Saturday, 11 December 2021

താഡി

വടക്കേ ഇന്ത്യയിലെ കണക്കപ്പിള്ള ഉദ്യോഗത്തിനും മിഡില്‍ ഈസ്റ്റിലെ സുഖവാസത്തിനുമിടയിലുള്ള കുറച്ചു മാസങ്ങള്‍ കേരളത്തിലുണ്ടായിരുന്നു.

ജന്മനാട്..ഇവിടുത്തെ കാറ്റാണ് കാറ്റ്..തേങ്ങയാണ് തേങ്ങ..


പക്ഷേ കഥ ഗൃഹാതുരത്വസംബന്ധിയല്ല!

അനിശ്ചിതത്വത്തിന്റെ ഒരു കോവിഡ് 19 കാലത്താണ് വീണ്ടും നാട്ടില്‍ തീവണ്ടിയിറങ്ങുന്നത്!

കാണുന്നവരെല്ലാം ഉരുണ്ടുരുണ്ടു നീങ്ങുന്ന കൊറോണ വൈറസാണെന്ന് തോന്നിപ്പിക്കുന്ന കാലം!

പട്ടാളമിറങ്ങി വലിയ കുഴികളിലേയ്ക്ക് മൃതശരീരങ്ങള്‍ നിറച്ച് ഈ നാടു ശൂന്യമാവുമെന്നു പോലും പറഞ്ഞാല്‍ അറിയാതെ വിശ്വസിച്ചു പോവും!!

നാട്ടിലെ ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തു ചാടി.

എത്രയെന്നു വെച്ചാണ് ഇങ്ങനെ അന്തഃപുരത്തിനകത്ത്?!

തെരുവുകള്‍ വിജനമെന്നു തന്നെ പറയാം.

നാട്ടിലെ ആസ്ഥാന ചായക്കടയില്‍ പോലും വളരെ കുറച്ചു നരച്ച കണ്ണുകള്‍ മാത്രമേ വഴി അളന്ന് ഇരിപ്പുള്ളൂ.വീട്ടില്‍ നിന്ന് വയര്‍ നിറയെ തട്ടിയതാണ്.എന്നാലും 'ചായക്കടാതുരത്വത്തി'ന്റെ പേര്‍ക്ക് ഒരു കാലിച്ചായ കൂടി അടിച്ച് പതപ്പിച്ചെടുത്ത് അടിച്ചേക്കാം.ചായയെപ്പറ്റിയുള്ള ചിന്തയില്‍ നടപ്പിന് ഒരല്‍പ്പം വേഗം താനേ കൂടി.അപരിചിതത്വമോ സംശയമോ ഓര്‍മ്മകളില്‍ ചികയുന്നതിന്റെ പാര്‍ശ്വഫലങ്ങളെന്നപോലെയോ ഒക്കെ തോന്നിപ്പിക്കുന്ന ചുളിഞ്ഞ നോട്ടങ്ങളുടെ നാലഞ്ചു ജോഡി കണ്ണുകളുടെ ഇടയിലേയ്ക്ക് ചെന്നു കയറി.

"അവടെ??" എന്താണ് വേണ്ടതെന്ന ചോദ്യം വന്നു.ആദ്യം ബിസിനസ്.

"ഒരു വിത്തൗട്ട് ചായ്.മീഡിയം കടുപ്പം"ഞാന്‍ ഇഷ്ടങ്ങള്‍ സംക്ഷിപ്തമായാണെങ്കിലും വിവരിച്ചു.

ചായ പെട്ടന്നെത്തി.അടുത്തിരുന്നവര്‍ ഇടക്കിടെ പാളി നോക്കുന്നുണ്ട്.പതിയെ തുടങ്ങുന്ന ഒരാളെന്ന നിലയില്‍ ഞാനും ആരേയും തിരിച്ചറിയാന്‍ പേരിനു മാത്രം ഇച്ചിരിയുള്ള തലച്ചോറിന് നിര്‍ദ്ദേശം കൊടുത്തിരുന്നില്ല.

"ക്വാറന്റൈന്‍ കഴിഞ്ഞാരുന്നല്ലേ?"ചായക്കട ചേട്ടനാണ്.

"ആം.ഇന്നലെ കഴിഞ്ഞു"

"വീടേതാണെന്ന് ശരിക്കും പിടികിട്ടിയില്ലല്ലോ!"ചേട്ടനെ തെറ്റു പറയാനാവില്ല.ചൂടും തണുപ്പും സംവത്സരങ്ങളുമൊക്കെ തൊലിപ്പുറത്തും തൊലിക്കകത്തും കുറേയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

"ഞാന്‍ തെങ്ങുംതോട്ടത്തിലെയാ ചേട്ടാ."

"ബെന്നീടെ?"

"രണ്ടാമത്തെ.ചേട്ടന്‍ അബുദാബിയില്‍ തന്നെ!"

