Sunday, 29 March 2020

മുന്‍വിധികള്‍

ജീവിതത്തിന്നോളം ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഒരു വിഷയമാണ് അനുഭവജ്ഞാനം അഥവാ മുന്‍വിധികളെ എങ്ങിനെ,എപ്പോള്‍ പ്രയോജനപ്പെടുത്താം എന്നത്.

അനുഭവജ്ഞാനം എന്നത് ആലങ്കാരികമായി പറഞ്ഞതല്ല.ഗവണ്‍മെന്റ് ഓഫീസ് ജോലി,കോര്‍പ്പറേറ്റ് ജോലി,കൂലിപ്പണി തുടങ്ങി എല്ലാത്തരം തൊഴിലിടങ്ങളിലും ആയിരുന്നിട്ടുണ്ട്.

സ്വതന്ത്രചിന്ത,വിദ്യാഭ്യാസം,ശാരീരികശേഷി,വാചാലത,ലക്ഷ്യബോധം,സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം,വിഭവങ്ങളെ കൈകാര്യം ചെയ്യുന്ന രീതി
 എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍(ഈ വിലയിരുത്തലുകളുടെ ധാര്‍മ്മികവശങ്ങള്‍ ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല) എല്ലാതരത്തിലും പെടുന്ന ആളുകളുമായി സഹവസിച്ചിട്ടുണ്ട്.എല്ലാ തരക്കാരുടേയും
നല്ലതും മോശവുമായ വശങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഞാനും ഗുണദോഷസമ്മിശ്ര രീതികളോടു കൂടിയ ഒരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്.

എല്ലാത്തരം സംവിധാനങ്ങളും എത്തിനോക്കിയിട്ടുണ്ട് - ക്ഷണിക്കപ്പെട്ടും ക്ഷണിപ്പിച്ചും!

സാമൂഹികമായ ഇടപെടലുകള്‍ നല്‍കുന്ന അനുഭവജ്ഞാനം മുന്‍വിധികള്‍ പോലെ ബോധമണ്ഡലത്തിലേയ്ക്ക് പലപ്പോഴും ഇടിച്ചു കയറി വരാറുമുണ്ട്.പുതുതായി പരിചയപ്പെടുന്ന ഓരോ ആളുകളുടെ സംസാരരീതിയും ശരീരഭാഷയും ഒരുപാടു മുന്‍വിധികളെ ഉണര്‍ത്താറുണ്ട്.

ബസിലോ ട്രെയിനിലോ രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവാറുള്ള  അനുഭവം ഓര്‍ക്കുന്നു.രണ്ടാമതൊരു യാത്രക്കാരന്‍/കാരി ആ സീറ്റിലിരിക്കാന്‍ വരുന്ന സീന്‍ ഊഹിക്കാനാവുന്നുണ്ടോ?വരുന്ന ആളിനായി സന്തോഷപൂര്‍വ്വം ഒതുങ്ങിക്കൊടുക്കുക എന്നതാണ് മുന്‍വിധി ഇല്ലാത്ത ഒരാള്‍ ചെയ്യേണ്ടത്.സീറ്റിന്റെ പകുതി ആവശ്യപ്പെടാതെ തന്നെ വിട്ടു കൊടുക്കുക എന്നത്.കാരണം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഒരു വിരോധവും വെച്ചു പുലര്‍ത്തേണ്ടതില്ലല്ലോ!
അപ്രകാരം ഒരു യാത്രക്കാരനോ യാത്രക്കാരിക്കോ അവരാവശ്യപ്പെടാതെ ഒതുങ്ങിക്കൊടുത്താല്‍ ആദ്യം സംശയിക്കപ്പെടുക നമ്മുടെ ലൈംഗികധാര്‍മ്മികതയാവും എന്ന് ദുഃഖത്തോടെ പറയാതിരിക്കാന്‍ വയ്യ.നമ്മുടെ നല്ല മനസ്സിന്റെ ഫലം അനുഭവിച്ച ആ ആള്‍ നമ്മുടെ പ്രവൃത്തി ഒരു ലൈംഗികചായ്വുള്ള ഉദ്ദേശ്യത്തോടുകൂടിയാണെന്ന് തെറ്റിദ്ധരിച്ച് തന്റെ പെരുമാറ്റരീതി മാറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാല്‍ അതേ ആളോട് അല്‍പ്പം പരുഷമായി ആദ്യമേ പെരുമാറിയാല്‍ പിന്നീട് അധികം അഭ്യാസങ്ങളൊന്നും ഇറക്കാന്‍ സാധ്യത ഇല്ലായിരിക്കും അല്ലേ? 

