Friday, 21 February 2020

സഹിഷ്ണുത റീച്ചാര്‍ജ്

എല്ലാവരേയും കുറിച്ചല്ല!

ചിലര്‍ക്കെങ്കിലും സഹിഷ്ണുത റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ സ്ഥിരം സാഹചര്യങ്ങളില്‍ നിന്ന്-മിക്കവാറും വീടുകളില്‍ നിന്ന്-ഒന്നു മാറി നില്‍ക്കേണ്ടി വരും.

വിദേശത്തെ ജോലിയൊക്കെ കഴിഞ്ഞു വരുമ്പോഴാണ് ഇത് ശരിക്കും അനുഭവപ്പെടാറ്.

വര്‍ഷങ്ങളുടെ കഷ്ടപ്പാടു നിറഞ്ഞ ജോലിക്കും അതിലേറെ കഷ്ടപ്പാടു നിറഞ്ഞ ലീവ് അപ്രൂവലിനും ശേഷം തിരിച്ചു ചെല്ലാനൊരു കാരണം ഉണ്ടാക്കാനെന്നോണം വിദേശവാസികള്‍ക്കു  ചുറ്റുമുള്ള സാഹചര്യങ്ങള്‍ പെട്ടെന്ന് വളരെ ഊഷ്മളമാവും...എല്ലാവര്‍ക്കും വല്ലാത്തൊരു സ്നേഹം!ആ സ്നേഹവും വേദനാനിര്‍ഭരമായി മാറിക്കഴിഞ്ഞ യാത്രയയപ്പും കുറേയേറെ സഹിഷ്ണുത നിറക്കും!!

എല്ലാവരോടും;എല്ലാത്തിനോടും വല്ലാത്തൊരു സ്നേഹം തോന്നും..ഓടിച്ചിട്ട് കുത്തിക്കൊല്ലുമായിരുന്ന മൂട്ടയോടു പോലും! 

നാട്ടിലെ വിമാനത്താവളത്തിലിറങ്ങുന്നതിനു മുന്‍പ് ആകാശത്തുവെച്ച് കസ്റ്റംസ് വക കുറെ ഊള ചോദ്യങ്ങളടങ്ങുന്ന  കൊസ്റ്റ്യനെയര്‍ ഇല്ലാത്ത പേന കണ്ടുപിടിച്ച് പൂരിപ്പിക്കണം.എമിഗ്രേഷനലിരിക്കുന്ന ഏമാന്റെ ഊച്ചിക്കെറുവ് കാണണം.ലഗേജിന് ഗുസ്തി പിടിക്കണം.എല്ലാത്തിനോടും വല്ലാത്ത സഹിഷ്ണുത...നമ്മുടെ നാടല്ലേ!

പുറത്തേക്കിറങ്ങിയാല്‍ ലൈഫ് ടൈം വാലിഡിറ്റിയുണ്ടെന്ന് ധരിച്ചിരുന്ന സിം വര്‍ക്കാവുന്നില്ല.വിദേശനാണയം വിനിമയം ചെയ്തപ്പോള്‍ വാര്‍ത്തയില്‍ കണ്ട നിരക്കു കിട്ടിയില്ല.ട്രോളി ബാഗിന്റെ ടയര്‍ പ്രവര്‍ത്തിക്കുന്നില്ല.വരാമെന്നു പറഞ്ഞവരെ കാണാനില്ല.കണ്ടു കഴിഞ്ഞപ്പോള്‍ വണ്ടി അടുത്തല്ല.പാര്‍ക്കിങ്ങ് ഫീ കൊടുക്കാന്‍ ചില്ലറയില്ല.ചായ കുടിക്കാന്‍ മനസ്സില്‍ വിചാരിച്ച ഹോട്ടല്‍ തുറന്നിട്ടില്ല.വഴി നീളെ ഗട്ടറുകള്‍.വിന്‍ഡോ തുറന്നപ്പോള്‍ മോശമല്ലാത്ത ദുര്‍ഗന്ധം..ഒന്നും സാരമില്ല.സഹിഷ്ണുത ഇനിയും ഒരുപാട് ബാക്കിയുണ്ടല്ലോ!

വീട്ടില്‍ ചെന്നപ്പോള്‍ ഫാന്‍ കേട്.സ്നേഹം പ്രകടിപ്പിക്കും മുന്‍പേ കൊണ്ടുവന്ന സാധനങ്ങളുടെ കണക്കന്വേഷിച്ച പൊണ്ടാട്ടി.ദേഹത്തും പെട്ടിയിലും അളിഞ്ഞ് കയറി അഴുക്കു പറ്റിച്ച് കുട്ടികള്‍.സഹിഷ്ണുത അങ്ങിനെ തീര്‍ന്നു കൊണ്ടിരിക്കുകയാണ്.