അതിശയമെന്നു പറയട്ടെ ഇത്രയുമായപ്പോഴേയ്ക്കും അക്കൂട്ടത്തിലൊരാള്‍ ദേഷ്യഭാവത്തില്‍ എഴുന്നേറ്റ് ചടപടായെന്ന് നടന്നു മാറി.ഞാനയാളെ തന്നെ നോക്കുന്നതു കണ്ടപ്പോള്‍ ആരോ മൊഴിഞ്ഞു"ഇയാളുടെ പഴേ ഹിന്ദി സ്റ്റുഡന്റാണ്.മനസ്സിലായാരുന്നോ?"

"എവിടുത്തെയാ?" എനിക്ക് മനസ്സിലായില്ല.

"ഷാപ്പില് എടുത്തുകൊടുക്കാന്‍ നിന്നിരുന്ന പൈലോച്ചന്‍!"

"ആ..പൈലോ ചേട്ടനാരുന്നോ?അതെന്താ ആള്‍ ദേഷ്യപ്പെട്ട് പോയതു പോലെ?"എന്റെ ചോദ്യം കേട്ടിട്ടും എല്ലാവരും പരസ്പരം നോക്കി നിഗൂഢഭാവത്തില്‍ ഇരിക്കുന്നതേ ഉള്ളൂ.

സമാധാനക്കേടായല്ലോ!

മിഡില്‍ ഈസ്റ്റില്‍ നിന്ന് തിരിച്ചു വന്ന ഹിന്ദി കാലം പെട്ടെന്ന് ദില്‍ വാലേ ദുല്‍ഹനിയാ പാടി മനസ്സിലേയ്ക്കോടി വന്നു.അന്യസംസ്ഥാനതൊഴിലാളികള്‍ ധാരാളമായി വന്നു തുടങ്ങിയ കാലം.ആശയവിനിമയത്തിലെ തകരാറുകള്‍ കൊണ്ട് കച്ചവടം പൊലിക്കാതിരിക്കരുതെന്ന് കരുതുന്ന ഒരുപാട് സുമനസ്സുകളേയും കൂട്ടി സാംസ്കാരികനിലയത്തിന്റെ ഒരു കോണില്‍ ക്ളാസ്സു തുടങ്ങി.

'വ്യാകരണം നമുക്ക് പുല്ലാടാ,അത് നമുക്ക് ഇല്ലാടാ' എന്നൊരു അടിസ്ഥാനതത്വത്തെ കേന്ദ്രീകരിച്ച് തൊഴിലുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളും അത്യാവശ്യം കുശലപ്രശ്നങ്ങളും ഒക്കെയാണ് ക്ളാസ്സില്‍.സമഗ്രതയ്ക്കു വേണ്ടി ഹിന്ദി തെറികളുടെ ഒരു സ്പെഷല്‍ സെഷനും വെക്കേണ്ടി വന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.പെട്ടൊന്നൊരു ദിവസം ഇതെല്ലാം വിട്ട് വടക്കേ ഇന്ത്യയിലേയ്ക്ക് യാത്രയാവേണ്ടതായും വന്നു.

പക്ഷേ,ഇതിനിടയില്‍ പൈലോചേട്ടന് ദേഷ്യകാരണമായി എന്താണാവോ സംഭവിച്ചത്?!

എന്റെ വീട്ടിലടക്കം പറ്റാവുന്ന എല്ലാവരോടും അന്വേഷിച്ചു.വൈകുന്നേരമായപ്പോള്‍ കഥ ഏകദേശം പൂര്‍ണ്ണ രൂപത്തില്‍ അറിവായി.

ദേഷ്യപ്പെടാനുള്ള വകുപ്പുണ്ട്.

പൈലോചേട്ടന് സ്വന്തമായി ഒരു ഭാര്യയും ഒരു അമ്മയുമാണുള്ളത്.മക്കളില്ല...ഷാപ്പിലെ ഒഴിവു വേളകള്‍ ഉല്ലാസപ്രദമാക്കാനും ഒറ്റക്കിരുന്നു കുടിക്കുന്നവരുടെ ജന്മദുഃഖമകറ്റാനുമൊക്കെയായി സ്ഥിരമെന്നോണം പൈലോചേട്ടനും വയറു നിറയെ കള്ളു കുടിക്കാറുണ്ട്.ആകെയുള്ള ഒരു ഭാര്യക്ക് ഈ ശീലത്തോട് ഒട്ടും പൊരുത്തപ്പെടാനുമാവുന്നില്ല.പൊതുവേ ശാന്തസ്വഭാവിയും സഹിഷ്ണുവുമായ ചേട്ടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ട് ചേടത്തിക്ക് ഒരു പരിധിയില്‍ കൂടുതല്‍ പ്രതികരിക്കാനാവുമായിരുന്നില്ല.പ്രകോപിപ്പിക്കാന്‍ പോലും പറ്റാത്ത ഒരാളോടെങ്ങിനെയാ?!

മുന്‍പ് സൂചിപ്പിച്ചതുപോലെ ഓരോരുത്തര്‍ക്കും അവരുടെ ജോലിയുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങളാണ് മുഖ്യമായും പഠിപ്പിച്ചിരുന്നത്.

