പതിവുപോലെ ഈ കഥനവും തുടങ്ങുന്നത് അച്ചായസാമ്രാജ്യത്തിലെ ഒരു കലാലയത്തിലെ സ്വകാര്യസംഭാഷണത്തിലാണ്.
"മച്ചാ,എനിക്ക് ഇത് പറയാതെ പിടിച്ചുവെക്കാന്‍ പറ്റുന്നില്ല!അവളോട് ഞാന്‍ ഇഷ്ടമാണെന്ന് പറയാന്‍ പോവ്വാ"
"ധൈര്യമായിട്ട് പറ.നിനക്ക് വേറെ ബാധ്യതകളൊന്നുമില്ലല്ലോ.ഒരേ ജാതിയും"
മിക്ക പെണ്‍കുട്ടികളും മുഖക്കണ്ണാടിയില്‍ കരീനാ കപൂറിനെ കണ്ട് തുടങ്ങുന്ന കലാലയ കാലത്ത് ജോണ്‍ എബ്രഹാമില്‍ കുറഞ്ഞ എല്ലാവരും അവര്‍ക്ക് ആങ്ങളമാരോ ഫ്രണ്ട്സോ ആയിരിക്കുമല്ലോ!!
ഇവിടെയും കുറച്ച് നീതിയുക്തമായ രീതിയില്‍ തന്നെ കാര്യം നടന്നു..ബെസ്റ്റ് ഫ്രണ്ട്!
കാലചക്രമുരുണ്ടു..ആശയങ്ങള്‍ അക്ഷരം വിട്ട് പുറത്ത് ചാടുന്ന കലാപകാലത്ത് പ്രായോഗിക ബുദ്ധിക്കാരനായ ബെസ്റ്റ് ഫ്രണ്ട് പട്ടക്കാരന്‍ സുഹൃത്തിനോടു മൊഴിഞ്ഞു.
"അവര് കാണിക്കുന്നത് ശരിയല്ല എന്ന് എനിക്കുമറിയാം.പക്ഷേ ഇത്രയും പേരെ ഒറ്റയ്ക്ക് വെല്ലുവിളിക്കുന്ന മണ്ടത്തരം എന്തിനാ ചെയ്യുന്നേ?"
"അതില്‍ എനിക്ക് കുഴപ്പമില്ല"
"പോലീസോ നിന്റെ പേരന്റ്സോ എച്ച് ഒ ഡി യോ ഞങ്ങള്‍ കുറച്ചു ഫ്രണ്ട്സിനോടല്ലേ എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കൂ"അതിപ്രായോഗികത..
"പരിഹാരമുണ്ടാക്കാം"
ഏതായാലും കുറച്ചു കാലത്തിനു ശേഷം നാടകീയമായി പാതിവെന്ത ചപ്പാത്തി പോലെ കോലമുള്ള ഫ്രസ്റ്റ്രേറ്റഡ് വിപ്ളവകാരി ചില മണ്ടത്തരങ്ങള്‍ കാട്ടി.
മൂന്നാംപക്കം നീതിമാനും നിയമവും വിധികര്‍ത്താവുമെല്ലാം സന്തോഷത്തോടെ വിപ്ളവം ഡിസ്മിസല്‍ വാങ്ങി പടിയിറങ്ങിയ മുറ്റത്ത് ചാണകവെള്ളം തളിക്കുന്നത് കാണായി.ഒന്നോ രണ്ടോ തുള്ളി വിപ്ളവകാരിയുടെ കാലില്‍ വീണെന്നും ഒരു സംസാരമുണ്ട്...
ഇനിയുള്ള കഥ കടലിനക്കരെയാണ്.ഈന്തപ്പനകള്‍ കൊലച്ചു മറിയുന്ന,എണ്ണപ്പാടങ്ങള്‍ വാളുവെച്ചു കിടക്കുന്ന സ്വപ്നഭൂമി.പഴയ വിപ്ളവം തന്റെ സൈലന്റ് കില്ലര്‍ പരിവേഷത്താല്‍ ആകര്‍ഷിച്ചെടുത്ത ഒരു തൊഴില്‍ ദാദാവിനരികിലെത്തി.മ്യൂച്ചല്‍ പറ്റീര്.മിക്ക കല്ല്യാണങ്ങളും പോലെ.
ബെല്‍റ്റ് മുറുക്കി ധരിച്ച് ഉണ്ടാക്കിയ കുറച്ച് ദിര്‍ഹമീന്‍സുമായി നടന്നും ടാക്സി വിളിച്ചും നേരെ ദുഫായിയിലേയ്ക്ക്..കിട്ടാവുന്നതില്‍ തിളക്കമുള്ള കുപ്പായവും കടം വാങ്ങിയ കറുത്ത കണ്ണടയും വെച്ച് മള്‍ട്ടി ജിം നു മുന്‍പിലും വഴിയേ പോയ സായിപ്പിന്റെ കൂടെയും ഹുമ്മര്‍ കാറിന്റെ മുന്‍പിലും ഉള്ള മസിലെല്ലാം പിടിച്ച് ക്ളോസപ്പ് ഫോട്ടോകളെടുത്തു.സാമൂഹ്യവിരുദ്ധ മാധ്യമങ്ങളില്‍ കൃത്യനിഷ്ഠയോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.കരിഞ്ഞ വിപ്ളവകാരി ഹോളിവുഡ് അവാര്‍ഡ് പടങ്ങളെല്ലാം വിടാതെ കാണുന്നയാളാണല്ലോ!കോട്ടയത്തും അതിന്റെ അലയൊലികള്‍ കേള്‍ക്കായി.ജിമ്മടിച്ച് മസിലുണ്ടാക്കി സായിപ്പ് ഗുണ്ടകളേയും പീരങ്കിയും വാര്‍ഷിപ്പുകളും ഇതെല്ലാം പരിഹരിക്കാന്‍ അട്ടിക്കണക്കിന് ദിര്‍ഹമീന്‍സുമായി വരാവുന്ന വിപ്ളവത്തിനു മുന്‍പില്‍ ഇനി സൈക്കളോടിക്കല്‍ മൂവാണ് വേണ്ടത്...
കല്ല്യാണം..പ്രായോഗികബുദ്ധിക്കും അതിബുദ്ധിക്കും കല്ല്യാണം.ശറപറാന്ന് കുറച്ച് പിള്ളേര്‍ ആയാല്‍ പീരങ്കിപ്പടക്കു മുന്‍പിലൊരു മതിലാകുമല്ലോ!!
"അവള്‍ നിനക്കും നീ അവള്‍ക്കുമുള്ള സമ്മാനമാകട്ടെ" എന്ന് അവരുടെ എപ്പോഴും ചിരിക്കുന്ന ക്ളോസപ്പ് ആത്മവിശ്വാസമുള്ള സെല്‍ഫികളെ ഒളിഞ്ഞു നോക്കി ആ വിപ്ളവ പ്രവാസി ഒണങ്ങിയ കുബൂസ് കഷണത്താല്‍ കണ്ണീര്‍ തുടക്കുന്നുണ്ടാവും.ഈ വൈരുധ്യങ്ങളാസ്വധിക്കാന്‍ സുഹൃത്തിന്റെ അമ്മയാകാന്‍ പറ്റിയില്ലല്ലോയെന്നും ചിന്തിക്കുന്നുണ്ടാവാം.