Monday, 30 January 2017

മരിച്ചവരുടെ ഇടം

മരിച്ചവര്‍ക്കൊരു ദിനമുണ്ട്.അത് പള്ളിയില്‍..


മരിച്ചവര്‍ക്കൊരു ഇടവുമുണ്ട്.അത് പള്ളിപ്പറമ്പിനും പുഴയ്ക്കുമിടയിലുള്ള ടാറിടാത്ത വഴിയാണ്.


അപ്പനു പീടികയില്‍ നിന്ന് ജ്യോതിമാന്‍ ബീഡി വാങ്ങി തിരികെ വരുമ്പോള്‍ എല്ലാവരും അവിടെ ഉണ്ടാകും!!


കള്ളുവണ്ടിയിടിച്ച് തലച്ചോര്‍ ചിതറി മരിച്ച എട്ടു വയസ്സുകാരി മുതല്‍ തൊണ്ണൂറാം വയസ്സില്‍ ഈശോ മറിയം ചൊല്ലി ചിരിച്ചോണ്ട് മരിച്ച അപ്പാപ്പന്‍ വരെ എല്ലാവരും!!


ആറ്റുവഞ്ചിയും കൊങ്കിണിയും കൂറുമുള്ളും കൈതയും നിറഞ്ഞ വഴിയില്‍ അവര്‍ ഉണ്ടാകും.


തുറിച്ചു നോക്കി ഞാനാരേയും അപമാനിക്കാറില്ല.


തിരിഞ്ഞു നോക്കി അലോസരപ്പെടുത്താറുമില്ല. 


പിന്നെയോ കാലടികള്‍ക്കും നെഞ്ചിടിപ്പിനും വേഗം കൂട്ടി വേഗം പുഴ കടക്കാറാണ് പതിവ്.

Monday, 2 January 2017

ഉരുള്‍

ഒരു മൂന്നര വയസ്സുകാരന്റെ മുളയിട്ടുവരുന്ന സ്മരണകളില്‍ ഉരുള്‍പൊട്ടല്‍ വറ്റിയ പുഴപോലെ മണ്ണോടിയ ഒരു മലഞ്ചെരിവും നിവര്‍ന്ന് നില്‍ക്കുന്ന ഭീമാകാരനായ മുട്ട പോലൊരു കല്ലും അമ്പേ ചളുങ്ങി വയര്‍ കീറി തുണികള്‍ പുറത്തുചാടിയ ഒരു ഇരുമ്പു പെട്ടിയും പിന്നീട്,നിരത്തിക്കിടത്തിയ പല വലിപ്പത്തിലുള്ള നാല് ശവപ്പെട്ടികളും മുന്‍പില്‍ എരിയുന്ന മെഴുകുതിരികളും സാമ്പ്രാണിയും ഈറന്‍ കണ്ണുകളുള്ള ഒരു ജനക്കൂട്ടവും ആരോ പറഞ്ഞ വിവരണവുമാണ്.വല്ല്യപ്പന്റെ ചാച്ചന്‍ മരിച്ചത് ആ ദിവസം തന്നെയാണത്രെ.വലിയ മഴയുള്ള ദിവസം.ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളുടെ ഭീകരതയില്‍ ചാച്ചന്റെ മരണം സ്മൃതികളില്‍ നിന്ന് പാടേ മാഞ്ഞു പോയിരിക്കുന്നു.
അപ്പനും അമ്മയും മൂന്നു ചെറിയ കുട്ടികളുമുള്ള കുടുംബമായിരുന്നു അത്.കാപ്പി കുടിച്ചു കൊണ്ടിരിക്കേ പറമ്പിന്റെ മുകളില്‍ നിന്ന് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അപ്പന്‍ നിരങ്ങി വരുന്ന കല്ലും മണ്ണും കണ്ട് അമ്മയേയും മക്കളേയും അലറിക്കരഞ്ഞ് വിളിച്ചതാണ്.എന്നാല്‍ തൊട്ടിലില്‍ ഉറങ്ങുന്ന ഇളയ കുഞ്ഞിനെ എടുക്കാന്‍ തിരിഞ്ഞോടിയ ആ അമ്മയും എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുഞ്ഞുങ്ങളും തങ്ങള്‍ സമാധാനത്തോടെ അന്തിയുറങ്ങിയിരുന്ന ആ മേല്‍ക്കൂരക്ക് താഴെ നിത്യമായുറങ്ങി.കലിതുള്ളിയെത്തിയ മലവെള്ളവും മണ്ണും കല്ലും അവരെ മൂടി.ആ നാട്ടിലെ സ്ത്രീജനങ്ങള്‍ ആ അമ്മയുടെ പുത്രവാത്സല്യത്തെ കണ്ണീരില്‍ കുതിര്‍ന്ന അഭിമാനത്തോടെ ഓര്‍ക്കുന്നു.തോണ്ടിയെടുത്ത ആ മൃതദേഹങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ക്കായി തറവാട്ടില്‍ കൊണ്ടുവന്നു.കൂട്ടത്തിലൊരു ശവപ്പെട്ടി തീരെ ചെറുതാണ്.ആദ്യമായാണ് അത്രയും ചെറിയ കുഞ്ഞിന്റെ മൃതദേഹം കാണുന്നത്.മരണമെന്നത് വയസ്സായവര്‍ക്ക് സംഭവിക്കുന്ന എന്തോ ഒന്നാണെന്ന ധാരണ ഹൃദയഭേദകമായ ആ കാഴ്ക നീക്കിക്കളഞ്ഞു.ഈറനണിയാത്ത ഒരു കണ്ണുപോലും ആ ജനക്കൂട്ടത്തിലുണ്ടായിരുന്നില്ല.സംഹാരരൂപിയായ പ്രകൃതിയുടെ ഉരുള്‍പൊട്ടല്‍ എന്ന മുഖം ആ കൊച്ചു നാട് കണ്ടു.ആ കാഴ്ചയുടെ വിങ്ങുന്ന സ്മരണകള്‍ നാട് ഇന്നും പേറുന്നു.