അടുത്ത രംഗം പള്ളിമേടയിലാണ്.ചേടത്തി അച്ചന്റെ മുന്നില്‍ വിങ്ങിപ്പൊട്ടി."മദ്യാസക്തി ശിരസ്സിക്കേറി മൂര്‍ച്ഛിച്ചു അച്ചോ..ഇന്നലെ വൈകിട്ട് മുഴുവന്‍ കള്ള് താടീ,കള്ള് താടീ എന്നും പറഞ്ഞ് തിണ്ണേല്‍ ഒറ്റ ഇരുപ്പാരുന്നു.പെറ്റ തള്ളയും ഞാനും മാത്രമുള്ള ആ വീട്ടില്‍ ഇനി ഞങ്ങള്‍ കള്ളന്വേഷിച്ച് രാത്രി ഇറങ്ങണമെന്നാരിക്കും അങ്ങേരുടെ ഇപ്പളത്തെ ആവശ്യം!"

പൈലോചേട്ടന് തര്‍ക്കിക്കാനും വിശ്വസിപ്പിക്കാണുമുള്ള കഴിവ് കുറവാണെന്നതിനാലും മതപരവും വൈകാരികമായ ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്നതിനാലും ഏതോ ലഹരി വിരുദ്ധകേന്ദ്രത്തിലെത്തുന്നതുവരെ അദ്ദേഹം വളരെ വളരെ മനഃക്ളേശം അനുഭവിച്ചു. 

കള്ള് താടീ,കള്ള് താടീഎന്ന് ആവശ്യപ്പെട്ടതല്ല;കള്ള് എന്നതിന്റെ ഹിന്ദിയാണ് താഡി എന്ന് പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു ആ നിര്‍ഭാഗ്യവാനെന്ന് സാക്ഷ്യപ്പെടുത്താന്‍ അദ്ധ്യാപകനായ ഞാന്‍ സ്ഥലത്തില്ലാതെ പോയതിനാല്‍ ഈ ദുരന്തങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആവില്ല എന്നു ചുരുക്കം.ധന്യവാദ്!

Friday, 15 October 2021

വര്‍ഗ്ഗീകരണം


"നിന്നെയന്വേഷിച്ച് ഒരാള് വന്നിരുന്നു!"

"ആരാ?"

"പേര് പറഞ്ഞില്ല.കറുത്ത്,മെലിഞ്ഞ്, പൊക്കമുള്ള,കൈയ്യില് ചരടൊക്കെ കെട്ടിയ,പാന്റിട്ട ആളാണ്."

"ചെറിയ കഷണ്ടി ആണോ?"

"ആ..അതുതന്നെ"

വര്‍ഗ്ഗീകരണങ്ങളിങ്ങനെ തുടങ്ങുകയാണ്.പണ്ടെങ്ങാണ്ടോ അന്ധന്‍സ് എലഫെന്റിനെ കണ്ട കഥയോടൊക്കെ കൂട്ടി വായിക്കാനാവും ഇമ്മാതിരി വ്യവഹാരങ്ങളെ.

മനുഷ്യനുണ്ടാക്കിയ എല്ലാ സംവിധാനങ്ങളും ഇത്തരത്തില്‍ സമാനതകളുടേയും വ്യത്യാസങ്ങളുടേയും അടിത്തറയിലാണ് നില നില്‍ക്കുന്നതത്രെ!കറുത്തവന്‍,വെളുത്തവന്‍,ആണ്,പെണ്ണ്,പണിയെടുക്കുന്നവര്‍,പണിയെടുപ്പിക്കുന്നവര്‍,യോഗ്യതയുള്ളവര്‍,വ്യാജന്‍ അങ്ങിനെയങ്ങനെ സമാനതകള്‍ ഏറെയാണ്...വ്യത്യാസങ്ങളും...

ഇതെന്തിനാണ് എല്ലാവരേയും നമ്മളിങ്ങനെ പല തട്ടുകളിലാക്കുന്നത്?

എല്ലാത്തിനേയും വിശദീകരിക്കുവാനും മനസ്സിലാക്കാനും മനസ്സിലാക്കിക്കുവാനും നമുക്ക് കഴിയും അഥവാ കഴിയണം എന്നൊരു പിടിവാശിയായിരിക്കും കാരണം!!

പക്ഷേ തരംതിരിച്ചും വര്‍ഗ്ഗീകരിച്ചും നമ്മള്‍ കൂട്ടിവെക്കുന്നത് വെറും ഭാഷാപരമായ പ്രത്യേകതയായി തന്നെ അടങ്ങിയൊതുങ്ങി നിലനില്‍ക്കുന്നുണ്ടോ? 


ഉണ്ടാവില്ല..സമാനതകളും വ്യത്യാസങ്ങളും വര്‍ഗ്ഗീകരണവും കാലാകാലങ്ങളായി വിധിയെഴുതുന്ന ദൈവത്തിന്റെ സ്ഥാനം അലങ്കരിച്ചു പോരുകയാണ്!!

Sunday, 26 September 2021

ഉപകാരസ്മരണ

അടുത്തിടെ പരിചയപ്പെട്ട ഒരു ചൈനീസ് കോടീശ്വരന്‍ ഇംഗ്ളീഷ് പഠിക്കണമെന്ന് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ എന്തോ പന്തികേട് പോലെ തോന്നിയത് വെറുതെയല്ല.

