Saturday, 17 August 2019

ചാക്കോ - ചക്കക്കുരുപുരാണം

ചാക്കോയല്ല..ചാക്കോഞ്ചേട്ടന്‍.'ഞ്ച' കൂട്ടിയേ ഇവിടെ മലയാളഭാഷയുടെ പിതാമഹന്‍ പോലും അങ്ങേരെ വിളിക്കാറുള്ളൂ.

കുപ്രസിദ്ധമാണ് ചാക്കോഞ്ചേട്ടന്റെ ചക്കക്കുരുപ്രേമം.

ചക്കക്കുരു ഏതെങ്കിലും രൂപത്തില്‍ കൂടെയില്ലാതെ അദ്ദേഹത്തിനു ശ്വാസം പോലും തൊണ്ടയില്‍ നിന്ന് കീഴ്പ്പോട്ടിറങ്ങാന്‍ മടിയാണ്-തോരന്‍,പെരളന്‍,ചെമ്മീനിട്ടത്,ഇരുമ്പന്‍ പുളിയിട്ടത്,ചുട്ട് തേങ്ങയും ചക്കരയും ചേര്‍ത്തത്-അങ്ങിനെയെത്ര രൂപങ്ങളില്‍ ചക്കക്കുരു;എത്ര ഭാവങ്ങളില്‍.

മോള്‍ടെ കല്ല്യാണത്തിനു ചക്കക്കുരു ബിരിയാണിയോ ഫ്രൈഡ്റൈസും ചില്ലി ചക്കക്കുരുവും കോമ്പോയോ മറ്റോ ആക്കുന്നതിനെപ്പറ്റി അദ്ദേഹം കൂലങ്കഷമായി ചിന്തിച്ചിരുന്നുവെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ചക്കക്കുരുവിന്റെ മണമുള്ള സെന്റോ പെര്‍ഫ്യൂമോ കിട്ടുമോയെന്നൊക്കെ ദുബായിക്കാരോടും അന്വേഷിച്ചിട്ടുണ്ട്;എങ്ങാനുമൊരുനേരം കറിയില്ലെങ്കിലും മണംകൂട്ടി അഡ്ജസ്റ്റു ചെയ്യാമല്ലോ!

ചേടത്തിയ്ക്കാണെങ്കില്‍ ഇപ്പോ കണ്ണടച്ചുകൊണ്ട് വേണമെങ്കിലും ചക്കക്കുരു ചുരണ്ടി കറി വെക്കാനാവുമത്രെ.

അങ്ങിനെ അങ്ങിനെ നീണ്ട ചക്കക്കുരു സംവത്സരങ്ങള്‍ക്കിടയിലൊരു ദിവസം ചാക്കോഞ്ചേട്ടന്‍ മുന്‍പ് പറഞ്ഞ മകളെ കെട്ടിച്ചയച്ച വീട്ടില്‍ കുറച്ചധികം ചക്കക്കുരു ശേഖരിക്കുക എന്ന മുഖ്യഉദ്ദേശ്യവും മകളുടെ കുടുംബത്തെ സന്ദര്‍ശിക്കുക എന്ന ചിന്ന ഉദ്ദേശ്യവുമായി ചെന്നു കയറി.

മകളുടെ കുടുംബം അപ്പന്റെ വീക്ക്നെസ് കണ്ടറിഞ്ഞ് ആവശ്യത്തിന് ചക്കക്കുരു സമ്മാനിക്കാനൊരുങ്ങി.

അപ്പോഴാണ് പ്രശ്നം തലപൊക്കിയത്.കുരു ഇട്ടുകൊണ്ടു പോവാന്‍ കൂട് ഇല്ല!!മറ്റു വാക്കുകളില്‍, തുണിവാങ്ങിയ ഭംഗിയുള്ള കൂടുകള്‍ അലമാരയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്കൊപ്പവും കിറ്റെക്സ് ലുങ്കി വാങ്ങിയ കൂട് എസ്.എസ്.എല്‍.സി.ബുക്കുകളും റേഷന്‍കാര്‍ഡുമൊക്കെ പൊതിഞ്ഞ അവസ്ഥയിലും മീന്‍ വാങ്ങിയ കൂടുകള്‍ പൂച്ചയുടെ കസ്റ്റഡിയിലും അങ്ങിനെ ചക്കക്കുരുവിനോട് ഇണങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ചില കുശുകുശുപ്പുകള്‍ക്കൊടുവില്‍ അടുക്കളപ്പുറത്തെ തെങ്ങിന്‍ ചോട്ടില്‍ പാതി മണ്ണില്‍ പൂണ്ടു കിടന്നിരുന്ന പോളിത്തീന്‍ കവറുകള്‍ രണ്ടെണ്ണം റെഡിയായി.