പുതിയ തൊഴിലിടങ്ങളിലും അങ്ങിനെയാണ്.തിരക്കും ഉത്തരവാദിത്വങ്ങുമില്ലാത്ത ആദ്യ ദിവസങ്ങളില്‍ നമ്മളോട് പരീക്ഷണത്തിലടിസ്ഥിതമായ സഹായാഭ്യാര്‍ത്ഥനകളുമായി പലരും വരും.'ആ ഫയലൊന്നെടുക്കാമോ?,ഇതൊന്ന് അവിടെ വെക്കാമോ?'എന്നൊക്കെ ചോദിച്ച്.നിലവില്‍
തിരക്കും ഉത്തരവാദിത്വങ്ങളും ഇല്ലാത്ത നമുക്ക് അവരെ അനുസരിക്കാം.പക്ഷേ ഇത്തരം സഹായങ്ങള്‍ നമ്മള്‍ നാലു പേരുടെ ജോലി ഒറ്റയ്ക്ക് ചെയ്യുന്ന തിരക്കിനിടയിലും തുടരേണ്ടി വന്നേക്കാം.തുടര്‍ന്നില്ലെങ്കില്‍ അവിടെ ഉരസലുകള്‍ ഉണ്ടാവും.തനി മൂരാച്ചികളേക്കാള്‍ സമൂഹം ശിക്ഷിക്കുന്നത് ശക്തമായ നിലപാടുകളെടുത്തു തുടങ്ങുന്ന മൃദുസ്വഭാവക്കാരെയാണ്.

ഭാരതത്തിന്റെ അഭിമാനമായ താജ്മഹലിനെപ്പറ്റി ആലോചിച്ചു നോക്കൂ.വെണ്ണക്കല്ലില്‍ തീര്‍ത്ത ആ സുന്ദരവസ്തുവിന്റെ സംരക്ഷണം ആരും നടത്തുന്നില്ലെങ്കില്‍ എന്താകുമായിരുന്നു
 ഇന്ന് അതിന്റെ അവസ്ഥ?! തറ നിറയെ ചപ്പു ചവറും ഭിത്തി നിറയെ 'രാജേഷ് ലൗസ് മീന' യും കാണാമായിരുന്നു എന്ന കാര്യത്തില്‍ സംശയമുണ്ടോ? 

കഴിവുകളുള്ള മനുഷ്യരും അങ്ങിനെയാണ്.ആരുടേയും സ്ഥിരം അടിമയാകാതിരുന്നാല്‍ സ്വന്തമായി ചെറിയോരു ആകാശം നമുക്കും കിട്ടും.

'പരാജയമറിയാത്ത ആളാണ് ഞാന്‍','എന്റെ ദൗര്‍ബല്യങ്ങള്‍ എനിക്കറിയില്ല','ഇത്തരം പണികളൊന്നും എനിക്കറിയില്ല' എന്നൊക്കെ നുണ  പറയുന്നവര്‍ മുന്‍വിധികള്‍ക്കെതിരെ  മുന്‍വിധിയോടെ പോരാടുന്നവരാകും.

ബാല്യം വിടുന്ന പ്രായത്തില്‍ ബന്ധുജനങ്ങളടക്കമുള്ളവരുടെ പെരുമാറ്റവും നമ്മളെ അളക്കുന്ന രീതിയിലായിരിക്കും.'ഈ പുറമൊന്നു ചൊറിഞ്ഞു തന്നേ','ആ തുണിയൊന്നു ഇസ്തിരിയിട്ടു തന്നേ' എന്നൊക്കെ ചോദിക്കുന്ന പുതിയ ബന്ധുക്കളോട് യാതൊരു മുന്‍വിധിയും കൂടാതെ നമ്മള്‍ സഹകരിച്ചാല്‍ എന്തു സംഭവിക്കും?നൂറില്‍ തൊണ്ണൂറ്റൊന്‍പതു ശതമാനവും നമ്മള്‍ മോശം കാര്യങ്ങളൊക്കെ അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന ഒരു അടിമക്കണ്ണാണെന്ന ധാരണ വളര്‍ത്തിയെടുക്കും.അതു പിന്നീടു മാറാനും പോകുന്നില്ല.എന്നും നമുക്ക് പട്ടിക്കു കൊടുക്കുന്ന കഞ്ഞിയും ആവശ്യമില്ലാത്ത അനുകമ്പയും അളിഞ്ഞ സ്നേഹവും ആരും ചെയ്യാനറക്കുന്ന ജോലികളും അവസരങ്ങളുടേയും നീതിയുടേയും നിഷേധവും ഇരുട്ടും മാറ്റിവെക്കപ്പടും!പുതിയ തലമുറയും അത് കണ്ടു പഠിച്ച് പിന്‍തുടരും!!നമ്മളിലും വെറുപ്പ് വളരും!!തോളോടു തോള്‍ നില്‍ക്കാനുള്ള പൊട്ടന്‍ഷ്യലും ചരിത്രവുമുളളവരെ അനാവശ്യമായി ചവിട്ടിത്താഴ്ത്തുന്നത് ആ റിലേഷനില്‍ ഒരുപാട് അകല്‍ച്ചയ്ക്ക് കാരണമാകും.അല്ലെങ്കിലും ജോലി ചെയ്യാനും ജീവിക്കാനും ആത്മവിശ്വാസമുള്ളവര്‍ തീര്‍ത്തും അനാവശ്യമായ അനുകമ്പയ്ക്കായി കാക്കേണ്ടതുണ്ടോ?മനുഷ്യന് മരണം വരെ
സാമൂഹിക ഇടപെടലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ല എന്ന വസ്തുതയാണ് ഈ സുഖകരമല്ലാത്ത എഴുത്തിന് പ്രചോദനമായത്.