എത്രയെണ്ണത്തിനെ ഇതുപോലെ കണ്ടിരിക്കുന്നു.

പക്ഷേ പിന്നീട് ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് പറഞ്ഞപ്പോഴാണ് മുന്‍വിധികളൊക്കെ സാമ്പത്തികസ്ഥിതി പോലെയായത്....

തകര്‍ന്നടിഞ്ഞതെന്ന്!!

സാധാരണ ചൈനക്കാരുടെ ചര്‍മ്മത്തിന് പ്രായം ബാധിക്കില്ലെന്നാണ് വെപ്പെങ്കിലും അനിവാര്യമായ ചില നേര്‍ത്ത വരകള്‍ മുഖത്ത് വന്നത് ആദ്യം പറഞ്ഞ കോടീശ്വരന് വല്ലാത്ത മനോവേദനയായി.

കോടീശ്വരനല്ലേ..കോടീശ്വരനെന്നാല്‍ ഇച്ഛാശക്തിയില്‍ ഈശ്വരനേക്കാള്‍ കുപ്രസിദ്ധനായിരിക്കണം.

ചൈനയിലുള്ള മന്ത്ര തന്ത്ര വിദ്യകളെല്ലാം പരീക്ഷിച്ചു.

ഹിമാലയം കടന്ന് ഇന്ത്യന്‍ പട്ടാളം ഓടിക്കുന്നതു വരെയുള്ള മന്ത്ര തന്ത്രങ്ങളും പരീക്ഷിച്ചു.

ഒരു ഫലവുമില്ല..

വരകള്‍ മായുന്നില്ല..

കോടീശ്വരന്‍ സ്റ്റീല്‍ പ്ളേറ്റ് നിലത്തു വീണു പിടയുന്നതിന്റെ അവസാനഭാഗത്തിലെന്നപോലെ "ശീ""ഹുശ്" എന്നൊക്കെ ചൈനീസില്‍ നെടുവീര്‍പ്പിട്ട് നടപ്പായി.

അങ്ങനെയിരിക്കേ ദീര്‍ഘകാലമായി ചൈനയില്‍ ജോലി നോക്കിയിരുന്ന ഒരു ഇംഗ്ളീഷുകാരനെ കോടീശ്വരന്‍ പരിചയപ്പെടാനിടയായത്.നന്നായി ചൈനീസ് എഴുതാനും വായിക്കാനുറിയാവുന്ന അദ്ദേഹമാണ് യൂറോപ്പിലെ അന്തോണീസ് പുണ്യാളന് ഒരു നേര്‍ച്ച നേര്‍ന്നാല്‍ എല്ലാം നടക്കുമെന്ന ആശയം നമ്മുടെ കോടീശ്വരന് നല്‍കിയത്.

താമസം വിനാ അദ്ദേഹം നേര്‍ച്ച നേര്‍ന്നു.

പക്ഷേ വേറൊരു പ്രശ്നമുണ്ട്..അന്തോണീസ് പുള്യാളന്‍ വരുമ്പോള്‍ ഏതു ഭാഷയില്‍ കാര്യം പറയും!!

വേറാരും ചിന്തിച്ചില്ലെങ്കിലും കോടീശ്വരന്‍ അത് ചിന്തിച്ചു..

ഈ ദീര്‍ഘവീക്ഷണം കൊണ്ടാണല്ലോ അയാള്‍ കോടീശ്വരനായത്!!

അന്തോണീസ് പുണ്യാളന്റെ ഭാഷ പോര്‍ച്ചുഗീസാണെങ്കിലും ലോകത്തും പരലോകത്തുമുള്ള ക്രിസ്ത്യാനി പുണ്യാളന്‍മാര്‍ കാലക്രമേണ ഇംഗ്ളീഷുകാരായി മാറുമെന്ന ശാസ്ത്രസത്യത്തെ അടിസ്ഥാനമാക്കി നമ്മുടെ ചൈനീസറിയാവുന്ന ഇംഗ്ളീഷ് സുഹൃത്ത് "പുണ്യാളാ,ഐ വാന്റ് ടു ബീ യങ്ങ് എഗിന്‍"എന്ന് അദ്ദേഹത്തിന് ഒരു തുണ്ടുപേപ്പറില്‍ ചൈനീസ് ലിപിയില്‍ എഴുതിക്കൊടുത്തു.

നേര്‍ച്ച നേര്‍ന്നു നാപ്പത്തൊന്നാം പക്കം പുണ്യാളന്‍ കോടീശ്വരനടുത്ത് പ്രത്യക്ഷനായി ക്ളീഷേ ഡയലോഗടിച്ചു..(സംപ്രീതനായി.എന്തു വരമാണ് വേണ്ടതെന്ന്..)

"പുണ്യാളാ,ഐ വാണ്ട് തു ബീ യാങ്ങ് എഹിന്‍"കോടീശ്വരന്‍ തുണ്ടുപേപ്പറില്‍ നോക്കി പറഞ്ഞൊപ്പിച്ചു..

പുണ്യാളന്‍ ഞെട്ടി.."സീരിയസ്ലി?യാങ്ങ്..അതിന് നീയിപ്പോഴും യാങ്ങ് ആണല്ലോ!"

