Friday, 8 July 2016

തടവറ

അഴികളോരോന്നും

ഓരോ പേരിലറിയപ്പെട്ടു

ഒന്ന് വിഷാദം

രണ്ട് ഭയം

മൂന്ന് ഉത്കണ്ഠ

നാല് മുഷിവ്

അഞ്ച് ലക്ഷ്യമില്ലായ്ക

ആറ് അലസത

ഏഴ് അരക്ഷിതാവസ്ഥ

മൂത്രിക്കല്‍ ഫൗണ്ടന്‍

പഴയ ഒരു കോളേജ് അദ്ധ്യാപകന്‍ ഇടക്കിടെ പറയുമായിരുന്നതുപോലെ മലയാളിയുടെ കപട സദാചാരബോധത്തിന്റെ മകുടോദാഹരണമാണ് മൂത്രമൊഴി; കൃത്യമായി പറഞ്ഞാല്‍ പൊതുസ്ഥലങ്ങളിലെ മൂത്രവിസര്‍ജ്ജനം.ഹണിമൂണ്‍ ജോഡികള്‍ ബസ്സിലോ പാര്‍ക്കിലോ കൈ കോര്‍ത്തു നടന്നാല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സദാചാര ചേട്ടന്‍മാര്‍ പൊതുസ്ഥലങ്ങളില്‍,പകല്‍വെളിച്ചത്തില്‍ തങ്ങളുടെ രഹസ്യഭാഗം പരസ്യമായി പ്രദര്‍ശിപ്പിച്ച് നടത്തുന്ന മൂത്രമൊഴി മഹാമഹത്തില്‍ ആര്‍ക്കും പരാതിയില്ല,പരിഭവം ഒട്ടുമില്ല.സദാചാരം നീണാള്‍ വാഴട്ടെ.

എന്തായാലും പൊതുസ്ഥലത്ത് മൂത്രശങ്ക തീര്‍ക്കുന്നതും തുപ്പുന്നതും നാണിക്കേണ്ട കാര്യമാണെന്ന് ആരോ പറഞ്ഞ് ബോധിപ്പിച്ചിരുന്നു.മലയാളി സദാചാരത്തിനുണ്ടായ ചെറിയൊരു മെന്റല്‍ ബ്ളോക്ക്.പ്രതിവിധികളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഒന്നു രണ്ടു തവണ ഓടുന്ന ബസിലിരുന്ന് ശര്‍ദ്ദിക്കേണ്ടി വന്നിട്ടുണ്ട്.

കര്‍ണ്ണാടക സംസ്ഥാനത്തുനിന്നും കുടിച്ച നീര് വളഞ്ഞു പുളഞ്ഞ ആന്തര നാളികളിലൂടെ മൂത്രസഞ്ചിയുടെ ബഹിര്‍ഗമനവാല്‍വില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കോഴിക്കോട് K.S.R.T.C.ബസ് സ്റ്റാന്റിലെത്തിയപ്പോളാണ് കാര്യം പരിഗണിക്കപ്പെട്ടത്.പണം കൊടുത്ത് ഉപയോഗിക്കാവുന്ന മൂത്രപ്പുര ഉണ്ട്.കേരളത്തിലെ പല പഴയ ബസ് സ്റ്റാന്റുകളിലും പലതരം രാസപ്രവര്‍ത്തനങ്ങളാണ് സംഭവിക്കുന്നത്.ചിലയിടത്ത് കണ്ണ് എരിയും,കരയിക്കും.ചിലയിടത്ത് ബോധം പോകും.മിക്കയിടത്തും പാരമ്പര്യം വിളിച്ചോതുന്ന ചുവര്‍ ചിത്രങ്ങളും അടിയന്തിര സര്‍വീസ് നമ്പറുകളും കാണാം.

കോഴിക്കോട് താരതമ്യേന പുതിയതും വൃത്തിയുള്ളതുമാണ്.പുതിയ മോഡല്‍ സംവിധാനത്തില്‍ മൂത്രമൊഴിച്ച് ദീര്‍ഘനിശ്വാസവും ആരുമറിയാതൊരല്‍പ്പം കീഴ് ശ്വാസവും വിട്ട് ഒരു കര്‍മ്മബോധമുള്ള പൗരന്റെ അംഗചലനങ്ങളോടെ വൃത്തിയാക്കാനുള്ള ഫ്ളഷിന്റെ പുഷ് ബട്ടണില്‍ വിരലമര്‍ത്തി.പൗരനെ ആശ്ചര്യപ്പെടുത്തികൊണ്ട് ബട്ടണില്‍ നിന്നും ഒരു വാട്ടര്‍ ഫൗണ്ടന്‍ ശക്തിയോടെ ഉയര്‍ന്നു വന്നു അടുത്ത കാബിനിലെ കണ്ടക്ടര്‍ സാറിന്റെ മുഖം വൃത്തിയാക്കി.

"എന്ത് പൂ... പണിയാടോ കാണിക്കുന്നത്!?"

"ഇതതല്ല സാറേ!"

"ഏതല്ലന്നാടോ?"

"അത്.. ക്ളീനാക്കാന്‍.. വെള്ളം ചീറ്റുന്ന... ഫ്ളഷ്.. കേടാ... ന്ന് തോന്നുന്നു.."

Thursday, 7 July 2016

നീ

സൗന്ദര്യം പൊതിഞ്ഞുകെട്ടി പൂവെന്ന് വിളിച്ചു

മധുരം പൊതിഞ്ഞുകെട്ടി മിഠായിയെന്ന് വിളിച്ചു

സ്നേഹം പൊതിഞ്ഞുകെട്ടി ആരോമലേ 'നീ' എന്നും വിളിച്ചു

Tuesday, 5 July 2016

അപൂര്‍വ്വമെന്തോ

പൂര്‍വ്വികര്‍ പറയാത്തത്

പൂര്‍വ്വജന്മത്തിലുമില്ലാത്തത്

താരതമ്യത്തിനതീതമായത് 

തരളിതമേതോ ഭാവമുണര്‍ത്തിയത്