കലാപം - ഉണ്ടാവേണ്ടതായിരുന്നു.സമയദോഷം,ഉണ്ടായില്ല.ആരും കൊല്ലപ്പെട്ടില്ല.
മതം തന്നെ വിഷയം.പുറത്ത് പാടുകള്‍ ഒന്നും കാണാത്ത വിധത്തില്‍ മുഷ്ടിയുടെ വശം കൊണ്ട് രണ്ടുമൂന്ന് തകര്‍പ്പന്‍ ഇടി മാപ്പ്ളക്ക് കൊടുത്തു എന്നാണ് കരാത്തെ വിദഗ്ദന്‍ കൂടിയായ ഹാജിയാരുടെ അവകാശവാദം.മാപ്പ്ളക്കത് കിട്ടേണ്ടതാണ്.ഇടി ഇരന്നു വാങ്ങുന്ന തങ്കപ്പെട്ട സ്വഭാവമാണ്.കിളികളെ കെണിവെച്ച് പിടിച്ച് കാല്‍ ഒടിച്ച് വിടുക,അന്യരുടെ പശുവിന്റേയും ആടിന്റേയും കയറൂരി വിടുക പറ്റിയാല്‍ കുതികാല്‍ വെട്ടിവിടുക,വളര്‍ത്തുനായുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി വിടുക ഇത്യാദി അന്താരാഷ്ട്രനിലവാരമുള്ള നേരമ്പോക്കുകളാണ് മാപ്പ്ളയുടെ കൈയ്യിലുള്ളത്.ഏഷണികളും കല്ല്യാണം സ്ഥലക്കച്ചവടം മുടക്കലുകളും മുറക്ക് നടത്തുന്നുണ്ട്.
മുസ്ലീങ്ങളും ഹൈന്ദവരും നസ്രാണികളും ഒരേ മനസ്സോടെ ജീവിക്കുന്ന ഒരു കുഗ്രാമമാണത്.ആയിഷുമ്മയുടെ ലിപിയില്ലാത്ത അറബിമലയാളത്തേയും ചന്ദ്രികസോപ്പിനോടും താജ്മഹലിന്റെ പടമുള്ള പ്ളാസ്റ്റിക് കസേരകളോടുമുള്ള പ്രേമത്തേയും എല്ലാവരും തമാശയായി കളിയാക്കും.'ഇങ്ങള് ചേട്ടമ്മാരാണ് അമേരിക്കാന്നും പറഞ്ഞ് അറബിനാടുകളില്‍ ഗുലുമാലുണ്ടാക്കുന്ന'തെന്ന് പുള്ളിക്കാരി തിരിച്ചടിക്കും.പകലൊടുങ്ങുമ്പോള്‍ വിസ്മരിക്കപ്പെടുന്ന നിര്‍ദ്ദോഷമായ തമാശകള്‍.
പട്ടിണിയും പ്രകൃതിദുരന്തങ്ങളും രോഗപീഠകളും ആവശ്യത്തിലധികമുള്ള നാട്ടില്‍ സ്നേഹവും സഹകരണവും എളിമയുമാണ് ജീവിതങ്ങളെ പിടിച്ചു നിര്‍ത്തുന്നത്.
ഹാജ്യാരുടെ വാങ്കുവിളി നാട്ടുമാമ്പഴത്തിന്റെ മണംപോലെ നാട്ടുകാരുകളുടെ മനസ്സുകളില്‍ പതിഞ്ഞ ഒന്നാണ്.പശുവിന് പുല്ലരിയാന്‍ പോയവര്‍ക്കും പറമ്പില്‍ പണിയുന്നവര്‍ക്കും സമയം അറിയാനുള്ള ഒരു മാര്‍ഗ്ഗംകൂടിയാണിത്.
സ്ഥിരം കലാപരിപാടികളില്‍ വിരസനായിത്തീര്‍ന്ന മാപ്പ്ള അത്തവണ ഹാജ്യാരുടെ വാങ്ക് കൊടുക്കലിലാണ് കയറിപ്പിടിച്ചത്.വഴിയില്‍ വെച്ച് മാന്യദേഹം ഹാജിയോട് 'ഇന്ന് തന്റെ കാറിച്ച കേട്ടില്ലല്ലോടോ!!തൊണ്ണക്ക് സുഖമില്ലാരുന്നോ?' എന്ന് ചോദിച്ചു പോലും.
സംഗതി കേട്ട ആളുകളെല്ലാം ജാതി,മത ഭേദമില്ലാതെ ചിന്തിച്ചത് മാപ്പ്ളക്ക് കൊടുത്തെന്ന് പറയപ്പെടുന്ന ഇടികള്‍ നേരായിരിക്കണേ എന്ന് തന്നെയാണ്.കാര്യം ഉരുവില്‍ കയറി മക്കത്ത് പോയ ആളാണെങ്കിലും പഞ്ചാരയുണ്ടാക്കുന്നത് എല്ലുപൊടിയില്‍ നിന്നാണ് മട്ടിലുള്ള അനേകം വിപ്ളവാത്മക സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണല്ലോ ഹാജ്യാര്‍.ചൂടുള്ള പത്തിരിച്ചട്ടിയില്‍ അബദ്ധത്തിലിത്തിരി പഞ്ചാര വീണപ്പോളാണ് ഈ സത്യം വെളിപ്പെട്ടത്.
അതെന്തുതന്നെ ആയാലും കലാപം ഉണ്ടായില്ല.അതാണ് പറഞ്ഞുവന്നത്.ഗ്രാമത്തിന്റെ നന്മ.