വരും.
ഇതുമുഴുവന്‍ അഭിനയമല്ലേ എന്ന ചോദ്യവുമുണ്ടാവാം!
എന്താണ് അഭിനയമല്ലാത്തത് എന്ന ഒരു ചോദ്യം സ്വയം ചോദിക്കാനായാല്‍ ഈ പ്രശ്നം തീര്‍ച്ചയായും പരിഹരിക്കപ്പെടും.
മരിച്ചു കിടക്കുന്ന ഒരു മാതാവിന് മുലയൂട്ടല്‍ സാധ്യമല്ല.സ്നേഹത്തിന്റെ ഉത്തമോദാഹരണമായി കാണപ്പെടുന്ന മുലയൂട്ടലില്‍ പോലും ഇപ്രകാരം
'എന്റെ','എനിക്ക്' എന്നിങ്ങനെ സ്വാര്‍ത്ഥത എന്ന് വിളിക്കാവുന്ന ഒരുപാട് എലമെന്റുകള്‍ വളരെ വ്യക്തമായി ദര്‍ശിക്കാവുന്നതാണ്.എന്നുകരുതി അതിനെ അഭിനയം എന്നു ആരും വിളിക്കാനിടയില്ലല്ലോ!
ഇനിയും ഉദാഹരണം പറഞ്ഞു വെറുപ്പിക്കണം എന്നുണ്ടെങ്കില്‍ നമുക്ക് മുറ്റത്ത് ഒരു തുളസി ഉണ്ടെന്ന് കരുതൂ.വൈകുന്നേരം പുറത്തുനിന്ന് വരുമ്പോള്‍ അതിന്റെ ചുവട്ടില്‍ കാലു കഴുകുന്ന ഒരു ശീലം നമ്മള്‍ തുടങ്ങുകയാണ്.കാലിനും നല്ലത്..തുളസിക്കും നല്ലത്..തുളസി വലുതാവുമ്പോള്‍ വീണ്ടും നമുക്ക് നല്ലത്..ഇങ്ങിനത്തെ അനാചാരം ടൈപ്പ് സംഗതികളിലൊന്നും വിശ്വാസമില്ലെന്ന് സ്ഥാപിക്കാനായി മാത്രം കാലു കഴുകാതെ ഇരുന്നാലോ??!!എന്താവുമെന്ന് ആലോചിച്ചു നോക്കൂ..
സാമൂഹികമായ ഇടപെടലുകള്‍ - കൊടുക്കല്‍ വാങ്ങലുകള്‍ എന്നും പറയാം - ആണല്ലോ ഒരു വ്യക്തിയെ പരുവപ്പെടുത്തി എടുക്കുന്നത്.മാര്‍ക്കറ്റിങ്ങ് സമൂഹത്തോട് ലിമിറ്റ്ലെസ്സായി ഇടപെടാനുള്ള അവസരമാണ്.
ക്വാളിറ്റി മാര്‍ക്കറ്റിങ്ങിന്റെ അടിസ്ഥാനം നല്ല മാനുഷികബന്ധങ്ങളാണെന്ന് എന്നോട് പറഞ്ഞു തന്ന ഒരാളുണ്ട്.പേര് തത്കാലം മെന്‍ഷന്‍ ചെയ്യുന്നില്ല.മറ്റു ഒരുപാടു പേര്‍ പറയാതെ പറഞ്ഞിട്ടുണ്ടാവും..പക്ഷേ എന്റെ ശൈലിയോട് ചേര്‍ന്നു നില്‍ക്കുന്നത് അദ്ദേഹത്തിന്റെ തുറന്ന സംസാരമായതിനാല്‍ സ്ട്രൈക്കിങ്ങായി തോന്നി.
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ എല്ലാ ജീവിതങ്ങളുടേയും നിലവാരം മാനുഷികബന്ധങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാം.നല്ല ബന്ധങ്ങള്‍ നട്ട്,നനച്ച്,കേടു പോക്കി,പരിപാലിക്കുന്നവര്‍ക്ക് ജീവിതത്തില്‍ മറ്റുള്ള ഘടകങ്ങളെല്ലാം താനേ വന്നു ചേരും.