പിന്നെ ബന്ധുക്കള്‍,പിരിവുകാര്‍,കരിയറും എത്തിക്സും
സമ്പാദ്യവും കഠിനാധ്വാനവും വിഷയമാക്കി
താത്വികമായ തര്‍ക്കത്തിനു വരുന്ന മൊശകോടന്‍മാര്,‍വിലക്കയറ്റത്തിന്റെ പ്രവാചകന്‍മാര്,‍ഒരു അവധിയുമെടുക്കാത്ത
രാഷ്ട്രീയമതസാമൂഹികകുടുംബപ്രശ്നങ്ങള്‍..സഹിഷ്ണുത ഏതാണ്ട് തീര്‍ന്നു.  

റീച്ചാര്‍ജ് ചെയ്യാന്‍ തിരിച്ച് പോവണ്ടേ?  

Saturday, 1 February 2020

പൈലറ്റ് ചേച്ചി

ഒരിക്കലൊരു വനിതാ പൈലറ്റ് നിയന്ത്രിച്ച വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വന്നു.

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി ഇരിക്കുകയാണ് ഞാന്‍.സമയം കടന്നു പോയി.ടേക്കോഫിന് സമയമായി.പൈലറ്റ് എത്തിയിട്ടില്ല.അന്വേഷിച്ചപ്പോള്‍ ഒരു കാബിന്‍ ക്രൂ പറഞ്ഞു പൈലറ്റിന്റെ മേക്കപ്പ് കഴിഞ്ഞിട്ടില്ലെന്ന്.

അങ്ങനെ ഇരുപതു മിനുട്ടു ലേറ്റായി പൈലറ്റ് ചേച്ചി ചമ്മിയ ചിരിയോടെ വന്നു കയറി.

മുഖത്തെ പൗഡറും ചായവും വല്ലതും കൂടുതലുണ്ടോ എന്ന് കാബിന്‍ ക്രൂ വിനോട് ആരാഞ്ഞു.

എന്തോ എടുക്കാന്‍ മറന്നുവെന്നു പിറുപിറുത്ത് തിരിച്ച് പോവാനിറങ്ങി.

പിന്നെ വേറൊന്തോ ആലോചിച്ച് തിരിച്ചുപോവല്‍ റദ്ദാക്കി.

കോക്പിറ്റില്‍ കയറി വാതിലടച്ചപ്പോള്‍ രണ്ടു മുഴം ഉടയാട വാതിലിനിടയിലൂടെ പുറത്തേയ്ക്ക് കിടന്നു.

ഫ്ളൈറ്റ് പൊങ്ങി.

പോയവഴിയില്‍ എതിരെ വരുന്ന ഫ്ളൈറ്റുകാരോടെല്ലാം സംസാരിച്ചു സമയം കളഞ്ഞു.

അങ്ങിനെ രണ്ടര മണിക്കൂര്‍ താമസിച്ച് വിമാനം ലക്ഷ്യസ്ഥാനത്തിറങ്ങി.

നിലത്തിറങ്ങിയിട്ടും വാതിലു തുറക്കാന്‍ ചേച്ചി മറന്നു.

മുകളില്‍ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ല.യാത്ര വളരെ സാധാരണ രീതിയില്‍ തന്നെ സുഖകരമായിരുന്നു. 

പിന്നെ എന്തിനീ നുണക്കഥ എഴുതിപ്പിടിപ്പിച്ചു എന്നു ചോദിച്ചാല്‍;സ്ത്രീസമത്വം എന്ന ആശയം ഒരുപാട് കേട്ടതിനാലാണ്.

ലോകജനതയുടെ സിംഹഭാഗത്തെയും ചലിപ്പിക്കുന്ന മതവിശ്വാസങ്ങളിലും സ്ത്രീ പൊതുസഭയില്‍ സംസാരിക്കരുത്,അനുസരണത്തില്‍ വിട്ടുവീഴ്ചയരുത് എന്നൊക്കെ ഒരുപാട് പ്രബോധനങ്ങളുണ്ട്.

ഇത്തരമൊരു വിവേചനത്തിന് ദൈവം,പുണ്യം,മോക്ഷം എന്നിവയൊക്കെയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ല എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

നമുക്കറിയാവുന്നതുപോലെ മനുഷ്യന്‍ സാമൂഹ്യജീവിയാണ്.ചെറിയതും വലിയതുമായ ഗ്രൂപ്പുകളായി തിരിഞ്ഞാണ് നമ്മുടെ സാമൂഹികജീവിതം.ചെറിയ ഗ്രൂപ്പിന് കുടുംബവും വലിയ ഗ്രൂപ്പിന് രാഷ്ട്രവും ഉദാഹരണങ്ങളാണ്.

