Saturday, 11 December 2021

താഡി

വടക്കേ ഇന്ത്യയിലെ കണക്കപ്പിള്ള ഉദ്യോഗത്തിനും മിഡില്‍ ഈസ്റ്റിലെ സുഖവാസത്തിനുമിടയിലുള്ള കുറച്ചു മാസങ്ങള്‍ കേരളത്തിലുണ്ടായിരുന്നു.

ജന്മനാട്..ഇവിടുത്തെ കാറ്റാണ് കാറ്റ്..തേങ്ങയാണ് തേങ്ങ..


പക്ഷേ കഥ ഗൃഹാതുരത്വസംബന്ധിയല്ല!

അനിശ്ചിതത്വത്തിന്റെ ഒരു കോവിഡ് 19 കാലത്താണ് വീണ്ടും നാട്ടില്‍ തീവണ്ടിയിറങ്ങുന്നത്!

കാണുന്നവരെല്ലാം ഉരുണ്ടുരുണ്ടു നീങ്ങുന്ന കൊറോണ വൈറസാണെന്ന് തോന്നിപ്പിക്കുന്ന കാലം!

പട്ടാളമിറങ്ങി വലിയ കുഴികളിലേയ്ക്ക് മൃതശരീരങ്ങള്‍ നിറച്ച് ഈ നാടു ശൂന്യമാവുമെന്നു പോലും പറഞ്ഞാല്‍ അറിയാതെ വിശ്വസിച്ചു പോവും!!

നാട്ടിലെ ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തു ചാടി.

എത്രയെന്നു വെച്ചാണ് ഇങ്ങനെ അന്തഃപുരത്തിനകത്ത്?!

തെരുവുകള്‍ വിജനമെന്നു തന്നെ പറയാം.

നാട്ടിലെ ആസ്ഥാന ചായക്കടയില്‍ പോലും വളരെ കുറച്ചു നരച്ച കണ്ണുകള്‍ മാത്രമേ വഴി അളന്ന് ഇരിപ്പുള്ളൂ.വീട്ടില്‍ നിന്ന് വയര്‍ നിറയെ തട്ടിയതാണ്.എന്നാലും 'ചായക്കടാതുരത്വത്തി'ന്റെ പേര്‍ക്ക് ഒരു കാലിച്ചായ കൂടി അടിച്ച് പതപ്പിച്ചെടുത്ത് അടിച്ചേക്കാം.ചായയെപ്പറ്റിയുള്ള ചിന്തയില്‍ നടപ്പിന് ഒരല്‍പ്പം വേഗം താനേ കൂടി.അപരിചിതത്വമോ സംശയമോ ഓര്‍മ്മകളില്‍ ചികയുന്നതിന്റെ പാര്‍ശ്വഫലങ്ങളെന്നപോലെയോ ഒക്കെ തോന്നിപ്പിക്കുന്ന ചുളിഞ്ഞ നോട്ടങ്ങളുടെ നാലഞ്ചു ജോഡി കണ്ണുകളുടെ ഇടയിലേയ്ക്ക് ചെന്നു കയറി.

"അവടെ??" എന്താണ് വേണ്ടതെന്ന ചോദ്യം വന്നു.ആദ്യം ബിസിനസ്.

"ഒരു വിത്തൗട്ട് ചായ്.മീഡിയം കടുപ്പം"ഞാന്‍ ഇഷ്ടങ്ങള്‍ സംക്ഷിപ്തമായാണെങ്കിലും വിവരിച്ചു.

ചായ പെട്ടന്നെത്തി.അടുത്തിരുന്നവര്‍ ഇടക്കിടെ പാളി നോക്കുന്നുണ്ട്.പതിയെ തുടങ്ങുന്ന ഒരാളെന്ന നിലയില്‍ ഞാനും ആരേയും തിരിച്ചറിയാന്‍ പേരിനു മാത്രം ഇച്ചിരിയുള്ള തലച്ചോറിന് നിര്‍ദ്ദേശം കൊടുത്തിരുന്നില്ല.