"പുണ്യാളാ,ഐവാണ്ട് തു ബീ യാങ്ങ് എഹിന്‍"
കോടീശ്വരന്‍ സാമ്പ്രാണിത്തിരി തലക്കടിച്ച് ജപിച്ചു.

"ആള്‍ റൈറ്റ്..ആള്‍ റൈറ്റ്..പബ്ളിക് സെക്യൂരിറ്റി ബ്യൂറോയിലേയ്ക്കുള്ള വഴി അറിയാഞ്ഞിട്ടായിരിക്കും..പാവം"എന്ന് സ്വയം ആശ്വസിപ്പിച്ച് പുണ്യാളന്‍ യാങ്ങ് എന്ന പേരില്‍ ഒരു പുതിയ റെസിഡന്റ് ഐഡി കാര്‍ഡ് അടിച്ച് കോടീശ്വരന് കൊടുത്ത് സ്കൂട്ടാവുന്നിടത്താണ് അദ്ദേഹത്തിന് ഇംഗ്ളീഷ് പഠിക്കണമെന്ന ജ്വരം നെറ്റിയിലെ വരകളേക്കാള്‍ വലിയ ഹൃദയവേദനയായിത്തുടങ്ങിയതത്രെ!

Saturday, 17 April 2021

മൂര്‍ച്ഛ

"കിഴവന്‍ ചത്തുപോയെന്ന് അറിയിപ്പു കിട്ടിയിട്ടുണ്ട്!"ആരൊക്കെയോ പടിഞ്ഞാറെന്ന് ദിശ കല്‍പ്പിച്ചു കൊടുത്ത ഒരു നാട്ടിലെ ഓഫീസ് മുറിയിലാണ് ഈ സംഭാഷണം.

രഹസ്യാന്വേഷണവിഭാഗമാണത്രെ അവര്‍.

മനുഷ്യജീവിതങ്ങള്‍ക്ക് പുതിയ മാനവും വിധിയും കൊണ്ടുവരുന്നവര്‍..സ്വന്തം വിധിയെന്തെന്ന് അറിയില്ലയെങ്കിലും!

"മരണം രതിമൂര്‍ച്ഛയാണെന്നല്ലേ കിഴവന്‍ പറയാറ്..ചത്തപ്പോള്‍ പൊട്ടിത്തെറിച്ചോ ആവോ?!"ആക്ഷേപഹാസ്യക്കാരനായ മറ്റൊരാള്‍.

അവിടെ ചെറിയൊരു ചിരി പടര്‍ന്നു.

അതിനപ്പുറം എന്തെങ്കിലുമൊക്കെ ചിന്താശകലങ്ങള്‍ വീണു കിട്ടുമെന്ന് കഥ പറയുന്നോന്‍ തെല്ലൊന്ന് ആശിച്ചെങ്കിലും അതൊരു ദുരാഗ്രഹമെന്ന് സ്വയം തിരുത്തി പിന്‍തിരിയുകയാണുണ്ടായത്.

ഇവിടെ ചിന്തകളുണ്ടാവില്ല.ആധുനികതയില്‍ പൊതിഞ്ഞ മൃഗവാസനകള്‍ മാത്രം!വേഗം,ശൗര്യം,സ്വജനപക്ഷപാതം,
രക്തക്കൊതി,ഉന്മാദം,
വിശദീകരണം,പടരുന്ന അന്ധത
..അത്രമാത്രം!

ചിന്തിക്കുന്നുണ്ടെന്ന് ചിന്തിക്കാന്‍ ശ്രമിക്കുന്നവരെ ബോധ്യപ്പെടുത്താനായി ഇടക്കിടെ അഭിനയിക്കാറുണ്ടെന്ന് മാത്രം! 

'മരണം സിരകളില്‍ വിഷമായി പുളയ്ക്കുകയാണ്.

മരണം..ഭീതിജനകമായ വാക്കാണ്!

താനാരാണെന്നും, താനെന്തുചെയ്യണമെന്നും, എപ്പോള്‍,എങ്ങിനെ മരിക്കുമെന്നും,മരണശേഷം എന്താണെന്നുമുള്ള ചോദ്യങ്ങളും അവയ്ക്കുള്ള വിശദീകരണങ്ങളുമാവും ഏതൊരാളുടേയും ജീവിതത്തിന്റെ ചാലകശക്തി!

മരണം എല്ലാത്തിന്റേയും അവസാനമായ ഒരു മതിലാണോ അതോ പുതിയ ഏതോ ഒന്നിലേയ്ക്കുള്ള ഒരു വാതിലാണോ?

അതെന്തായാലും എന്റെ മരണം രതിമൂര്‍ച്ഛയാണ്.

മുഖം മനസ്സിനെ പ്രതിഫലിപ്പിക്കും.

ഇതുവരെ പഠിപ്പിച്ചതും പ്രഘോഷിച്ചതും അവസാനനിമിഷം സ്വയം തെറ്റെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.

മരണത്തെ ഞാന്‍ ആസ്വദിക്കുന്നതായി ലോകത്തെ കാണിക്കാന്‍ എന്റെ മുഖത്തേയും ശരീരഭാഷയേയും പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.

ജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ അദ്ധ്യാപനത്തിന്റെയും പഠനത്തിന്റേയും ഒരു ശൃംഖലയാണല്ലോ!

എന്നാലും എന്തിനാണ് ഇപ്പോഴീ മരണം?!

ആളുകളെ ഭയരഹിതരാക്കി സംവിധാനങ്ങളെ ഭയപ്പെടുത്തിയതിനാണ്.തീര്‍ച്ച!!

അജ്ഞതയും ഭയവും ഇല്ലാതാവുന്നതുപോയിട്ട് കുറയുന്നതുപോലും സംവിധാനങ്ങള്‍ക്ക് ഇഷ്ടമല്ല.

ഞാനും സംവിധാനങ്ങള്‍ക്കെതിരെ സംവിധാനമുണ്ടാക്കിയ ആളാണ്-തമ്മില്‍ കൊരുത്ത വലക്കണ്ണികള്‍ക്കു മുകളിലൂടെ ഒട്ടിപ്പിടിക്കാത്ത കാലുകളുള്ള ഒരു ചിലന്തിയെപ്പോലെ നടക്കണമെന്ന് മോഹിച്ച ഒട്ടനവധി ആളുകളിലൊരാള്‍!

ചിലന്തികളാവാന്‍ മോഹിക്കുന്നവര്‍ വലക്കണ്ണികളെങ്കിലുമായിത്തീരും!!വലിയ തമാശയാണ്..

റോള്‍സ് റോയ്സുകളും പായിച്ചു നടന്ന എന്റെ രക്തക്കുഴലുകളില്‍ ഭയത്തിന്റെ വിഷം കുത്തിവെച്ചത് വലക്കണ്ണികളാണ്;എന്തിനെന്ന് അറിയാതെ..!

മുഖത്തെ ശാന്തത അല്‍പ്പമൊന്നു മങ്ങിയോ?!ഇല്ല..വിഷത്തിന്റെ ചൂടിനെ ഇച്ഛാശക്തിയുടെ തേനൊഴിച്ച് ഞാന്‍ മറയ്ക്കുകയാണ്..പ്രപഞ്ചത്തിന്റെ ഗര്‍ഭാശയത്തിലേയ്ക്ക് ദശലക്ഷക്കണക്കിന് ആശയബിന്ദുക്കളായി ഞാന്‍ കുതിച്ചു ചാടുകയാണ്.

അതെ..മരണം!

ചിരിച്ചുകൊണ്ടൊരു മരണം!!'

"ഭംഗിയുള്ള താടിയുള്ള,മിക്കപ്പോഴും ചിരിക്കുന്ന,എല്ലാവരേയും ചിരിപ്പിക്കുന്ന ആ മാമനെ ഇനി കാണാനാവില്ലെന്ന് അച്ഛന്‍ പറഞ്ഞല്ലോ!!"ഒരു ഏഴുവയസ്സുകാരി അയല്‍പക്കത്തെ തന്റെ കൂട്ടുകാരിയോട് നേര്‍ത്ത വിഷാദത്തോടെ ആ മരണവാര്‍ത്ത പങ്കുവെച്ചു!

പിന്നെഴുത്ത് :-

ഐക്യനാടുകളിലെ ഏതൊ രഹസ്യാന്വേഷണസംഘടന കുത്തിവെച്ച വിഷമാണ് ഇന്ത്യന്‍ ചിന്തകനായ ഓഷോ രജനീഷിന്റെ മരണകാരണം എന്ന ഉറപ്പുവരാത്ത വാര്‍ത്തയെ മൂന്നു കണ്ണുകളിലൂടെ കാണാന്‍ ശ്രമിച്ചതാണ്.ചരിത്രമല്ല.

Wednesday, 7 April 2021

മനസ്സ്

'മനസ്സില്ലെ'ന്ന് ആയിരമാവര്‍ത്തി പറഞ്ഞിട്ടുണ്ടാവണം - ഒളിഞ്ഞും തെളിഞ്ഞും!

പക്ഷേ,

മഴ കാണുമ്പോള്‍;പൊടി മണം പൊങ്ങുമ്പോള്‍ 

മയൂരമാവുന്നതും..


തിര കാണുമ്പോള്‍;തീരം ചിരിക്കുമ്പോള്‍ 

കൊച്ചു കുഞ്ഞാവുന്നതും.. 

വെയില്‍ പുകയുമ്പോള്‍,മിഴി പൊഴിയുമ്പോള്‍

കനം തൂങ്ങുന്നതും.. 

അടിക്കടി,

ചിരിയാവുന്നതും,കൊച്ചു കഥയാവുന്നതും.. 

മനസ്സ് തന്നെ ആയിരിക്കും!!

Sunday, 7 March 2021

ആട്ടിറച്ചി

ആട്ടിറച്ചിയോടു വലിയ കമ്പമാണ്.

വിലയും എല്ലും ഓര്‍ക്കുമ്പോള്‍ കമ്പത്തെ അധികം പ്രോത്സാഹിപ്പിക്കാറില്ലെന്നു മാത്രം.

