Tuesday, 29 May 2018

വലിയ കുട്ടികളുടെ ഇച്ചീച്ചിക്കഥ

  "ഗാന്ധിജിയും നെഹൃജിയും വിഭാവനം ചെയ്ത ഇന്ത്യയാണോ സോദരാ ഇന്നത്തെ ഇന്ത്യ?! ബഷോപ്പുജീയും സ്വാമിജിയും മുക്രിജിയും ഞാന്‍ജിയും എന്റപ്പന്‍ജിയും ചന്തിയോടു കൈ ചേര്‍ന്നു കെട്ടിപ്പൊക്കിയ ഈ മലയോര കര്‍ഷകതൊഴിലാളി പ്രസ്ഥാ.."

"ശ്...ശൂ മത്തായി മാസ്റ്ററേ ..അതു തോളോടു തോളെന്നാണ്.തോളോടു തോള്‍..തോളോടു തോള്‍.."

"ഞാന്‍ ഗോവണിയില്‍ കയറി നിന്ന് താഴേന്നു തരുന്ന കട്ടയും സിമന്റും വാങ്ങി മുകളിലേക്കു പൊക്കി കൊടുക്കുവാരുന്നുവ്വാ.അപ്പോ ബിഷോപ്പിന്റെ കൈ എന്റെ മൂട്ടില്‍ അറിയാതെ മുട്ടുമല്ലോ.
അതാണ് ചന്തിയോടു കൈ എന്ന് പ്രയോഗിച്ചത്.മനസ്സിലായോ?"

പാര്‍ട്ടി ശക്തിപ്രകടനത്തില്‍ മത്തായി മാസ്റ്റര്‍ കത്തിക്കയറി.ശേഷം വണ്ടി സ്ഥിരം ചായക്കടയുടെ മുന്‍പിലേക്കിട്ട് കത്തിയിറങ്ങി.

"മാസ്റ്റര്‍ ശരിക്കും ഏതു സ്കൂളിലാ പഠിപ്പിച്ചെ?അല്ല,റിട്ടയര്‍ ആകാനുള്ള പ്രായമൊന്നും തോന്നിക്കുന്നില്ല..അതാ!"

"ഓ,ഞാന്‍ ഒന്നാം ക്ളാസ്സില്‍ കുറച്ചുകാലം വേദപാഠം പഠിപ്പിച്ചിരുന്നതോര്‍മ്മയില്ലേ?അന്ന് പിള്ളേര് സ്നേഹത്തോടെ വിളിച്ച് വിളിച്ച് നമ്മളീ മാസ്റ്ററെന്ന വാല് സ്ഥിരമാക്കി.അല്ലാതെ മനപൂര്‍വ്വം അവരെക്കൊണ്ട് വിളിപ്പിച്ചതൊന്നുമല്ല കെട്ടോ!"

"അതു കലക്കി.മത്തായി മാസ്റ്റര്‍..വിളിക്കാനൊരു സുഖമൊക്കെയുണ്ട്.അല്ലേലും മാസ്റ്ററിന് നല്ല ചരിത്ര അവബോധമുണ്ടെന്ന് പ്രസംഗം കേട്ടാലേ അറിയാം.രാഷ്ട്രനേതാക്കളെയൊക്കെ എന്നാ കൃത്യമായിട്ടാ ഉദ്ധരിച്ചത്!!"

"ഓ,വാഴക്കാ!നായ്ക്കോലം കെട്ടിയാല്‍ കുരക്കാതിരിക്കാനൊക്കുവോ!നമ്മളറിഞ്ഞ ചരിത്രമൊന്നും വേറാരുമറിഞ്ഞിട്ടില്ല.
ഈ നെകൃവെന്നു പറയുന്നോന്‍ പിള്ളേരുടെ ആളല്ലായിരുന്നോ!അന്ന് ഇന്നത്തെപ്പോലത്തെ സ്ട്രോങ്ങ് ജട്ടിയൊന്നുമില്ലല്ലോ.ഇവന്‍ പിള്ളേരെ മടിയില്‍ പിടിച്ചിരുത്തി സുഖിക്കലല്ലേ പണി.