സ്കൗട്ടാന്റ് ഗൈഡ്,എന്‍.സി.സി.,കോര്‍പ്പറേറ്റു ജോലികള്‍ ഇത്തരം വ്യക്തമായ ചട്ടക്കൂടുകളുള്ള പല ഗ്രൂപ്പുകളിലുമായിരുന്ന അനുഭവം പഠിപ്പിച്ചത് ഗ്രൂപ്പിന് അവസാനവാക്കു പറയുന്ന ഒരു നേതാവ് വേണം എന്നു തന്നെയാണ്.'പലരു കൂടിയാല്‍ പാമ്പും ചാവില്ല','too many cooks spoil the broth'ഇത്യാതി ബനാന ടോക്കുകളില്‍ പതിരില്ല.

ഇത്തരത്തില്‍,സാമൂഹികജീവിതത്തെ  സ്മൂത്താക്കാനുള്ള നിയമങ്ങളാണ് മതവും ആചാരങ്ങളും സംസ്കാരവുമൊക്കെ ഉദ്ബോധിപ്പിക്കുന്നത്.അത് പുണ്യപാപ ബന്ധിതമൊന്നുമല്ല.നിയമം കൊണ്ടും വിവേചനം കൊണ്ടും സാമൂഹികജീവതം സ്മൂത്തായോ എന്നത് നമുക്ക് ചുറ്റും നോക്കി സ്വയം വിലയിരുത്താവുന്നതാണ്.

സ്ത്രീകള്‍ക്ക് നേതൃനിരയിലേയ്ക്ക് ഉയര്‍ന്നു വരാന്‍ സാധിക്കുമോ/താരതമ്യേന കൂടിയ ശാരീരികക്ഷമത പുരുഷന്‍മാരെ നേതൃത്വത്തിന് പാകപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് ഞാന്‍ പറയാനാഗ്രഹിച്ച വിഷയം.

സ്ത്രീകളോട് ഗൗരവതരമായ പല സംവാദങ്ങളിലും ഏര്‍പ്പെടുമ്പോള്‍ അവര്‍ തന്നെ പറഞ്ഞ് ഒഴിവാകുന്ന ഒരു ന്യായമാണ് 'ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങിനെ പലതും പറയും' (അതൊന്നും കാര്യമാക്കണ്ട) എന്ന്. 
നേതൃത്വ അവസരങ്ങള്‍ക്ക് ഈ മനോഭാവം തടസ്സമുണ്ടാക്കില്ലേ?

ഏതു ഗ്രൂപ്പിന്റേയും വക്താവ് തന്റെ പ്രസ്താവനകളും അതിലെന്തെങ്കിലും തിരുത്തലുകളുണ്ടെങ്കില്‍ അതും കുറേക്കൂടി യുക്തിഭദ്രമായി ചെയ്യേണ്ടതല്ലേ?

ഇത്തരം ചാഞ്ചാട്ടങ്ങള്‍ക്കുള്ള വലിയോരു ന്യായീകരണമാണ് മാതൃത്വം.ഒരു സ്ത്രീയ്ക്ക് തന്റെ കുട്ടികളോട് അവരുടെ പ്രത്യേക പ്രായത്തില്‍ ഡിപ്ളോമാറ്റിക്കായി മാത്രമേ സംസാരിക്കാനാവൂ.പുരുഷന്റെ അവസ്ഥയും ഇതു തന്നെയാണ് - കുട്ടികളോട് പെട്ടെന്ന് ദേഷ്യപ്പെടുകയും പെട്ടെന്ന് ഇണങ്ങുകയും ഒക്കെ വേണം.സ്ത്രീ ശാരീരികമായി കുട്ടികളോട് കുറേക്കൂടി അറ്റാച്ച്ഡ് ആയതിനാല്‍ അവര്‍ക്കാവും ഈ ഡിപ്ളോമസി കൂടുതല്‍ പയറ്റേണ്ടി വരിക.

ഇത്തരം ചാഞ്ചാട്ടങ്ങള്‍ ജീവിതത്തിലുടനീളം കൊണ്ടു നടക്കണമെന്ന് വിശ്വസിപ്പിക്കാന്‍ പലതുമുണ്ടാവും..പലരുമുണ്ടാവും. കാരണം മാതൃഭാവം എല്ലാവര്‍ക്കുമിഷ്ടമുള്ള ഒന്നാണല്ലോ!മാര്‍ക്കറ്റിങ്ങില്‍ ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലുടമയ്ക്കും,സൂപ്പര്‍വൈസര്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും,കസ്ററമേഴ്സിനുമെല്ലാം എന്നോടൊരു മാതൃഭാവം - തെറ്റുകളൊക്കെ ക്ഷമിച്ച്,നല്ലതു മാത്രം പങ്കുവെച്ച് - ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാനെത്ര കൊതിച്ചിരുന്നു.