ഒരു കരിയര്‍ നശിച്ചവരുടെ അടുത്തതും തകര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഒരു പ്രണയം പൊളിഞ്ഞവരുടെ പ്രണയമൊക്കെ വീണ്ടും പൊളിയാനുള്ള സാധ്യത വളരെ കൂടുതലാണ്.കാരണം,
താജ്മഹലുപോലെയല്ലെങ്കിലും ഒരാള്‍ ചവറ് കൊണ്ടിടുന്നിടത്ത് കൂടുതല്‍ ചവറിടാന്‍ പ്രവണതയുള്ള ഒരുപാടുണ്ട്.പരാജയവും ഹൃദയം തകരലുകളും സംഭവിച്ച ഒരാളെന്ന് അറിയാവുന്നവരെ വീണ്ടും പരാജയപ്പെടുത്തുന്നതില്‍ ലോകത്തിന് ഒരു മനഃസാക്ഷിക്കുത്തുമുണ്ടാവില്ല.

അതുകൊണ്ട് മനസ്സിലെങ്കിലും മുന്‍വിധികള്‍ ഉണ്ടാവണമെന്നു തന്നെയാണ് തോന്നുന്നത്.

 വ്യക്തിപരമായ ഒരു അനുഭവത്തിലേയ്ക്ക് നോക്കിയാല്‍ ദുബായീലെ 'നല്ല' ജോലി കളഞ്ഞിട്ടു പോന്നവന്‍ എന്ന് ഒരു സ്ത്രീയായ
ബന്ധു എന്നെ വേറൊരാള്‍ക്ക് പരമപുച്ഛത്തോടെ പരിചയപ്പെടുന്നത് കേട്ടു.നല്ല സാമ്പത്തികശേഷിയും ബുദ്ധിശക്തിയുമുള്ള ആ ബന്ധുജനം പഠിക്കേണ്ട കാലത്ത് പഠിക്കാനോ എന്നെപ്പോലെ ജീവിതത്തിന്റെ എല്ലാവശത്തുനിന്നും തിരിച്ചടികള്‍ നേരിടുന്ന;തിരിച്ചടികള്‍ക്കിടയിലും ജീവിച്ചു പോരുന്ന ഒരാളെ നിവര്‍ന്നു നിന്ന് വിമര്‍ശിക്കാനുതകുന്ന ഒരു പൊസിഷനില്‍ മടി കൊണ്ടോ ഈസി ഗോയിങ്ങ് ആറ്റിറ്റ്യൂഡു കൊണ്ടോ എത്തിച്ചേര്‍ന്നിട്ടില്ല  എന്ന്  പുച്ഛത്തോടെ ഓര്‍ക്കുന്നു.  

അനുഭവങ്ങള്‍ പറയുന്നത് ആദ്യമായി കാണുന്നവരോടും മുന്‍വിധിയോടെ പെരുമാറണമെന്നും ഒരിക്കലും പരാജയപ്പെടാത്തയാളെന്നാണ് എന്നും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കണമെന്നുമാണ്.സത്യസന്ധത ഒരു പാരയായി മാറി വെറുപ്പ് ഉളവാക്കപ്പെടുന്നത് ശരിയല്ലല്ലോ!