കഴിഞ്ഞാഴ്ചത്തെ വനിതാമുത്തില്‍ പാര്‍ട്ടിയുടെ വനിതാവിഭാഗത്തെ ടീച്ചറെഴുതിയ ലേഖനം വായിച്ചാരുന്നോ!ഞെട്ടി പോകും.'അങ്കിളുമാരെ സൂക്ഷിക്കുക'യെന്നൊമറ്റോ ആണ് പേര്.

പോരാത്തതിന് നെകൃ കുറേക്കാലം മൗണ്ട് ബാഡ്മിന്റന്റെ കെട്ട്യോക്കടെ പിറകേം നടന്നാരുന്നല്ലോ!

അടുത്തവന്‍ കാന്തി!പതിമൂന്നു വയസ്സിലെങ്ങാണ്ട് മഞ്ഞളുമാറാത്ത ഒരു പെണ്ണിനെ കെട്ടി.

ആഫ്രിക്കേല്‍ ചെന്നേതോ മൂത്ത കുണ്ടന്റെ കൂടെയല്ലാരുന്നോ താമസം.ഇവര്‍ പിന്നീട് പരസ്പരം അയച്ച കത്തുകളുടെ കോപ്പിയില്‍ മറ്റേ സ്നേഹത്തിന്റെ ലക്ഷണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടു പിടിച്ചിട്ടുണ്ടെന്നേയ്.

ഇതെല്ലാം കഴിഞ്ഞ് തൈക്കെളവനായി നാട്ടില്‍ വന്നിട്ട് നടക്കുമ്പോള്‍ രണ്ട് കിളുന്തു പെണ്ണുങ്ങളുടെ മറ്റേടത്തൂടെ കൈയ്യിട്ടേ നടക്കൂ..അതും നിസ്സാര നടപ്പാണോ!!ഇരുപതും ഇരുപത്തഞ്ചും കിലോമീറ്ററേയ്..ആത്മനിയന്ത്രണം പരിശോധിക്കാനെന്നും പറഞ്ഞ് കെടപ്പും ഇവരുടെ നടുക്ക് തന്നെ.കേരളത്തിലെങ്ങാനുമാരുന്നേ അവന്റെ നിയന്ത്രണം ഞാന്‍ ശരിക്കും പരീക്ഷിച്ചേനെ.

എന്തു ചെയ്യാം!ഗോസായികളല്ലേ പാര്‍ട്ടി തലപ്പത്ത്."

"മാസ്റ്ററു ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലൂടെ മേഞ്ഞ ആളാണെന്നറിഞ്ഞിരുന്നില്ല.  വണ്ടിക്കിതെന്നാ പറ്റി?!ബമ്പറു ചളിങ്ങിയിരിക്കുന്നെ..ചോദിക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു"

"അതു മെനഞ്ഞാന്ന് വേറൊരുത്തനുമായിട്ട് ഒന്നു തട്ടിയാടാ ഉവ്വേ.കാര്യം ഞാനാണ് പോക്കറ്റ് റോഡീന്ന് മെയിന്‍ റോഡിലേക്ക് കയറിയത്..അര്‍ജന്റ് ഒരു കോളിലായിപ്പൊയെന്നേ.ദൈവഭാഗ്യം കൊണ്ട് ജാന്‍ മോളു വണ്ടിയേലൊണ്ടാരുന്നു"

"ജാനോ! ജാന്‍സിയെന്നാണല്ലോ കേട്ടിരിക്കുന്നത്."

