Saturday, 29 August 2020

കപടവ്യക്തിത്വം

തലക്കെട്ട് വായിച്ച് മുന്‍വിധികളൊന്നുമെടുക്കരുതേ!

ഇതു സ്വന്തം ചിന്താധാരകളിലുണ്ടായ ചില മാറ്റങ്ങളെ രേഖപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണ്.പലപ്പോഴും മറ്റാരോടു പറയുന്നതിലും ആത്മാര്‍ത്ഥമായി സ്വന്തം ജീവിതരേഖ എഴുതി സൂക്ഷിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ഞാന്‍.പലപ്പോഴും പല ഓണ്‍ലൈന്‍ സുഹൃത്തുക്കളും കഥയറിയാതെ ആട്ടം കണ്ട് കണ്‍ഫ്യൂഷനടിച്ച് അസുഖകരമായ ഒരു ഫീലിങ്ങു മാത്രം ഓര്‍ത്തുവെച്ചു നടക്കുന്നതിന് എന്റെ സംഘര്‍ഷ,സങ്കട കഥകള്‍ കാരണമായിട്ടുണ്ടാവാം.അതിനൊരു പരിഹാരമായി കുറച്ചു നല്ലതെന്തെങ്കിലും എഴുതണമെന്ന് ഇടക്കിടെ തോന്നാറുണ്ട്.

വ്യക്തിത്വം അഥവാ പേഴ്സണാലിറ്റി എന്ന വാക്ക് മുഖംമൂടി എന്നര്‍ത്ഥമുള്ള 'പേഴ്സോണ'യില്‍ നിന്ന് വന്നതാണെന്നത് നമ്മുടെ പല മഹദ് വചനങ്ങളുമെന്നപോലെ അധരവ്യായാമമായി മാറിയ ഒന്നാണോ?!

ശൈശവത്തെയും ബാല്യത്തേയും ഓര്‍മ്മിക്കാന്‍ കഴിയുന്നുണ്ടോ?

ഇല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടേത് നിരീക്ഷിക്കാമല്ലോ!

എന്ത് കഴിക്കണമെന്ന് അറിയില്ല,എവിടെ വിസര്‍ജ്ജിക്കണമെന്നറിയില്ല,ആശയവിനിമയം പരിമിതം,സ്വജീവന്‍ സംരക്ഷിക്കാന്‍ കാര്യമായി അറിയില്ല,ആരെ വിശ്വസിക്കണമെന്നറിയില്ല,വിശ്വാസമുള്ള ആളുകള്‍ മറ്റുള്ളവരോട് അടുത്ത് ഇടപഴകുന്നത് ഇഷ്ടമല്ല(അമ്മ വേറൊരു കുഞ്ഞിനെ എടുക്കുന്നത് മിക്ക കുഞ്ഞുങ്ങള്‍ക്കും ഇഷ്ടപ്പെടാറില്ല).ഇതിനെയൊക്കെ മെരുക്കി നിര്‍ത്തിയാണ് നാം വ്യക്തിത്വം എന്ന കുപ്പായമണിയാറ്.

അപ്പോള്‍ ഈ കപടവ്യക്തിത്വം?!

വഞ്ചനാപരമായ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെയല്ല ഞാന്‍ ഇനി പ്രതിപാദിക്കുന്നതെന്ന് മുന്‍കൂറായി തന്നെ  
പറയട്ടെ!

സാമൂഹികബന്ധപ്പാടുകളൊക്കെ സ്വന്തമായി തുടങ്ങി വന്ന സമയത്ത് പല പ്രൊഫഷണലുകളേയും 'കപടവ്യക്തിത്വം എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിച്ചിട്ടുണ്ട്.

പൊളിറ്റിക്കലായി ദേഷ്യം പ്രകടിപ്പിക്കാന്‍ പ്രയോജനപ്രദമായ ഒരു ആരോപണമാണ് ഇത് എന്ന് സമ്മതിക്കാതെ വയ്യ.നമുക്ക് അത്ര ബോധിക്കാത്ത ഒരാള്‍ വികാരപ്രകടനങ്ങളൊക്കെ അഭിനയിക്കാറാണെന്ന് പറയുമ്പോള്‍ വല്ലാത്തൊരു മനഃസുഖമായിരുന്നു.

പക്ഷേ പിന്നീടാലോചിച്ചപ്പോള്‍ വാച്യാര്‍ത്ഥത്തില്‍ തന്നെ ഇല്ലോജിക്കലാണ് 'കപടവ്യക്തിത്വം'  എന്ന പ്രയോഗം എന്നു തോന്നി.

മൃഗവാസനകളെ ഒതുക്കി നമ്മളണിഞ്ഞ താത്കാലിക മുഖംമൂടിയായ വ്യക്തിത്വത്തിന് വേറൊരു മുഖംമൂടി ഉണ്ടാവുമോ?

മേഡ് ഇന്‍ കുന്ദംകുളം പ്രൊഡക്ടിന്റെ ഡ്യൂപ്ളിക്കേറ്റ് എന്നൊക്കെ പറയുംപോലെ ആവില്ലേ ഇത്.(കുന്ദംകുളം കാര്‍ ക്ഷമിക്കുക).