ഇത്തരം അടിച്ചേല്‍പ്പിക്കപ്പെടുന്ന തത്വങ്ങളുടെയെല്ലാം പിറകില്‍ അജ്ഞതയോ സ്വാര്‍ത്ഥതാത്പര്യങ്ങളോ മാത്രമാണുള്ളത്.. 

ശരീരശേഷിക്കൂടുതല്‍ കൊണ്ടു മാത്രം ഒരാള്‍ നല്ല ഡിസിഷന്‍ മേക്കറോ നേതൃത്വഗുണമുള്ളവനോ ആകണമെന്നില്ല എന്നതാണ് നിരീക്ഷണം.നേതൃനിരയിലേയ്ക്ക് വരാന്‍ പുരുഷനെ മിക്കപ്പോഴും പ്രാപ്തനാക്കുന്നത് അവനു കിട്ടിയ അവസരങ്ങളാണ്.

കഥപോലെ പറഞ്ഞാല്‍; ഒരു അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം പോലൊരു നടപടിയിലൂടെ സ്ത്രീപുരുഷ വിവേചനം സര്‍ക്കാര്‍ കര്‍ശനമായി വിലക്കുന്നു.വിളഞ്ഞു നില്‍ക്കുന്ന തേങ്ങകളുളള തെങ്ങില്‍ പറമ്പിന്റെ ഉടമസ്ഥരുടെ വീട്ടിലെ ചേച്ചി സ്ഥിരമായി അവരുടെ തെങ്ങില്‍ കയറുന്ന ആളുടെ വീട്ടിലെത്തുകയാണ്.പുതിയ അവസരം പരീക്ഷിക്കാന്‍ സ്ഥിരം തെങ്ങുകയറുന്ന ഭര്‍ത്താവിനെ വീട്ടിലിരുത്തി അവിടുത്തെ ചേച്ചിയാണ് കൂടെയിറങ്ങിപ്പോകുന്നത്.മരം കയറി യാതൊരു പരിചയവുമില്ലാത്ത ചേച്ചിമാര്‍ തെങ്ങിന്‍ ചുവട്ടില്‍ തളര്‍ന്നിരുന്നു. ഇത് സ്ത്രീ അബലയായതുകൊണ്ടല്ല;പരിചയസമ്പത്ത്/അവസരങ്ങള്‍ തേടാനോ സൃഷ്ടിക്കാനോ കഴിയാതെ പോയതുകൊണ്ടാണ്.

കായബലം കൂടുതലുള്ളവരുടേതാണ് ലോകം എന്നു നമുക്ക് ഇപ്പോഴും തോന്നുന്നുണ്ടെങ്കില്‍ മംഗ്ളോയിഡ് മനുഷ്യരെ നോക്കൂ.ചൈനമെന്‍ എന്നു യൂറോപ്യന്‍സ് പരിഹസിക്കുന്നവര്‍.മനുഷ്യന് സാധിക്കാവുന്ന എല്ലാത്തരം പ്രകടനങ്ങളും ആ ജനവിഭാഗം  ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വഭാവികമായ മസില്‍ മാസ് കൊണ്ടല്ല;അച്ചടക്കവും സ്ഥിരോത്സാഹവും കലര്‍ന്ന തപസ്സു പോലുള്ള ജീവിതശൈലികൊണ്ടാണ്.കായികപരിശീലനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഭൂരിഭാഗം മംഗ്ളോയിഡ് വംശജരും.ശരീരത്തിന്റെ ഫ്ളെക്സിബിലിറ്റിയിലും മനസ്സിന്റെ ഏകാഗ്രതയിലും ഉള്ള അപാരസാധ്യതകള്‍ അവര്‍ക്ക് കണ്ടെത്താനാവുന്നുണ്ട്.

സ്ത്രീസമത്വം ഒരു യഥാര്‍ത്ഥ (റിയല്‍/ആക്ച്വല്‍) ആവശ്യമാണെങ്കില്‍ അതിനെ ഒരു തപസ്സുപോലെ അനുഷ്ഠിക്കേണ്ടതാണ് എന്നാണ് എഴുതിക്കൂട്ടിയതിനെ സംഗ്രഹിച്ചപ്പോള്‍ കിട്ടിയത്.