"എന്റേടാ ഉവ്വേ,നമ്മടെ സിനിമാനടനെ കെട്ടാനായി പത്തിരുപതു പേരു പോണ പരിപാടിക്ക് ചേര്‍ന്നപ്പോ അവരാണ് ജാന്‍ എന്നു നിര്‍ദ്ദേശിച്ചത്.കൊഴപ്പം ഇല്ലാന്ന് തോന്നി.ഗസറ്റീ കൊടുത്ത് അതങ്ങു മാറ്റി.സിനിമാനടമ്മാര്‍ക്കൊക്കെ ചേരുന്ന പേരാണല്ലോ ജാന്‍"

"അതേയതേ"

"അവള് ഉടുപ്പു ചുളുങ്ങാതിരിക്കാന്‍ സീറ്റ് ബെല്‍റ്റിടാറില്ലല്ലോ.പെട്ടന്ന് ചവിട്ടിയപ്പോള്‍ എവിടെയോ ചെന്നു തട്ടി അതിന്റെ ദേഹത്തൂന്ന് കൊറച്ച് ചോര പൊടിഞ്ഞു.പിന്നെ മറ്റേ വണ്ടിക്കാരന്‍ പൊറം നാട്ടുകാരനും.കൊച്ചിന്റെ ദേഹത്ത് ചോര കണ്ടപ്പോ എനിക്കു സഹിച്ചില്ല.നമ്മടെ രണ്ടുമൂന്ന് ആള്‍ക്കാരെ വിളിച്ചു.അവര്‍ക്കും ഇതു കണ്ടിട്ട് സഹിച്ചില്ല.ദൈവകുരുത്തം കൊണ്ട് അവന്‍ മാപ്പും പറഞ്ഞ് നമ്മടെ വണ്ടി നന്നാക്കാനുള്ള കാശും തന്ന് പോയി"

"അപ്പോ കൊച്ചിനെ കാണിച്ച് കാശു വാങ്ങിയല്ലേ?"

"അതെന്തു നാറിയ വര്‍ത്തമാനമാടോ താന്‍ പറഞ്ഞത്?"

"അയ്യോ മാസ്റ്ററേ,കൊച്ചിന്റെ ചോര കണ്ടതുകൊണ്ട് നമുക്ക് കാശു കിട്ടി അല്ലേയെന്നാണ് ചോദിക്കാനിരുന്നത്.ക്ഷമിക്കണം"

"ആ..ആ..അവള് ധ്യാനത്തിന് പോയതു കൊണ്ട് വീട്ടിലടുക്കള ബന്ദാണ്.വെശക്കുന്നല്ലോ! നമ്മടെ ഭായിയെന്തിയേ?  ഭായീ...ഭായി..."

"എന്ത് വിശേശം സേട്ടാ?"

"എന്നാ ഒണ്ട് ഭായീ..കഴിക്കാന്‍?"

"അപ്പം,പൊറോട്ട,ദോശ"

"കറിയെന്നാ ഒണ്ട്?"

"കടല,മുട്ട,ബീഫ് കരി.."

"ആരടെ മൊട്ടയാ ഭായീ...ഹി..ഹി..ഹീ"

"കോയി മൊട്ട സേട്ടാ"

"രണ്ട് പൊറേട്ടേം മൊട്ടേം ഇങ്ങ് കാണിച്ചേ.വിത്തൗട്ട് സ്ട്രോങ്ങ് ചായേം..ഇത് ഫയങ്കര ഫാഷനിലാണല്ലോ! ത്രീ ഫോര്‍ത്തിന്റെ കാലം പോയി..ഇപ്പോ ഹാഫ് ട്രൗസറാ ട്രെന്റ്"

"നാട്ടില്‍ ചേച്ചിമാരും ഹാഫാണ് സേട്ടാ.കൊണ്ടുവരണോ?"

"അയ്യേ.ഛേ.ആ ഫ്ളോ അങ്ങ് പോയി.ചത്ത കിളിക്ക് എന്തിനാ..ചേച്ചിക്ക് ഒന്നും വേണ്ട.നീ പൊറോട്ടയെടുക്ക്.

യെവന്‍മാരുടെ കാലൊക്കെ നല്ല കപ്ളങ്ങാ പോലെ വെളുത്താണല്ലേ?