ആട്ടിറച്ചിയോട് കമ്പം വരാന്‍ വ്യക്തമായ കാരണമുണ്ട്.എന്താ കാരണമെന്നു ചോദിച്ചില്ലെങ്കിലും പതിവുപോലെ പറഞ്ഞേക്കാം.

നന്നെ ചെറുപ്പത്തിലാണ്.

3-4 വയസ്സ്.

കോഴിക്കോട്ടെ ഒരു മലയോരഗ്രാമത്തില്‍ ജംഗിള്‍ ബുക്ക് അഭിനയിച്ചു നടക്കുന്ന കാലം.

വീട്ടിലും ചുറ്റുവട്ടത്തുമുള്ള എല്ലാ വന്യമൃഗങ്ങളുമായി സമാധാനത്തിലാണ് ജീവിതം.ആരേയും അങ്ങോട്ട് ഉപദ്രവിക്കാന്‍ പോവാറില്ല.തിരിച്ചും ഉപദ്രവമൊന്നുമില്ല.

ഞങ്ങള്‍ സുന്ദരിയും സുശീലയും പോരാത്തതിന് ഗര്‍ഭിണിയുമായ ഒരു ആടിനെ വാങ്ങിയത് ആയിടയ്ക്കാണ്.

വീട്ടിലുള്ള മനുഷ്യരും ഗര്‍ഭത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും - സൗന്ദര്യത്തിലും,സുശീലതയിലും - അവളെപോലെ ആയതുകൊണ്ടാവും ഞങ്ങളുമായി പെട്ടെന്ന് ഇണങ്ങി.

ആടിന് ആവശ്യത്തിന് സ്വാതന്ത്ര്യമുണ്ട്.കയറിട്ട് ബന്ധിക്കാറില്ല..സുശീലയാണല്ലോ!ഞങ്ങളുടെ കൂടെ തന്നെ പറ്റിക്കൂടി നിന്നോളും.

കാലം കടന്നുപോയി.

എല്ലാ ഗര്‍ഭിണികള്‍ക്കും സംഭവിക്കാറുള്ളത് അവള്‍ക്കും സംഭവിച്ചു.

പ്രസവിച്ചൂന്ന്.

മുട്ടന്‍ കുഞ്ഞാണ്. മുട്ടന്‍ എന്നത് സൈസല്ല സെക്സാണെന്ന കാര്യം പ്രസ്താവ്യമാണ്.

കുഞ്ഞന്‍ അത്ര സുശീലനല്ല.പക്ഷേ കുഞ്ഞല്ലേ!!

അവനെ പിന്തുണക്കാന്‍ അജവംശത്തിലും മനുഷ്യവംശത്തിലും ആളുണ്ട്.

നമ്മളെയൊക്കെ നിസ്സാരകാര്യങ്ങള്‍ക്ക്
 ഉലക്കയെടുത്ത് ദണ്ഡിക്കുമ്പോള്‍ ചോദിക്കാന്‍
ആരുമുണ്ടാവാറില്ല..

പോട്ടെ പോട്ടെ..അസൂയ വെളിവാക്കി വെറുതെ കഥ ഗതിമാറ്റി വിടുന്നില്ല.

ഈ കുഞ്ഞന്റെ പ്രത്യേകത എന്താണെന്നു വെച്ചാല്‍ അത് പെട്ടെന്നു തന്നെ ഓടിച്ചാടി നടക്കാന്‍ തുടങ്ങി എന്നതാണ്.ആടുവംശത്തില്‍ അതാണത്രേ സമ്പ്രദായം.

ഞങ്ങള്‍ അധികം പരിചയപ്പെട്ടിട്ടില്ല.

പരിചയപ്പെട്ടത് അത്യാവശ്യം നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തിലുമായിപ്പോയി.

ഒരുദിവസം പതിവില്ലാത്ത ഒരു ഉച്ചമയക്കത്തിന് ചെറിയോരു തടി ബെഞ്ചില്‍ സര്‍ക്കസുകാരനെപ്പോലെ ബാലന്‍സ് ചെയ്തു കിടന്ന കഥയിലെ ഉപനായകനായ ഞാന്‍ പെട്ടെന്ന് നെഞ്ചിലേയ്ക്ക് എന്തോ വന്നു വീഴുന്നതായി അറിഞ്ഞ് ഞെട്ടിയുണര്‍ന്നു.ഞെട്ടിയുണര്‍ന്നാല്‍ അടുത്ത പടി ചാടിയെണീക്കണമെന്നതാണെങ്കിലും നെഞ്ചിലും വയറിലുമായി നാലുകാലുമുറപ്പിച്ച് കഥാനായകനായ ആട്ടിന്‍ കുട്ടി നില്‍ക്കുന്നതിനാല്‍ അതിന് സാധിക്കാത്തതിലുള്ള നിരാശയാല്‍ ഞാന്‍ ചെറുതായൊന്നു കരയുന്നതുപോലെ അഭിനയിച്ചു.

വെറും അഭിനയം മാത്രം.

മെന്‍ ഡോന്റ് ക്രൈ!!

