എല്ലാവരേയും കുറിച്ചല്ല!
ചിലര്‍ക്കെങ്കിലും സഹിഷ്ണുത റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ സ്ഥിരം സാഹചര്യങ്ങളില്‍ നിന്ന്-മിക്കവാറും വീടുകളില്‍ നിന്ന്-ഒന്നു മാറി നില്‍ക്കേണ്ടി വരും.
വിദേശത്തെ ജോലിയൊക്കെ കഴിഞ്ഞു വരുമ്പോഴാണ് ഇത് ശരിക്കും അനുഭവപ്പെടാറ്.
വര്‍ഷങ്ങളുടെ കഷ്ടപ്പാടു നിറഞ്ഞ ജോലിക്കും അതിലേറെ കഷ്ടപ്പാടു നിറഞ്ഞ ലീവ് അപ്രൂവലിനും ശേഷം തിരിച്ചു ചെല്ലാനൊരു കാരണം ഉണ്ടാക്കാനെന്നോണം വിദേശവാസികള്‍ക്കു ചുറ്റുമുള്ള സാഹചര്യങ്ങള്‍ പെട്ടെന്ന് വളരെ ഊഷ്മളമാവും...എല്ലാവര്‍ക്കും വല്ലാത്തൊരു സ്നേഹം!ആ സ്നേഹവും വേദനാനിര്‍ഭരമായി മാറിക്കഴിഞ്ഞ യാത്രയയപ്പും കുറേയേറെ സഹിഷ്ണുത നിറക്കും!!
എല്ലാവരോടും;എല്ലാത്തിനോടും വല്ലാത്തൊരു സ്നേഹം തോന്നും..ഓടിച്ചിട്ട് കുത്തിക്കൊല്ലുമായിരുന്ന മൂട്ടയോടു പോലും!
നാട്ടിലെ വിമാനത്താവളത്തിലിറങ്ങുന്നതിനു മുന്‍പ് ആകാശത്തുവെച്ച് കസ്റ്റംസ് വക കുറെ ഊള ചോദ്യങ്ങളടങ്ങുന്ന കൊസ്റ്റ്യനെയര്‍ ഇല്ലാത്ത പേന കണ്ടുപിടിച്ച് പൂരിപ്പിക്കണം.എമിഗ്രേഷനലിരിക്കുന്ന ഏമാന്റെ ഊച്ചിക്കെറുവ് കാണണം.ലഗേജിന് ഗുസ്തി പിടിക്കണം.എല്ലാത്തിനോടും വല്ലാത്ത സഹിഷ്ണുത...നമ്മുടെ നാടല്ലേ!
പുറത്തേക്കിറങ്ങിയാല്‍ ലൈഫ് ടൈം വാലിഡിറ്റിയുണ്ടെന്ന് ധരിച്ചിരുന്ന സിം വര്‍ക്കാവുന്നില്ല.വിദേശനാണയം വിനിമയം ചെയ്തപ്പോള്‍ വാര്‍ത്തയില്‍ കണ്ട നിരക്കു കിട്ടിയില്ല.ട്രോളി ബാഗിന്റെ ടയര്‍ പ്രവര്‍ത്തിക്കുന്നില്ല.വരാമെന്നു പറഞ്ഞവരെ കാണാനില്ല.കണ്ടു കഴിഞ്ഞപ്പോള്‍ വണ്ടി അടുത്തല്ല.പാര്‍ക്കിങ്ങ് ഫീ കൊടുക്കാന്‍ ചില്ലറയില്ല.ചായ കുടിക്കാന്‍ മനസ്സില്‍ വിചാരിച്ച ഹോട്ടല്‍ തുറന്നിട്ടില്ല.വഴി നീളെ ഗട്ടറുകള്‍.വിന്‍ഡോ തുറന്നപ്പോള്‍ മോശമല്ലാത്ത ദുര്‍ഗന്ധം..ഒന്നും സാരമില്ല.സഹിഷ്ണുത ഇനിയും ഒരുപാട് ബാക്കിയുണ്ടല്ലോ!
വീട്ടില്‍ ചെന്നപ്പോള്‍ ഫാന്‍ കേട്.സ്നേഹം പ്രകടിപ്പിക്കും മുന്‍പേ കൊണ്ടുവന്ന സാധനങ്ങളുടെ കണക്കന്വേഷിച്ച പൊണ്ടാട്ടി.ദേഹത്തും പെട്ടിയിലും അളിഞ്ഞ് കയറി അഴുക്കു പറ്റിച്ച് കുട്ടികള്‍.സഹിഷ്ണുത അങ്ങിനെ തീര്‍ന്നു കൊണ്ടിരിക്കുകയാണ്.
പിന്നെ ബന്ധുക്കള്‍,പിരിവുകാര്‍,കരിയറും എത്തിക്സും
സമ്പാദ്യവും കഠിനാധ്വാനവും വിഷയമാക്കി
താത്വികമായ തര്‍ക്കത്തിനു വരുന്ന മൊശകോടന്‍മാര്,വിലക്കയറ്റത്തിന്റെ പ്രവാചകന്‍മാര്,ഒരു അവധിയുമെടുക്കാത്ത
രാഷ്ട്രീയമതസാമൂഹികകുടുംബപ്രശ്നങ്ങള്‍..സഹിഷ്ണുത ഏതാണ്ട് തീര്‍ന്നു.
റീച്ചാര്‍ജ് ചെയ്യാന്‍ തിരിച്ച് പോവണ്ടേ?
No comments:
Post a Comment