വിലയും എല്ലും ഓര്‍ക്കുമ്പോള്‍ കമ്പത്തെ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നു മാത്രം.
ആട്ടിറച്ചിയോട് കമ്പം വരാന്‍ വ്യക്തമായ കാരണമുണ്ട്.എന്താ കാരണമെന്നു ചോദിച്ചില്ലെങ്കിലും പതിവുപോലെ പറഞ്ഞേക്കാം.
നന്നെ ചെറുപ്പത്തിലാണ്.
3-4 വയസ്സ്.
കോഴിക്കോട്ടെ ഒരു മലയോരഗ്രാമത്തില്‍ ജംഗിള്‍ ബുക്ക് അഭിനയിച്ചു നടക്കുന്ന കാലം.
വീട്ടിലും ചുറ്റുവട്ടത്തുമുള്ള എല്ലാ വന്യമൃഗങ്ങളുമായി സമാധാനത്തിലാണ് ജീവിതം.ആരേയും അങ്ങോട്ട് ഉപദ്രവിക്കാന്‍ പോവാറില്ല.തിരിച്ചും ഉപദ്രവമൊന്നുമില്ല.
ഞങ്ങള്‍ സുന്ദരിയും സുശീലയും പോരാത്തതിന് ഗര്‍ഭിണിയുമായ ഒരു ആടിനെ വാങ്ങിയത് ആയിടയ്ക്കാണ്.
വീട്ടിലുള്ള മനുഷ്യരും ഗര്‍ഭത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും - സൗന്ദര്യത്തിലും,സുശീലതയിലും - അവളെപോലെ ആയതുകൊണ്ടാവും ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി.
ആടിന് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്.കയറിട്ട് ബന്ധിക്കാറില്ല..സുശീലയാണല്ലോ!ഞങ്ങളുടെ കൂടെ തന്നെ പറ്റിക്കൂടി നിന്നോളും.
കാലം കടന്നുപോയി.
എല്ലാ ഗര്‍ഭിണികള്‍ക്കും സംഭവിക്കാറുള്ളത് അവള്‍ക്കും സംഭവിച്ചു.
പ്രസവിച്ചൂന്ന്.
മുട്ടന്‍ കുഞ്ഞാണ്. മുട്ടന്‍ എന്നത് സൈസല്ല സെക്സാണെന്ന കാര്യം പ്രസ്താവ്യമാണ്.
കുഞ്ഞന്‍ അത്ര സുശീലനല്ല.പക്ഷേ കുഞ്ഞല്ലേ!!
അവനെ പിന്തുണക്കാന്‍ അജവംശത്തിലും മനുഷ്യവംശത്തിലും ആളുണ്ട്.
നമ്മളെയൊക്കെ നിസ്സാരകാര്യങ്ങള്‍ക്ക്
ഉലക്കയെടുത്ത് ദണ്ഡിക്കുമ്പോള്‍ ചോദിക്കാന്‍
ആരുമുണ്ടാവാറില്ല..
പോട്ടെ പോട്ടെ..അസൂയ വെളിവാക്കി വെറുതെ കഥ ഗതിമാറ്റി വിടുന്നില്ല.
ഈ കുഞ്ഞന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ അത് പെട്ടെന്നു തന്നെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി എന്നതാണ്.ആടുവംശത്തില്‍ അതാണത്രേ സമ്പ്രദായം.
ഞങ്ങള്‍ അധികം പരിചയപ്പെട്ടിട്ടില്ല.
പരിചയപ്പെട്ടത് അത്യാവശ്യം നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തിലുമായിപ്പോയി.
ഒരുദിവസം പതിവില്ലാത്ത ഒരു ഉച്ചമയക്കത്തിന് ചെറിയോരു തടി ബെഞ്ചില്‍ സര്‍ക്കസുകാരനെപ്പോലെ ബാലന്‍സ് ചെയ്തു കിടന്ന കഥയിലെ ഉപനായകനായ ഞാന്‍ പെട്ടെന്ന് നെഞ്ചിലേയ്ക്ക് എന്തോ വന്നു വീഴുന്നതായി അറിഞ്ഞ് ഞെട്ടിയുണര്‍ന്നു.ഞെട്ടിയുണര്‍ന്നാല്‍ അടുത്ത പടി ചാടിയെണീക്കണമെന്നതാണെങ്കിലും നെഞ്ചിലും വയറിലുമായി നാലുകാലുമുറപ്പിച്ച് കഥാനായകനായ ആട്ടിന്‍ കുട്ടി നില്‍ക്കുന്നതിനാല്‍ അതിന് സാധിക്കാത്തതിലുള്ള നിരാശയാല്‍ ഞാന്‍ ചെറുതായൊന്നു കരയുന്നതുപോലെ അഭിനയിച്ചു.
വെറും അഭിനയം മാത്രം.
മെന്‍ ഡോന്റ് ക്രൈ!!