അടുത്ത തവണ വരുമ്പോള്‍ അതേ കൂടുകള്‍ തിരിച്ചെത്തിക്കണേയെന്ന അപേക്ഷയോടെ ചാക്കോഞ്ചേട്ടന് കുരു കൈമാറ്റം ചെയ്യപ്പെട്ടു.

അപ്പോഴേയ്ക്കും വീടിനരികിലേയ്ക്കുള്ള ബസ്സും വന്നു....പറപറക്കുന്ന,പാട്ടും മഞ്ഞനീലപച്ച ബള്‍ബുകളുമുള്ള ബസ്.

ബസ്സങ്ങിനെ പറപറക്കുന്നതിനിടെ പെട്ടെന്ന് അയ്മൂട്ടി ഗള്‍ഫീന്ന് കൊണ്ടുന്ന കാല്‍സൈക്കിളുമായി കുഞ്ഞന്‍ മുന്‍പില്‍ ചാടുന്നു...

സഡന്‍ ബ്രേക്ക് അപ്ളൈ ചെയ്യപ്പെടുന്നു...

ചക്രം കരിയുന്ന മണം വരുന്നു...

അമിതാത്മവിശ്വാസത്തില്‍ കൈപിടിക്കാതിരുന്ന ഒരുപാടുപേരുടെ മൂക്കിന്റെ പാമ്പന്‍ പാലം മുന്നിലെ സീറ്റിന്റെ കമ്പിയിലിടിച്ച് വിള്ളലുണ്ടാക്കപ്പെടുന്നു....

ചാക്കോഞ്ചേട്ടന്‍ സേഫാണ്.കൈകള്‍ രണ്ടും കമ്പിയില്‍ പിടിക്കുന്ന വിവേകമുള്ള ഒരു പൗരനാണല്ലോ അദ്ദേഹം!ദൈവകൃയാല്‍ ചക്കക്കുരുവും സേഫ്.

മൂക്കില്‍ നിന്നും രക്തമൊലിക്കുന്നവരുടെ പരാതി പരിഗണിച്ച് വണ്ടി പോകുംവഴിയുള്ള ആശുപത്രിയില്‍ നിര്‍ത്താന്‍ തീരുമാനമായി.

ആശുപത്രിയില്‍ ഇറങ്ങുന്ന രക്തവാഹികളുടെ തിക്കിലും തിരക്കിലുംപെട്ട് ചാക്കോഞ്ചേട്ടനും ചക്കക്കുരു കൂടുമായി റോഡിലേയ്ക്കിറങ്ങേണ്ടതായി വന്നു.

വെയിലും മഴയും കൊണ്ട് തെങ്ങിന്‍ തടത്തില്‍ കിടന്ന പോളിത്തീന്‍ കൂടല്ലേ!?ആരോ ചെറുതായി തട്ടിയപ്പോള്‍ അവ കീറി വിലപ്പെട്ട ചക്കക്കുരു സമ്പത്തു മുഴുവന്‍ ഇതാ താഴെ ധരണിയില്‍ ടാറിട്ട റോഡിനുമേല്‍.

ഒന്നും നോക്കാതെ ഉടുമുണ്ടിന്റെ മടക്കിലേയ്ക്ക് ചക്കക്കുരു വാരിയിടാന്‍ റോഡില്‍ കുത്തിയിരുന്ന ചാക്കോഞ്ചേട്ടനെ "ഇവിടോരോരുത്തര് മൂക്ക് ചതഞ്ഞ് സ്വര്‍ഗ്ഗം കണ്ടു നിക്കുമ്പഴാണ് അതിയാന്റെയൊരു ചക്കക്കുരു!"എന്ന അഭിപ്രായപ്രകടനത്തോടെ ഒരു അസഹിഷ്ണു ചവിട്ടി മറിച്ചിട്ടു എന്നും  ചാക്കോഞ്ചേട്ടനും
മുഖമടിച്ചുവീണു മൂക്കില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ സഹയാത്രികരെപ്പോലെ
കിട്ടി എന്നതുമാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