വീട്ടില്‍ അന്നുള്ള മറ്റു മനുഷ്യജീവികള്‍ വന്നു നായകനെ നെഞ്ചകത്തുനിന്നും എടുത്തു മാറ്റി.

അതിനെ ഒന്നു ശാസിക്കുകപോലും ചെയ്തില്ല എന്നത് നിങ്ങള്‍ അറിയണം.

കുഞ്ഞല്ലേ?!

ഹൃദയങ്ങള്‍ അകലുകയാണ്.

അവന്‍ തുള്ളിച്ചാട്ടവുമായി അമ്മയുടെ സ്വാതന്ത്ര്യം സൗജന്യമായി ഇന്‍ഹെറിറ്റ് ചെയ്ത് കയറില്ലാതെ തകര്‍ത്തു നടക്കുകയാണ്.ഞാന്‍ മറ്റു ജീവജാലങ്ങളോടൊപ്പം ഒതുങ്ങി ഒരു കോണിലും.

അങ്ങനെയിരിക്കെ മറ്റൊരു ദിവസം..

മുട്ടന്‍ കുഞ്ഞ് തുള്ളിച്ചാട്ടത്തിനു പുറമേ പുതിയൊരു കലാപരിപാടികൂടി കണ്ടു പിടിച്ചിരിക്കുന്നു എന്ന കാര്യം പറയാന്‍ മറന്നു.പൊടിച്ചു വരുന്ന ചെറിയ പൈശാചിക കൊമ്പുകളെ പ്രത്യേക ആംഗിളില്‍ താഴ്ത്തി ചുവടുവെച്ച് ഇടിക്കലാണ് പ്രസ്തുത പരിപാടി.

പറഞ്ഞു നിര്‍ത്തിയ 'മറ്റൊരു ദിവസത്തി'ലേയ്ക്ക് മടങ്ങി വരാം.

പുരയിടത്തിലെ തട്ടുതട്ടായി തിരിച്ച് റബ്ബര്‍ നട്ടിരിക്കുന്ന ഭാഗത്താണ്.അവിടെ കൂട്ടത്തില്‍ പെടാതെ നില്‍ക്കുന്ന ഒരു കശുമാവിന്റെ വിളവെടുക്കാന്‍ ഞങ്ങള്‍ മനുഷ്യരും പുല്ലു തിന്നാനും പൂച്ചിയെ പിടിക്കാനുമൊക്കെയായി മറ്റു ജീവികളും സന്നിഹിതരാണ്.

കഥാനായകന്‍ തുള്ളല്‍ പ്രസ്ഥാനവുമായി രംഗത്തു തന്നെയുണ്ട്.ജീവിതം സാധാരണഗതിയില്‍ പുരോഗമിക്കയാണ്.

പെട്ടെന്ന് എന്റെ വിളിപ്പേര് ആരോ..തിരിഞ്ഞു നോക്കിയപ്പോള്‍ മുട്ടന്‍ ഓടിവന്ന് ഇടിക്കാനുള്ള ആക്ഷനെടുക്കുകയാണ്.

ലക്ഷ്യം ഞാന്‍ തന്നെ!

അല്ലെങ്കിലും എല്ലാവരും അഭ്യാസം പഠിക്കുക കൂട്ടത്തിലേറ്റവും ചെറിയ ആളിനടുത്തായിരിക്കുമല്ലോ!

നെഞ്ചു വിരിച്ച് നിന്നു.മുട്ടന്‍ കുഞ്ഞിന് പണി എളുപ്പമായി.ഓടിവന്ന് ചാടി ഇടിച്ചു!

ഫിസിക്സിന്റെ ഒരുവിധം എല്ലാ നിയമങ്ങളും കൃത്യമായി അനുസരിച്ചു കൊണ്ട് സഹനായകനായ ഞാന്‍ മലര്‍ന്നു വീണ് ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയുള്ള ഒരു റബ്ബറിലിടിച്ചു നിന്നു.

ഫിസിക്സിന്റെ കാര്യം പറഞ്ഞപ്പോഴാണ്.എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമെന്നത് വളരെ തെറ്റാണ്!!

തുല്യമായ പ്രതിപ്രവര്‍ത്തനമെന്നത് സംഭവിച്ചു..ഉരുണ്ടുരുണ്ട് രണ്ട് പ്ളാറ്റ്ഫോമിനു താഴെയെത്തി.

പക്ഷേ വിപരീതമായ പ്രതിപ്രവര്‍ത്തനം??!!

ഓര്‍ക്കുമ്പോള്‍ കലി വരും..

എന്നെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ആട്ടിന്‍ കുട്ടിയെ അടിക്കുന്നതുപോലെ ആംഗ്യം കാണിക്കുന്നു.

കുഞ്ഞല്ലേ!അറിഞ്ഞോണ്ടല്ലല്ലോ!അതിന്റെ നൈസര്‍ഗ്ഗികവാസന പ്രകടിപ്പിച്ചതല്ലേ?!!

എന്തായാലും അന്നുമുതല്‍ ആട്ടിറച്ചി വലിയ ഇഷ്ടമാണ്.എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമ്പോള്‍ ഓവര്‍ ആക്ട് ചെയ്യുന്നവരെ ഇഷ്ടവുമല്ല.