"ക്വാറന്റൈന്‍ കഴിഞ്ഞാരുന്നല്ലേ?"ചായക്കട ചേട്ടനാണ്.

"ആം.ഇന്നലെ കഴിഞ്ഞു"

"വീടേതാണെന്ന് ശരിക്കും പിടികിട്ടിയില്ലല്ലോ!"ചേട്ടനെ തെറ്റു പറയാനാവില്ല.ചൂടും തണുപ്പും സംവത്സരങ്ങളുമൊക്കെ തൊലിപ്പുറത്തും തൊലിക്കകത്തും കുറേയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

"ഞാന്‍ തെങ്ങുംതോട്ടത്തിലെയാ ചേട്ടാ."

"ബെന്നീടെ?"

"രണ്ടാമത്തെ.ചേട്ടന്‍ അബുദാബിയില്‍ തന്നെ!"

അതിശയമെന്നു പറയട്ടെ ഇത്രയുമായപ്പോഴേയ്ക്കും അക്കൂട്ടത്തിലൊരാള്‍ ദേഷ്യഭാവത്തില്‍ എഴുന്നേറ്റ് ചടപടായെന്ന് നടന്നു മാറി.ഞാനയാളെ തന്നെ നോക്കുന്നതു കണ്ടപ്പോള്‍ ആരോ മൊഴിഞ്ഞു"ഇയാളുടെ പഴേ ഹിന്ദി സ്റ്റുഡന്റാണ്.മനസ്സിലായാരുന്നോ?"

"എവിടുത്തെയാ?" എനിക്ക് മനസ്സിലായില്ല.

"ഷാപ്പില് എടുത്തുകൊടുക്കാന്‍ നിന്നിരുന്ന പൈലോച്ചന്‍!"

"ആ..പൈലോ ചേട്ടനാരുന്നോ?അതെന്താ ആള്‍ ദേഷ്യപ്പെട്ട് പോയതു പോലെ?"എന്റെ ചോദ്യം കേട്ടിട്ടും എല്ലാവരും പരസ്പരം നോക്കി നിഗൂഢഭാവത്തില്‍ ഇരിക്കുന്നതേ ഉള്ളൂ.

സമാധാനക്കേടായല്ലോ!

മിഡില്‍ ഈസ്റ്റില്‍ നിന്ന് തിരിച്ചു വന്ന ഹിന്ദി കാലം പെട്ടെന്ന് ദില്‍ വാലേ ദുല്‍ഹനിയാ പാടി മനസ്സിലേയ്ക്കോടി വന്നു.അന്യസംസ്ഥാനതൊഴിലാളികള്‍ ധാരാളമായി വന്നു തുടങ്ങിയ കാലം.ആശയവിനിമയത്തിലെ തകരാറുകള്‍ കൊണ്ട് കച്ചവടം പൊലിക്കാതിരിക്കരുതെന്ന് കരുതുന്ന ഒരുപാട് സുമനസ്സുകളേയും കൂട്ടി സാംസ്കാരികനിലയത്തിന്റെ ഒരു കോണില്‍ ക്ളാസ്സു തുടങ്ങി.

'വ്യാകരണം നമുക്ക് പുല്ലാടാ,അത് നമുക്ക് ഇല്ലാടാ' എന്നൊരു അടിസ്ഥാനതത്വത്തെ കേന്ദ്രീകരിച്ച് തൊഴിലുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും അത്യാവശ്യം കുശലപ്രശ്നങ്ങളും ഒക്കെയാണ് ക്ളാസ്സില്‍.സമഗ്രതയ്ക്കു വേണ്ടി ഹിന്ദി തെറികളുടെ ഒരു സ്പെഷല്‍ സെഷനും വെക്കേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.പെട്ടൊന്നൊരു ദിവസം ഇതെല്ലാം വിട്ട് വടക്കേ ഇന്ത്യയിലേയ്ക്ക് യാത്രയാവേണ്ടതായും വന്നു.

പക്ഷേ,ഇതിനിടയില്‍ പൈലോചേട്ടന് ദേഷ്യകാരണമായി എന്താണാവോ സംഭവിച്ചത്?!