ഞാനിപ്പോ ഈ വിടുവായത്തരം കാട്ടിയതു കൊണ്ട് ചിലപ്പോള്‍ നിലവിലുള്ള ബന്ധങ്ങളെല്ലാം ഒന്ന് ഉലഞ്ഞേക്കാം.കാരണം കണ്ണടച്ചു പാലു കുടിയാണ് ലോകത്തിന് സ്വീകരിക്കാനെളുപ്പമുള്ള സമീപനരീതി.എന്തായാലും ആ റിസ്ക് ഞാനെടുത്തു കഴിഞ്ഞു.ചെയ്യുന്നതിന്റേയും പറയുന്നതിന്റെയും പിതൃത്വം (ഓണര്‍ഷിപ്പ്) ഏറ്റെടുക്കുന്നത് കൊണ്ട് ഫില്‍ട്ടര്‍ ചെയ്യപ്പെടുന്ന ബന്ധങ്ങളുണ്ടെങ്കില്‍ അത് ഫില്‍ട്ടര്‍ ചെയ്യേണ്ടത് തന്നെയാണ് എന്നതാണ് എന്റെ അഭിപ്രായം.
നല്ല മാനുഷികബന്ധങ്ങളുണ്ടാവാന്‍ വേണ്ട ഏറ്റവും പ്രധാനഘടകമായി തോന്നിയത് ആത്മവിചിന്തനമാണ്(സെല്‍ഫ് റിവ്യൂ).നമ്മള്‍ ഫോട്ടോകളെടുക്കാനിറങ്ങുമ്പോള്‍ നമ്മുടെ കാമറയെപ്പറ്റി ബോധ്യമുള്ളവരായിരിക്കണമല്ലോ.
അതുപോലെ...
ആത്മവിചിന്തനത്തെക്കുറിച്ച് ഘട്ടം ഘട്ടമായി പറയാന്‍ ശ്രമിക്കാം.
മറ്റു ചില ഘടകങ്ങളെ അക്കമിട്ടു നിരത്താന്‍ ശ്രമിക്കുകയാണ്.
1.സാമൂഹികനാടകങ്ങള്‍ (സോഷ്യോ ഡ്രാമകള്‍) ഓടു സംയമനത്തോടെ പ്രതികരിക്കാന്‍ ശ്രമിക്കുക.
എന്താണ് സോഷ്യോ ഡ്രാമയെന്ന് സംശയമുള്ളവരുണ്ടോ?!
മറ്റു വീടുകളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അതിഥി ധനികനാണെങ്കില്‍ ആതിഥേയര്‍ അവരുടെ സ്വത്ത് വിവരങ്ങളെല്ലാം കുത്തിത്തിരുകി,ഏച്ചുകെട്ടി,അടിച്ചേല്‍പ്പിച്ച് വിളമ്പാറില്ലേ.
ഈ അല്‍പ്പത്തരം സോഷ്യോ ഡ്രാമയാണ്.
ചേട്ടന്‍ ചേച്ചിക്ക് കണ്ണുകൊണ്ട് സിഗ്നല്‍ കൊടുക്കുമ്പോള്‍ ഈ നാടകം തുടങ്ങാറാണ് പതിവ്.
അതിഥി പാവപ്പെട്ടവനാണെങ്കില്‍ നാടകത്തിന്റെ സംഭാഷണം മാറും.പട്ടിണിയും പരിവട്ടവുമാവും നിറയെ.
ഇത്തരം ഡ്രാമകള്‍ എല്ലാ ജീവിതസാഹചര്യത്തിലും ഉണ്ടാവും.
ഒരുപാട് പ്രതികരിച്ചാല്‍ സ്വന്തം ക്വാളിറ്റിയും ആ ബന്ധത്തിന്റെ ക്വാളിറ്റിയും കോമ്പ്രമൈസ് ചെയ്യേണ്ടി വരും.തീര്‍ച്ച.
