"ചില്ലറ നിങ്ങള് കച്ചോടക്കാരടെ കയ്യിലല്ലേ കാണല്" അസ്പഷ്ടമെങ്കിലും ശാന്തമായി ചോദിച്ച മദ്ധ്യവയസ്കന്‍ അരികിലെ അടഞ്ഞുകിടന്ന കടമുറിയുടെ ഷട്ടറില്‍ തലയിടിച്ച് വീണു.ശരീരമാസകലം കൊഴുത്ത പേശികളുള്ള തട്ടുകടക്കാരന്‍ എടുത്തെറിഞ്ഞതാണ്."ചില്ലറ ചോദിച്ചപ്പോ ഉമ്മാക്ക് പറയുന്നു സാറേ."ഈ വിശദീകരണം അടുത്തു പെട്രോളിങ്ങ് ഡ്യൂട്ടിയിലുള്ള നിയമപാലകരെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നു.
"ഈ ജൊല്ലറി പണിയുമ്പോ മുതലേ പയ്യന്‍മാരൊക്കെ നമ്മുടെ കമ്പനിക്കാരാ."പനങ്കുറ്റി പോലെ തടിച്ച സ്ഥിരം ചേച്ചിയാണ്.ഇരുട്ടിലും മദ്യത്തിലും മുഖം പൂഴ്ത്തിയ ഉദ്യോഗസ്ഥരോടൊപ്പം ഓട്ടോറിക്ഷയില്‍ പോകുന്ന ചേച്ചി.അന്നത്തെ എണ്ണം തികഞ്ഞില്ലെന്ന് തോന്നുന്നു.
"ബാറിലേക്കൊള്ള വഴിയിതാണോ സാറേ?നിപ്പനടിക്കുന്ന കൗണ്ടര്‍ തൊറക്കുന്നതെപ്പളാ?"കേട്ടുമടുത്ത സ്ഥിരം ചോദ്യവുമായി പുതിയൊരു മുഖം.
ആര്‍ത്തുചിരിച്ച് കൈവീശിക്കാണിച്ച് പാരാമെഡിക്കല്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥികളേയുമേന്തി മഞ്ഞ ബസ്സും വന്നു.മലയോരഗ്രാമക്കാരാവും.ഉത്സവപ്പറമ്പിലെത്തിയ ആവേശംകണ്ട് ഊഹിച്ചതാണ്...ഞാനുമങ്ങിനെയായിരുന്നല്ലോ.
കുറ്റിക്കാടുപോലെ താടിമീശകളുള്ള ഒരു മനുഷ്യപുത്രന്‍ ജൂവലറിയുടെ മുള്ളുകമ്പിമതിലില്‍ വന്ന് വീണു.മുള്ള് തറഞ്ഞുകയറി ചോരയൊഴുകുമ്പോള്‍ അലൗകികമായ കാന്തി പടര്‍ത്തുന്ന ചിരി പൊഴിക്കുന്നു."കഞ്ചാവാണ്."കൂട്ടുകാരന്‍ പറഞ്ഞു.
"നീയിതെങ്ങോട്ടാ ഈ കുട്ടിനിക്കറുമിട്ട്.അച്ചായമ്മാര് പിടിച്ച് തിന്നുകളയും"നാഗാലാന്റുകാരന്‍ ട്രെയിനിയോട് ഒരു സീനിയര്‍ മലയാളി വെയിറ്റര്‍ എന്തൊക്കെയോ ഭാവങ്ങള്‍ കൂട്ടിക്കലര്‍ത്തി മൊഴിഞ്ഞു.
ഞാനും പഞ്ഞിക്കിടക്കയില്‍ കിടക്കുകയാണ്.മുറ്റത്തെ പഞ്ഞിമരത്തില്‍ നിന്ന് പറിച്ച് വല്ലക്കുട്ടയിലിട്ട് കടഞ്ഞ് കുരു കളഞ്ഞ പഞ്ഞി നിറച്ച കിടക്ക.വെയിലിന്റെ മണവും ചൂടുമുള്ള പഞ്ഞിക്കിടക്കയും ബോംബെ ഡയിംഗ് ബെഡ്ഷീറ്റും.എന്തൊരു സുഖമാണ്.
"ഇനി താന്‍ മുകളിലിരിയെടോ.കണ്ണ് പുളിക്കുന്നു."കൂട്ടുകാരനാണ്.
പഞ്ഞിക്കിടക്ക സ്വപ്നമായിരുന്നു.അടച്ച് വെക്കാവുന്ന, വെല്‍വെറ്റ് പൊതിഞ്ഞ, ജുവലറിയുടെ പേരുള്ള,മുഖക്കണ്ണാടി നിറച്ച ചാക്കിന്‍ മുകളിലാണ് കിടപ്പ്.
ദേഹത്ത് കുത്തിക്കയറുന്നുണ്ടോ?അറിയില്ല.നെഞ്ചിന്‍കൂട്ടില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള മഞ്ഞുകട്ടകള്‍ നിറഞ്ഞിട്ടുണ്ട്.ചെറുശ്വാസത്തിലും കുത്തി മുറിവേല്‍പ്പിക്കുന്നുമുണ്ട്...ന്യൂമോണിയ...രോഗാതുരത...സ്വപ്നങ്ങള്‍...
ആതുരതകള്‍ക്കെല്ലാം ഒരേ മുഖമായിരിക്കും.
"തീരെ വയ്യാഞ്ഞിട്ടാ".കൂട്ടുകാരന്‍ കേട്ടുകാണില്ല.പിറുപിറുത്ത് കൊണ്ട് അയാള്‍ മുകളിലേക്ക് നടന്നു.അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗില്‍ ഞാനൊറ്റക്കായി.
കോണ്‍ക്രീറ്റ് മുകള്‍ത്തട്ടില്‍ മഴത്തുള്ളികളോളം വലിപ്പത്തില്‍ ഈര്‍പ്പം ഉറഞ്ഞുകൂടുന്നുണ്ട്.അരികിലെ നക്ഷത്രമദ്യശാലയുടെ അഴുക്കുചാലിലൂടെ ആഘോഷരാവുകളുടെ ദുര്‍ഗന്ധവും മാലിന്യവും ഒഴുകുന്നുണ്ട്.കാട്ടുപോത്ത് പോലെ കൊഴുത്ത എലികള്‍ മദിച്ച് നടക്കുന്നുമുണ്ട്.മരീചിക മാഞ്ഞു പോയി.മായക്കാഴ്ചകളും.വേദനമാത്രം ശേഷിച്ചു.പഞ്ഞിക്കിടക്കയില്ലെങ്കിലും അടുപ്പുപുയുടെ ചൂടെങ്കിലുമുള്ള ഒരു മേല്‍ക്കൂരക്കടിയിലെങ്കിലുമെത്താന്‍ നീളമുള്ള മണിക്കൂറുകള്‍ ഇനിയുമുണ്ട് ഒരുപാട്.