മറിച്ച് അഭിപ്രായമുള്ളവരുണ്ടോ? അഭിപ്രായം മാത്രം ഉണ്ടായാല്‍ പോര കെട്ടോ!ജീവിതം കൊണ്ട് കാണിച്ചു തരികയും വേണം!

Saturday, 28 March 2020

പിടിച്ചൊഴിക്കല്‍

അശ്ളീലം പറയലെന്ന് വിളിച്ച് അതിനെ തരം താഴ്ത്താമോ എന്നറിയില്ല..വെട്ടിത്തുറന്നുള്ള പ്രതികരണങ്ങള്‍ എന്ന് വിളിക്കാമെന്നു തോന്നുന്നു.എല്ലാ ഗ്രൂപ്പിലും കാണും ഇത്തരം ഒരാളെങ്കിലും.

പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റ് അത്ര ശക്തമല്ലാത്ത മിഡിലീസ്റ്റിലെ ഒരു രാജ്യത്താണ് ഈ കഥ.

അരിക്കൂണുപോലെ മുളച്ചു നില്‍ക്കുന്ന കമ്പനികളുടെ ചരക്കിടപാടുകളുടെ രേഖകളും,ഉത്പന്നങ്ങളുടെ സാമ്പിളുകളും,ഓണ്‍ലൈനില്‍ സ്റ്റാഫുകള്‍ വാങ്ങുന്ന സാധനങ്ങളുമെല്ലാം കൊണ്ടെത്തിക്കുന്നത് കൊറിയര്‍ കമ്പനിക്കാരാണ്.

ആ ex,ഈ ex,ഫെഡ്ex എന്നിങ്ങനെ ഒരു ex കമ്പനിക്കാരന്‍ ഞങ്ങളുടെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

പേരു പറയാന്‍ താത്പര്യമില്ലാത്തതിനെ X എന്നു വിളിക്കുന്ന  ആചാരത്തിന്റെ വെളിച്ചത്തില്‍ ചിന്തിച്ചാല്‍ നമുക്കയാളുടെ കമ്പനിയെ X ex എന്നു വിളിക്കാവുന്നതാണ്.

ആളു വളരെ ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരനാണ്.കഠിനാധ്വാനിയുമാണെന്ന് പ്രവര്‍ത്തനരീതി കണ്ടാല്‍ മനസ്സിലാകാവുന്നതേയുള്ളൂ.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും ഇടപെടലുകള്‍ക്കൊണ്ടും എല്ലാവരേയും കൈയ്യിലെടുത്ത ഒരാളാണെങ്കിലും ജോലിക്ക് പുറത്തേയ്ക്ക് ആ നല്ല ഇമ്പ്രഷനെ അയാള്‍ മുതലെടുത്തിട്ടില്ല..എടുത്തു പറയാന്‍ കാരണം അങ്ങിനേയും ആളുകളുണ്ട് എന്നതാണ്.സേവനം ചെയ്ത് സന്തോഷിപ്പിച്ച് ആ സന്തോഷത്തെ ചൂഷണം ചെയ്യുന്ന പലരേയും പരിചയപ്പെടാനിടയായിട്ടുണ്ട്.പറഞ്ഞുവന്നത് ഇയാള്‍ അത്തരത്തില്‍ ഒരാളല്ല.

അങ്ങിനെയൊരു ദിവസം അയാളും ജോലിക്കു പുറത്ത്,വ്യക്തിപരമായ ഒരു സഹായം ഞങ്ങളോട് ചോദിച്ചു!ആരും ചോദിച്ചു പോയേക്കാവുന്ന,തീര്‍ത്തും
മാനുഷികമായ ഒരു സഹായമാണ്.വലിച്ചു നീട്ടി വിഷയത്തെ (കൂടുതല്‍)കുളമാക്കുന്നില്ല.വെളിയിടങ്ങളില്‍ മൂത്രശങ്ക തീര്‍ക്കുന്നത് കുറ്റകരമായ ആ രാജ്യത്ത് കമ്പനി വക വാഷ് റൂം ഉപയോഗിക്കാനുള്ള അനുവാദമാണ് ടിയാന്‍ ആരാഞ്ഞത്.

"അതേയ്,നിങ്ങടെ ബാത്റൂമൊന്നു യൂസു ചെയ്യാമോ?"

"അതിനെന്താ?ചെയ്തോളൂ!"

"എവിടെയാ സംഗതി?"

"ദാ ഈ കോറിഡോറിന്റെ അങ്ങേയറ്റം"

"അയ്യോ!അവിടെയാണോ?

സാറൊണ്ടെന്ന് തോന്നുന്നല്ലോ ഇവിടെ......