2.മറ്റുള്ളവരെ അളക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍-
എല്ലാവരും,എതിര്‍ലിംഗത്തിലുളളവര്‍ വളരെ വിസിബിളായി,പരസ്പരം അളക്കാന്‍ ധൃതിപ്പെടാറുണ്ട്.
ആരുമില്ലാത്ത സ്ഥലത്തു വെച്ച് ഒന്നു മുട്ടിയുരുമ്മിയും അല്‍പ്പം അശ്ളീലം വിളമ്പിയുമൊക്കെ പ്രതികരണങ്ങള്‍ക്കായി കാത്തു നില്‍ക്കുന്ന എന്നെയും നിങ്ങളെയും മനസ്സില്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ?
ഇതിനെക്കുറിച്ച് അധികം വിശദീകരിക്കാന്‍ വിഷമമുണ്ട്.
അല്‍പ്പം ഭീഷണിയുടെ സ്വരത്തില്‍ തന്നെ ഇതിന്റെ ബാക്കി പറയാമെന്നു തോന്നുന്നു.
മനുഷ്യന് കണ്ടുപിടിക്കപ്പെടാത്ത ഒരുപാട് കഴിവുകളുണ്ട്.
അമ്പെയ്ത്തും വെടിവെപ്പും കണക്കിലെ കളികളുമൊക്കെയായി അമ്പരപ്പിക്കുന്ന വീഡിയോകള്‍ കാണുന്നവരാണ് നമ്മള്‍.അവരൊക്കെ സ്വന്തം കഴിവുകളെ സ്ഫുടം ചെയ്ത് എടുത്തവരാണ്.
ഇവരെയൊക്കെ നമുക്ക് അളക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?അല്ലെങ്കില്‍ നമ്മുടെ അളവിന്റെ (പൊട്ട)കിണറ്റിലാണോ അവരിപ്പോള്‍ ഉള്ളത്.
നമ്മള്‍ ചാവേറുകളേയും നിന്‍ജകളേയും അതിമാനുഷരായി കാണുന്നത് അവരുടെ നിശ്യദാര്‍ഡ്യം കൊണ്ടു മാത്രമല്ലേ?
നിശ്ചയദാര്‍ഡ്യം താരതമ്യേന കുറഞ്ഞ എന്നെ ഉപദ്രവിക്കാന്‍ എളുപ്പമാണ്.
അതുകൊണ്ടു തന്നെ ആളുകളെ അനാവശ്യമായി പ്രകോപിപ്പിക്കാനും ഏകപക്ഷീയമായി
കടന്നു കയറി അധീശത്വം സ്ഥാപിക്കാനുള്ള വിലകുറഞ്ഞ ശ്രമങ്ങള്‍ നടത്താനോ ഞാന്‍ ധൈര്യപ്പെടാറില്ല.
നമ്മള്‍ മറ്റൊരാളുടെ ലെവല്‍ അളക്കുമ്പോള്‍ നമ്മള്‍ ഏതു ലെവല്‍ വരെ പോകും എന്ന ഒരു സ്റ്റേറ്റ്മെന്റ് ഫ്രീയായി നല്‍കുകയല്ലേ ചെയ്യാറ്?!
3.മുന്‍വിധികള്‍ - നമുക്ക് ഒഴിവാക്കാനാവുന്ന സംഗതിയല്ല.പക്ഷേ അത് നമ്മുടെ ശരീരഭാഷയെ പോലും സ്വാധീനിക്കുന്നെങ്കില്‍ തീര്‍ച്ചയായും അടിച്ചമര്‍ത്തേണ്ടതു തന്നെയാണ്.
4.സമഭാവന:-
നമ്മുടെ കര്‍മ്മ മണ്ഡലങ്ങളില്‍ സമഭാവന ആദ്യം കയ്ച്ചിട്ട് പിന്നെ മധുരിക്കുന്ന ഒരു ഗുണമാവും.തീര്‍ച്ച.