എന്റെ വീട്ടിലടക്കം പറ്റാവുന്ന എല്ലാവരോടും അന്വേഷിച്ചു.വൈകുന്നേരമായപ്പോള്‍ കഥ ഏകദേശം പൂര്‍ണ്ണ രൂപത്തില്‍ അറിവായി.

ദേഷ്യപ്പെടാനുള്ള വകുപ്പുണ്ട്.

പൈലോചേട്ടന് സ്വന്തമായി ഒരു ഭാര്യയും ഒരു അമ്മയുമാണുള്ളത്.മക്കളില്ല...ഷാപ്പിലെ ഒഴിവു വേളകള്‍ ഉല്ലാസപ്രദമാക്കാനും ഒറ്റക്കിരുന്നു കുടിക്കുന്നവരുടെ ജന്മദുഃഖമകറ്റാനുമൊക്കെയായി സ്ഥിരമെന്നോണം പൈലോചേട്ടനും വയറു നിറയെ കള്ളു കുടിക്കാറുണ്ട്.ആകെയുള്ള ഒരു ഭാര്യക്ക് ഈ ശീലത്തോട് ഒട്ടും പൊരുത്തപ്പെടാനുമാവുന്നില്ല.പൊതുവേ ശാന്തസ്വഭാവിയും സഹിഷ്ണുവുമായ ചേട്ടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ട് ചേടത്തിക്ക് ഒരു പരിധിയില്‍ കൂടുതല്‍ പ്രതികരിക്കാനാവുമായിരുന്നില്ല.പ്രകോപിപ്പിക്കാന്‍ പോലും പറ്റാത്ത ഒരാളോടെങ്ങിനെയാ?!

മുന്‍പ് സൂചിപ്പിച്ചതുപോലെ ഓരോരുത്തര്‍ക്കും അവരുടെ ജോലിയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ് മുഖ്യമായും പഠിപ്പിച്ചിരുന്നത്.

അടുത്ത രംഗം പള്ളിമേടയിലാണ്.ചേടത്തി അച്ചന്റെ മുന്നില്‍ വിങ്ങിപ്പൊട്ടി."മദ്യാസക്തി ശിരസ്സിക്കേറി മൂര്‍ച്ഛിച്ചു അച്ചോ..ഇന്നലെ വൈകിട്ട് മുഴുവന്‍ കള്ള് താടീ,കള്ള് താടീ എന്നും പറഞ്ഞ് തിണ്ണേല്‍ ഒറ്റ ഇരുപ്പാരുന്നു.പെറ്റ തള്ളയും ഞാനും മാത്രമുള്ള ആ വീട്ടില്‍ ഇനി ഞങ്ങള്‍ കള്ളന്വേഷിച്ച് രാത്രി ഇറങ്ങണമെന്നാരിക്കും അങ്ങേരുടെ ഇപ്പളത്തെ ആവശ്യം!"

പൈലോചേട്ടന് തര്‍ക്കിക്കാനും വിശ്വസിപ്പിക്കാണുമുള്ള കഴിവ് കുറവാണെന്നതിനാലും മതപരവും വൈകാരികമായ ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്നതിനാലും ഏതോ ലഹരി വിരുദ്ധകേന്ദ്രത്തിലെത്തുന്നതുവരെ അദ്ദേഹം വളരെ വളരെ മനഃക്ളേശം അനുഭവിച്ചു. 

കള്ള് താടീ,കള്ള് താടീഎന്ന് ആവശ്യപ്പെട്ടതല്ല;കള്ള് എന്നതിന്റെ ഹിന്ദിയാണ് താഡി എന്ന് പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ നിര്‍ഭാഗ്യവാനെന്ന് സാക്ഷ്യപ്പെടുത്താന്‍ അദ്ധ്യാപകനായ ഞാന്‍ സ്ഥലത്തില്ലാതെ പോയതിനാല്‍ ഈ ദുരന്തങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആവില്ല എന്നു ചുരുക്കം.ധന്യവാദ്!