Tuesday, 19 May 2015

പുച്ഛം കലര്‍ന്ന ചില പച്ചവിചാരങ്ങള്‍

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ഈ കാലഘട്ടത്തില്‍ ഇങ്ങിനെ ഒരു തലതിരിഞ്ഞ പരുവത്തില്‍ ജനിക്കാതിരിക്കുക - മറ്റു കാലഘട്ടങ്ങളുടെ അക്കരപ്പച്ച മാത്രം കണ്ടിട്ടേ ഉള്ളൂ ..അതാകാം... 

ഈ പുച്ഛക്കുറിപ്പ് അവിവാഹിതകളായിരിക്കെ പരിചയപ്പെട്ട ചില സ്ത്രീരൂപികളെ പറ്റിയാണ് - പ്രായത്തിന്റെ തല്ലുകൊള്ളിത്തരം..അസ്വാഭിവകതകളില്ലെന്ന് തോന്നിപ്പിച്ച ഒരാളെ പ്രതീക്ഷിച്ചതിന്റെ കൊതികുത്ത്..

ചിന്തകളിലും പ്രവൃത്തികളിലും നടപ്പിലും എടുപ്പിലും ആള്‍ക്കൂട്ടത്തിലേക്കൊതുങ്ങുക - ഒറ്റപ്പെട്ടതെന്തും അനാവശ്യമായ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉള്ള ശ്രമമെന്ന അനിവാര്യമായ ആരോപണത്തിലേക്ക് വലിച്ചടിപ്പിക്കപ്പെടുകയുമാവാം.
    സംഹൃദസംഭാഷണങ്ങള്‍,ആശംസാവചനങ്ങള്‍ എന്നിവ തലക്കനം,സമയക്കുറവ് എന്നീ സ്ഥിരം കാരണങ്ങള്‍ ഉപയോഗിച്ച് നിരുത്സാഹപ്പെടുത്തുക - അതിനുള്ള കാരണങ്ങാണല്ലോ പറഞ്ഞു വരുന്നത്.

(ദുഃ)ശീലങ്ങള്‍,  ജീവിത വീക്ഷണങ്ങള്‍ എന്നീ വിഷയങ്ങള്‍ എങ്ങിനെ ചോദിച്ചാലും സത്യമോ നുണയോ പറയാതെ ഒഴിഞ്ഞു മാറുക - സത്യവും നുണയും മിക്കവാറും ഒരേ ഫലമാണ് ഉണ്ടാക്കാറുള്ളത്.

പനി,ജലദോഷം,ബന്ധുജനങ്ങളുടെ വിവാഹം,പരീക്ഷകള്‍,ജോലി എന്നിവയെ പറ്റി ഉള്ള ഫോളോ അപ് ചോദ്യങ്ങള്‍ ഒഴിവാക്കുക - മേല്‍പറഞ്ഞ വിവരങ്ങള്‍ അറിയാനുള്ള അവകാശം ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെ അളക്കുന്ന മാനദണ്ഡങ്ങളെന്നാണ് അവരില്‍ പലരുടേയും വിശ്വാസം.

വീട്ടിലേക്ക് ക്ഷണിച്ച് മരുത്വാ മലയിലെ മൃതസഞ്ജീവനി കറിയും ഒട്ടകപ്പക്ഷി മുട്ട പുഴുങ്ങിയതും വിളമ്പി വച്ച് ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്‍പിലെത്തിപ്പെടാം - എളിമപ്പെടാനുള്ള വിചിന്തനം ചെയ്യാനുള്ള അവസരം..

അവിടം കൊണ്ട് കാര്യങ്ങള്‍ നിര്‍ത്താനാവാതെ വന്നാല്‍ മനസ്സിനെ വഞ്ചിച്ചായാലും ഗൗരവമുള്ള സംസാരങ്ങള്‍ക്ക് മുഖത്തടിച്ച പോലെ മറുപടി കൊടുക്കുക - നമ്മുടെ ശുഷ്കമായ ആര്‍ഷഭാരത സംസ്കാരം തന്നെ കാരണം. മറ്റൊരു വീട്ടില്‍ ഒറ്റക്കാലില്‍ തപസ്സുചെയ്യും 'ലോല'ഹൃദയപ്പട്ടം നമുക്കും കണ്ണീരൊഴുക്കുന്ന വേഴാമ്പലിന്റെ പരിവേഷം   അവര്‍ക്ക് നമ്മുടെ വീട്ടിലും ഉണ്ടാവില്ലല്ലോ..

മുഖത്തടിക്കാന്‍ പറ്റിയില്ലെങ്കില്‍ മുങ്ങുക - അല്ലെങ്കില്‍ ഗള്‍ഫ് കാണിക്കാമെന്ന് പറഞ്ഞു ബോട്ടില്‍ കയറ്റി മദ്രാസിലെത്തിച്ച തട്ടിപ്പുകാരനോടുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വന്നേക്കാം..

യാതാര്‍ത്ഥ്യങ്ങള്‍ ചോദ്യത്തിനുത്തരമെന്ന നിലയില്‍ മാത്രം വിശദീകരിക്കുക - അല്ലെങ്കില്‍ വിപണന തന്ത്രങ്ങളെ പരീക്ഷിക്കും. മത്സരക്കാറിന്റെ ടയര്‍ പോലെ, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലെ കമാന്‍ഡോ ട്രെയിനിയെ പോലെ മഴ, മഞ്ഞ്, വെയില്‍, രഹസ്യക്യാമറകള്‍, സെന്‍സറുകള്‍ ഉപയോഗിച്ചു വിശദമായി തന്നെ.