5.നിരാകരിക്കുക അല്ലെങ്കില്‍ നല്ലതു മാത്രം പങ്കു വെക്കുക.ചീത്തയെന്തെങ്കിലും പങ്കുവെച്ചാല്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുക.
6.കോണ്‍സ്പിറസി തിയറികള്‍ :-
വിശദീകരിക്കുന്നില്ല.
തനി നാട്ടിന്‍പുറത്തുകാരനായ എന്റെ വല്യപ്പന്റെ തിയറി 'ചൊല്ലിക്കൊട്,തല്ലിക്കൊട്,തള്ളിക്കള'എന്നതായിരുന്നു.
തള്ളിക്കളയുന്നതിനോട് അത്ര യോജിപ്പില്ലെങ്കിലും വലിയ വലിയ കോണ്‍സ്പിറസി തിയറികളില്‍ മനസ്സ് പുണ്ണാക്കും മുന്‍പേ പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞിരുന്നോ എന്ന് വിചിന്തനം ചെയ്താല്‍ ഒരുപാട് ഊര്‍ജ്ജം ലാഭിക്കാം.തീര്‍ച്ച.
7.നല്ലതു ചെയ്യാന്‍ ഇന്‍ഹിബിഷനുണ്ടാവാതെ ഇരിക്കുക:-
കൂട്ടത്തില്‍ കൂടുമ്പോള്‍ പലപ്പോഴും ഇഷ്ടമില്ലാത്ത തിന്‍മയാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും എന്തൊക്കെയോ ശരിയാവാനുണ്ടെന്നതിന്റെ ഇന്റിക്കേഷനാണത്.
നല്ലതെന്നു തോന്നുന്നതു ചെയ്യാന്‍ കൂട്ടത്തിനെ കാക്കുന്നതില്‍ അര്‍ത്ഥമില്ല.കൂട്ടത്തിനെ കാത്താല്‍ പല നന്‍മയും ചാപിള്ളയാവും.
8.ഏറ്റവും പ്രധാനമായത് ആശയവിനിമയമാണ്.മറ്റൊരാളോട് ആവശ്യമുള്ളത്,ആവശ്യത്തിന് സംസാരിക്കാനും അയാള്‍ക്ക് അതേ രീതിയില്‍ പ്രതികരിക്കാനും സാധിക്കുന്നെങ്കില്‍ ഇനി അവര്‍ക്കിടയില്‍ മഞ്ഞ് ഉരുകാനില്ല(ലൈഫ് ടൈം വാറന്റി അല്ല)എന്നു മനസ്സിലാക്കാം.സംസാരത്തില്‍ അനാവശ്യ ആമുഖങ്ങളും ദുരഭിമാനപ്രകടനവും
അനാവശ്യ പുകഴ്ത്തലുകളും കള്ളങ്ങളും കടന്നു വരുമ്പോള്‍ മനസ്സിലാക്കാം ബന്ധം ബാലാരിഷ്ടതകളിലേയ്ക്ക് തിരിച്ച് പോവുകയാണെന്ന്.
ഇതെല്ലാം ഒരു കണ്‍ക്ളൂഷനാണെന്നു അവകാശവാദമൊന്നുമില്ല.ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരിക തന്നെ ചെയ്യും..ചെയ്യണം..ബന്ധങ്ങളിലെ ക്വാളിറ്റി ജീവിതമാകെ പടരുകയും വേണം.
നന്ദി..(മുഴുവന്‍ വായിച്ച ആരേലുമുണ്ടേല്‍ അവര്‍ക്ക് പ്രത്യേക നന്ദി.ഇലഞ്ഞിയില്‍ എനിക്കു പറ്റുള്ള ഒരു കടയില്‍ നിന്ന് നിങ്ങള്‍ക്കൊരു ചായ വാങ്ങി കുടിക്കാവുന്നതാണ്.കാശ് ഞാന്‍ എന്നേലും കൊടുത്തോളാം🙂)