മിനിറ്റില്‍ എഴുപത്തിരണ്ടു പ്രാവശ്യം ചിരിക്കും;ചിരിക്കുമ്പോഴെല്ലാം മേല്‍ച്ചുണ്ടുകള്‍ ഒരുപാടങ്ങു മുകളിലേയ്ക്ക് കയറി കയറി റോസ് നിറമുള്ള മോണകള്‍ കാണിക്കുകയും ചെയ്യും നൂറ.
തക്കാളിച്ചട്ട്ണി കഴിച്ചിട്ട് വാ കഴുകാത്തതിനാല്‍ തക്കാളിപ്പഴത്തിന്റെ തൊലി മോണയില്‍ ഒട്ടിയിരിക്കുന്നതിനാലല്ല റോസ് നിറം.അത് ജന്മസിദ്ധമാണ്.തട്ടത്തിനു വെളിയില്‍ അഞ്ചാറു മുടിയിഴകള്‍ മുഖത്തിനു സീറ്റുബെല്‍റ്റിട്ടതുമാതിരി ചരിച്ച് വളച്ച് വെച്ചിട്ടുണ്ട്.
ചെക്കുകള്‍ ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്ലിപ്പുകളില്‍ സീല്‍ ചെയ്തു തിരിച്ചു തരുന്നത് പ്രത്യേക രീതിയിലാണ്.കൊച്ചുകുട്ടികള്‍ എടുത്ത് ഒക്കത്തിരുത്താന്‍ ആവശ്യപ്പെടുന്ന രീതിയില്‍ കൈ നീട്ടാറില്ലേ..അതുപോലെ!!
"വള്ളാ,ടൂ മെനി ചെക്ക്സ്.ഐ ആം ടയേഡ്"ചെക്കുകള്‍ നാലഞ്ചെണ്ണത്തിലധികമുണ്ടെങ്കില്‍ തളര്‍ന്ന് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റുന്ന ആക്ഷനൊക്കെ കാട്ടും.എന്ത് രസമാണ്!!
ആകര്‍ഷണീയത കൂട്ടാന്‍ വല്ലാതെ ഒരുങ്ങുന്നതിനോട് ആദ്യമൊക്കെ എന്തോ ഒരു വൈക്ളബ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എനിക്കും വസ്ത്രധാരണത്തിലൊക്കെ ശ്രദ്ധ വന്നു തുടങ്ങിയപോലെ.
ഒരു അംഗീകാരം,ഒരു പുഞ്ചിരി ഇതൊക്കെ ആരാണ് കൊതിക്കാത്തത്.
അല്ലെങ്കിലും എന്റെ മനോഭാവഘടികാരം അരമണിക്കൂര്‍ പിറകോട്ടാണ്.
എമറാത്തിയായ അവരുടെ പല്‍പ്പൊടിയുടെ വില എനിക്കില്ല.എന്നാലും നൂറയുടെ ചിരികളികള്‍ കാണാമല്ലോ.
പിന്നീടെപ്പൊഴൊക്കെയോ വായിച്ചു 'നൂര്‍' എന്നാല്‍ വെളിച്ചം എന്നാണെന്നും കാണാനിഷ്ടപ്പെടുന്ന ഒരാള്‍ അടുത്തുണ്ടെങ്കില്‍ നമ്മുടെ കണ്ണുകള്‍ ഉത്തേജിച്ച് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്തു തുടങ്ങുമെന്നുമൊക്കെ.ശരിയാണ് നൂറ...പേര് പറയുമ്പോള്‍ തന്നെ വെളിച്ചം പരന്നപോലെ.
No comments:
Post a Comment