വീട്ടിലുമൊണ്ടാരുന്നു ഒന്ന്.എന്റെ പെമ്പ്രന്നോത്തിയുടെ കാര്യത്തില്‍ എന്നെക്കാള്‍ ശ്രദ്ധ ആയപ്പോ പറഞ്ഞു വിട്ടു.അല്‍പ്പം മുഷിയണ്ടിയും വന്നു."

"എന്താരുന്നവനു പണി?"

"ഓ.എന്നാ പണി.അല്ലേലും ബുദ്ധിയില്ലാത്ത അവനൊക്കെ എന്നാ പണിയെടുക്കാനാ? നമ്മളിതൊരു പുണ്യപ്രവൃത്തിയായിട്ടു കണ്ടെന്നേയുളളൂ.മാസം ആറായിരം രൂപ സര്‍ക്കാര്‍ ശമ്പളം പോലെ കൊടുക്കും.ഇവന്റെയൊക്കെ നാട്ടിലെ അവസ്ഥയെന്നതാന്നറിയാവോ?ചെലവായി പോകാതിരിക്കാന്‍ അത്യാവശ്യമുള്ളപ്പോ മാത്രമേ കൊടുക്കാറുള്ളൂ.പിന്നെ ചിലവൊന്നുമില്ലല്ലോ.എന്റെം പിള്ളേരുടേം പഴേ തുണി...ശാപ്പാട്...പമ്പ് ഹൗസില് കിടപ്പും. നാലു പശുവും പന്ത്രണ്ട് ആടും കുറച്ചു പന്നിയും പിന്നെ നമ്മുടെ ആറര ഏക്കറിലെ ചെറിയ പണികളും.ഒക്കെ അവനു വേണ്ടി സ്രഷ്ടിച്ച തൊഴിലുകളല്ലേ!"

"എന്നിട്ടവന്‍ ചേച്ചിയോട് അപമര്യാദയായി പെരുമാറിയോ?"

"അങ്ങിനെ ചോദിച്ചാല്‍ അപമര്യാദയുടെ അല്ല പ്രശ്നം.അവളുടെ തുണി വരെ അലക്കിക്കൊടുക്കുന്നത് അവന്‍.പിന്നെ മലയാളം പഠിച്ചു കഴിഞ്ഞപ്പോള്‍ വായെടുത്താല്‍ തറുതലയും.ഓടിച്ചു.വേറെ എവിടെയോ മേസ്തിരിപ്പണിക്ക് കയറീന്ന് കേട്ടു.അലച്ചിലാരിക്കും.ഇവിടുത്തെ ഒരു സ്നേഹം ലോകത്തെവിടെ ചെന്നാല്‍ കിട്ടും?"

"അതൊള്ളതാ.എത്രനാള്‍ കൂടെയുണ്ടായരുന്നു?"

"മൂന്നു മൂന്നര കൊല്ലം ശമ്പളം വാങ്ങി.പോകാന്നേരം അവളോടു പറഞ്ഞ് രണ്ടു കിലോ ചക്ക വറുത്തതും കൊടുത്തു വിട്ടു.പിന്നെയെന്നാ വേണം?!"

"അപ്പോ ചേച്ചിയെ കാണിച്ച് അവനേം ഒഴിവാക്കി.മാസ്റ്ററോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് തിരിഞ്ഞത് നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് ആളുകളുടെ ലൈംഗികശേഷിയാണ്.ചെറിയ ബുദ്ധിയില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ.നിങ്ങളു രാഷ്ട്രീയക്കാരൊക്കെയാണല്ലോ ഇവിടം.നമുക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കും പോലെ ലൈംഗിക ശേഷി നിലനിര്‍ത്താന്‍ യോഗ്യരായവരേയും ബാലറ്റിലൂടെ തീരുമാനിക്കാം.തിരഞ്ഞെടുക്കപ്പെടാത്തവരെയെല്ലാം പത്താംക്ളാസ് പ്രായത്തില്‍ കപ്പാസെടുക്കാം.ഇവരെ തിരിച്ചറിയാന്‍, ശേഷിയുള്ളവര്‍ക്കു Pot. എന്നു ഇംഗ്ളീഷില്‍ ഇനീഷ്യലിടാം - potent എന്നുളളതിന്റെ pot. കപ്പാസെടുത്തവരെ Imp,impotent എന്നും വിളിക്കാം.important എന്നാനെന്ന് വിദേശികള്‍ കരുതിക്കോളും.മലയാളത്തില്‍ ഷണ്ഡശ്രീയെന്ന് വിളിക്കുകയുമാവാം.."