സംഭവത്തിന്റെ താത്വികമായ അവലോകനത്തിനിടയില്‍ നാട്ടിലെ ബുദ്ധിജീവികള്‍ പറഞ്ഞു'നമ്മടെ കുഞ്ഞുമക്കളെ നോക്ക്.അവരെ ആരും പഠിപ്പിക്കാതെ വിശന്നാല്‍ കരയുന്നില്ലേ?ആഹാരത്തോടുള്ള ആഗ്രഹം മനുഷ്യന് സഹജമാണ്.ചാക്കോഞ്ചേട്ടന്റെ മൂട്ടില്‍ ചവിട്ടി മറിച്ചിട്ട് മൂക്ക് ചതച്ചത് അല്‍പ്പം കാടത്തമായിപ്പോയി'.ശരിയാണ്!!

Friday, 2 August 2019

നൂറ

മിനിറ്റില്‍ എഴുപത്തിരണ്ടു പ്രാവശ്യം ചിരിക്കും;ചിരിക്കുമ്പോഴെല്ലാം മേല്‍ച്ചുണ്ടുകള്‍ ഒരുപാടങ്ങു മുകളിലേയ്ക്ക് കയറി കയറി റോസ് നിറമുള്ള മോണകള്‍ കാണിക്കുകയും ചെയ്യും നൂറ.

തക്കാളിച്ചട്ട്ണി കഴിച്ചിട്ട് വാ കഴുകാത്തതിനാല്‍ തക്കാളിപ്പഴത്തിന്റെ തൊലി മോണയില്‍ ഒട്ടിയിരിക്കുന്നതിനാലല്ല റോസ് നിറം.അത് ജന്മസിദ്ധമാണ്.തട്ടത്തിനു വെളിയില്‍ അഞ്ചാറു മുടിയിഴകള്‍ മുഖത്തിനു സീറ്റുബെല്‍റ്റിട്ടതുമാതിരി ചരിച്ച് വളച്ച് വെച്ചിട്ടുണ്ട്.

ചെക്കുകള്‍ ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്ലിപ്പുകളില്‍ സീല്‍ ചെയ്തു തിരിച്ചു തരുന്നത് പ്രത്യേക രീതിയിലാണ്.കൊച്ചുകുട്ടികള്‍ എടുത്ത് ഒക്കത്തിരുത്താന്‍ ആവശ്യപ്പെടുന്ന രീതിയില്‍ കൈ നീട്ടാറില്ലേ..അതുപോലെ!!

"വള്ളാ,ടൂ മെനി ചെക്ക്സ്.ഐ ആം ടയേഡ്"ചെക്കുകള്‍ നാലഞ്ചെണ്ണത്തിലധികമുണ്ടെങ്കില്‍ തളര്‍ന്ന് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റുന്ന ആക്ഷനൊക്കെ കാട്ടും.എന്ത് രസമാണ്!!

ആകര്‍ഷണീയത കൂട്ടാന്‍ വല്ലാതെ ഒരുങ്ങുന്നതിനോട് ആദ്യമൊക്കെ എന്തോ ഒരു വൈക്ളബ്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എനിക്കും വസ്ത്രധാരണത്തിലൊക്കെ ശ്രദ്ധ വന്നു തുടങ്ങിയപോലെ.

ഒരു അംഗീകാരം,ഒരു പുഞ്ചിരി ഇതൊക്കെ ആരാണ് കൊതിക്കാത്തത്.

അല്ലെങ്കിലും എന്റെ മനോഭാവഘടികാരം അരമണിക്കൂര്‍ പിറകോട്ടാണ്.

എമറാത്തിയായ അവരുടെ പല്‍പ്പൊടിയുടെ വില എനിക്കില്ല.എന്നാലും നൂറയുടെ ചിരികളികള്‍ കാണാമല്ലോ.

പിന്നീടെപ്പൊഴൊക്കെയോ വായിച്ചു 'നൂര്‍' എന്നാല്‍ വെളിച്ചം എന്നാണെന്നും കാണാനിഷ്ടപ്പെടുന്ന ഒരാള്‍ അടുത്തുണ്ടെങ്കില്‍ നമ്മുടെ കണ്ണുകള്‍ ഉത്തേജിച്ച് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്തു തുടങ്ങുമെന്നുമൊക്കെ.ശരിയാണ് നൂറ...പേര് പറയുമ്പോള്‍ തന്നെ വെളിച്ചം പരന്നപോലെ.