വീട്ടില്‍ അന്നുള്ള മറ്റു മനുഷ്യജീവികള്‍ വന്നു നായകനെ നെഞ്ചകത്തുനിന്നും എടുത്തു മാറ്റി.
അതിനെ ഒന്നു ശാസിക്കുകപോലും ചെയ്തില്ല എന്നത് നിങ്ങള്‍ അറിയണം.
കുഞ്ഞല്ലേ?!
ഹൃദയങ്ങള്‍ അകലുകയാണ്.
അവന്‍ തുള്ളിച്ചാട്ടവുമായി അമ്മയുടെ സ്വാതന്ത്ര്യം സൗജന്യമായി ഇന്‍ഹെറിറ്റ് ചെയ്ത് കയറില്ലാതെ തകര്‍ത്തു നടക്കുകയാണ്.ഞാന്‍ മറ്റു ജീവജാലങ്ങളോടൊപ്പം ഒതുങ്ങി ഒരു കോണിലും.
അങ്ങനെയിരിക്കെ മറ്റൊരു ദിവസം..
മുട്ടന്‍ കുഞ്ഞ് തുള്ളിച്ചാട്ടത്തിനു പുറമേ പുതിയൊരു കലാപരിപാടികൂടി കണ്ടു പിടിച്ചിരിക്കുന്നു എന്ന കാര്യം പറയാന്‍ മറന്നു.പൊടിച്ചു വരുന്ന ചെറിയ പൈശാചിക കൊമ്പുകളെ പ്രത്യേക ആംഗിളില്‍ താഴ്ത്തി ചുവടുവെച്ച് ഇടിക്കലാണ് പ്രസ്തുത പരിപാടി.
പറഞ്ഞു നിര്‍ത്തിയ 'മറ്റൊരു ദിവസത്തി'ലേയ്ക്ക് മടങ്ങി വരാം.
പുരയിടത്തിലെ തട്ടുതട്ടായി തിരിച്ച് റബ്ബര്‍ നട്ടിരിക്കുന്ന ഭാഗത്താണ്.അവിടെ കൂട്ടത്തില്‍ പെടാതെ നില്‍ക്കുന്ന ഒരു കശുമാവിന്റെ വിളവെടുക്കാന്‍ ഞങ്ങള്‍ മനുഷ്യരും പുല്ലു തിന്നാനും പൂച്ചിയെ പിടിക്കാനുമൊക്കെയായി മറ്റു ജീവികളും സന്നിഹിതരാണ്.
കഥാനായകന്‍ തുള്ളല്‍ പ്രസ്ഥാനവുമായി രംഗത്തു തന്നെയുണ്ട്.ജീവിതം സാധാരണഗതിയില്‍ പുരോഗമിക്കയാണ്.
പെട്ടെന്ന് എന്റെ വിളിപ്പേര് ആരോ..തിരിഞ്ഞു നോക്കിയപ്പോള്‍ മുട്ടന്‍ ഓടിവന്ന് ഇടിക്കാനുള്ള ആക്ഷനെടുക്കുകയാണ്.
ലക്ഷ്യം ഞാന്‍ തന്നെ!
അല്ലെങ്കിലും എല്ലാവരും അഭ്യാസം പഠിക്കുക കൂട്ടത്തിലേറ്റവും ചെറിയ ആളിനടുത്തായിരിക്കുമല്ലോ!
നെഞ്ചു വിരിച്ച് നിന്നു.മുട്ടന്‍ കുഞ്ഞിന് പണി എളുപ്പമായി.ഓടിവന്ന് ചാടി ഇടിച്ചു!
ഫിസിക്സിന്റെ ഒരുവിധം എല്ലാ നിയമങ്ങളും കൃത്യമായി അനുസരിച്ചു കൊണ്ട് സഹനായകനായ ഞാന്‍ മലര്‍ന്നു വീണ് ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയുള്ള ഒരു റബ്ബറിലിടിച്ചു നിന്നു.
ഫിസിക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ്.എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമെന്നത് വളരെ തെറ്റാണ്!!
തുല്യമായ പ്രതിപ്രവര്‍ത്തനമെന്നത് സംഭവിച്ചു..ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയെത്തി.
പക്ഷേ വിപരീതമായ പ്രതിപ്രവര്‍ത്തനം??!!
ഓര്‍ക്കുമ്പോള്‍ കലി വരും..
എന്നെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ആട്ടിന്‍ കുട്ടിയെ അടിക്കുന്നതുപോലെ ആംഗ്യം കാണിക്കുന്നു.
കുഞ്ഞല്ലേ!അറിഞ്ഞോണ്ടല്ലല്ലോ!അതിന്റെ നൈസര്‍ഗ്ഗികവാസന പ്രകടിപ്പിച്ചതല്ലേ?!!
എന്തായാലും അന്നുമുതല്‍ ആട്ടിറച്ചി വലിയ ഇഷ്ടമാണ്.എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമ്പോള്‍ ഓവര്‍ ആക്ട് ചെയ്യുന്നവരെ ഇഷ്ടവുമല്ല.