പൊറത്തു കാറു കിടക്കുന്നു..

സാറിന്റെ റൂമിന്റെ മുമ്പിക്കൂടെ പോണം അല്ലിയോ.." X ex മാന്‍ നിര്‍ത്തി നിര്‍ത്തി ആലോചിച്ച് പറഞ്ഞു.അമിതസ്വാതന്ത്ര്യം എടുക്കരുതല്ലോ!

"അതൊന്നും കുഴപ്പമില്ല ബ്രോ!"

"എന്നാലും...സാറു പിടിക്കുമോ?"

"സാറു പിടിച്ചു മുള്ളിക്കത്തൊന്നുമില്ല.താന്‍ തന്നെ പിടിച്ച് മുള്ളണം.തന്റെ അവിടെ ഒക്കെ സാറാണോ...?"വെട്ടിത്തുറക്കല്‍ കൂട്ടുകാരനിടപെട്ടു.

ചിരി പടര്‍ന്നു.

Saturday, 21 March 2020

പാഠം

അനുഭവങ്ങള്‍ പാഠങ്ങളാണല്ലോ!

അനുഭവസമ്പത്തുള്ളവര്‍ക്ക് പല രീതിയില്‍ ജീവിതത്തെ പരുവപ്പെടുത്താം.ദോഷകരമെന്ന് ഉറപ്പായ കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാം;പഴയ
ശീലങ്ങള്‍ തുടരുകയുമാവാം.

ധാരാളം അനുഭവങ്ങളിലൂടെ കടന്നു പോയവരെ സമൂഹവും പല രീതിയില്‍ കാണും.ചിലര്‍ അവരെ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തവരായും മറ്റു ചിലര്‍ അവരെ പൊട്ടിത്തകര്‍ന്ന മണ്‍പാത്രമായും ഗണിച്ചേക്കാം.തീര്‍ച്ചയായും സാമൂഹികപ്രതികരണങ്ങള്‍ക്ക് വ്യക്തികളെ  സ്വാധീനിക്കാനുമാവും.

ജീവിതത്തില്‍ വ്യക്തിപരമായും സാമൂഹികമായും പാരിസ്ഥിതികമായും ഉള്ള 'നിലനില്‍പ്പ്' എന്ന ചോദനയോടു നീതി പുലര്‍ത്തുന്ന  ശൈലി രൂപപ്പെടുത്തിയെടുക്കുന്നതല്ലേ ഉചിതം.

കൊറോണ വൈറസുകളെപ്പറ്റി വെറുതെ ഒന്നു സങ്കല്‍പ്പിച്ചു നോക്കിയാലോ!

വൈറസുകള്‍ മനുഷ്യരെപ്പോലെ സങ്കീര്‍ണ്ണമായ മാനസികവ്യാപാരങ്ങളുള്ളവരായിരുന്നു എന്നിരിക്കട്ടെ!!അവരെയും പരിധി വിട്ട പിടിച്ചടക്കലുകള്‍ക്കും പോരാട്ടങ്ങള്‍ക്കും വിഭവങ്ങളുടെ ദുര്‍വ്യയത്തിനും പ്രോത്സാഹിപ്പിക്കുവാന്‍ തങ്ങളുടെ സമൂഹത്തില്‍ അംഗങ്ങളുണ്ടൊയിരുന്നെങ്കിലോ?അവയ്ക്കും പരിസ്ഥിതിയുടെ ഉടമകള്‍ തങ്ങളാണെന്നും മനഃപൂര്‍വ്വം ചെയ്യുന്ന തെറ്റുകള്‍ പോലും പൊറുത്തു തരുന്ന ദൈവം(ങ്ങള്‍) തങ്ങള്‍ക്കുണ്ടെന്നും ഉറച്ച വിശ്വാസം ഉണ്ടെങ്കിലോ?!!എന്താകും മറ്റു ജീവികളുടെ അവസ്ഥ??!!ഭയപ്പെടാനും സങ്കടം പറയാനും ദൈവമുണ്ടാകുന്നതില്‍ തെറ്റില്ല.പക്ഷേ ദുരയെ മറച്ചു വെക്കാനും ന്യായീകരണങ്ങള്‍ക്കു കൂട്ടു പിടിക്കാനും മാത്രം ദൈവത്തെ ചുമന്നു കൊണ്ടു നടന്നാല്‍ നിലനില്‍പ്പ് അസാധ്യമായിത്തീരില്ലേ?!

ചിന്തിച്ചു കൊണ്ടേയിരിക്കേണ്ട വിഷയമാണ്.