"അപ്പോ ശേഷിയുള്ളവനെ പൊങ്ങശ്രീന്ന് വിളിക്കുവാരിക്കും.പരനാറീ,നീ മൊറത്തീ കേറി കൊത്തിയാല്‍ കാക്കക്കാലേല്‍ പോകും!"

ഈ കഥ തുടരും.നമ്മള്‍ ലൈംഗികതയെ  പ്രലോഭനത്തിനും വിലപേശലുകള്‍ക്കും വെറുപ്പിക്കലിനും ഉപയോഗിക്കും. ഹിന്ദിക്കാരെ കൊണ്ടുവന്ന് ചൂഷണം ചെയ്യും.മനസ്സിലാകുമ്പോള്‍ അവന്‍ പ്രതികാരത്തിനിറങ്ങും.നിയന്ത്രിക്കാനാളില്ലാത്ത ഈ നാട്ടില്‍ അവന്‍ ക്രിമിനലാകും.പെണ്ണിനെ തോണ്ടും.എതിര്‍ക്കുന്നവരുടെ അടിനാഭി കുത്തി തുറക്കും.അപ്പനുമമ്മയും മാധ്യമധര്‍മ്മക്കാരും രാഷ്ട്രീയക്കോമരങ്ങളും ആ ചോര ഫോട്ടോയെടുത്ത് വിറ്റ് ബ്യൂട്ടിപാര്‍ലറില്‍ പോകാനുള്ള കാശായും വോട്ടായും സര്‍ക്കുലേഷനായും മാറ്റും.  ഇതൊരു വൃത്തമാകും..

യുക്തി പൂത്തുലയട്ടെ.നമ്മുടെ കുശാഗ്ര ബുദ്ധിയും..

ശുഭം🙏🏻

Wednesday, 9 May 2018

മഴയാണ്

ജീവനാണ്

ആത്മീയമാണ്

സംഗീതമാണ്

പ്രചോദനമാണ്

സൗന്ദര്യമാണ്

നൃത്തമാണ്

ചിത്രമാണ്

പുഴയാണ്

കടലാണ്

നീര്‍ക്കണമാണ്

കുളിരാണ്

പ്രണയമാണ്

ശല്യമാണ്

പ്രളയമാണ്

ചിലപ്പോള്‍ മരണമാണ്

ചാക്രികമാണ്

കാലമെന്ന് തേരിലോടുന്നതാണ്

നീയും

ഞാനും

അബ്സ്ട്രാക്റ്റ്

അബ്സ്ട്രാക്റ്റ് ചിത്രങ്ങളോടു ഇഷ്ടം  ആശയക്കുഴപ്പമുള്ള,വിഷാദത്തിലേയ്ക്കു വഴുതിയ മനസ്സിനെയാവാം പ്രതിഫലിപ്പിക്കുന്നതെന്നൊരു വിജ്ഞാനം അയാളോടൊരിക്കല്‍ വിളമ്പിപ്പോയി.

പിന്നെ ഒരിക്കല്‍ അയാളുടെ കല്ല്യാണക്കത്തില്‍ ഒരു അബ്സ്ട്രാക്റ്റ് ചിത്രം പോലെ അച്ചടിപ്പിശകിനാല്‍
തീരെ മഷിപുരളാത്ത ഒരെണ്ണം അയച്ചു തന്നു.