മുന്‍കൂട്ടി തീരുമാനിച്ചറിസള്‍ട്ട് പറയുന്ന സമയത്തെങ്കിലും രക്ഷപെടുക - സംസ്കാരികം, സാമൂഹികം, സാമ്പത്തികം, ദൈവീകം, ആയ മുന്‍കൂര്‍ ജാമ്യങ്ങള്‍, വിലപേശലുകള്‍, ഭീഷണികള്‍, കമ്പാരിസണ്‍ ചാര്‍ട്ടുകള്‍, പ്രതീക്ഷകള്‍ (തെണ്ടാന്‍ ചിരട്ട വാങ്ങി തരും പോലെയുമാകാം) എന്നിവ ഉപയോഗിച്ച് സാഹോദര്യം, സൗഹൃദം, അഭ്യുദയകാംക്ഷി മുതല്‍ സാമൂഹ്യദ്രോഹി, മാനിയാക് നയവഞ്ചക പരിവേഷത്തില്‍ വരെ എത്തിച്ചേരാം..

വീര്‍പ്പുമുട്ടലുകള്‍ അവസാനിപ്പിച്ച് പ്രാര്‍ത്ഥനകളും ആശംസകളും 'മുക്കി' വരുത്തി വല്ല്യ പരീക്ഷണങ്ങളൊന്നും അഭിമുഖീകരിക്കാന്‍ ഭാഗ്യം സിദ്ധിക്കാനിടയില്ലാത്ത ആളുമായി വിവാഹം ഉറപ്പിച്ചാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പോകാതിരിക്കുക - കാട്ടാന ഇടഞ്ഞാല്‍ മയക്കുവെടി വെക്കാന്‍ വട്ടത്തില്‍ നില്‍ക്കും ഫോറസ്റ്റ് ഗാര്‍ഡുകള്‍ മഹിളാരത്നങ്ങളേയും വായില്‍ ഇരിക്കുന്ന മത്തിത്തലയുടെ മറ്റേത്തലയില്‍ പിടുത്തമിട്ട തെണ്ടി പൂച്ചയെ നോക്കുന്ന കണ്ടന്‍പൂച്ച പിതാശ്രീയെയും ജയാ തലൈവിയുടെ ബ്ളാക്ക് ക്യാറ്റ് കമാന്‍ഡോ മൂഡില്‍ ആങ്ങളയേയും കാണേണ്ടി വന്നേക്കാം..ആതിഥേയത്വത്തിന്റെ മേല്‍പ്പറഞ്ഞ സ്വര്‍ഗ്ഗരാജ്യത്തില്‍ അവസാനപ്പന്തിയില്‍ സദ്യ കഴിച്ച് കാക്കയോടും പൂച്ചയോടും യാത്ര പറഞ്ഞു കുരിശിന്റെ വഴി കൂടിയ വികാരത്തില്‍ മടങ്ങാം.

ചില ഒാണ്‍ലൈന്‍ ചടങ്ങുകള്‍ കൂടിയുണ്ട് - മധുവിധു ഫോട്ടോകള്‍ (ചിരിച്ചിരിക്കുന്നുവ) യാതാര്‍ത്ഥ്യം സ്വീകരിപ്പിക്കുക എന്ന ആര്‍ഷഭാരത ക്രിയയിലേക്കായി അയക്കും.. ആദ്യഘട്ടം വിജയകരമായി കഴിഞ്ഞാല്‍ പിന്നെ പേടിസ്വപ്നങ്ങള്‍ ഉണ്ടാകും മുറയ്ക്ക് നേര്‍ച്ച നേരും കൂടെ പഴയ ചിരിച്ച കല്ല്യാണ ചിത്രങ്ങള്‍ അയക്കാം.നെറ്റിന് സ്പീഡ് ഇല്ലാത്തിടത്ത് ഇതൊരല്‍പ്പം കടന്ന കൈയ്യാണ്. 

അങ്ങിനെ അങ്ങിനെ പ്രപഞ്ചാരംഭം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന ബോറന്‍ പരമ്പരാഗത നാടകം ഒന്ന് അഭിനയിക്കാനുമൊരു അവസരം..

പേരുകള്‍ പരാമര്‍ശിക്കാതെ സ്ഥിരം ഭീരുത്വ ശൈലിയില്‍,  ഇടക്ക് സമ്പര്‍ക്കം കൊണ്ട് കിട്ടിയ കോര്‍പ്പറേറ്റ് സോപ്പുകഷണ ഭാഷയില്‍ ഇതെല്ലാം പറയുന്നതിന്റെ ഉദ്ദേശ്യം  - ഈ പുച്ഛക്കുറിപ്പ് നാട്ടുകാരെ പേടിച്ചെങ്കിലും കണ്ടെന്നു നടിക്കാന്‍ സാധ്യതയില്ലാത്ത മാന്യര്‍ സാഹോദര്യ,  സൗഹൃദ വിഴുപ്പുകള്‍ / മൃതദേഹങ്ങളുമായി ഈ വഴി വരാതിരിക്കട്ടെ എന്ന സ്വാര്‍ത്ഥത മാത്രം..സാഹോദര്യത്തിനും സൗഹൃദത്തിനും അര്‍ഹിക്കുന്ന വിലയും മാന്യതയും കൊടുക്കുന്നവര്‍ക്കും അതു തിരിച്ച് കുരങ്ങന്റെ അനുകരണവാസന പോലെയൊരു പ്രക്രിയ വഴിയെങ്കിലും കിട്ടുമെന്ന് ശരിയായ പ്രത്യാശ ഉള്ളവര്‍ക്കും മാത്രം സ്വാഗതം..