അടുത്തിടെ പരിചയപ്പെട്ട ഒരു ചൈനീസ് കോടീശ്വരന്‍ ഇംഗ്ളീഷ് പഠിക്കണമെന്ന് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ എന്തോ പന്തികേട് പോലെ തോന്നിയത് വെറുതെയല്ല.
എത്രയെണ്ണത്തിനെ ഇതുപോലെ കണ്ടിരിക്കുന്നു.
പക്ഷേ പിന്നീട് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് പറഞ്ഞപ്പോഴാണ് മുന്‍വിധികളൊക്കെ സാമ്പത്തികസ്ഥിതി പോലെയായത്....
തകര്‍ന്നടിഞ്ഞതെന്ന്!!
സാധാരണ ചൈനക്കാരുടെ ചര്‍മ്മത്തിന് പ്രായം ബാധിക്കില്ലെന്നാണ് വെപ്പെങ്കിലും അനിവാര്യമായ ചില നേര്‍ത്ത വരകള്‍ മുഖത്ത് വന്നത് ആദ്യം പറഞ്ഞ കോടീശ്വരന് വല്ലാത്ത മനോവേദനയായി.
കോടീശ്വരനല്ലേ..കോടീശ്വരനെന്നാല്‍ ഇച്ഛാശക്തിയില്‍ ഈശ്വരനേക്കാള്‍ കുപ്രസിദ്ധനായിരിക്കണം.
ചൈനയിലുള്ള മന്ത്ര തന്ത്ര വിദ്യകളെല്ലാം പരീക്ഷിച്ചു.
ഹിമാലയം കടന്ന് ഇന്ത്യന്‍ പട്ടാളം ഓടിക്കുന്നതു വരെയുള്ള മന്ത്ര തന്ത്രങ്ങളും പരീക്ഷിച്ചു.
ഒരു ഫലവുമില്ല..
വരകള്‍ മായുന്നില്ല..
കോടീശ്വരന്‍ സ്റ്റീല്‍ പ്ളേറ്റ് നിലത്തു വീണു പിടയുന്നതിന്റെ അവസാനഭാഗത്തിലെന്നപോലെ "ശീ""ഹുശ്" എന്നൊക്കെ ചൈനീസില്‍ നെടുവീര്‍പ്പിട്ട് നടപ്പായി.
അങ്ങനെയിരിക്കേ ദീര്‍ഘകാലമായി ചൈനയില്‍ ജോലി നോക്കിയിരുന്ന ഒരു ഇംഗ്ളീഷുകാരനെ കോടീശ്വരന്‍ പരിചയപ്പെടാനിടയായത്.നന്നായി ചൈനീസ് എഴുതാനും വായിക്കാനുറിയാവുന്ന അദ്ദേഹമാണ് യൂറോപ്പിലെ അന്തോണീസ് പുണ്യാളന് ഒരു നേര്‍ച്ച നേര്‍ന്നാല്‍ എല്ലാം നടക്കുമെന്ന ആശയം നമ്മുടെ കോടീശ്വരന് നല്‍കിയത്.
താമസം വിനാ അദ്ദേഹം നേര്‍ച്ച നേര്‍ന്നു.
പക്ഷേ വേറൊരു പ്രശ്നമുണ്ട്..അന്തോണീസ് പുള്യാളന്‍ വരുമ്പോള്‍ ഏതു ഭാഷയില്‍ കാര്യം പറയും!!
വേറാരും ചിന്തിച്ചില്ലെങ്കിലും കോടീശ്വരന്‍ അത് ചിന്തിച്ചു..
ഈ ദീര്‍ഘവീക്ഷണം കൊണ്ടാണല്ലോ അയാള്‍ കോടീശ്വരനായത്!!
അന്തോണീസ് പുണ്യാളന്റെ ഭാഷ പോര്‍ച്ചുഗീസാണെങ്കിലും ലോകത്തും പരലോകത്തുമുള്ള ക്രിസ്ത്യാനി പുണ്യാളന്‍മാര്‍ കാലക്രമേണ ഇംഗ്ളീഷുകാരായി മാറുമെന്ന ശാസ്ത്രസത്യത്തെ അടിസ്ഥാനമാക്കി നമ്മുടെ ചൈനീസറിയാവുന്ന ഇംഗ്ളീഷ് സുഹൃത്ത് "പുണ്യാളാ,ഐ വാന്റ് ടു ബീ യങ്ങ് എഗിന്‍"എന്ന് അദ്ദേഹത്തിന് ഒരു തുണ്ടുപേപ്പറില്‍ ചൈനീസ് ലിപിയില്‍ എഴുതിക്കൊടുത്തു.
നേര്‍ച്ച നേര്‍ന്നു നാപ്പത്തൊന്നാം പക്കം പുണ്യാളന്‍ കോടീശ്വരനടുത്ത് പ്രത്യക്ഷനായി ക്ളീഷേ ഡയലോഗടിച്ചു..(സംപ്രീതനായി.എന്തു വരമാണ് വേണ്ടതെന്ന്..)
"പുണ്യാളാ,ഐ വാണ്ട് തു ബീ യാങ്ങ് എഹിന്‍"കോടീശ്വരന്‍ തുണ്ടുപേപ്പറില്‍ നോക്കി പറഞ്ഞൊപ്പിച്ചു..
പുണ്യാളന്‍ ഞെട്ടി.."സീരിയസ്ലി?യാങ്ങ്..അതിന് നീയിപ്പോഴും യാങ്ങ് ആണല്ലോ!"
"പുണ്യാളാ,ഐവാണ്ട് തു ബീ യാങ്ങ് എഹിന്‍"
കോടീശ്വരന്‍ സാമ്പ്രാണിത്തിരി തലക്കടിച്ച് ജപിച്ചു.
"ആള്‍ റൈറ്റ്..ആള്‍ റൈറ്റ്..പബ്ളിക് സെക്യൂരിറ്റി ബ്യൂറോയിലേയ്ക്കുള്ള വഴി അറിയാഞ്ഞിട്ടായിരിക്കും..പാവം"എന്ന് സ്വയം ആശ്വസിപ്പിച്ച് പുണ്യാളന്‍ യാങ്ങ് എന്ന പേരില്‍ ഒരു പുതിയ റെസിഡന്റ് ഐഡി കാര്‍ഡ് അടിച്ച് കോടീശ്വരന് കൊടുത്ത് സ്കൂട്ടാവുന്നിടത്താണ് അദ്ദേഹത്തിന് ഇംഗ്ളീഷ് പഠിക്കണമെന്ന ജ്വരം നെറ്റിയിലെ വരകളേക്കാള്‍ വലിയ ഹൃദയവേദനയായിത്തുടങ്ങിയതത്രെ!