Wednesday, 4 April 2018

N.C.C. വീരകഥകള്‍ (കളസം കീറല്‍)

വീരകഥകളുടെ പൊന്‍തൂവലായി നില്‍ക്കുന്നത് ഒരു ചാടിക്കല്‍ പണിഷ്മെന്റ് വഴി പാന്റ് കീറല്‍ ആണ്.

താളബോധം പഠിപ്പിക്കുന്ന പരേഡ് അഭ്യാസങ്ങള്‍ക്കിടെ ആരോ താളം തെറ്റിച്ചത് ട്രെയിനര്‍ പട്ടാളക്കാരന്റെ കഴുകന്‍ കണ്ണുകളില്‍ പതിഞ്ഞു.

പരേഡ് ഒരാള്‍ തെറ്റിച്ചാലും എല്ലാവരും പണിഷ്മെന്റ് എടുക്കണം.

കൂട്ടുത്തരവാദിത്തത്തിന്റെയും റ്റീംവര്‍ക്കിന്റെയും ബാലപാഠമാണത്.

കൈകള്‍ രണ്ടും  അരക്കെട്ടിന് മുകളില്‍ ശരീരത്തോട് തൊണ്ണൂറു ഡിഗ്രി  ലോക്ക് ചെയ്ത് കാല്‍മുട്ടുകള്‍ അതില്‍ മുട്ടിക്കണം.

ചാക്കു കീറും പോലെ ഒരു ശബ്ദം കേട്ടത് സ്വന്തം പാന്റു കീറിയതാണെന്ന് ചാടി ആകാശത്തുനില്‍ക്കുന്ന ഞാന്‍ തിരിച്ചറിഞ്ഞു.

പണിഷ്മെന്റുകളെ തൃണവല്‍ഗണിച്ച് ക്ളാസ് റൂമിലേയ്ക്ക് ഓടുകയും ചെയ്തു. 

അച്ചടക്കത്തിന്റെയും അനുസരണയുടേയും ബാലപാഠങ്ങള്‍ പഠിക്കാന്‍ പട്ടാള സേവനം വളരെ നല്ലതാണ്.

അവിടെ പക്ഷപാതങ്ങളില്ല.

തെറ്റു ചെയ്തു പോകുന്നവന്‍ ആരായാലും ശിക്ഷ ഏറ്റുവാങ്ങും.

വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാരോടൊപ്പം ജോലി ചെയ്തപ്പോളെല്ലാം അനുഭവിച്ച മുഖ്യ പ്രശ്നമാണ് ലക്ഷ്യബോധമില്ലാത്ത കമാന്ററും അനുസരണമില്ലാത്ത പട്ടാളവും.

തീര്‍ച്ചയായും ജീവിതത്തില്‍ നമ്മുടെ കമാന്ററെ/ഭാര്യാ ഭര്‍ത്താക്കന്‍മാരെ/മത രാഷ്ട്രീയ നേതൃത്വത്തെ/സുഹൃത്തുക്കളെ അവരുടെ ഗുണവും നേരും നോക്കി തിരഞ്ഞെടുക്കേണ്ടത് നമ്മുടെ അവകാശവും കടമയുമാണ്.

തിരഞ്ഞെടുപ്പിനു ശേഷം ചിലപ്പോളെങ്കിലും അവരുടെ നിര്‍ദ്ദേശങ്ങളെ അന്ധമായി അനുസരിച്ച ശേഷം പിന്നീട് ചോദ്യം ചെയ്യേണ്ടി വന്നേക്കാം.

ബസ് സ്റ്റാന്റില്‍ നില്‍ക്കുന്ന ഭാര്യയെ ചുറ്റിപറ്റി നില്‍ക്കുന്നത് ഒരു പോക്കറ്റടിക്കാരനാണെന്ന് ലക്ഷണം കൊണ്ട് മനസ്സിലാക്കാന്‍ ഭര്‍ത്താവിനാകുന്നു.

"കുറച്ച് മാറി നില്‍ക്കെടീ" എന്ന ഒരു ആവശ്യത്തെ അപ്പോള്‍ ചോദ്യം ചെയ്യാന്‍ ഒരുമ്പെട്ടാല്‍ ആ ഒച്ചപ്പാടും ബഹളവും ദുരഭിമാനപ്രകടനവും പോക്കറ്റടിക്കാരനും ചേച്ചിമാരെ മാത്രം സഹായിക്കുന്ന സദാചാരക്കാര്‍ക്കും ഒരു നല്ല അവസരമാകില്ലേ?

മാറി നില്‍ക്കാതെ പോക്കറ്റടിക്കാരന്‍ ബാഗില്‍ പിടുത്തമിട്ടാല്‍ ഈ ഭാര്യതന്നെ ബഹളം വെച്ച് ആളെ കൂട്ടി എത്ര പേരെ ബുദ്ധിമുട്ടിക്കും?പത്തു സ്റ്റെപ്പ് മാറി നിന്നാല്‍ ഭാര്യ മരിച്ച് പോകില്ലല്ലോ!

ഇത് ഞാന്‍ കണ്ടിട്ടുള്ള ഒരു ഉദാഹരണമാണ്.ചീട്ടുകളി,കള്ളുകുടി,അന്യസ്ത്രീകളെ സഹായിക്കല്‍ വിഷയങ്ങളില്‍ ഭാര്യ പറയുന്നത് അനുസരിക്കാത്ത ഭര്‍ത്താക്കന്‍മാരും ഒരുപാടുണ്ട്.അങ്ങോട്ടുമിങ്ങോട്ടും ചെറിയ,നിരുപദ്രവകരമായ കാര്യങ്ങളില്‍ അനുസരിക്കുന്നതുവഴി ദുരഭിമാനം നശിച്ചാല്‍  അത് തീര്‍ച്ചയായും നല്ല കാര്യമല്ലേ?