ബാക്കിയുള്ള വരികള്‍ നിങ്ങള്‍ക്കായി ഒഴിച്ചിടുന്നു.

Saturday, 15 August 2020

ബന്ധങ്ങളുടെ തരംഗസ്വഭാവം

ആദ്യമേ തന്നെ പറയട്ടെ,ഇത് ശാസ്ത്രീയപഠനമൊന്നുമല്ല.ഒരു തിയറിയെ ഞാന്‍ എങ്ങിനെ മനസ്സിലാക്കി എന്നു വിവരിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.

ഭൗതികശാസ്ത്രത്തില്‍ തരംഗങ്ങളുടെ സ്വഭാവത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് എതിര്‍ദിശയില്‍ സമ്മേളിക്കുന്നവയുടെ പരിണിതഫലങ്ങളേപ്പറ്റിയും പറയുന്നുണ്ട്.

പാഠപുസ്തകങ്ങളിലെ തന്നെ ഉദാഹരണങ്ങള്‍ പരിശോധിച്ചാല്‍,കടലില്‍ തീരത്തു നിന്നു വീക്ഷിക്കുന്ന നമ്മുടെ നേരെ വരുന്ന തിരമാലയും പിന്‍വാങ്ങുന്ന തിരമാലയും കണ്ടുമുട്ടുമ്പോള്‍ മൂന്നു സാധ്യതകളാണുള്ളത്.

അതിലാദ്യത്തേത് രണ്ടു തിരമാലകളും അവയുടെ ആവൃത്തി അഥവാ ഉയരത്തിന്റെ പരമാവധിയിലേയ്ക്ക് എത്തിപ്പെടും (കണ്‍സ്ട്രക്ടീവ് ഇന്റര്‍ഫെറന്‍സ്).

രണ്ടാമത്തെ സാധ്യത തിരമാലകളുടെ ഉയരം ഇല്ലാതായിപ്പോകലാണ്.

മൂന്നാമത്തേതാവട്ടെ വിപരീതദിശയിലുള്ള പരിണിതഫലവും..തിരമാലകള്‍ കിരീടം പോലെ മുകളിലേയ്ക്ക്  ഉയരാതെ കാണാനാവാത്ത ആഴങ്ങളിലേയ്ക്ക് സഞ്ചരിക്കപ്പെടുന്നു(ഡിസ്ട്രക്റ്റീവ് ഇന്റര്‍ഫെറന്‍സ്).

പരിണിതഫലം കണ്‍സ്ട്രക്ടീവാകുന്നതിലും ഡിസ്ട്രക്ടീവാകുന്നതിലും നള്ളിഫൈ ചെയ്യപ്പെടുന്നതിലും തിരമാലകള്‍ ഉത്തരവാദികളാണോ?

അല്ല!!

വിശേഷബുദ്ധിയോ ജീവന്‍ പോലുമോ ഇല്ലാത്ത അവ വെറും സാഹചര്യങ്ങളുടെ മാത്രം നിയന്ത്രണത്തിലാണ്.

വിശേഷബുദ്ധിയുള്ള മനുഷ്യര്‍ തമ്മില്‍ ഇടപെടുമ്പോഴോ?

ആണും പെണ്ണും,
മാതാപിതാക്കളും മക്കളും,ഗുരുവും ശിഷ്യരും,തൊഴില്‍ ഉടമയും തൊഴിലാളിയും,സേവനദാദാവും സ്വീകര്‍ത്താവും,ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും അങ്ങിനെ നമ്മളാകുന്ന തരംഗങ്ങള്‍ എത്രയോ തീരങ്ങളില്‍ കണ്ടുമുട്ടാറുണ്ട്.

ഇന്റ്വിജലി എത്ര നല്ല മനുഷ്യരും കണ്ടുമുട്ടുന്നിടത്ത് നള്ളിഫിക്കേഷനും ഡിസ്ട്രക്ടീവ് ഇന്റര്‍ഫെറന്‍സും വരാറുണ്ടെങ്കില്‍ അത് വിശേഷബുദ്ധിക്ക് ഒരു വെല്ലുവിളിയല്ലേ?

സ്വതസിദ്ധവും അനുനിമിഷം വളരുന്നതുമായ ഭാവന നമുക്ക് ബന്ധങ്ങള്‍ വളര്‍ത്താന്‍ ഉപയോഗിച്ചാലോ?

ഞാനാകുന്ന തരംഗം സാഹചര്യങ്ങളാല്‍ ഒരുപാടു ബാധിക്കപ്പെടുമെങ്കിലും തോണിയുടെ പങ്കായം പോലെ വിശേഷബുദ്ധിയെന്നൊരു സമ്മാനം നമ്മളിലുണ്ടല്ലോ.

ഇടക്കൊന്നു പിണങ്ങിയും ഒരുപാട് ചിരിച്ചും ആവശ്യത്തിന് കരഞ്ഞും ഹൃദയം തുറന്ന് സംസാരിച്ചും നമുക്കും ഔന്നത്യങ്ങള്‍ തേടുന്ന തിരമാലകളാവാം.

ആമേന്‍😂